നബി തങ്ങളെ ഓർക്കലും നമസ്കാരവും യഥാർത്ഥ്യമെന്ത്..!?


ഉലമാ ഏ ദേവ്ബന്ദ് ആരോപണങ്ങളും വസ്തുതകളും
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നബി തങ്ങളെ ഓർക്കലും നമസ്കാരവും യഥാർത്ഥ്യമെന്ത്..!?
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰    http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_20.html  

അത്തഹിയ്യാതിൽ അയ്യുഹന്നബിയു  എന്ന് പറയുന്ന സന്ദർഭത്തിൽ നബി തങ്ങളെ ഓർകുന്നതിനേക്കാളും നല്ലത് കാള കഴുത ഇത്യാദി വസ്തുക്കളെ ഓർക്കലാണ് നല്ലത് എന്ന് തബ്ലിഗ് നേതാവ് എഴുതി വച്ചിട്ടുണ്ട്..അതിനാൽ തബ്ലിഗ്കാരൊക്കെയും പ്രവാചക സ്നേഹമില്ലാത്തവരും വഴി പിഴച്ചവരുമാണ് എന്ന് വരുത്തി തീർക്കാൻ ചിലയാളുകൾ വല്ലാതെ  ശ്രമിക്കുന്നതായി കാണാൻ സാധിച്ചു...എന്നാൽ എന്താണ് യാഥാർഥ്യം എന്താണ് വസ്തുത നമുക്കൊന്ന് പരിശോധിക്കാം....

ആദ്യമായി നാം മനസ്സിലാക്കേണ്ടത് എന്താണ് ആ കിതാബിൽ പറഞ്ഞിട്ടുള്ളതെന്നും വിമർശകർ ഉന്നയിക്കുന്നതും അതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നുള്ളതാണ്.
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

സ്വിറാതുൽ മുസ്തഖീം എന്ന ഒരു ഗ്രന്ഥത്തിലാണ് ഈ ആശയത്തിൽ ഒരു ഉദ്ധരണി വന്നിട്ടുള്ളത്...അതിൽ അത്തഹിയ്യാത് എന്നോ അയ്യുഹന്നബിയ്യു എന്നോ ഈ ചർച്ചയുടെ ഭാഗത്ത് ഇല്ല..അത് ഒരു ചില കുത്സിത ബുദ്ധിയിൽ ഉദിച്ച ആരോപണം മാത്രമാണ്..
അതുകൊണ്ട് തന്നെ പലരും ഇന്ന് ഇത് തിരുത്തി പറയുന്നുണ്ട് എങ്കിലും തങ്ങളുടെ ഉസ്താദ്മാർ ആ പറഞ്ഞത് ആ കിതാബിൽ ഇല്ലാത്തതാണ എന്ന് സമ്മതിക്കാൻ തയ്യാറായിട്ടില്ല...

രണ്ടാമതായി നാം മനസ്സിലാക്കേണ്ടത് ഇത് ആരുടെ കിതാബ് ആണ് എന്നും ആരാണ് ഇത് പഞ്ഞത് എന്നും തബ്ലീഗിന് ഇതുമായി എന്ത് ബന്ധമാണുള്ളത് എന്നുമാണ്.
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

ബറേലവി സിദ്ധാതത്തിൻറെ അനിഷേധ്യ നേതാവ് അഹ്മദ് റസാഖാൻ ബറേലവി പോലും തൻറെ ജീവിതത്തിലൊരിക്കൽ പോലും  തള്ളി പറയുകയോ ആക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടേയില്ലാത്ത മഹാനായ സൂഫിവര്യനും പണ്ഡിതനുമാണ് സയ്യിദ് അഹ്മദ് ബറേലവി رحمه الله...

മഹാനവർകൾ  ആത്മീയ അദ്ധ്യാപനത്തിനിടയിൽ തൻറെ  ശിഷ്യന്മാർക്ക് പല സന്ദർഭങ്ങളിലുമായി നൽകിയ പല തരം ഉപദേശ നിർദേശങ്ങളെ അരുമ ശിഷ്യന്മാരിൽ പ്രമുഖരായ ഷാഹ് ഇസ്മായിൽ ശഹീദ് , അബ്ദുൽ ഹയ്യ് ബ്ൻ ഹിബതുല്ലാഹ് ബുർഹാനിയും رحمهاالله എഴുതി സൂക്ഷിച്ചിരുന്നു...

പരമ പ്രധാനവും ആത്മീയ വെളിച്ചത്തിന് ഉതകുന്നതുമായ ഈ വിലപ്പെട്ട ഉപദേശ നിർദേശങ്ങൾ ഗ്രന്ഥ രൂപത്തിൽ ആക്കിയാൽ കൊള്ളാമെന്ന് മനസ്സിലാക്കിയ ഷാഹ് ഇസ്മായിൽ ശഹീദ് رحمه الله തൻറെയും സദീർത്തനായ അബ്ദുൽ ഹയ്യ് ബ്ൻ ഹിബതുല്ലാഹ് ബുർഹാനിയുടേയും കുറിപ്പുകളെ ഒരുമിച്ച് ചേർത്ത് അതിനെ ഒരു ഗ്രന്ഥ രൂപത്തിലാക്കി..അങ്ങനെ അത് നാല് വാള്യമുള്ള ഒരു ബൃഹതായ ഗ്രന്ഥമായി രൂപം കൊണ്ടു..
ഇതാണ് സ്വിറാതുൽ മുസ്തഖീം എന്ന നാമകരണത്തിൽ അറിയപ്പെടുന്ന ഗ്രന്ഥം..!

ഈ ഗ്രന്ഥവുമായി സർവ്വാത്മനാ കടപ്പെട്ട സൂഫി വര്യൻ സയ്യിദ് അഹ്മദ് ബറേലവി رحمه الله യെയോ ഇതിനെ ഗ്രന്ഥ രൂപത്തിൽ സമാഹരിച്ച ഇരുവരിൽ ഒരാളായ അബ്ദുൽ ഹയ്യ് ബ്ൻ ഹിബതുല്ലാഹ് ബുർഹാനിയേയോ ഒരു വാക്ക് കൊണ്ട് പോലും അപകീർത്തിപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്യാതെ ഇതിനെ ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ  യത്നിച്ച ഷാഹ് ഇസ്മായിൽ ഷഹീദ് رحمه الله യ്ക്ക് നേരെ മാത്രം വിമർശനങ്ങൾ എയ്തു വിടുകയും അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിൻറെ പിന്നിലെ ഛേദോവികാരം എന്തായിരുന്നു..!?

ഈ മൂന്നു പേരിൽ രണ്ടു പേരേയും വെറുതെ വിട്ട് ഷാഹ് ഇസ്മായിൽ ഷഹീദ് رحمه الله യെ മാത്രം തെരഞ്ഞുപിടിച്ച് അക്റമിക്കാനുള്ള കാരണം മഹാനവർകൾ ബിദ്അത് ഖുറാഫാതിനെതിരെ ആശ്റാദ്ധം പരിശ്രമിക്കുകയും അതിനായി തൂലിക ചലിപ്പിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു എന്നുള്ളതാണ്... 
അതുകൊണ്ട് തന്നെ അഹ്മദ് റസാഖാൻ ബറേലിക്കും അനുയായികൾക്കും ഇതത്ര സുഖിച്ചില്ലെന്ന് മാത്രമല്ല തങ്ങളുടെ നില നിൽപ്പിന് തന്നെ അത് ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കി കൊണ്ട് ഈ മൂന്നിൽ രണ്ടു പേരേയും വിട്ട് ഷാഹ് ഇസ്മായിൽ ശഹീദ് رحمه الله യുടെ പേരിൽ മാത്രം  ഈ ഒരു ആരോപണവുമായി അവർ മുന്നോട്ട് വരികയായിരുന്നു... 

