ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും


ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും

✍️മൗലാനാ സയ്യിദ് അർഷദ് മദനി 
(സദ്റുൽ മുദർരിസ്സീൻ ദാറുൽ ഉലൂം ദേവ്ബന്ദ്, പ്രസിഡന്റ് ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്)

വിവ:- മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സർവ്വലോക പരിപാലകനായ അല്ലാഹു തആലാ മുഴുവൻ മാനവരാശിയുടെയും ഇഹപര വിജയങ്ങൾക്ക് കനിഞ്ഞരുളിയിരിക്കുന്ന സരളവും സുന്ദരവും സമ്പൂർണ്ണവുമായ ജീവിത വ്യവസ്ഥതിയാണ് ഇസ്ലാമിക ശരീഅത്ത്. അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ ഇതിന്റെ മാതൃകയെന്നോണം സമുന്നതമായ ഒരു സമൂഹത്തെ വാർത്തെടുത്തു. സ്വഹാബാ കിറാം എന്ന പേരിൽ അറിയപ്പെട്ട ആ മഹത്തുക്കൾ നന്മ നിറഞ്ഞ മനസ്സുള്ളവരും ആഴമേറിയ അറിവുള്ളവരും ബാഹ്യ പ്രകടനങ്ങൾ വളരെ കുറഞ്ഞവരുമായിരുന്നു. അവരിലൂടെ ലോകം മുഴുവൻ നന്മകൾ പരന്നു. ഈ മഹത്തുക്കളുടെ സർവ്വ നന്മകളുടെയും ചാലക ശക്തി രണ്ട് കാര്യങ്ങളായിരുന്നു. 1, നന്മയിലേക്കുള്ള ആത്മാർഥമായ ക്ഷണം. ഇതിന് ദഅവത്ത് എന്ന് പറയപ്പെടുന്നു. 2, ക്ഷണം സ്വീകരിച്ചു വരുന്നവരിൽ നടത്തപ്പെട്ട സംസ്കരണ പ്രവർത്തനങ്ങൾ. ഇതിന് ഗുണകാംഷയോട് കൂടിയുള്ള സദുപദേശം (നസ്വീഹത്ത്), നന്മ ഉപദേശിക്കലും തിന്മ തടയലും (അംറുബിൽ മഅ്റൂഫ് നഹിയുൻ അനിൽ മുൻകർ) എന്നും ഇന്നത്തെ ഭാഷയിൽ സാമൂഹ്യ സാംസ്കാരണം (ഇസ്ലാഹേ മുആശറാ) എന്നും പറയപ്പെടുന്നു. മുഴുവൻ മസ്ജിദുകളിലും മദ്റസകളിലും മാത്രമല്ല. എല്ലാ മുസ്‌ലിം ഭവനങ്ങളിലും സ്ഥാപനങ്ങളിലും നടക്കേണ്ട വളരെ പ്രധാനപ്പെട്ട പ്രവർത്തനമാണിത്. 

