കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓


ചോദ്യം: മൗലിദിനെക്കുറിച്ചുള്ള വിശദീകരണം എന്താണ്‌? മന്‍ഖൂസ്‌ മൗലിദ്‌ ഓതാമെന്നും ഓതിക്കൂട എന്നും ഓതുന്നത്‌ ശിര്‍ക്ക്‌ ആണെന്നും ജമാഅത്തെ ഇസ്ലാമി, മുജാഹിദ്‌, ചില തബ്ലീഗ്‌ ജമാഅത്ത്‌
പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ കാഞ്ഞാര്‍ മൂസ മൗലാനാ رحمه الله മൗലിദ്‌ നടത്തിയിട്ടുണ്ടെന്നും, മൗലാനായുടെ വീട്ടില്‍ മൗലിദിന്‌ പങ്കെടുത്തതായും ചില സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ സാധിച്ചു. അതുകൊണ്ട്‌ ഈ വിനീതന്‍ മൗലിദിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമുണ്ട്‌. മൗലിദ്‌ ഓതാമോ, ഓതിയാല്‍ ശിര്‍ക്ക്‌ ആകുമോ, ശിര്‍ക്കാണെങ്കില്‍ എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഉസ്താദ്‌ ഉചിതമായ മറുപടി നല്‍കി സഹായിക്കണമെന്ന്‌ ദീനിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
http://ulama-e-ahlussunathdeoband.blogspot.com/2020/10/blog-post_31.html

ഉത്തരം:  ✍️ മുഫ്തി ഇ.എം സുലൈമാൻ കൗസരി

നബി ﷺ തങ്ങളുടെ മൗലിദ്‌ ഓതുക എന്ന്‌ പറഞ്ഞാൽ നബി ﷺ തങ്ങളുടെ ജനന സമയത്തുണ്ടായതായി പറയപ്പെട്ടിട്ടുള്ള അത്ഭുത സംഭവങ്ങളും നബി ﷺ യുടെ സ്വഭാവ ഗുണങ്ങളും മറ്റും പറഞ്ഞു നബി ﷺ യുടെ മദ്ഹ്‌ പറയലാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌. നബി ﷺ യുടെ മദ്ഹ്‌ പറയലും കേള്‍ക്കലും അത്‌ പഠിച്ചു മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തലും നബി ﷺ യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലലും നല്ല കാര്യമാണെന്ന്‌ മാത്രമല്ല ഉയര്‍ന്ന പ്രതിഫലമുള്ള ഇബാദത്തുമാണ്‌. അതിന്‌ പ്രത്യേക സമയമോ ദിവസമോ മാസമോ ഒന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.

വെള്ളിയാഴ്ച ദിവസം നബി ﷺ യുടെ മേല്‍ സ്വലാത്ത്‌ ധാരാളമായി ചൊല്ലണമെന്നും ഹദീസുകളില്‍ പ്രേരണ
വന്നിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ വേറെ പ്രത്യേക സമയമൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. സ്വലാത്ത്‌ എത്ര
കൂടുതല്‍ ചൊല്ലുമോ എത്ര സമയം ചൊല്ലുമോ അത്ര കൂടുതല്‍ നല്ലതും പ്രതിഫലമുള്ളതും ദൂനിയാവിന്റെയും
ആഖിറത്തിന്റെയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടാന്‍ ഉത്തമമായതും അല്ലാഹുവിന്റെയും
നബി ﷺ യുടെയും സ്നേഹവും അടുപ്പവുമുണ്ടാക്കുന്ന ഉയര്‍ന്ന അമലുമാണ്‌. ഇതിന്‌ ഏറ്റവും പറ്റിയത്‌ ഹദീസുകളില്‍ വന്നിട്ടുളള സ്വലാത്തിന്റെ വചനമാണ്‌. അത്രയും ഉയര്‍ന്ന വചനങ്ങള്‍ മറ്റാര്‍ക്കും പറയാന്‍ സാധ്യമല്ല. അപ്രകാരം നബി ﷺ യുടെ മദ്ഹുകള്‍ പറയുമ്പോള്‍ ഏറ്റവും ശരിയായതും (സ്വഹീഹായതും)
പ്രബലമായതുമായ കാര്യങ്ങള്‍ പറയലാണ്‌ ഉത്തമം. പ്രബലവും ആധികാരികവുമല്ലാത്ത കാര്യങ്ങള്‍ പറയുന്നത്‌ വളരെ സൂക്ഷിക്കേണ്ടതും ദീനിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ നിരക്കാത്ത കാര്യങ്ങളാണെങ്കില്‍ ഉപേക്ഷിക്കപ്പെടേണ്ടതുമാണ്‌.

