പുണ്യ സ്വലാത്ത് സൗഭാഗ്യവാന്റെ പാഥേയം - ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി.


പുണ്യ സ്വലാത്ത് സൗഭാഗ്യവാന്റെ പാഥേയം

ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി.

വിവ:- മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

🔘 സ്വലാത്തിനെ കുറിച്ചുള്ള കല്പനകൾ

1. അല്ലാഹു ﷻ കല്പിക്കുന്നു: നബിയുടെ മേൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നു. മലക്കുകളും തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. അല്ലയോ സത്യവിശ്വാസികളെ, നിങ്ങൾ തങ്ങളുടെ മേൽ സ്വലാത്ത്-സലാമുകൾ ചൊല്ലുക (അഹ്സാബ്).

2. റസൂലുല്ലാഹി ﷺ അരുളി: വെള്ളിയാഴ്ച ദിവസം എന്റെമേൽ അധികമായി സ്വലാത്ത് ചൊല്ലുക. എന്റെ അരികിൽ സ്വലാത്ത് സമർപ്പിക്കപ്പെടുന്നതാണ്. (അബൂദാവൂദ്, നസാഈ).

3. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ അധികമായി സ്വലാത്ത് ചൊല്ലുക. അത് നിങ്ങളു ടെ പരിശുദ്ധിക്ക് കാരണമാണ്. (അബൂയഅ്ല)

4. റസൂലുല്ലാഹി ﷺ അരുളി: ആരുടെ മുന്നിൽ എന്നെ സ്മരിക്കപ്പെടുന്നോ, അവൻ എന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. (നസാഈ)

5. റസൂലുല്ലാഹി ﷺ അരുളി: എന്നെ അനുസ്മരിക്കുന്നവൻ എന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. (അബൂയഅ്ല)

6. റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അരികിൽ എത്തിക്കപ്പെടുന്നതാണ്. (നസാഈ).

7. അല്ലാമാ സഖാവി ഉദ്ധരിക്കുന്നു: ഇമാം സൈനുൽ ആബിദീൻ പ്രസ്താവിച്ചു: റസൂലുല്ലാഹിയുടെ മേൽ അധികമായി സ്വലാത്ത് ചൊല്ലുന്നത് അഹ്ലുസ്സുന്നത്തിന്റെ അടയാളമാണ് (ഫളാഇലെ ദറൂദ്).

🔘 സ്വലാത്ത് ചൊല്ലാത്തതിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ

1. റസൂലുല്ലാഹി ﷺ അരുളി: അല്ലാഹുവിന്റെ സ്മരണയും റസൂലിന്റെ മേൽ സ്വലാത്തും ഇല്ലാത്ത സദസ്സുകൾ, ഖിയാമത്ത് നാളിൽ സദസ്യരുടെ ദുഃഖത്തിന് കാരണമാകുന്നതാണ്. (ഇബ്നുഹി ബ്ബാൻ)

2. റസൂലുല്ലാഹി ﷺ അരുളി: എന്റെ അനുസ്മരണം മുന്നിൽ നടന്നിട്ടും എന്റെ മേൽ സ്വലാത്ത് ചെല്ലാത്തവൻ ഏറ്റവും വലിയ പിശുക്കനാണ്. (തിർമിദി)

3. റസൂലുല്ലാഹി ﷺ അരുളി: എന്റെ അനുസ്മരണം മുന്നിൽ നടന്നിട്ടും എന്റെ മേൽ സ്വലാത്ത് ചെല്ലാത്തവൻ നശിക്കട്ടെ! (തിർമിദി).

4. റസൂലുല്ലാഹി ﷺ അരുളി; എന്റെമേൽ സ്വലാത്ത് ചെല്ലാൻ മറന്ന് പോയവൻ, സ്വർഗ്ഗ പാത പിഴച്ച് പോയവനാകുന്നു. (ഇബ്നുമാജ:).