എല്ലാ കാലഘട്ടത്തിലും നടക്കേണ്ട ഈ പ്രവർത്തനം നന്മകൾ കുറയുകയും തിന്മകൾ കൂടുകയും പരീക്ഷണങ്ങൾ വർദ്ധിക്കുകയും ചെയ്ത ഇക്കാലഘട്ടത്തിൽ പ്രത്യേകിച്ചും നിർവ്വഹിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ സുപ്രധാന ദീനീ കേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദ് ആദ്യം കാലം മുതൽക്കേ ഇക്കാര്യം ചെയ്തിരുന്നെങ്കിലും നിലവിലുള്ള പ്രത്യേക അവസ്ഥയിൽ ഇത് കൂടുതൽ വ്യവസ്ഥാപിതമായി നടത്താൻ ദാറുൽ ഉലൂമിന്റെ ആദരണീയ ഭാരവാഹികൾ കൂടുതൽ ശ്രദ്ധയോടെ രംഗത്തിറങ്ങുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ വഴിയിൽ അവർ ചെയ്ത മാതൃകാപരമായ ഒരു പ്രവർത്തനമാണ് ദാറുൽ ഉലൂമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ കൊണ്ട് ലഘുലേഖകൾ തയ്യാറാക്കുകയെന്നത്. പടച്ചവന്റെ സഹായത്താൽ വളരെ വേഗതയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് അവ തയ്യാറാക്കപ്പെട്ട് കഴിഞ്ഞു. അല്ലാഹുവിന്റെ തിരുനാമത്തിൽ അതിൽ ഒന്നാമത്തെ ലഘുലേഖ അനുവാചക സമക്ഷം സമർപ്പിക്കപ്പെടുകയാണ്. ഇസ്‌ലാം അതീവ ഗൗരവത്തിൽ ഉണർത്തിയ സൃഷ്ടികളോടുള്ള കടമകൾ എന്നതാണ് ഇതിലെ പ്രതിപാദ്യം. ചുരുങ്ങിയ വാക്കുകളിൽ ശക്തവും വ്യക്തവുമായ നിലയിൽ ഈ വിഷയം ഇതിൽ ഉണർത്തപ്പെട്ടിരിക്കുന്നു. അല്ലാഹു ഇത് തയ്യാറാക്കിയ ആദരണീയ ഗുരുവര്യൻ ഹസ്രത്ത് മൗലാനയ സയ്യിദ് അർഷദ് മദനിക്ക് ഉന്നത പ്രതിഫലവും ആഫിയത്തുള്ള ദീർഘായുസ്സും നൽകട്ടെ.. നാം ഓരോരുത്തരും ഇത് പഠിക്കുകയും പകർത്തുകയും ചെയ്യുക. കൂട്ടത്തിൽ പരസ്പരം കൂടിയാലോചിച്ച് ഓരോ മസ്ജിദുകളിലും മദ്റസകളിലും ഇതര കേന്ദ്രങ്ങളിലും മേൽ പറയപ്പെട്ട പ്രവർത്തനം ആരംഭിക്കുകയും നല്ല നിലയിൽ മുമ്പോട്ട് നീക്കുകയും ചെയ്യുക. ഈ ലഘു ലേഖ കഴിവിന്റെ പരമാവധി പ്രഭാഷണം, സോഷ്യൽ മീഡിയ, മുതലായവ വഴി പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു ഉന്നത പ്രതിഫലം നൽകട്ടെ... 
- വിവർത്തകൻ

സർവ്വലോക പരിപാലകനായ അല്ലാഹു മനുഷ്യർക്ക് നൽകിയ വിധി വിലക്കുകൾ രണ്ട് വിഭാഗമാണ്. 1, ഉടമസ്ഥനായ അല്ലാഹുവിനോടുള്ള കടമകൾ, സത്യവിശ്വാസം, നമസ്കാരം, നോമ്പ്, സകാത്ത്, മുതലായവ ഇതിൽ പെട്ടതാണ്. 2, രണ്ട് ഒരു മനുഷ്യന് മറ്റ് മനുഷ്യരോടുള്ള കടമകൾ ഇതും വളരെ പ്രധാനപ്പെട്ട ബാധ്യതയാണ്. ഇതിൽ വല്ല വീഴ്ച്ചയും സംഭവിച്ചാൽ അത് ശരിയായി നിർവ്വഹിക്കുകയോ ആരുടെ കടമയിലാണ് വീഴ്ച്ച വരുത്തിയത് അവർ മാപ്പാക്കുകയോ ചെയ്യുന്നത് വരെ വെറും പശ്ചാതാപം കൊണ്ട് മാത്രം ഇത് മാപ്പാക്കപ്പെടുന്നതല്ല. എന്നാൽ പടച്ചവനോടുള്ള കടമകൾ പശ്ചാതാപം കൊണ്ട് മാത്രം മാപ്പാക്കപ്പെടുന്നതാണ്. മാത്രമല്ല, ചിലപ്പോൾ പശ്ചാതപിച്ചില്ലെങ്കിലും പരലോകത്ത് പടച്ചവൻ ശിക്ഷ ഒന്നും നൽകാതെ വിശാലമായ ഔദാര്യം കൊണ്ട് മാപ്പാക്കുന്നതുമാണ്.
തീർച്ചയായും അല്ലാഹുവിനോട് പങ്കുചേർക്കുന്നതിനെ അവൻ പൊറുക്കുന്നതല്ല. അല്ലാത്തതിനെ അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുന്നതാണ്. അല്ലാഹുവിനോട് പങ്കുചേർക്കുന്നവൻ ഒരു മഹാപാപമാണ് ചെയ്തിരിക്കുന്നത്. (നിസാഅ് 48) എന്നാൽ മനുഷ്യരോടുള്ള കടമകൾ ഇപ്രകാരമല്ല. റസൂലുല്ലാഹി ﷺ അരുളി: കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും ശഹീദിന് (രക്തസാക്ഷി) പൊറുത്തു കൊടുക്കപ്പെട്ടുന്നതാണ്. (മുസ്ലിം 1886) അതായത് നാം എത്ര വലിയ നന്മ ചെയ്താലും എന്തിനേറെ പടച്ചവന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയാലും നമ്മുടെ മേൽ ആരോടെങ്കിലുമുള്ള കടബാധ്യതയുണ്ടെങ്കിൽ അത് നിർവ്വഹിക്കുന്നത് വരെ പാപമോചനം ലഭിക്കുന്നതല്ല. ഇമാം നവവി (റഹ്) ഈ ഹദീസ് വിവരിച്ച് കൊണ്ടെഴുതുന്നു. മനുഷ്യരോടുള്ള കടമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കടബാധ്യത.