അതിലും രസാവഹം 1779 ൽ ജനിച്ച് 1831 ൽ വഫാതാവുകയും ചെയ്ത സയ്യിദ് ഇസ്മാഈൽ ഷഹീദ് (റഹ്) 1920-ൽ മൗലാനാ ഇൽയാസ് رحمه الله തുടക്കം കുറിച്ച നവോത്ഥാന സംഘമായ തബ്ലീഗ് ജമാഅത്തിന്റെ തലതൊട്ടപ്പൻ നേതാവാണെന്നൊക്കെ തള്ളി വിടുന്ന ഒരു ചില കുത്സിത ചിന്തക്കാരുടെ മറിമായങ്ങളാണ്...
ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ജമാഅത്ത് പോവുകയോ ജമാഅത്ത് പോയവരെ കാണുകയോ  അവരെ കുറിച്ച് അറിയുകയോ പോലുമില്ലാത്ത  താൻ മരണപ്പെട്ടതിന് 95 വർഷങ്ങൾക്ക് ശേഷം രൂപീകൃതമായ നവോത്ഥാന സംഘത്തിെന്റെ തല തൊട്ടപ്പൻ നേതാവായി ഇസ്മാഈൽ ഷഹീദ് رحمه الله യെ പരിചയപ്പെടുത്തുമ്പോൾ ചരിത്രത്തെ കുറിച്ചും തബ്ലീഗ് ജമാഅത്തിനെ കുറിച്ചും അടിസ്ഥാന ബോധം പോലുമില്ലാത്ത ഈ കൂട്ടരുടെ നിഗൂഡ ലക്ഷ്യങ്ങളേയും തിരിമറിയേയും നാം തിരിച്ചറിയേണ്ടതുണ്ട്... അട്ടിമറിയും തെറ്റിദ്ധരിപ്പിക്കലും ചരിത്ര ബോധവുമില്ലായ്മയാണ് ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ വിളമ്പുന്നവരുടെ  ആകെയുള്ള കുത്തക എന്നോർത്ത് നമുക്ക്  സഹതാപിക്കാമെന്നല്ലാതെ എന്ത് ചെയ്യാൻ...!

മാത്രമല്ല..ജീവിതകാലം മുഴുവനും തബ്ലീഗു ജമാഅത്തിനായി നാടു നീളം പരിശ്രമിക്കുന്ന ഒരാൾ തൻറെ ഈ പരിശ്രമത്തിനിടയിൽ ഒരു തവണ പോലും ഈ കിതാബ്  തബ്ലീഗിൻറെ അമലിനോ തന്റെ ആത്മീയ ഉണർവ്വിനോ പോലും വായിക്കാൻ നിർദേശിക്കപ്പെട്ടിട്ടില്ല എന്നതും ഈ ഗ്രന്ഥത്തെ തബ്ലീഗ് ജമാഅത്തുമായി കൂട്ടി കെട്ടുന്നവർ ഒന്ന് മനസ്സിലാക്കണ്ടതാണ്...

മൂന്നാമതായി നാം മനസ്സിലാക്കേണ്ടത് സ്വിറാത്വുൽ മുസ്തഖീം പോലുള്ള ഗ്രന്ഥങ്ങളോട് ഒരു മുസ്ലിം അനുവർത്തിക്കണ്ടത് എങ്ങനെ എന്നുള്ളതാണ്...
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

ഒരു മുസ്ലിം എന്ന നിലയിൽ ഏതൊരു കാര്യവും നാം ചെയ്യുന്നതിന് ഇസ്ലാമിക വിധി വിലക്കുകളെ അവലംബിക്കണമെന്നത് നാമോരോരുത്തരുടേയും  നിർബന്ധ ബാധ്യതയാണ് കടമയാണ്...എപ്പോഴെല്ലാം ഈ ഒരു ബാധ്യത മുസ്ലിംകൾ കൈവിടുന്നുവോ അപ്പോഴെല്ലാം അതിൻറെ പ്രത്യാഘാതം സമൂഹം ഒന്നടങ്കം തന്നെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്...

ഇനി നമുക്ക് വിഷയത്തിലേക്ക് വരാം...അഥവാ നമ്മുടെ ചർച്ചാ വിഷയം സ്വിറാതെ മുസ്തഖീം എന്ന വിശ്വ വിഖ്യാത ഗ്രന്ഥമാണ്..ഇതും ഇത് പോലുള്ള ഗ്രന്ഥങ്ങളേയും സമീപിക്കേണ്ടതെങ്ങനെയാണെന്നതിനും ഇസ്ലാമിക ശരീഅതിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്...അതിനെ ലംഘിക്കുന്ന പക്ഷം വലിയൊരപകടത്തിലേക്കും തെറ്റിദ്ധാരണയിലേക്കും നാം സ്വയം വഴുതി വീഴുമെന്ന് മാത്രമല്ല ഇതിൻറെ അനന്തര ഫലം നമ്മളാൽ മറ്റുള്ളവർ അനുഭവിക്കേണ്ടി വരും എന്നതും നാം അറിഞ്ഞിരിക്കണം...

യഥാർത്ഥത്തിൽ ഈ ഗ്രന്ഥം രചിക്കപ്പെട്ടതു തന്നെ തസ്വവ്വുഫുമായി ബന്ധമുള്ള അതിൻറെ നാലു വശങ്ങളും വേണ്ട വണ്ണം അറിഞ്ഞു മനസ്സിലാക്കിയ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കൊണ്ടാണ്...ആയതിനാൽ തസ്വവ്വുഫുമായോ അതിൻറെ അടിസ്ഥാനശൈലികളെ സംബന്ധിച്ചോ യാതൊരു   അവഗാഹവും വ്യക്തമായ ഗ്രാഹ്യതയും ഇല്ലാത്തവർ ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു...ഈ നിരോധനത്തെ മറികടന്ന് കൊണ്ട് തസ്വവ്വുഫുമായി കുല ബന്ധം പോലുമില്ലാത്ത ഒരു ചില അൽപജ്ഞാനികൾ ഇത് പോലുള്ള ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്തതിൻറെ തിക്ത ഫലമാണ് സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥത്തിൻറെ പേരിൽ സമൂഹം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്..അത് കൊണ്ട് തന്നെ തസ്വവ്വുഫുമായി ബന്ധപ്പെട്ട ഇത് പോലുള്ള  ഗ്രന്ഥങ്ങൾ പരായണം ചെയ്യുന്നതിന് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ള നിയമ നിർദേശങ്ങളും പരിധികളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്..അല്ലാത്ത പക്ഷം നാം കടുത്ത കുറ്റവാളികൾ ആയിത്തീരുമെന്നതിന് പുറമെ നാം കാരണം നിരപരാധികളായ പലരും ഇതിൻറെ കെടുതി അനുഭവിക്കേണ്ടി വരികയും ചെയ്യും..!

സൈനുദ്ദീൻ മഖ്ദൂം رحمه الله   പറയുന്നു :

ﻧﻌﻢ ﻳﺤﺮﻡ ﻋﻠﻰ ﻣﻦ ﻟﻢ ﻳﻌﺮﻑ ﺣﻘﻴﻘﺔ اﺻﻄﻼﺣﻬﻢ ﻭﻃﺮﻳﻘﺘﻬﻢ ﻣﻄﺎﻟﻌﺔ ﻛﺘﺒﻬﻢ ﻓﺈﻧﻬﺎ ﻣﺰﻟﺔ ﻗﺪﻡ ﻟﻪ ﻭﻣﻦ ﺛﻢ ﺿﻞ ﻛﺜﻴﺮﻭﻥ اﻏﺘﺮﻭا ﺑﻈﻮاﻫﺮﻫﺎ

(فتح المعين : ص ١٩٩ )

(സ്വൂഫിയാക്കളുടെ സാങ്കേതിക പദങ്ങളോ അവരുടെ രീതി ശാസ്ത്രത്തേയോ സംബന്ധിച്ച് വിവരമില്ലാത്തവർ അവരുടെ കിതാബുകൾ കൈകാര്യം ചെയ്യുന്നത് ഹറാം തന്നെയാണ്...എന്തുകൊണ്ടെന്നാൽ ഇത് കാലിടറാനുതകുന്ന (അപകടം പിടിച്ച) മേഖലയാണ്..അത് കൊണ്ട് തന്നെ ഇതിൻറെ ബാഹ്യാർത്ഥത്തിൽ വഞ്ചിതരായി ധാരാളം ആളുകൾ പിഴച്ചു പോയിട്ടുണ്ട്.)