5. റസൂലുല്ലാഹി ﷺ അരുളി: തുടക്കത്തിൽ അല്ലാഹുവിന്റെ മേൽ സ്തുതിയും നബിയുടെ മേൽ സ്വലാത്തും ഇല്ലാത്ത ദുആകൾ എല്ലാം തടഞ്ഞ് നിർത്തപ്പെടുന്നതാണ്. അതിന് ശേഷമുള്ള ദുആകൾ സ്വീകരിക്കപ്പെടുന്നതാണ്.

🔘 സ്വലാത്തിന്റെ മഹത്വങ്ങൾ

1. അല്ലാഹു സ്വലാത്തിനെ അവനിലേക്കും മലക്കുകളിലേക്കും ചേർത്ത് പറഞ്ഞിരിക്കുന്നു എന്നതാണ് സ്വലാത്തിന്റെ ഏറ്റവും വലിയ മഹത്വം.

2. റസൂലുല്ലാഹി ﷺ അരുളി: വെള്ളിയാഴ്ച എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നത് എന്റെ മുമ്പാകെ സമർപ്പിക്കപ്പെടുന്നതാണ്. (മുസന്നഫ്)

3. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ, അതിന് മറുപടി പറയാൻ വേണ്ടി അല്ലാഹു എന്റെ ആത്മാവിനെ എന്നിലേക്ക് മടക്കുന്നതാണ്. (ഇബ്നുഹിബ്ബാൻ)

4. റസൂലുല്ലാഹി ﷺ അരുളി: ഖിയാമത്ത് നാളിൽ എന്നിലേക്ക് ഏറ്റവും അടുത്തവൻ എന്റെമേൽ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. (തിർമിദി)

5. റസൂലുല്ലാഹി ﷺ അരുളി: അല്ലാഹു ധാരാളം മലക്കുകളെ നിയമിച്ചിരിക്കുന്നു. അവർ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവരുടെ സ്വലാത്തിനെ അവർ എന്റെ അരികിൽ എത്തിച്ച് തരുന്നതാണ്. (നസാഈ)

6. റസൂലുല്ലാഹി ﷺ അരുളി: ഞാൻ ജിബ്രീൽ നെ കണ്ടു. അദ്ദേഹം എനിക്ക് ഒരു സന്തോഷ വാർത്ത അറിയിച്ചു. അല്ലാഹു അറിയിക്കുന്നു: താങ്കളുടെ മേൽ സ്വലാത്ത് ചൊല്ലുന്നവന്റെ മേൽ ഞാൻ കരുണ ചൊരിയും. താങ്കളുടെ മേൽ സലാം ചൊല്ലുന്നവന്റെ മേൽ ഞാൻ സുരക്ഷിതത്വം കനിയും. ഇതു കേട്ട് ഞാൻ നന്ദിയുടെ സുജൂദ് ചെയ്തു. (മുസ്തദ്റക്)

7. ഉബയ്യുബ്നു കഅ്ബ് (റ) വിവരിക്കുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ ദിക്ർ-ദുആകൾക്ക് കുറച്ച് സമയം മാറ്റി വെച്ചിട്ടുണ്ട്. അങ്ങയുടെ മേലുള്ള സ്വലാത്ത് (അതിൽ) എത്ര നേരത്തേക്കാക്കണം? റസൂലുല്ലാഹി ﷺ അരുളി: നിനക്കിഷ്ടമുള്ള അത്രയും നേരം ഞാൻ ചോദിച്ചു: നാലിൽ ഒരു ഭാഗമാക്കട്ടെ തങ്ങൾ അരുളി: നിനിക്കിഷ്ടമുള്ള അത്രയും നേരം! പക്ഷെ, ഇനിയും കൂട്ടിയാൽ അത്രയും നല്ലത്. ഞാൻ ചോദിച്ചു: പകുതിയാകട്ടെ തങ്ങൾ അരുളി: നിനിക്കിഷ്ടമുള്ള അത്രയും നേരം. ഇനിയും കൂട്ടിയാൽ അത്രയും നല്ലത്. ഞാൻ ചോദിച്ചു: എന്നാൽ പിന്നെ മുഴുവനും സ്വലാത്ത് തന്നെ ആക്കട്ടെ! റസൂലുല്ലാഹി അരുളി: അപ്പോൾ നിന്റെ എല്ലാ ചിന്താ ഭാരങ്ങളും മാറും. പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ചെയ്യും. (തിർമിദി)

8. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും എന്റെ മേൽ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ, അവന്റെ മേൽ അല്ലാഹു പത്ത് കാരുണ്യങ്ങൾ ചൊരിയുന്നതും, അവന്റെ പത്ത് പാപങ്ങൾ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങൾ ഉയർത്തപ്പെടുന്നതും പത്ത് നന്മകൾ എഴുതപ്പെടുന്നതുമാണ്.(നസാഈ)

9. മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ത്: സ്വലാത്ത് ചൊല്ലുന്നവന്റെ മേൽ അല്ലാഹു തആല എഴുപത് കാരുണ്യങ്ങൾ ഇറക്കുന്നതും മലക്കുകൾ അവർക്കുവേണ്ടി എഴുപതു പ്രാവശ്യം ദുആ ഇരക്കുന്നതുമാണ്.

10. കഅ്ബുൽ അഹ്ബാർ (റ) പ്രസ്താവിക്കുന്നു: മുസാ നബിയോട് അല്ലാഹു ചോദിച്ചു: ഖിയാമത്ത് നാളിൽ ദാഹിക്കാതിരിക്കാൻ ആഗ്രഹമുണ്ടോ? മൂസാ നബി പറഞ്ഞു; തീർച്ചയായും. അല്ലാഹു തആല അറിയിച്ചു: മുഹമ്മദ് നബിയുടെ മേൽ അധികമായി സ്വലാത്ത് ചൊല്ലുക. (ഇസ്ബഹാനി ഹാശിയതുൽ ഹിസ്ബ്).

11, അനസ് (റ) നിവേദനം. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ അധികമായി സ്വലാത്ത് ചൊല്ലുന്നവൻ, അർശിന്റെ തണലിലായിരിക്കുന്നതാണ്.? (ദയ്‌ലമി )

12, റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും എന്റെ ഖബറിനരികിൽ വെച്ച് സ്വലാത്ത് ചൊല്ലിയാൽ അതിനെ ഞാൻ കേൾക്കുന്നതാണ്. ആരെങ്കിലും ദൂരെ നിന്നും സ്വലാത്ത് ചൊല്ലിയാൽ അത് എന്നിലേക്ക് (മലക്കുകൾ വഴി) എത്തിക്കപ്പെടുന്നതാണ്. (ബൈഹഖി).

13. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്താൽ അവന്റെ എൺപത് വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (ഇസ്ബഹാനി).

14. റസൂലുല്ലാഹി ﷺ അരുളി: ഒരു മുസ്ലിം എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ, ഒരു മലക്ക് അതുമായി എന്റെ അരികിലെത്തുകയും ഇന്നയാൾ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലിയിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതാണ്. (ശിഫാഅ്)

15. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ അധികമായി സ്വലാത്ത് ചൊല്ലുക. തീർച്ചയായും അത് നിങ്ങൾക്ക് പരിശുദ്ധിയാണ്. അതായത്, പാപങ്ങൾ പൊറുക്കപ്പെടുകയും ബാഹ്യ-ആന്തരിക-സാമ്പത്തിക-ശാരീരിക പരിശുദ്ധി ഉണ്ടായിത്തീരുകയും ചെയ്യുന്നതാണ്.”(അബൂയഅ്ല ).

16. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവന് വേണ്ടി, സ്വലാത്ത് ചൊല്ലുന്ന സമയമെല്ലാം മലക്കുകൾ സ്വലാത്ത് ചൊല്ലുന്നതാണ് (അതായത്, കാരുണ്യത്തിനായി ദുആ ഇരക്കുന്നതാണ്. ഇനി നിങ്ങൾ സ്വലാത്ത് ചൊല്ലുന്നത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തുകൊള്ളുക. (അഹ്മദ്, ഇബ്നുമാജ)

17. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും ദിവസവും നൂറ് പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അവന്റെ നൂറ് ആവശ്യങ്ങൾ നിർവ്വഹി ക്കപ്പെടുന്നതാണ്. മുപ്പത് ദുൻയാവിന്റെയും ബാക്കി ആഖിറത്തിന്റെയും (മുസ്തഗ്ഫിരി). 

18. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ, അവന് ഖിയാമത്ത് നാളിൽ എന്റെ ശഫാഅത്ത് ലഭിക്കുന്നതാണ്. (ത്വബ്റാനി).

19. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും ഒരു ലിഖിതത്തിലൂടെ എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിൽ സ്വലാത്ത് ഉണ്ടായിരിക്കുന്ന കാലത്തോളം അവന്റെ മേൽ മലക്കുകൾ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതാണ് (ത്വബ്റാനി).

20. അനസ് (റ) നിവേദനം. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ ആയിരം പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അവന്റെ സ്വർഗീയ സ്ഥാനം കാണിക്കപ്പെടുന്നതുവരെ അവൻ മരിക്കുന്നതല്ല (സിആയ). മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. അധികമായി എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവൻ, ഖിയാമത്ത് നാളിന്റെ ഭയാനകതയിൽ നിന്നും രക്ഷ പ്രാപിക്കുന്നതാണ്. (സിആയ)  

🔘 സ്വലാത്തിന്റെ പ്രത്യേകതകൾ

1. അലിയ്യുൽ മുർതദാ (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി ﷺ യുടെ മേലും തങ്ങളുടെ കുടുംബത്തിന്റെ മേലും സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആകളും തടഞ്ഞുവെക്കപ്പെടുന്നതാണ്. (ത്വബ്റാനി).

2. ഉമറുൽ ഫാറൂഖ് (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതുവരെ, ദുആ ആകാശ-ഭൂമികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണ്. (തിർമിദി)

3. അബൂറാഫിഅ് (റ) പ്രസ്താവിക്കുന്നു. ആരുടെയെങ്കിലും കാതിന് രോഗം വന്നാൽ അവൻ റസൂലുല്ലാഹി ﷺ യെ അനുസ്മരിക്കുകയും തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യട്ടെ! (മുവത്വ)

4. അബൂ സഈദ് (റ) പ്രസ്താവിക്കുന്നു: സാമ്പത്തിക വിശാലത ആഗ്രഹിക്കുന്നവൻ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ.

5. ഇബ്നു അബ്ബാസ് (റ) ന്റെ അരികിൽ ഇരുന്ന ഒരു വ്യക്തിയുടെ പാദം തരിച്ചുപോയി. ഇബ്നു അബ്ബാസ് നിർദ്ദേശിച്ചു. ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയുടെ നാമം പറയുക. അദ്ദേഹം പറഞ്ഞു: മുഹമ്മദുർ റസൂലുല്ലാഹി ﷺ . ഉടനടി അദ്ദേഹത്തിന്റെ തരിപ്പ് മാറി.

6. ഒരിക്കൽ ഇബ്നു ഉമർ (റ) ന്റെയും കാൽ തരിച്ചു. അദ്ദേഹം ഇതുപോലെ ചെയ്തു. ഉടനടിതരിപ്പ് മാറി. (ഹാശിയ ഹിസ്ൻ). 

7. ആവശ്യ നിർവ്വഹണത്തിന് നമസ്കരിക്കാനും ശേഷം സ്വലാത്ത് ചൊല്ലാനും പ്രേരണ വന്നിട്ടുണ്ട്. അതുകൊണ്ട് അനുവദനീയമായ ആവശ്യ നിർവ്വഹണത്തിനുള്ള ഒരു മാർഗ്ഗമാണ് സ്വലാത്ത്.