ഒരിക്കൽ റസൂലുല്ലാഹി ﷺ ചോദിച്ചു: പാപ്പരാരാണെന്ന് നിങ്ങൾ അറിയുമോ ? സ്വഹാബത്ത് പറഞ്ഞു: പണവും പണ്ഡവും ഇല്ലാത്തവനാണ്. റസൂലുല്ലാഹി ﷺ അരുളി: എന്റെ സമുദായത്തിലെ പാപ്പർ ഒരുവനാണ്. ഖിയാമത് ദിനം നമസ്കാരവും , നോമ്പും, സകാത്തുമായിട്ട് അവൻ വരും. പക്ഷേ ചിലരെ ചീത്ത വിളിക്കുകയും, മറ്റ് ചിലരെ കുറിച്ച് അപരാധം പറയുകയും, വേറെ ചിലരുടെ സമ്പത്ത് അപഹരിക്കുകയും, രക്തമൊഴുക്കുകയും അടിക്കുകയും ചെയ്തിരിക്കും. അങ്ങനെ അവർക്ക് അവന്റെ നന്മകൾ നൽകപ്പെടുന്നതാണ്. അവന്റെ നന്മകളെല്ലാം തീർന്നിട്ടും കടമകൾ തീർന്നിട്ടില്ലെങ്കിൽ അവരുടെ പാപങ്ങൾ ഇവന്റെ മേൽ ചുമത്തപ്പെടുന്നതും നരകത്തിലേക്ക് എറിയപ്പെടുന്നതുമാണ്. ഈ ഹദീസിൽ റസൂലുല്ലാഹി ﷺ മനുഷ്യരോടുള്ള കടമകൾ എത്ര ഗൗരവത്തിലാണ് വിവരിച്ചിരിക്കുന്നത്ത്. മനുഷ്യരോടുള്ള കടമകളിൽ വീഴച്ച വരുത്തിയാൽ ശക്തമായ പിടുത്തമുണ്ടാകുന്നതിനോടൊപ്പം അവൻ ചെയ്ത് കൂട്ടിയ നന്മകളെല്ലാം നഷ്ടപ്പെടുന്നതുമാണ്. മനുഷ്യരോടുള്ള കടമകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് അവരുടെ നമസ്കാരം, നോമ്പ്, സകാത്ത്, മുതലായ ആരാധനകളുടെ പ്രതിഫലം ലഭിക്കുന്നതല്ല. അവയുടെ പ്രതിഫലങ്ങൾ മർദിതർക്ക് നൽകപ്പെടുന്നതാണ്. കൂടാതെ അവൻ കടമകൾ ചവിട്ടിത്തേച്ച ആളുകൾക്ക് അവന്റെ നന്മകൾ നൽകാൻ കഴിയാതെ നന്മകൾ അവസാനിച്ച് പോയാൽ അവരുടെ തിന്മകൾ ഇവന്റെ മേൽ ചുമത്തപ്പെടുന്നതാണ്. 