ഇമാം അബൂബക്കർ  ബിക്‌രി رحمه الله പറയുന്നു :

 ﺃﻥ ﻣﺎ ﻭﻗﻊ ﻓﻲ ﻋﺒﺎﺭاﺕ اﻟﻘﻮﻡ ﻣﻤﺎ ﻳﻮﻫﻢ اﻟﻜﻔﺮ ﻛﺎﻟﻜﻠﻤﺎﺕ اﻟﻤﺘﻘﺪﻣﺔ ﻏﻴﺮ ﻣﺮاﺩ ﺑﻪ ﻇﺎﻫﺮﻩ، ﺑﻞ ﻟﻪ ﻣﻌﻨﻰ ﺻﺤﻴﺢ ﻋﻨﺪﻫﻢ اﺻﻄﻠﺤﻮا ﻋﻠﻴﻪ  

( إعانة الطالبين ٢٠٤/٤)

(സ്വൂഫിയാക്കളുടെ കിതാബുകളിൽ മുമ്പ് പറഞ്ഞ രീതിയിൽ കുഫ്റിനെ തോന്നിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളിൽ ഒരിക്കലും അതിൻറെ ബാഹ്യാർത്ഥം അല്ല ഉദ്ദശ്യം..മറിച്ച് അവരുടെ സാങ്കേതിക പദങ്ങളെ മുൻ  നിർത്തി നോക്കിയാൽ അതിന് ശരിയായ (ചൊവ്വായ) അർത്ഥമാണുള്ളത്.)

മേൽ വിവരിച്ചതിലൂടെ തസ്വവ്വുഫിൻറെ മേഖലയിൽ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം സാധാരണക്കാർക്കോ അല്ലെങ്കിൽ തസ്വവ്വുഫിൻറെ അടിസ്ഥാന വശങ്ങളിൽ അവഗാഹമില്ലാത്ത പണ്ഡിതർക്കോ പോലും കൈകാര്യം ചെയ്യുന്നത്  വമ്പിച്ച തെറ്റും പടച്ചവൻറെ കഠിന ശിക്ഷക്ക് അർഹമാകാൻ പര്യാപ്തമായതുമാണെന്ന് മനസ്സിലാക്കാം...!

എന്നാൽ ഖേദകരമെന്ന് പറയട്ടെ തസ്വവ്വുവിൻറെ അടിസ്ഥാന തത്വങ്ങളെ കുറിച്ചൊന്നും ഗ്രാഹ്യമില്ലാത്ത ഒരു ചില വക്റ  ബുദ്ധി ജീവികൾ തസ്വവ്വുഫീ മേഖലയിൽ രചിക്കപ്പെട്ട ഈ സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥത്തെ തസ്വവ്വുഫ് എന്താണെന്ന് പോലും കേട്ടു കേൾവിയില്ലാത്ത സാധാരണയിൽ സാധാരണക്കാരെ ഒരുമിച്ച് കൂട്ടി അതിലുള്ള നിഗൂഡമായ പരാമർശങ്ങളെ അവർക്ക് മുന്നിൽ ദുർവ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും അവതരിപ്പിക്കുകയുണ്ടായി...അങ്ങനെ അവർ  ആ ഗ്രന്ഥ കർത്താവിനേയും അതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളേയും കുഫ്റ് കൊണ്ട് മുദ്ര ചാർത്തി..! 
അങ്ങനെ അവർ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്തു..
 ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് മഹാൻമാരായ മുൻഗാമികൾ ഇങ്ങനെയുള്ള കിതാബുകൾ ആ മേഖലയുമായി ബന്ധമില്ലാത്തവർ കൈകാര്യം ചെയ്യരുതെന്നും അത് ഹറാമാണെന്നും തീർത്ത്  പറഞ്ഞത്..!

ഇങ്ങനെ ബാഹ്യാർത്തത്തിൽ കുഫ്റിനെ ധ്വനിപ്പിക്കുന്ന ധാരാളം വചനങ്ങൾ മുൻഗാമികളായ ഒട്ടേറെ മഹാൻമാരിൽ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്...

ശൈഖ് ബിസ്ത്വാമി എന്നവരിൽ നിന്നും :   

تاالله..! إن لوائي أعظم من لواء محمد   صلى الله عليه وسلم
(എൻറെ പതാകയാണ്  മുഹമ്മദ് നബിയുടെ പതാകയേക്കാൾ മഹത്വമുള്ളത്..)

لأن تراني مرة خير لك من أن ترى ربك ألف مرة 

(നിൻറെ രക്ഷിതാവിനെ നീ ആയിരം വട്ടം ദർശിക്കുന്നതിനേക്കാൾ നിനക്ക് ഗുണം എന്നെ ഒരു വട്ടം ദർശിക്കലാണ്.)
എന്നതും മഹാനായ ഹല്ലാജ്  എന്നവരിൽ നിന്നും  أنا الله ( ഞാനാണ് അല്ലാഹു) എന്നതും  അബൂയസീദ് എന്നവരിൽ നിന്നും അല്ലാഹുവിന്റെ വിശേഷണമായ سبحاني 
   ( ഞാൻ എത്ര പരിശുദ്ധൻ) എന്നതും മഹാനായ മുഹ്യിദ്ദീൻ ബ്നു അറബിയിൽ നിന്നും : كل من عبد شيئاً فلم يعبد إلا الله (  ഏതൊരു അടിമയേയും ആര് ആരാധിച്ചാലും അത് അവർ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്..) എന്നതും  ഉദ്ധരിക്കപ്പെടുന്നുണ്ട്..!
അതോടൊപ്പം ഇവയുടെ ബാഹ്യാർത്ഥം ശിർക്കിനെയും കുഫ്റിനേയും വളരെ വ്യക്തമായി അറിയിക്കുകയും ചെയ്യുന്നു..അത് കൊണ്ട് തന്നെ വലിയ വലിയ പണ്ഡിതൻമാർ പോലും ഇതിൻറെയൊക്കെ ബാഹ്യാർത്ഥം മാത്രം നോക്കി ഈ മഹാൻമാരേയൊക്കെ കാഫിറുകളാക്കി മുദ്രകുത്തി..!
ഹല്ലാജ് رحمه الله  യുടെ വിഷയത്തിൽ   പണ്ഡിതരുടെ ബാഹ്യാർത്ഥം മാത്രം പരിഗണിച്ചു കൊണ്ടുള്ള ഈ ഫതാവ പ്രകാരം ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ വധ ശിക്ഷക്ക് വിധിക്കുന്ന ഭീകര സാഹചര്യമാണ് പിന്നീട് സമൂദായത്തിന് കാണേണ്ടി വന്നത്..എന്നാൽ യാഥാർഥ്യം മറ്റൊന്നായിരുന്നു..ഇത് പോലുള്ള വാചകങ്ങളിലൂടെ അദ്ദേഹമൊരിക്കലും ആ ബാഹ്യാർത്ഥമല്ലാ ഉദ്ദശിച്ചതെന്നും മറിച്ച് അതിൻറെ ആഴത്തിൽ ചിന്തിക്കുമ്പോൾ ലഭിക്കുന്ന ശരിയായതും അത്യുജ്യലവുമായ അർത്ഥമാണ് ഉദ്ദേശിച്ചത് എന്നതും തസ്വവ്വുഫീ മേഖലയുമായി ബന്ധമുള്ള അഗ്രകണ്യരായ  പണ്ഡിതൻമാർ പിന്നീട് വിലയിരുത്തുകയുണ്ടായി..!
ശൈഖ് മുഹ്യിദീൻ അബ്ദുൽ ഖാദർ ജീലാനി (റ)യുമൊക്കെ ഇതിനെ വ്യക്തമായി വിശദീകരിച്ചത് കേരളത്തിൽ ഉടനീളം പ്രചാരത്തിൽ ഉള്ള മുഹ്യിദീൻ മാലയിൽ നോക്കിയാൽ പോലും കാണാവുന്നതാണ് മാലയിൽ പറയുന്നു : 