നബി ﷺ യുടെ ജനന മാസമായ റബീഉല്‍ അവ്വലില്‍ മദ്ഹിന്റെ സദസ്സുകള്‍ നടത്തപ്പെടുന്ന പതിവ്‌ നമ്മുടെ
നാടുകളിലുണ്ട്‌. അങ്ങനെ സമയബന്ധിതമായ ഒരു പ്രത്യേക സുന്നത്തൊന്നുമില്ല. സൗകര്യപ്രദമായി മുന്‍ഗാമികള്‍ പലരും ചെയ്തതിനെ പിന്‍പറ്റി ചെയ്യുന്നുവെന്നു മാത്രം. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ മാത്രം നല്ലവരും അഹ്‌ലുസുന്നത്ത്‌ വല്‍ ജമാഅത്തുകാരും, അല്ലാത്തവര്‍ ബിദ്‌അത്തുകാരും, ചെയ്യുന്നവര്‍ മാത്രം നബി ﷺ യോട്‌
സ്നേഹമുള്ളവരും, അല്ലാത്തവര്‍ സ്നേഹമില്ലാത്തവരുമെന്ന വാദവും, അതിന്റെ പേരിലുള്ള തര്‍ക്കങ്ങളും, ഭിന്നിപ്പുമെല്ലാം ബാലിശവും ഇസ്ലാമിന്‌ നിരക്കാത്തതുമാണ്‌. ഇപ്പറഞ്ഞതെല്ലാം
നബി ﷺ യുടെ മദ്ഹുകള്‍ ആളുകള്‍ക്ക്‌ മനസ്സിലാകുന്ന വിധം പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സദസ്സുകള്‍
നടത്തുകയും നബി ﷺ യുടെ മേല്‍ സ്വലാത്തുകള്‍ ചൊല്ലലുമാണ്‌. ഇതല്ലാതെ ഇന്ന്‌ കാണപ്പെടുന്ന
നബിദിനാഘോഷത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനാചാരങ്ങളും നിര്‍ബന്ധ പിരിവുകളും നടത്തുന്നവര്‍ക്കും അത്‌ കേള്‍ക്കുന്നവര്‍ക്കും ആര്‍ക്കും
മനസ്സിലാകാത്ത വിധം കുറെ വകതിരിവില്ലാത്ത കുട്ടികളെ മാത്രമിരുത്തി പളളികളില്‍ ചടങ്ങു പോലെ
നടത്തപ്പെടുന്ന പാരായണങ്ങളും നബി ﷺ യുടെ മദ്‌ഹാവുകയില്ലെന്ന്‌ മാത്രമല്ല അതെല്ലാം നബി ﷺ തങ്ങളെ അവഹേളിക്കലാവുമെന്ന്‌ ഭയപ്പെടേണ്ടതാണ്‌. തന്നെയുമല്ല ഖുര്‍ആന്‍,ദിക്‌ര്‍, സ്വലാത്ത്‌, ദുആക്കളൊഴികെ മറ്റൊന്നും അര്‍ത്ഥവും കാര്യവും
മനസ്സിലാകാതെ പാരായണം ചെയ്യേണ്ടതല്ല. അങ്ങനെ ആരെങ്കിലും എഴുതിയ ചരിത്ര പുസ്തകങ്ങള്‍ പാരായണം ചെയ്യുന്നതില്‍ പ്രത്യേക പുണ്യവുമില്ല.

മന്‍ഖൂസ്‌ മൌലിദും മറ്റും മുന്‍ഗാമികളായ ചില പണ്ഡിതന്‍മ്മാര്‍ എഴുതിയ ചരിത്രങ്ങളാണ്‌. അതില്‍
പ്രബലമല്ലാത്തതും ആധികാരികമല്ലാത്തതുമായ
സംഭവങ്ങളുമുണ്ട്‌. പ്രകടമായി ശിര്‍ക്കിന്റെ
വചനങ്ങള്‍ ഉള്ളതായി അറിയില്ല. ചില വചനങ്ങളെ അത്തരം പ്രയോഗങ്ങളായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്‌. പക്ഷെ അതെല്ലാം എഴുതിയവരുടേയും പറയുന്നവരുടേയും ഉദ്ദേശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ ഉറപ്പായി പറയാന്‍ കഴിയുകയുള്ളു.