ആരോടുള്ള കടമകളാണ് നിർവ്വഹിക്കേണ്ടത്

ആരോടുള്ള കടമകളാണ് നിർബന്ധമെന്ന് ഇപ്പോൾ നമ്മുടെ മനസ്സിൽ ചിന്തയുണ്ടായി കാണും . ഈ വിഷയത്തിൽ ഒരു പൊതു നിയമം മനസ്സിലാക്കുക. ഈ ലോകത്തുള്ള സകല വസ്തുക്കൾക്കും മറ്റുള്ളവയോട് ചില കടമകളുണ്ട്. അല്ലാഹു ഖുർആനിൽ പറയുന്നു: ഭൂമിയിലുള്ള വസ്തുക്കളെയെല്ലാം അല്ലാഹു നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി തന്നിരിക്കുന്നു. (ബഖറ 21) ഓരോ വസ്തുക്കളെയും അല്ലാഹു എന്തൊരു കാര്യത്തിന് വേണ്ടി പടച്ചോ ആ നിലയിൽ ഉപയോഗിക്കേണ്ടതാണെന്ന് ഈ ആയത്ത് മനസ്സിലാക്കി തരുന്നു. ഈ ലോകത്തുള്ള സർവ്വവസ്തുക്കളിലും മനുഷ്യന് പ്രയോജനമുണ്ടെന്നും വ്യക്തമാകുന്നു. ഈ പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന് അതിനോടും ചില കടമകളുണ്ട്. ഈ കടമകൾ നിർവഹിക്കാൻ മനുഷ്യൻ വളരെ ബാധ്യസ്ഥനാണ്. ഇത് നിർവ്വഹിക്കാത്തവരെ കുറിച്ച് അതിരൂക്ഷമായ നിലയിൽ അല്ലാഹു വിമർശനം നടത്തിയിരിക്കുന്നു. മോശപ്പെട്ട ദുർഗുണങ്ങളുള്ള ജനങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു: അവർ അല്ലാഹുവിനോട് കരാർ ഉറപ്പിച്ച ശേഷം അത് പൊളിക്കുകയും, യോജിപ്പിക്കാൻ അല്ലാഹു കല്പിച്ച ബന്ധങ്ങൾ മുറിക്കുകയും, ഭൂമിയിൽ നാശം ഉണ്ടാക്കുകയും ചെയ്യുന്നു. അവർ മഹാ നഷ്ടവാളികളാകുന്നു. (ബഖറ 27) ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) പറയുന്നു: ഈ ആയത്തിലെ ചേർക്കപ്പെടാൻ പറഞ്ഞ ബന്ധങ്ങൾ എന്നതിൽ ഇസ്ലാമികമായ എല്ലാ ബന്ധങ്ങളും പെടുന്നു. അതായത് സൃഷ്ടികൾക്കും സൃഷ്ടാവിനും ഇടയിലുള്ള കടമകളും ബന്ധുക്കൾ, മുസ്ലിംകൾ, മനുഷ്യർ ഇവരാേടെല്ലാമുള്ള കടമകൾ പാലിക്കുകയും ബന്ധം വളർത്തുകയും ചെയ്യേണ്ടതാണ്. കടമകൾ പാലിക്കാതിരിക്കുകയും ബന്ധങ്ങൾ മുറിക്കുകയും ചെയ്യുന്നത് വളരെ വലിയ പാപമാണ്. കൂടാതെ കടമകൾ പാലിക്കാതിരിക്കുന്നത് ലോകത്ത് നാശമുണ്ടാക്കലാണെന്നും അശാന്തിയുടെ അടിസ്ഥാനമാണെന്നും ഈ ആയത്ത് ഉണർത്തുന്നു. 

ചുരുക്കത്തിൽ മുഴുവൻ മനുഷ്യരോടും നല്ല നിലയിൽ വർത്തിച്ച് ബന്ധങ്ങൾ നിലനിർത്തുകയും വളർത്തുകയും ചെയ്യണമെന്ന് ഖുർആൻ പഠിപ്പിക്കുന്നു. ഇത് കൂടാതെ ഖുർആനിലും ഹദീസിലും പ്രധാനപ്പെട്ട ചില ബന്ധുക്കളെ എടുത്ത് പറയുകയും അവരോട് നല്ല നിലയിൽ വർത്തിക്കണമെന്ന് ഉണർത്തുകയും ചെയ്തിരിക്കുന്നു. ഇതര ആരാധനകളെ കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ഒരു ആയത്ത് ശ്രദ്ധിക്കുക; അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ ബന്ധുക്കള്‍ അനാഥകള്‍ അഗതികള്‍ ബന്ധുവോ അന്യനോ ആയ അയല്‍ക്കാരന്‍ സഹവാസികള്‍ സഞ്ചാരികള്‍ സ്വന്തം അധീനതയിലുള്ള അടിമകള്‍ എന്നിവരോടൊക്കെ നല്ലരീതിയില്‍ വര്‍ത്തിക്കുക. സ്വയം വലിയവനായി കരുതുകയും വീമ്പ് പറയുകയും ചെയ്യുന്നവനെ അല്ലാഹുവിന് ഇഷ്ടമല്ല. (നിസാഅ് 27 )