ഹല്ലാജെ കൊല്ലും നാൾ
അന്ന് ഞാനുണ്ടെങ്കിൽ
അപ്പോളവർ കൈ പിടിക്കും ഞാനെന്നോവർ
 
അത് പോലെ തന്നെ ഇബ്നു അറബി رحمه الله യെ സംബന്ധിച്ച് മേൽ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ പല കാര്യങ്ങളും മുൻ നിർത്തി അതിൻറെ ബാഹ്യാർത്ഥം മാത്രം പരിഗണിച്ച് മഹാനവർകൾ കാഫിറാണെന്ന് ഒട്ടേറെ പണ്ഡിതർ ഫതാവ കൊടുത്തു..എന്ന് മാത്രമല്ല മഹാനവർകൾ കാഫിറാണെന്ന് സ്ഥാപിച്ചു കൊണ്ട് പലതരം കിതാബുകൾ തന്നെ വിപണിയിൽ വരുകയുണ്ടായി..!
എന്നാൽ ഇതിൻറെയൊക്കെ ശരിയായ അർത്ഥവും വ്യാഖ്യാനവും മനസ്സിലാക്കിയ മറ്റു പണ്ഡിതൻമാർ തെറിദ്ധാരണയെ മാത്രം അടിസ്ഥാനമാക്കി രൂപം കൊണ്ട ഈ ആരോപണങ്ങൾക്ക് വളരെ ഉജ്ജ്വലമായ രീതിയിൽ മറുപടി നൽകുകയും അവയെ വീശദീകരിക്കുകയും ചെയ്തിട്ടുണ്ട്..എന്ന് മാത്രമല്ല മുഹ്യിദീൻ ബ്നു അറബി رحمه الله അല്ലാഹുവിന്റെ ശരിയായ വലിയ്യ് ആണ് എന്ന് സമർത്ഥിക്കുകയും അതിന് ഉപോൽപലകമായി ഇജ്മാഇനെ ഉദ്ധരിക്കുക പോലും  ചെയ്തിട്ടുണ്ട്..!

അപ്പോ ഇത്രയും സങ്കീർമായ ഘട്ടങ്ങൾ മുൻകാലം മുതലേ ഇസ്ലാമിക ലോകത്ത് അരങ്ങേറാനുണ്ടായ കാരണം വെറും ബാഹ്യമായ അർത്ഥത്തിൽ മാത്രം ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണ മൂലമാണ് എന്ന് വ്യക്തമാണ്..അത് കൊണ്ട് തന്നെയാണ് തസ്വവ്വുഫുമായോ അതിൻറെ അടിസ്ഥാന രീതി ശാസ്ത്രവുമായോ ബന്ധമില്ലാത്തവർ ആ മേഖലയിലുള്ള കിതാബുകൾ കൈകാര്യം ചെയ്യരുതെന്നും അങ്ങനെ കൈകാര്യം ചെയ്യൽ ഹറാം ആണ് എന്നും കർമ്മ ശാസ്ത്ര പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത്..!

നോക്കൂ..! എത്ര അപകടം പിടിച്ച മേഖലയാണ് ഇതെന്ന്..സുബ്ഹാനല്ലാഹ്...മുസ്ലിമായ സ്വന്തം സഹോദരനെ കാഫിറായി പ്രഖാപിക്കുന്നിടത്തേക്ക് പോലും ഈയൊരബന്ധം നമ്മെ കൊണ്ടെത്തിക്കുന്നു..!

ഇത് തന്നെയാണ് സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥത്തിൻറെ വിഷയത്തിലും ചില അല്പൻമാർക്ക് പറ്റിയ അബദ്ധം.!

അല്ലാഹു ഇത് പോലുള്ള വൻ കെടുതിയിൽ നിന്നും നമ്മെ സംരക്ഷിക്കെട്ടേ..ആമീൻ 

 നാലാമതായി നാം മനസ്സിലാക്കേണ്ടത് യഥാർത്ഥത്തിൽ എന്താണ് സ്വിറാതെ മുസഖീം എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത് എന്നതിനെ സംബന്ധിച്ചാണ്.
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

 വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പായി ഒരു ചില കാര്യങ്ങൾ ആമുഖമായി നാം മനസ്സിലാക്കേണ്ടതുണ്ട്..

ഓരോ ഫന്നിനും അതുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ ഉണ്ടാകും..അങ്ങനെ വരുമ്പോൾ ഒരു വിഷയം കൈകാര്യം ചെയ്യുന്നതിന് മുൻപ് അതിൻറെ സാങ്കേതിക പദങ്ങൾ മനസ്സിലാക്കിയിരിക്കൽ ഒഴിച്ചു കൂടാനാകാത്ത ബാധ്യതയാണ്..ഇവകൾ മനസ്സിലാകാത്ത പക്ഷം വലിയൊരു തെറ്റിദ്ധാരണയിൽ നാം അകപ്പെടുമെന്നതിന് പുറമെ ആശയങ്ങൾ മനസ്സിലാക്കാൻ പറ്റാതെ നട്ടം തിരിയുമെന്ന് മാത്രമല്ല പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ സ്വയം പരിഹാസ്യരായി തീരുകയും ചെയ്യുന്നതുമാണ്..ആയത് കൊണ്ട് ഏതൊരു ഫന്നുമായി ബന്ധപ്പെടുമ്പോഴും അതിൻറെ സാങ്കേതിക പദങ്ങൾ നാം അറിഞ്ഞിരക്കണം..ഒരേ പദങ്ങൾ തന്നെ വ്യത്യസ്ഥ ഫന്നുകളിൽ പല തരം അർത്ഥങ്ങൾക്കാണ് ഉപയോഗിക്കുക..!
ഉദാ :  موضوع എന്നതിൻറെ വാക്കർത്ഥം അർത്ഥമുള്ള പദം എന്നാണ്  مهمل അഥവാ നിരർത്ഥകമായ പദം എന്നതിൻറെ വിപരീത പദമാണ് موضوع എന്നത്...എന്നാൽ ന്യായ ശാസ്ത്ര ഗ്രന്ഥങ്ങളിൽ زيد قائم എന്നതിലെ زيد എന്നത് موضوع ഉം قائم എന്നത് محمول ഉം ആണ് ഇവിടെ ആദ്യം പറഞ്ഞ അർത്ഥ പ്രകാരം  موضوع 
ൻറെ ഉദ്ദേശമായ "അർത്ഥമുള്ള പദം" എന്ന് അർത്ഥം നൽകിയാൽ  ആകെ ആശയക്കുഴപ്പത്തിലാകും ഇനി ഇതേ പദം തത്വശാസ്ത്ര ഗ്രന്ഥങ്ങളിൽ മറ്റൊരർത്തതിലാണ് ഉപയോഗിക്കുക..ഉദാ : بياض  എന്നതിൻറെ موضوع ആണ് جدار എന്ന് പറയുമ്പോ അവിടെ موضوع ന് "അർത്ഥമുള്ള പദം" എന്ന് അർത്ഥം വച്ചാൽ ആകെ കുഴഞ്ഞ് പോകുമെന്ന് മാത്രമല്ല ഒരെത്തും പിടിയും കിട്ടില്ല...അത് പോലെ തന്നെ ഇതേ موضوع എന്ന പദം ഹദീസ് നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ حديث موضوع എന്നൊക്കെ  ഉപയോഗിക്കാറുണ്ട്..ഇവിടെയൊക്കെ موضوع എന്നതിന് "അർത്ഥമുള്ള പദം" എന്നർത്ഥം വച്ചാൽ അത് വലിയ പിശകാണെന്ന് മാത്രമല്ല പരിഹാസ്യവും കൂടിയാണ്..!