8. പരിശുദ്ധ ഖുർആൻ ഹിഫ്സി (മനനത്തി) ന്റെ വിഷയത്തിലുള്ള ദുആയിലും സ്വലാത്തുണ്ട്. ആകയാൽ, സ്വലാത്ത് ചൊല്ലുന്നത് ഖുർആൻ മനനം ചെയ്യാനുള്ള ഒരു മാർഗ്ഗമാണ്.

9. റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾക്ക് എന്തെങ്കിലും കാര്യം മറന്നുപോയാൽ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. ആ കാര്യം ഓർമ്മ വരും. (ഫളാഇൽ)

10. പുണ്യസ്വലാത്തിന്റെ ഏറ്റവും മാധുര്യ മേറിയ പ്രത്യേകത, അതിലൂടെ ആദരവായ റസൂലുല്ലാഹി ﷺ യെ സ്വപ്നത്തിൽ ദർശിക്കാൻ അവസരമുണ്ടാകുമെന്നതാണ്. പക്ഷെ, ഈ സൗഭാഗ്യം സിദ്ധിക്കാൻ മനസ്സിൽ പ്രവാചക സ്നേഹം നിറഞ്ഞിരിക്കണം. ബാഹ്യവും ആന്തരികവുമായ പാപങ്ങളിൽ നിന്നും സുരക്ഷിത മായിരിക്കണം.

🔘 സ്വലാത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ

1. തഫ്സീർ ഖുശൈരിയുടെ കർത്താവ് ഉദ്ധരിക്കുന്നു: ഖിയാമത്ത് നാളിൽ ഒരു മുഅ്മിനിന്റെ നന്മ-തിന്മകൾ തൂക്കുമ്പോൾ നന്മയുടെ തട്ട് ഭാരം കുറഞ്ഞതാകുന്നതാണ്. തദവസരം റസൂലുല്ലാഹി ﷺ ഒരു വിരലിന്റെ വലിപ്പമുള്ള കടലാസ് കഷണം നന്മയുടെ തട്ടിൽ എടുത്ത് വെക്കുന്നതും അതിന് ഭാരമുണ്ടാകുന്നതുമാണ്. ആ മുഅ്മിൻ ചോദിക്കും. എന്റെ മാതാപിതാക്കൾ അങ്ങേയ്ക്ക് അർപ്പണം. താങ്കൾ ആരാണ് ? താങ്കളുടെ രൂപഭാവങ്ങൾ എത്ര നന്നായിരിക്കുന്നു. തങ്ങൾ അരുളും: ഞാൻ നിന്റെ നബിയാണ്. ഇത് നീ എന്റെ മേൽ ചൊല്ലിയ സ്വലാത്താണ്. (ഹാശിയ ഹിസ്ൻ)

2. ഉമറുബ്നു അബ്ദിൽ അസീസ് മഹാനായ താബിഈയും ഖലീഫതുർ റാശിദുമാണ്. അദ്ദേഹം സിറിയയിൽ നിന്നും മദീനാ ത്വയ്യിബയിലേക്ക് പ്രത്യേക ദൂതനെ അയച്ച് തന്റെ ഭാഗത്ത് നിന്നും റൗളാശരീഫയിൽ സലാം പറയിക്കുമായിരുന്നു (ഫത്ഹുൽ ഖദീർ).