ഈ ആയത്തിന്റെ സാരസമ്പൂർണ്ണത ശ്രദ്ധിക്കുക. അല്ലാഹു മുഴുവൻ മനുഷ്യരോടും കടമകൾ പാലിക്കണമെന്ന് ഇതിൽ ഉണർത്തിയിരിക്കുന്നു. കൂട്ടത്തിൽ അതി സൂക്ഷ്മമായ ശൈലിയിൽ കടമകളുള്ള ജനങ്ങളുടെ ക്രമവും വിവരിച്ചിരിക്കുന്നു. മാതാപിതാക്കളോടുളള കടകൾ കുടുംബത്തോടുള്ള കടമകളെക്കാൾ പ്രാധാന്യമർഹിക്കുന്നു. രണ്ടാം സ്ഥാനം കുടുംബത്തിനും ശേഷം അനാഥർക്കും തുടർന്ന് ക്രമപ്രകാരം അടുത്തവർക്കുമാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കുക ഈ കടമകളുളളവർ സത്യ സരണിയിൽ ആയിരിക്കുമ്പോഴാണ് ഈ കടമകൾ നിർവ്വഹിക്കേണ്ടത്. അവർ അന്യായത്തിലേക്ക് ആയിരിക്കുമ്പോൾ കടമയുണ്ടെന്ന് പറഞ്ഞ് അവരെ സഹായിക്കരുത്. ഉദാഹരണത്തിന് കുടുംബക്കാരും അനാഥകളും തമ്മിൽ വല്ല പ്രശ്നവുമുണ്ടായി. അനാഥകൾ സത്യത്തിലും കുടുംബക്കാർ അസത്യത്തിലും ആയിരുന്നാൽ കുടുംബത്തിനാണ് മുൻഗണനയെന്ന് പറഞ്ഞ് അവരെ സഹായിക്കാനും പാടില്ല. ഇപ്രകാരം സഹായിക്കുന്നത് വർഗീയതയാണ്. വർഗീയതയെ ഇസ്‌ലാമിക ശരീഅത്ത് അങ്ങേയറ്റം നിന്ദിച്ചിരിക്കുന്നു. 

എന്തെല്ലാം കടമകളാണ് നിർബന്ധം.

മനുഷ്യരോട് നിർബന്ധമായി പാലിക്കേണ്ട കടമകൾ എന്തെല്ലാമാണ് എന്നതാണ് അടുത്തതായി നാം മനസ്സിലാക്കേണ്ട കാര്യം. അതിന്റെ ചുരുക്കമിതാണ് എല്ലാവർക്കും കഴിവിന്റെ പരമാവധി ഉപകാരം ചെയ്യുക. ഉപകാരം ഇല്ലാതാവുകയോ ഉപകാരത്തിന് തടസ്സമുണ്ടാക്കുകയോ കുറുവുണ്ടാക്കുകയോ ചെയ്യുന്ന എല്ലാ കാകാര്യങ്ങളിലും നിന്ന് അകന്ന് കഴിയുക. അതായത് മുഴുവൻ മനുഷ്യരുടെയും ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കണമെന്നതാണ് നമ്മോടുള്ള കൽപ്പന. അത് പോലെ പടച്ചവൻ നമ്മുക്ക് നൽകിയിട്ടുള്ള സമ്പത്തും സ്ഥാനവും അറിവും ഇതര അനുഗ്രഹങ്ങളും മറ്റുള്ളവർക്കും വീതിച്ചു കൊടുക്കുക. മാതാപിതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ , ഇതര ആവശ്യക്കാർ എല്ലാവരെയും സഹായിക്കുക. അവരുടെ പ്രയാസ പ്രശ്നങ്ങളിൽ അവലംബമാകുക. ആരുടെയും സമ്പത്ത് അപഹരിക്കരുത്. എല്ലാവരോടും സഹാനഭൂതി പുലർത്തുക. ആവശ്യങ്ങൾ നിർവ്വഹിച്ചു കൊടുക്കുകയും വിശ്രമവും സന്തോഷവും പകരുകയും ചെയ്യുക. ഇസ്ലാം നമ്മളോട് എന്തെല്ലാം കാര്യങ്ങളാണ് കൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹമുണ്ടാകുമ്പോഴാണ് ഈ കാര്യങ്ങൾ കൂടുതലായി മനസ്സിലാകുന്നത്. ഇതിന് ആദരണീയ പണ്ഡിതരുടെയും മഹാത്മാക്കളുടെയും സഹവാസവും ബന്ധവും ഉണ്ടാക്കിയെടുക്കേണ്ടതാണ്. എല്ലാ മുസ്ലിംകളും ഇതിന് വേണ്ടി പരിശ്രമിക്കണമെന്ന് ഉപദേശിക്കുന്നു. 