അപ്പോ ചുരുക്കത്തിൽ ഒരേ പദം തന്നെ വ്യാകരണ ശാസ്ത്രത്തിലും ന്യായ ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഹദീസ് നിദാന ശാസ്ത്രത്തിലും പല തരം അർത്ഥങ്ങൾക്കാണ് ഉപയോഗിക്കുക എന്നും...അതിൽ ഒന്നിൽ യോജിക്കുന്ന അർത്ഥം മറ്റൊന്നിൽ തീരെ  യോജിക്കില്ല എന്നും..ഓരോ ഫന്നിനും അതിൻറേതായ അർത്ഥമുണ്ട് ആ സാങ്കേതിക വശങ്ങൾ മനസ്സിലാക്കി കൊണ്ട് മാത്രമേ ആ ഫന്നുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യാവൂ എന്നും വ്യക്തം..ഇല്ലെങ്കിൽ ഭീമാബദ്ധത്തിലേക്കായിരിക്കും അവസാനം നമ്മൾ എത്തിച്ചേരുക.!

ഇത് പോലെ തന്നെയാണ് തസ്വവ്വുഫിൻറെ ഫന്നും..അതിന് അതിൻറേതായ സാങ്കേതിക പദങ്ങളും അവയ്ക്ക് അതിൻറേതായ അർത്ഥ തലങ്ങളും ഉണ്ട്..!
ഉദാഹരണത്തിന് : 
الزهد ، الأنس ، الاتصال ، التجريد والتفريد ، الوجد و التواجد ، الغلية ،السكر والصحوة..إلخ    
ഇതൊക്കെ സ്വൂഫിയാക്കൾ തങ്ങളുടെ  തസ്വവ്വുഫീ മേഖലയിൽ ഉപയോഗിക്കുന്ന ഒരു ചില സാങ്കേതിക പദങ്ങളാണ് ഇതിനെ വാക്കർത്ഥം കൊണ്ട് മനസ്സിലാക്കാൻ നിന്നാൽ അതൊരു ഭീമാബദ്ധമായി അവശേഷിക്കുകയേ ഉള്ളൂ..! 

ഇനി നമുക്ക് സ്വിറാതെ മുസതഖീമിലേക്ക് വരാം..

നമസ്കാരത്തിൽ വന്നു ചേരാവുന്ന അഞ്ചു തരം ചിന്തകളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് നമ്മുടെ ചർച്ചാ വിഷയം ഉള്ളത്..!
ആ അഞ്ചു തരം ചിന്തകളെ നമുക്കിങ്ങനെ വായിക്കാം...
1: നമസ്കാരവുമായി യാതൊരു വിധ ബന്ധവുമില്ലാത്ത വെറും സാധാരണ വസ്തുക്കളെ കുറിച്ചുള്ള കരുതി കൂട്ടിയല്ലാത്ത ചിന്ത 

2: നമസ്കാരത്തിൻറെ റക്അതുകളുടെയൊ ദിക്റുകളുടേയോ എണ്ണത്തിലോ ഓതപ്പെടുന്ന ആയതുകളിൽ സാദൃശ്യമായി വരുന്ന മറ്റു ആയതുകളെ സംബന്ധിച്ചുള്ള ചിന്ത.

3: മുതഅല്ലിമുകൾക്ക് അറബി വ്യാകരണത്തേയോ അതിൻറെ ഘടനയയോ സംബന്ധിച്ചുള്ള ചിന്ത.

4: ഗവേഷണ ശേഷിയുള്ള പണ്ഡിതർക്ക് മസ്അല പരമായ വിഷയത്തിൽ ഉണ്ടാകുന്ന ചിന്ത..

5: തസ്വവ്വുഫുമായി ബന്ധപ്പെട്ട് കഴിഞ്ഞു കൂടുന്നവർ " തസ്വവ്വുറേ ശൈഖ് "  എന്ന പരിശീലനമുറയിലോ മലക്കുകളുടേയോ മറ്റു ആത്മാക്കളുടേയോ കൂടിക്കാഴ്ച ലഭിക്കണമെന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചിന്ത..

ഈ അഞ്ച് തരം ചിന്തകളും നമസ്കാരത്തിൽ പാടില്ല എന്നും അത് നമസ്കാരത്തിൻറെ യഥാർത്ഥത്ത ലക്ഷ്യത്തിന് ഭംഗം വരുത്തുമെന്നും അഞ്ചാമത്തേത് ഒരു തരം മറഞ്ഞ ശിർക്കുമാണെന്നും സ്വിറാതെ മുസ്തഖീമൽ വ്യക്തമാക്കുന്നു..
പിന്നീട് ഈ അഞ്ച് തരം ചിന്തകളും തുല്യമല്ലായെന്നും അതിൽ ഏറ്റക്കുറച്ചിൽ ഉണ്ട് എന്നും ഒരു ചിലത് അപേക്ഷികമായി മറ്റു ചിലതിനേക്കാൾ മെച്ചമാണെന്നും സമർത്ഥിക്കുന്നു..
അതിൽ പറയുന്നു : "ഇരുളുകളിൽ ചിലത് മറ്റു ചിലതിനേക്കാൾ മുകളിലാണ്" എന്ന ആയതിൻറെ അടിസ്ഥാനത്തിൽ (നമസ്കാരത്തിൽ ആയിരിക്കവേ) ഒരാൾ തൻറെ ഭാര്യയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിനെ ചിന്തിക്കുന്നത് വ്യഭിചാര  ചിന്തയേക്കാൾ മെച്ചമാണ്..
ഇതിന് ശേഷം പറയുന്നത് കാണുക : 
اور شیخ یا اس جیسے اور بزرگوں کی طرف خواہ جناب رسالت مآب ہی ہوں اپنی ہمت کو لگا دینا اپنے بیل اور گدھے کی صورت میں مستغرق ہونے سے براہے کیوں کہ شیخ کے خیال تو تعظیم اور بزرگی کے ساتھ انسانوں کے دل میں چمٹ جاتاہے 

ആത്മീയ നേതാക്കളേയോ തത്തുല്യരായ മഹാൻമാക്കളേയോ صرف الهمة (വിശദീകരണം പുറകെ വരും)  ചെയ്യുന്നത് ആ ആത്മാവ് നബി തങ്ങൾ صلى الله عليه وسلم ആണെങ്കിലും ശരി തൻറെ കാള കഴുത എന്നിവയുടെ ചിന്തയേക്കാൾ മോശമായതാണ്..കാരണം അവരുടെ ചിന്ത മനുഷ്യ മനസ്സിൽ വരുന്നത് കാള , കഴുത എന്നിവക്ക് വിപരീതമായി ഭക്തി ബഹുമാനത്തോടെയാണ്..
 