പിന്നെ മൂസ മൗലാന മൗലിദ്‌ നടത്തിയ കാര്യം ഉള്ളതു തന്നെയാണ്‌. മൗലാന ആലിമായിരുന്നു. അവിടെ
പങ്കെടുക്കുന്നവര്‍ ഉസ്താദുമാരും മൂതഅല്ലിമീങ്ങളും കൂട്ടത്തില്‍ മൗലാനായുടെ സ്നേഹിതരും സമകാലികരും
സഹപാഠികളുമായ മുതിര്‍ന്ന ഉലമാക്കളും മറ്റുമായിരുന്നു. ഇവരുടെ സദസ്സില്‍ ചിലപ്പോള്‍ മന്‍ഖൂസ്‌ മൌലിദിന്റെ ചില ഭാഗങ്ങളും അതല്ലാത്ത മദ്ഹ്‌ കാവ്യങ്ങളും എല്ലാം പാടുകയും അവരത്‌ മനസ്സിലാക്കി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരായിരുന്നു. അവസാനം
മൗലാനായുടെ സ്വന്തം വകയായി ഇവര്‍ക്കെല്ലാം ആഹാരം നല്‍കി സല്‍ക്കരിക്കലുമുണ്ടായിരുന്നു. ഇതൊരു സ്ഥിരം പതിവോ അപ്രകാരം റബീഉല്‍ അവ്വല്‍ കേന്ദ്രീകരിച്ചോ നബിദിനത്തിന്റെ ആഘോഷമോ ആയിരുന്നില്ല. നബിദിന സന്ദര്‍ഭത്തില്‍ മദ്രസ
അവധിയായിരിക്കലാണ്‌ അക്കാലത്തെ പതിവ്‌. മൗലാനായുടെ സൗകര്യം പോലെയായിരുന്നു. റജബ്‌ മാസത്തിൽ പോലും നടന്നിട്ടുണ്ട്‌. മാത്രമല്ല ഈ പരിപാടിക്ക്‌ നിര്‍ബന്ധ പിരിവോ യാചനയോ ഒന്നുമുണ്ടായിരുന്നില്ല. ശബ്ദ കോലാഹലങ്ങളോ വഴി തടയലോ മറ്റു അനിസ്‌ലാമികമായ ഒരു ചടങ്ങുകളും
ഉണ്ടായിരുന്നില്ല. തികച്ചും മൗലാനായുടെ സ്വന്തം ചിലവില്‍ നബി ﷺ യുടെ മദ്ഹ്‌ പറയാനും കേള്‍ക്കാനും അതിന്റെ പേരില്‍ സ്നേഹിതരേയും ബന്ധുക്കളേയും ഒരുമിച്ചു കൂട്ടാനും നബി ﷺ യുടെ ജനനത്തിലും ജീവിതത്തിലുമുള്ള അനുഗ്രഹങ്ങളെ ഓര്‍മ്മപ്പെടുത്താനും ആ സന്തോഷം പ്രകടിപ്പിക്കാനുമായി മാത്രമുള്ള നല്ല സദസ്സുകളായിരുന്നു. എന്നാല്‍ ഇതെല്ലാം മൗലാന വ്യക്തിപരമായി നടത്തിയിരുന്നതാണ്‌. അതുകൊണ്ട്‌ തന്നെ അത്‌ ശരീഅത്തില്‍ നിയമം പറയാനുള്ള മാനദണ്ഡമല്ല.

കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കി നേര്‍വഴിയില്‍ ജീവിക്കാന്‍ അല്ലാഹു നമുക്കും മുഴുവന്‍ മുസ്‌ലിംകള്‍ക്കും സൗഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
ആമീന്‍.!

അഭിപ്രായങ്ങള്‍

  1. അപ്പോൾ അത് ബിദ്അത്ത് അല്ല .

    മറുപടിഇല്ലാതാക്കൂ
  2. വാപ്പ പറയുന്നത്‌അനുസരിച്ചില്ലെങ്കിൽ, ദേഷ്യത്തോടെ വാപ്പ സാധാരണ പറയാറുണ്ട്, "നീ എന്റെ മോനല്ല" എന്ന്. അതുപോലെയാണ്, ചിലർ അവരുടെ താത്പര്യത്തിനൊത്ത് നിന്നില്ലെങ്കിൽ മുസ്ലിമിനെ നോക്കി, "നീ മുസ്ലിമല്ല" എന്ന് പറയുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  3. മാഷാ അല്ലാഹ് വിശദമായ മറുപടി പടചവൻ അമൽ ചെയ്യാൻ ഉതവി നൽകട്ടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!