ഭൂമി അധ്യാധീനപ്പെടുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പ്

സൃഷ്ടികളോടുള്ള കടമകൾ ധാരാളമുണ്ടെന്ന് കഴിഞ്ഞ വാചകങ്ങളിൽ നിന്നും മനസ്സിലായി കാണും. എന്നാൽ ഇത് പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാത്തതിന്റെ പേരിൽ ഇന്ന് ലോകത്ത് ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. എല്ലാവരുടെയും മനസ്സുകളിൽ വല്ലാത്ത ആർത്തി കടന്ന് കൂടിയിരിക്കുന്നു. ആരും മറ്റുള്ളവരുടെ കടമകൾ നിർവ്വഹിക്കുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നതിനും കൈയ്യടക്കുന്നതിനും ആവേശം കാട്ടി കൊണ്ടിരിക്കുന്നു. എന്തിനേറെ മക്കൾ മാതാപിതാക്കളെ അറുകൊല നടത്തുന്ന വാർത്തകൾ പത്രങ്ങളിൽ പതിവായിരിക്കുന്നു. മാതാപിതാക്കളുമായിട്ടുള്ള ബന്ധം വളരെ പവിത്രവും ഐശ്വര്യ പൂർണ്ണവുമാണ്. പക്ഷേ അത് പോലും തകർക്കപ്പെടുന്നത് അങ്ങേയറ്റത്തെ ദുരന്തമാണ്. ഇപ്രകാരം ധാരാളം കടമകളിൽ ഇന്ന് വീഴ്ച്ചകൾ സംഭവിക്കുന്നെങ്കിലും പരസ്പരം കൊലക്കും കൊള്ളക്കും കേസുകൾക്കും കാരണമാകുന്ന ചില പ്രധാനപ്പെട്ട കടമകളും അതിലുള്ള വീഴ്ച്ചകളും മാത്രം അവസാനമായി ഇവിടെ ഉണർത്തുകയാണ്.

മറ്റുള്ളവരുടെ ഭൂമി കൈയ്യടക്കുന്നതും അതിർത്തി തോണ്ടുന്നതും മറ്റുള്ളവരുടെ വെള്ളം അപഹരിക്കുന്നതും അവർക്ക് വെള്ളം തടയുന്നതും ഇന്ന് ഒരു പൊതു സ്വഭാവമായിരിക്കുന്നതാണ്. എന്നാലിത് കഠിന പാപങ്ങളാണ്. പ്രത്യേകിച്ചും മറ്റുള്ളവരുടെ ഭൂമി കൈയ്യേറുന്നതിനെ കുറിച്ച് റസൂലുല്ലാഹി ﷺ കഠിനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും ഭൂമിയിൽ നിന്നും ഒരു ചാണെങ്കിലും അന്യാധീനപ്പെടുത്തിയാൽ ഖിയാമത് നാളിൽ ഏഴ് ഭൂമികളിൽ നിന്നും അത്രയും ഭാഗം വളയമാക്കി അണിയിക്കപ്പെടുന്നതാണ്. (മുസ്ലിം 1610) ഇമാം മുസ്ലിം (റഹ്) ഈ ഹദീസ് ഉദ്ധരിച്ച ശേഷം അങ്ങേയറ്റം ഗുണപാഠം നിറഞ്ഞ സംഭവം കൂടി ഉദ്ധരിക്കുന്നു : സ്വഹാബിവര്യനായ സഈദ് (റ) നെതിരായി അറവി എന്ന സ്ത്രീ ഭൂമിയുടെ വിഷയത്തിൽ ഒരു കേസ് നടത്തി. സഈദ് (റ) ന്റെ പക്കലുള്ള ഭൂമി അവരുടെതാണെന്നും അവർക്കനുകൂലമായി വിധിക്കണമെന്നുമായിരുന്നു അവരുടെ വാദം. സഈദ് (റ) കോടതിയിൽ വെച്ച് പറഞ്ഞു: ഭൂമി അവർക്ക് തന്നെ കൊടുത്തു കൊള്ളുക. പക്ഷേ ഒരു കാര്യമറിയുക, ഭൂമിഅന്യാധീനപ്പെടുത്തുന്നത് മഹാ പാപമാണെന്ന് റസൂലുല്ലാഹി ﷺ അരുളിയിരിക്കേ ഞാൻ ഒരിക്കലും ഇപ്രകാരം ചെയ്യുന്നതല്ല. ശേഷം അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ.. ഇവർ പറയുന്നത് കളവാണെങ്കിൽ ഇവരെ അന്ധയാക്കുകയും ഇവരുടെ ഈ ഭൂമിയിൽ തന്നെയാക്കുകയും ചെയ്യേണമേ. നിവേദകൻ പറയുന്നത് അവർ അന്ധത ബാധിച്ച് ഭിത്തിയിൽ പിടിച്ച് നടക്കുന്നത് ഞാൻ കാണുകയുണ്ടായി. സഈദ് ഇബ്നു സൈദിന്റെ പ്രാർഥന എനിക്ക് ഫലിച്ചു എന്നവർ പറയുന്നുണ്ടായി. അവർ ഒരു ദിവസം ആ ഭൂമിയിലൂടെ നടന്ന് കൊണ്ടിരിക്കുമ്പോൾ അതിലുണ്ടായിരുന്ന കിണറ്റിലവർ വീണ് മരിക്കുകയും അത് തന്നെയവരുടെ ഖബറാവുകയും ചെയ്തു. (മുസ്‌ലിം 1610) ഭൂമി അന്യാധീനപ്പെടുത്തുന്നതിന്റെ ശിക്ഷ ഈ ലോകത്തും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനങ്ങൾക്കിടയിൽ നിന്ദ്യത പേറേണ്ടി വരുമെന്നും കൂടി ഈ ഹദീസ് ഉണർത്തുന്നു. 