ഇവിടെ ഉർദുവിൽ ഉപയോഗിച്ചിരിക്കുന്ന പദം  ہمت کو لگا دینا  എന്നാണ്. ഇത് തസ്വവ്വുഫീ മേഖലയിൽ ഒരു പ്രത്യേക അർത്ഥത്തിനായി ഉപയോഗിക്കുന്ന ഒരു പദമാണ്..ഇതിനെ അറബിയിൽ صرف الهمة എന്നാണ് പറയുക.. ഇതിനെ شغل البرزخ എന്നും شغل الرابطة എന്നും تصور الشيخ എന്നും പറയപ്പെടാറുണ്ട്.. 

അപ്പോ صرف الهمة എന്നത് സ്വൂഫിയാക്കളുടെ ഒരു തരം സാങ്കേതിക പദമാണ് എന്ന് വ്യക്തമായി..ഇത് കൊണ്ട് അവർ അർത്ഥമാക്കുന്നത് മറ്റൊന്നിനേയും ഓർക്കാനും ചിന്തിക്കാനും ഹൃദയത്തിൽ തീരെ ഇടമില്ലാത്ത വിധം ഏതെങ്കിലും ഒരു വസ്തുവിനെ സംബന്ധിച്ചുള്ള വിചാരം ഹൃദയം നിറച്ചു നിർത്തുകയും തന്നിമിത്തം  ഇതര ചിന്തകളും തോന്നലുകളും  നിശ്ശേഷം അവസാനിച്ചു പോകുകയും ചെയ്യുക..ഇതാണ് صرف الهمة..

അങ്ങനെ വരുമ്പോൾ നമസ്കാരത്തിൽ തൻറെ ശൈഖിനേയോ നബി തങ്ങളേയോ صرف الهمة ചെയ്യുന്ന പക്ഷം മറ്റൊന്നും ചിന്തിക്കുവാൻ മനസ്സിൽ യാതൊരു പഴുതും ബാക്കി നിൽക്കുകയില്ല..അല്ലാഹുവിനെ പോലും ഓർക്കാതെ വരും..
അപ്പോ ഈ صرف الهمة വളരെ ഉപദ്രവം ചെയ്യുന്ന ഒരു തരം ചിന്തയാണ് എന്ന് മനസ്സിലാക്കാം..എന്തെന്നാൽ തൻറെ ചിന്തയെ അല്ലാഹുവിൽ നിന്നും പൂർണ്ണമായി മറ്റൊന്നിലേക്ക് മാറ്റുന്നു ഇത് നമസ്കാരത്തിൻറെ ലക്ഷ്യത്തിന് തന്നെ വിരുദ്ധമായതാണ്..
അതോടൊപ്പം  ആദരവും ബഹുമാനവുമുള്ള ഒരു വ്യക്തിയിലേക്ക് صرف الهمة ചെയ്യുന്നത് മുഖേന അങ്ങേയറ്റത്തെ ഭക്തി ബഹുമാനത്തെ സൂചിപ്പിക്കുന്ന സുജൂദും റുകൂഉം ആ വ്യക്തിക്കായിത്തീരുന്നതും ആദരവോടു കൂടിയായതിനാൽ അത് ആരാധനയുടെ പരിധിയിലേക്ക് എത്താനും സാധ്യതയേറയാണ്..കാരണം അമിതമായ ആദരവിനെയാണല്ലോ ആരാധന എന്ന് പറയുന്നത്..അപ്പോ അതിനെ സൂചിപ്പിക്കുന്ന സുജൂദ് പോലുള്ളവ തൻറെ മഷാഇഖൻമാർക്ക് സമർപ്പിക്കുന്നത് എത്ര വലിയ കുറ്റമാണ്..മാത്രമല്ല إياك نعبد പോലുള്ള സംബോധന തൻറെ ശൈഖിലേക്കായിത്തീരുകയും തന്മൂലം ശിർക്ക് സംഭവിക്കുകയും ചെയ്യും..نعوذ بالله ഇതെങ്ങനെ അനുവദിച്ചു കൊടുക്കാനാകും..
മറ്റൊരു കാര്യം  ഈ വിഷയം ചർച്ച ചെയ്യുന്നിടത്ത് അത്തഹിയ്യാത് എന്നോ അയ്യുഹന്നബിയ്യു എന്നോ പരാമർശം പോലുമില്ല മാത്രമല്ല ഈ صرف الهمة എന്നത് അത്തഹിയ്യാതിൽ أيها النبي എന്ന് പറയുന്ന ചുരങ്ങിയ സമയം കൊണ്ട് കരഗതമാക്കാനും സാധ്യമല്ല...അത് പോലെ صرف الهمة ൽ നിന്നും മനസ്സിനെ തിരിച്ചു കൊണ്ട് വരാനും സമയമെടുക്കും..അത് പെടുന്നനെ സാധ്യവുമല്ല..!
അത് കൊണ്ട്  തന്നെ മഷാഇഖൻമാരെ صرف الهمة 
ചെയ്യുന്നതിനേക്കാൾ നല്ലത് മറ്റു വസ്തുക്കളെ ചിന്തിക്കലാണ്  അപേക്ഷികമായി നല്ലതെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്..ഇത്യാദി വസ്തുക്കളെ ചിന്തിക്കുന്നിടത്ത് ഭക്തി ബഹുമാനം  ഇല്ലാത്തതിനാലും   ഇവയിൽ صرف الهمة സൂഫിയാക്കൾക്കന്യമാണ് എന്നതിനാലും  صرف الهمة
 പോലെ ഏകീകൃത ധ്യാനം വരാത്തതിനാലും ഇവയിൽ صرف الهمة അല്ലാത്തതിനാൽ  പെടുന്നനെ മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ സാധിക്കുമെന്നതിനാലും ഈ വക നിസാര വസ്തുക്കളുടെ ചിന്തകൾ മഷാഇഖൻമാരോട് صرف الهمة ചെയ്യുന്നതിനേക്കാൾ മെച്ചമല്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ.!?

ഉദാഹരണത്തിന് ഒരു പ്രവാചക പ്രേമിയായ സൂഫി വര്യൻ അദ്ദേഹം ഹജ്ജിന് ഇഹ്റാം ചെയ്തു എന്നിട്ട് മദീനയിലേക്ക് പോവുകയും പ്രവാചക പ്രേമത്തിൻറെ തീവ്രദയാൽ അവിടെ തന്നെ കഴിഞ്ഞു കൂടുകയും അങ്ങാണെൻറെ ലക്ഷ്യം അങ്ങയുടെ സന്നിദിയിലാണെൻറെ മരണം ഞാൻ മരിക്കുവോളം ഇവിടെ കഴിഞ്ഞു കൂടലാണ് എൻറെ താൽപര്യം എന്നൊക്കെ പറഞ്ഞ് മദീനയിൽ തന്നെ കഴിഞ്ഞു കൂടുകയും  മറ്റൊരിടത്തും പോകാതെ  അവിടെ തന്നെ സ്ഥിരതാമസമാക്കിക്കഴിയുകയും ചെയ്താൽ അദ്ദേഹം ഇഹ്റാം ചെയ്തു കഴിഞ്ഞ ഫർളായ ഹജ്ജിൻറെ സമയം കടന്നു പോവുകയും അത് മുഖേന അദ്ദേഹം പാപിയായിത്തീരുകയും ചെയ്യും..എന്നാൽ ഇതേ സൂഫി വര്യൻ മാർക്കറ്റിൽ എന്തെങ്കിലും സാധനം വാങ്ങാനാണ് പോയതെങ്കിൽ പെടുന്നനെ  തൻറെ ആവശ്യം പൂർത്തിയാക്കി തിരിച്ചു വരും എന്ന് മാത്രമല്ല ദുൻയാവിൻറെ ഒരലങ്കാരത്തിലും നോട്ടം പോലും പതിപ്പിക്കാതെ തൻറെ ലക്ഷ്യമായ ഹജ്ജിനായി ധൃതി കാണിക്കുകയും ചെയ്യുമെങ്കിൽ ഇങ്ങനെയുള്ള സൂഫി വര്യൻമാരോട് താങ്കൾ ഇഹ്റാം കെട്ടിയതിന് ശേഷം മദീനയിലേക്ക് പോകുന്നതിനേക്കാളും നല്ലത് മാർക്കറ്റിൽ പോകലാണ് ഉചിതം എന്നല്ലേ ദീൻ അറിയുന്ന ആരും പറയൂ..!
അപ്പോ അങ്ങനെ പറയുന്ന ആളുകളെ പ്രവാചക സ്നേഹിയല്ല എന്നും ദീൻ അറിയില്ല എന്നുമൊക്ക പറഞ്ഞു നാം ആക്ഷേപിക്കുന്നത് പോലെ തന്നെയാണ് സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥത്തിലെ ഇത്തരം പരാമർശങ്ങളെ നാം ആക്ഷേപിക്കുന്നത്..!