3. ഇമാം ശാഫിഈ (റ) യുടെ പ്രധാന ശിഷ്യനായ ഇമാം മുസ്നി (റ) വിവരിക്കുന്നു: ഇമാം ശാഫിഈയുടെ വിയോഗാനന്തരം ഞാൻ മഹാനെ സ്വപ്നത്തിൽ കണ്ടു. അല്ലാഹു താങ്കളോട് എങ്ങനെ വർത്തിച്ചുവെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എനിക്ക് പൊറുത്തു തന്നു. ആദരവോടെ സ്വർഗത്തിലേക്കാനയിക്കാൻ മലക്കുകളോട് കല്പിച്ചു. ഞാൻ ചൊല്ലിയിരുന്ന ഒരു സ്വലാത്തിന്റെ ഗുണമാണിത്. അതിപ്രകാരമാണ്:

اللهم صل على محمد كلما ذكره الذاكرون وغفل عن ذكره الغافلون

4. ഇബ്നുൽ ഫാകിഹാനി (റ) വിവരിക്കുന്നു : ശൈഖ് സ്വാലിഹ് മൂസാ അന്ധനായ ഒരു മഹാനായിരുന്നു. അദ്ദേഹത്തിന്റെ സംഭവം ഇപ്രകാരം വിവരിച്ചു: ഒരു കപ്പൽ മുങ്ങാൻ തുടങ്ങി. അതിൽ ഞാനുമുണ്ടായിരുന്നു. തദവസരം എനിക്ക് ഒരു മയക്കം ഉണ്ടായി. അപ്പോൾ ഞാൻ റസൂലുല്ലാഹി ﷺ യെ സ്വപ്നത്തിൽ ദർശിച്ചു. തങ്ങൾ എനിക്ക് ഒരു സ്വലാത്ത് പഠിപ്പിച്ചു. എല്ലാവരും കൂടി അത് ആയിരം പ്രാവശ്യം ചൊല്ലാൻ പറഞ്ഞു. മുന്നൂറ് തികയുന്നതിന് മുമ്പ് കപ്പൽ കരയ്ക്കണഞ്ഞു. ഈ സ്വലാത്തിന് വേറെയും ധാരാളം മഹത്വങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മനസ്സിന് സമാധാനം നൽകുന്ന പ്രസ്തുത സ്വലാത്ത് ഇപ്രകാരമാണ്:

اللهم صل على سيدنا ومولانا محمد و على آل ستدنا ومولانا محمد صلوة تنجينا بها من جميع الأهوال والآفات وتقضي لنا بها جميع الحاجات وتطهرنا بها من جميع السيّئات وترفعنا بها أعلى الدرجات وتبلغنا بها أقصى الغايات من جميع الخيرات في الحيات وبعد الممات إنك على كل شيئ قدير.

5. ഉബൈദുല്ലാഹിബ്നു ഉമർ ഖവാരീർ (റ) വിവരിക്കുന്നു: എനിക്ക് ഒരു അയൽവാസി ഉണ്ടായിരുന്നു. അദ്ദേഹം മരിച്ച് പോയി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു. ഞാൻ ചോദിച്ചു: അല്ലാഹു താങ്കളോട് എങ്ങനെ പെരുമാറി? അദ്ദേഹം പറഞ്ഞു: പൊറുത്തു തന്നു. ഞാൻ കാരണം തിര ക്കിയപ്പോൾ പറഞ്ഞു: എഴുത്ത് ജോലി ചെയ്തിരുന്ന ഞാൻ തിരുനാമം എഴുതുമ്പോഴെല്ലാം സ്വല്ലല്ലാഹു അലൈഹിവസല്ലം എഴുതിയിരുന്നു. തൽഫലമായി അല്ലാഹു ഒരു കണ്ണും കണ്ടിട്ടില്ലാത്ത അനുഗ്രഹം എനിക്ക് നൽകി (ഗുൽഷനെ ജന്നത്ത്).

6. ദലാഇലുൽ ഖൈറാത്തിന്റെ രചയിതാവ് വി വരിക്കുന്നു: ഒരിക്കൽ യാത്രയിൽ വുളൂഇന് കിണർ കണ്ടെത്തി. പക്ഷെ, തൊട്ടിയും കയറും ഇല്ലാത്തതി നാൽ പ്രയാസപ്പെടുകയായിരുന്നു. ഇതിനിടയിൽ, ഒരു പെൺകുട്ടി വന്ന് കാര്യം തിരക്കുകയും കിണറ്റിൽ തുപ്പുകയും ചെയ്തു. ഉടനെ വെള്ളം മേൽ ഭാഗത്തേക്ക് ഉയർന്നു. കാരണം തിരക്കിയപ്പോൾ ആ കുട്ടി പറഞ്ഞു: അധികമായി സ്വലാത്ത് ചൊല്ലുന്നതിന്റെ ബറകത്താണ്.