പെൺകുട്ടികളുടെ അന്തരാവകാശ നിഷേധം

അധുനിക ലോകത്ത് ഇത്തരം ധാരാളം പ്രശ്നങ്ങളുണ്ട്. ശരീരം മുഴുവൻ മുറിവേറ്റിരിക്കേ ഏതെല്ലാം ഭാഗങ്ങളിലാണ് മരുന്ന് വെക്കേണ്ടതെന്ന് മനസ്സിലാകുനില്ല എന്ന പഴമൊഴി പോലെയാണ് നമ്മളുടെ അവസ്ഥ. അതെ നമ്മുടെ ജീവിതത്തിന്റെ സർവ്വ മേഖലകളും നന്നാക്കാൻ നാം പരിശ്രമിക്കേണ്ടതാണ്. പക്ഷേ ഇന്ത്യയിലെ ഏതാണ്ട് എല്ലാ നാടുകളിലും സംഭവിച്ച് കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഒരു കടമയിലുള്ള വീഴ്ച്ചയെ കുറിച്ച് കൂടി ഉണർത്തുകയാണ്. അതാണ് മരിച്ചവരുടെ അന്തരാവകാശം വീതിക്കുന്നതിലുള്ള വീഴ്ച്ച . ഇന്ന് എല്ലാവരും സംസ്കാര സമ്പന്നരാണെന്ന് സ്വയം വിചാരിക്കുന്നു. ഭൂമിയെ ഇളക്കി മറിക്കുകയും ലോകം മുഴുവൻ കൈ പിടിയിലുള്ളതായി വാദിക്കുകയും ചെയ്യുന്നു. പക്ഷേ ഓരോ കാര്യങ്ങൾ കൈപ്പിടിയിൽ ഓതുക്കുന്തോറും മനുഷ്യൻ അജ്ഞതയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ജാഹിലീ യുഗത്തിലെ അക്രമപരമായ അവസ്ഥകളിലേക്ക് ജനങ്ങൾ അടുത്ത് കൊണ്ടിരിക്കുന്നു. അനാഥർ, വിധവകൾ, സ്ത്രീകൾ , ഇവരുടെ അവകാശങ്ങൾ ധ്വംസിച്ചുന്നത് സാധാരണ കാര്യമായി മാറി. പ്രത്യേകിച്ചും ആരെങ്കിലും മരണപ്പെട്ടാൽ അനന്തരസ്വത്തിന്റെ കാര്യം വളരെ വേദനാജനകമാണ്. കൈയ്യൂക്കുള്ളവൻ കാര്യക്കാരനെന്ന് പറയുന്നത് പോലെ കൈയ്യൂക്കുള്ളവർ ഇതര അനന്തരാവകാശികളെ അവരുടെ ഓഹരിയിൽ നിന്നും തടയുന്നു. അനന്തരാവകാശികൾ മയ്യിത്തിന്റെ സ്വന്തം സഹോദരനാണെങ്കിൽ പോലും തടയപ്പെടുന്നു. അനന്തര സ്വത്തിൽ നിന്നും കൈയ്യിൽ കിട്ടുന്നതുമെടുത്ത് ഓരോരുത്തരും മാറുന്നു. ഇതിൽ മറ്റുള്ളവരുടെയും കൂടി അവകാശമുണ്ടെന്ന് ചിന്തിക്കുന്നത് പോലുമില്ല. പ്രത്യേകിച്ചും മാതാപിതാക്കളുടെ അനന്തര സ്വത്തിൽ നിന്നും പെൺകുട്ടികളെ നിഷ്കരുണം തഴയുന്നു. സ്ത്രീകളുടെ പ്രധാന അഭയ കേന്ദ്രവും അവരുടെ അവകാശങ്ങളെ ശക്തിയുക്തം സ്ഥാപിച്ച വ്യക്തിത്വവും സ്ത്രീകളുടെ മേൽ നടന്നിരുന്ന ജാഹിലീ അക്രമങ്ങളെ തുടച്ചു