അതുകൊണ്ട് തന്നെ صرف الهمة  പോലുള്ള ഇത്തരം ആത്മീയ പരിശീലനം മഷാഇഖൻമാരുടെ നേരെ തിരിച്ചുവിട്ട് നമസ്കരിക്കുന്നത് തീർത്തും തെറ്റ് തന്നെയാണ് എന്നും അതിനെക്കാൾ നല്ലത് കാള കഴുത ഇത്യാദി കാര്യങ്ങളെ ഓർക്കലായിരിക്കും എന്ന് ഒരാൾ പറഞ്ഞാൽ അതിൽ എന്താണ് പിശക്..!?

ഈ صرف الهمة നെ സംബന്ധിച്ച് മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി رحمه الله യോട് ചോദിക്കപ്പെട്ടപ്പോൾ മഹാനവർകൾ നൽകിയ മറുപടി ഇപ്റകാരമാണ് : ഈ صرف الهمة/ شغل البرزخ മുൻഗാമികളായ സൂഫി വര്യൻമാർ പരിശീലിപ്പിക്കുകയും തന്മൂലം ശിർക്കിലേക്കെത്തുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു..അതിനാൽ തന്നെ പിൻഗാമികളായ പണ്ഡിതർ അതിനെ തടഞ്ഞു..ഈ പണ്ഡിതരെ അനുസരിക്കുകയാണ് വേണ്ടത് ഈ صرف الهمة )شغل) ൻറെ ആവശ്യമേയില്ല..സ്വഹാബത്തിലൊന്നും ഈ شغل البرزخ എന്ന സംവിധാനം ഉണ്ടായിരുന്നില്ല..!
(ഫതാവ റഷീദിയ്യ: 220)

അതോടൊപ്പം തന്നെ  صرف الهمة എന്ന രൂപത്തിലല്ലാതെ നബി തങ്ങളെ ഓർക്കരുതെന്നോ അത്തഹിയ്യാതിലോ മറ്റോ കാളയെ ഓർക്കലാണ് എന്നോ സ്വിറാതെ മുസ്തഖീമിൽ ഇല്ല..അത് വെറും പച്ച അപവാദവും തെറ്റിദ്ധരിപ്പിക്കലുമാണ്..എന്നും നാം മനസ്സിലാക്കണം.!

ഇതൊക്കെ സാങ്കേതിക പദങ്ങളും മറ്റു പദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നിടത്ത് വരുന്ന പിശകാണ്..അതുകൊണ്ട് തന്നെയാണ് ഇത് പോലുള്ള ഗ്രന്ഥങ്ങൾ അതുമായി ബന്ധമില്ലാത്തവർ കൈകാര്യം ചെയ്യരുതെന്നും അത് ഹറാം ആണ്  എന്നും നമ്മുടെ ഫുഖഹാഅ തീർത്ത് പറഞ്ഞത്..

ഈ صرف الهمة എന്താണെന്നതിനെ സംബന്ധിച്ച് സ്വിറാതെ മുസ്ഖീമിൽ തന്നെ വളരെ വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്..ഇതൊക്കെ കണ്ണടച്ചിരിട്ടാക്കുന്നവർക്ക് എത്ര വിശദീകരണം കൊടുത്താലും മതിയാവില്ലല്ലോ..
കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.!
ആമീൻ 

അഞ്ചാമതായി നാം മനസ്സിലാക്കേണ്ടത് അത്തഹിയ്യാതിൽ അയ്യുഹന്നബിയ്യു എന്ന് പറയുന്ന സന്ദർഭത്തിൽ ഒരാൾ എന്ത് ചെയ്യണം.!?

ഈ വിഷയത്തിൽ ദേവ്ബന്ദ് പണ്ഡിതരുടെ നിലപാട് എന്ത്.!?
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

മുമ്പ് വിവരിച്ചിരിച്ചത് പോലെ സ്വിറാതെ മുസതഖീം എന്ന ഗ്രന്ഥത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നിടത്ത് അത്തഹിയ്യാത് എന്നോ അയ്യുഹന്നബിയ്യു എന്നോ ഒരു തവണ പോലും പറഞ്ഞിട്ടില്ല..എന്നാൽ മഷാഇഖൻമാരേയും മറ്റും صرف الهمة ചെയ്യരുത് അത് ശിർക്കിലേക്കെത്തിക്കും എന്ന് വളരെ വ്യക്തമായി തന്നെ പഠിപ്പിക്കുകയും ചെയ്തു..എന്നാൽ صرف الهمة അല്ലാത്ത രൂപത്തിൽ നബി തങ്ങളെ ഓർക്കുന്നതിനെയോ ചിന്തിക്കുന്നതിനേയോ ഈ വിഷയം ചർച്ച ചെയ്യുന്നിടത്ത് വ്യക്തമാക്കാത്തതിനാൽ അങ്ങനെ ഓർക്കുന്നതിനേയും ചിന്തിക്കുന്നതിനേയും സംബന്ധിച്ച് ഉലമാ ഏ ദേവ്ബന്ദിന്റെ തീരുമാനം എന്താണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..

ദാറുൽ ഉലൂം ദേവ്ബന്ദിൽ നാല് പതിറ്റാണ്ട് കാലം പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ച മർഹൂം ഖാരി ത്വയ്യിബ് മൗലാനാ رحمه الله ഈ വിഷയവുമായി ബന്ധപ്പെട്ട് ദയൂബന്തി പണ്ഡിതരുടെ നിലപാട് വ്യക്തമാക്കുന്നത് കാണുക :

 ഇവിടെ നബി صلى الله عليه وسلم യെ സംബന്ധിച്ചിടത്തോളം صرف الهمة നെയാണ് മൗലാനാ തടഞ്ഞത്..അല്ലാതെ നബി തങ്ങളെ ഓർക്കാനോ ചിന്തിക്കാനോ പാടില്ലഎന്ന് മൗലാനാ പറഞ്ഞിട്ടില്ല..സ്വർഫുൽ ഹിമ്മതെവിടെ കിടക്കുന്നു ഓർമ്മയും ചിന്തയും എവിടെ കിടക്കുന്നു..!?
നബി صلى الله عليه وسلم യെ സ്മരിക്കുന്നത് കൊണ്ട് നിസ്കാരം നഷ്ടപ്പെടുമെന്നോ നിസ്കാരത്തിൽ നബി صلى الله عليه وسلم യെ സ്മരിക്കുന്നത് നീചവും നിസാരവുമായ പ്രസ്തുത വസ്തുക്കളെ ഓർക്കുന്നതിലും വളരെ മോശമാണെന്നോ (معاذ الله) മൗലാനാ ഇസ്മാഈൽ ശഹീദ് رحمه الله പറഞ്ഞിട്ടില്ല..അദ്ദേഹത്തിന്റെ പേരിൽ മനഃപൂർവം കള്ളം കെട്ടിച്ചമച്ചിരിക്കുന്നതാണത്...അല്ലെങ്കിൽ തസ്വവ്വുഫിൽ സ്വർഫുൽ ഹിമ്മത് എന്താണ് എന്ന് മനസ്സിലാകാത്തതിൻറെ പേരിൽ നേരിട്ട തെറ്റിദ്ധാരയാണത്..!