7. ശൈഖ് സദൂഖ് വിവരിക്കുന്നു: ദലാഇലുൽ ഖൈറാത്ത് രചയിതാവിന്റെ ഖബറിനരികിൽ നിന്നും സുഗന്ധം അടിച്ചുവീശിയിരുന്നു. കാരണം, അദ്ദേഹം അധികമായി സ്വലാത്ത് ചൊല്ലിയിരുന്നു.

8. എഴുത്തുകാരനായ ഒരു സഹോദരൻ അധികമായി സ്വലാത്ത് ചൊല്ലുകയും ജോലിയുടെ ആരംഭത്തിൽ പുണ്യസ്വലാത്ത് എഴുതുകയും ചെയ്തി രുന്നു. മരണാനന്തരം പരലോക ഭയത്താൽ അദ്ദേഹം വളരെ വെപ്രാളപ്പെട്ട് കരഞ്ഞപ്പോൾ ഒരു മഹാൻ പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ സ്വലാത്തുകളെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

9. സ്വലാത്തുമായി വളരെ ബന്ധപ്പെട്ടിരുന്ന ഒരു മഹാനാണ് മൗലാന ഫൈളുൽ ഹസൻ. അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ നിന്നും ഒരു മാസം വരെ സുഗന്ധം പ്രവഹിക്കുകയുണ്ടായി. ഈ വിവരം അറിഞ്ഞ മൗലാന ഖാസിം നാനൂതവി (റ) പ്രസ്താവിച്ചു: ഇത് പുണ്യ സ്വലാത്തിന്റെ ബറകത്താണ്.

10. അബൂ സുർആ (റ) ആകാശത്ത് മലക്കുകളോടൊപ്പം നമസ്കരിച്ച് കൊണ്ടിരിക്കുന്നതായി ഒരാൾ സ്വപ്നം കണ്ടു. ഇതിന്റെ കാരണം തിരക്കിയപ്പോൾ അദ്ദേഹം പ്രസ്താവിച്ചു: ഞാൻ പത്ത് ലക്ഷം ഹദീസു കൾ എഴുതിയിരുന്നു. തിരുനാമം വരുമ്പോഴെല്ലാം പുണ്യസ്വലാത്ത് എഴുതുമായിരുന്നു.

11. ശൈഖ് ഇബ്നു ഹജർ മക്കി (റ) കുറിക്കുന്നു: ഒരു സ്വാലിഹായ വ്യക്തി രാത്രി ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം ഒരു നിർണ്ണിത എണ്ണം സ്വലാത്ത് ചൊല്ലുമായിരുന്നു. ഒരു രാത്രിയിൽ സ്വപ്നത്തിൽ അദ്ദേഹം റസൂലുല്ലാഹി ﷺ യെ ദർശിച്ചു. തങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്നു. വീട് മുഴുവൻ പ്രകാശപൂരിതമായി. തങ്ങൾ പറഞ്ഞു: അധികമായി സ്വലാത്ത് ചൊല്ലിയിരുന്ന ആ വായയൊന്ന് ചുംബിക്കട്ടെ. അദ്ദേഹം ലജ്ജ കാരണം തന്റെ കവിൾത്തടം കാണിച്ചുകൊടുത്തു. തങ്ങൾ അവിടെ ചുംബിച്ചു. ശേഷം ഉണർന്നപ്പോൾ, വീട്ടിൽ കസ്തൂരിയുടെ സുഗന്ധം അവശേഷിച്ചിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!