നീക്കിയ മഹാനുമായ റസൂലുല്ലാഹി ﷺ സ്ത്രീകൾക്ക് അന്തരാവകാശത്തിൽ ഓഹരിയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല പരിശുദ്ധ ഖുർആനും മാതാവ്, സഹോദരി, പിതാമഹി, മകൾ, ഇണ, എന്നീ നിലയിൽ അന്തരാവകാശത്തിന്റെ വിശദ നിയമങ്ങൾ വിവരിച്ചിരിക്കുന്നു. ഖാളി സനാഉല്ലാഹ് കുറിക്കുന്നു: "മാതാപിതാക്കളും ഏറ്റമടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിഹിതമുണ്ട്; കുറച്ചാകട്ടെ കൂടിയതാകട്ടെ നിശ്ചിത ഓഹരിയാണത്" (നിസാഅ് 7) എന്ന ആയത്താണ് ആദ്യം അവതരിച്ചത്. ഇതിനിടയിൽ ഒരു സംഭവമുണ്ടായി. ഉഹ്ദ് യുദ്ധത്തിൽ പ്രസിദ്ധ സ്വഹാബി സഈദ് ഇബ്നു സൈദ് (റ) ശഹാദത്ത് വരിച്ചു. അദ്ദേഹത്തിന്റെ സഹോദരങ്ങൾ അന്നത്തെ പതിവനുസരിച്ച് സമ്പത്ത് മുഴുവനും കൈയ്യടക്കി. അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് പെൺമക്കൾക്കും ഒന്നും നൽകിയില്ല. അവർ റസൂലുല്ലാഹി ﷺയോട് പരാതി പറഞ്ഞു. തദവസരം അല്ലാഹു സ്ത്രീകളുടെ ഓഹരികൾ വിവരിച്ച് കൊണ്ട് നിസാഅ് 11 , 12 ആയത്തുകൾ അവതരിപ്പിച്ചു. അനന്തരാവകാശത്തിൽ സ്ത്രീകൾക്ക് ന്യായമായ ഓഹരിയുണ്ടെന്ന് വിശദീകരിച്ചു കൊടുത്തു. (തഫ്സീർ മസ്ഹരി) എന്നാലിന്ന് സഹോദരൻ സഹോദരിമാർക്ക് അവകാശപ്പെട്ടത് നൽകാൻ സന്നദ്ധനല്ല. സ്ത്രീകൾ അന്തരാവകാശം ചോദിക്കുന്നത് പോലും വലിയ പാതകമായി പലരും കാണുന്നു. ഇതിന്റെ പേരിൽ ജീവിത കാലം മുഴുവൻ സ്വന്തം പെങ്ങളോട് ബന്ധം മുറിച്ച് കഴിയുന്ന കഠിന മനസ്സുകളുമുണ്ട്. സ്ത്രീകൾക്ക് സ്ത്രീധനമായി എല്ലാം കൊടുത്തു കഴിഞ്ഞവെന്നതാണ് പലരും പറഞ്ഞു വരുന്നൊരു ന്യായം. ശരിക്കും മനസ്സിലാക്കുക, ജീവിത കാലത്ത് നൽകുന്ന ഒന്നും അന്തരാവകാശമല്ല. അന്തരാവകാശമെന്നാൽ മരണപ്പെട്ട വ്യക്തി ഉപേക്ഷിച്ച സമ്പത്തിന്റെ ഓഹരിയാണ്. മരണത്തിന് മുമ്പ് കൊടുത്ത ഒന്നു കൊണ്ടും അനന്തരാവകാശം ഇല്ലാതാവുന്നതല്ല. പടച്ചവന്റെ ദാസന്മാരോടുളള കടമകൾ മനസ്സിലാക്കാനും പാലിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!