വളരെ സമുന്നതനായ മഹാത്മാവാണ് മൗലാനാ ഇസ്മാഈൽ ഷഹീദ് رحمه الله..ഇത്തരമൊരു വീക്ഷണം വളരെ താഴ്ന്ന പടിയിലുള്ള മുസ്ലിമിൽ നിന്നല്ല മാന്യതയുള്ള അമുസ്ലിമിൽ നിന്നു പോലും ഉണ്ടാവില്ല..ശരിക്കും മനസ്സിരിത്തിക്കൊണ്ട് നിർവ്വഹിക്കപ്പെടേണ്ടതാണ് നമസ്കാരം എന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.!? محمد رسول الله  والذين معه أشداء على الكفار എന്നോ وما محمد إلا رسول എന്നോ ഓതുമ്പോ തിരുനബിയെ തീർച്ചയായും ഓർമ്മ വരും അത്തഹിയ്യാതിൽ السلام عليك أيها النبي എന്ന് പറയുമ്പോഴും ശേഷം സ്വലാതിൽ തിരുനബിയുടെ തിരുനാമം ഉച്ചരിക്കുമ്പോഴുമെല്ലാം നിർബന്ധമായും നബിതങ്ങളെ ഓർമ്മ വരികയും അങ്ങനെ ഈമാൻ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും..നബി صلى الله عليه وسلم യുടെ പേര് പറയുമ്പോ നബി തങ്ങളെ ഓർക്കരുത് എന്ന് പറയുന്നത് പ്രകൃതി വിരുദ്ധമാണ്..ഒരു വിഡ്ഢി പോലും അതിന് ധൈര്യപ്പെടുകയില്ല..എന്നിട്ടല്ലേ ഒരു മത പണ്ഡിതൻ അതും മൗലാനാ ഇസ്മാഈൽ ശഹീദിനെ رحمه الله യെപോലെ ബുദ്ധിമാനും സമഗ്രനും അല്ലാഹുവിന്റെ ആരിഫും ഉൾകാഴ്ചയുടെ ഉടമയുമായ ഒരു മഹാത്മാവ് പറയുന്നത്..!
നമസ്കാരത്തിൽ നബി തങ്ങളെ ഓർക്കാൻ പാടില്ലെന്നോ ഓർമ്മ വരുന്ന പക്ഷം നമസ്കാരം നഷ്ടപ്പെട്ടു പോകുമെന്നോ അല്ലെങ്കിൽ നമസ്കാരത്തിൽ നബി തങ്ങളെ ഓർക്കുന്നത് മൃഗങ്ങളെ ഓർക്കുന്നതിലും മോശമാണെന്നോ معاذ الله മഹാനവർകൾ പറഞ്ഞിട്ടുണ്ട് എന്ന പ്രചാരണം തനി കള്ളത്തരമാണ്..നബി തങ്ങളെ ഓർക്കുന്നത് തടയുകയോ ഓർത്താൽ നമസ്കാരം ശരിയാവുകയില്ല എന്നോ മൗലാനാ പറഞ്ഞിട്ടേയില്ല..പ്രത്യുത മുകളിൽ പറഞ്ഞ തരത്തിലുള്ള സ്വർഫുൽ ഹിമ്മതിനെ മാത്രമാണ് തടഞ്ഞത്..!

(ഗലത്വ് ഫഹ്മിയോം കാ ഇസാലഃ : 23,24)

അൽഹംദുലില്ലാഹ്..കാര്യം പകൽ വെളിച്ചം പോലെ വ്യക്തമായി കഴിഞ്ഞു..ഇത് തന്നെയാണ് ദയൂബന്തി പണ്ഡിതർക്ക് അന്നും ഇന്നും എന്നും പറയാനുള്ളത്..ഇനിയും ആ മഹത്തുകളായ പണ്ഡിതരുടെ മേൽ അപവാദവും കള്ള പ്രചാരണവുമായി നടക്കുന്നവർ അല്ലാഹുവിനെ ഭയപ്പെടണമെന്ന് മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ..! 

രത്‌ന ചുരുക്കം

🔹സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥം തസ്വവ്വുഫുമായി ബന്ധപ്പെട്ടതാണ്..തസ്വവ്വുഫിൻറെ രീതി ശാസ്ത്രവുമായി ബന്ധമില്ലാത്തവർ അത് കൈകാര്യം ചെയ്യൽ ഹറാം ആണ്.

🔹 സ്വിറാതെ മുസ്തഖീം എന്ന ഗ്രന്ഥം ഷാഹ് ഇസ്മാഈൽ ദഹ്ലവി رحمه الله യുടെ സ്വന്തം കിതാബല്ല..തൻറെ ഉസ്താദായ സയ്യിദ് അഹ്മദ് ഇർഫാൻ ഷഹീദ് ബറേലവിയുടെ ഉപദേശ നിർദേശങ്ങൾ ഒരുമിച്ച് കൂട്ടിയ ഗ്രന്ഥമാണ്.

🔹ആ കിതാബിൽ ഈ വിഷയം പരാമർശിക്കുന്നിടത്ത് അത്തഹിയ്യാത് എന്നോ അയ്യുഹന്നബിയ്യു എന്നോ ഇല്ല.

🔹നബി തങ്ങളെ നമസ്കാരത്തിൽ ഓർക്കരുതെന്നോ ഓർത്താൽ നമസ്കാരം ബാത്വിലാവുമെന്നോ അതിലില്ല..മറിച്ച് മഷാഇഖൻമാരെ സ്വർഫുൽ ഹിമ്മത് ചെയ്യരുത് അത് ശിർക്കിലേക്കെത്തിക്കും എന്നാണ് അതിലുള്ളത്.

🔹അത്തഹിയ്യാതിൽ അയ്യുഹന്നബിയ്യു പറയുമ്പോൾ നബി തങ്ങളെ ഓർക്കണം എന്ന് തന്നെയാണ് ദേവ്ബന്ദ് പണ്ഡിതരുടെ നിലപാട്..എന്നാൽ സ്വർഫുൽ ഹിമ്മത് നമസ്കാരത്തിൽ ഒരിക്കലും പാടില്ല..

അവലംബ കൃതികൾ :

◼️ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികളിൽ 
◼️ദേവ്ബന്ദ് പണ്ഡിതരെ കുറിച്ചുള്ള അപവാദങ്ങൾക്ക് മറുപടി 
◼️ഗ്വലത് ഫഹ്മിയോ കാ ഇസാലഃ 
◼️ഫത്ഹുൽ മുഈൻ
◼️ഇആനതുത്വാലിബീർ
◼️അൽ വാരിദാതുൽ ഇലാഹിയ്യ

ദേവ്ബന്ദ് പണ്ഡിതരുടെ പിന്നിൽ അണി നിരന്നു സ്വർഗ്ഗ പ്രവേശനം ലഭിക്കുന്ന മഹാ ഭാഗ്യവാന്മരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ..!
                                   ആമീൻ 

ഇതോടെ ഈ വിഷയത്തിലുള്ള വിശദീകരണം ചുരുങ്ങിയ രൂപത്തിൽ അവസാനിച്ചു
الحمد لله الذي بنعمته تتم الصالحات 

സമ്പാദനം: മൗലവി ഇഖ്ബാൽ ജമാൽ ഹസനി അൽ ഖാസിമി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!