സ്വലാത്ത്.


♻️ സ്വലാത്ത് ♻️

✍️മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി رحمة اللّه عليه

വിവ: - ഉസ്താദ് അബ്ദുശ്ശകൂർ അൽഖാസിമി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നമ്മൾ നബി ﷺ ക്ക് വേണ്ടി ചൊല്ലുന്ന സ്വലാത്ത് യഥാർത്ഥത്തിൽ ദുആയിൽ പെട്ടതുതന്നെയാണ്. അല്ലാഹുവിന് ശേഷം നമ്മുടെ ഏറ്റവും കൂടുതൽ ഉപകാരം ചെയ്തിട്ടുള്ളത് നബി ﷺ തങ്ങൾ തന്നെയാണെന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. കടുകടുത്ത യാതന-വേദനകൾ സഹിച്ചും അല്ലാഹുവിന്റെ വിധിവിലക്കുകൾ നമുക്ക് എത്തിച്ചു തന്നെ തിരുമേനി ﷺ ഈ യാതനകൾ സഹിച്ചിരുന്നില്ലെങ്കിൽ ദീനിന്റെ പ്രകാശ രശ്മികൾ എത്താതെ നാമെല്ലാം അവിശ്വാസത്തിന്റെ ഇരുട്ടിലാണ്ട് പോവുകയും മരണാനന്തരം എന്നെന്നും നരകവാസം അനുഭവിക്കേണ്ടതായും വരുമായിരുന്നു.

ചുരുക്കത്തിൽ ഈ ലോകത്തിലെ അത്യുന്നത അനുഗ്രഹമായ ദീനിന്റെയും ഈമാനിന്റെയും സമ്പത്ത് നബി ﷺ മുഖേനയാണ് നമുക്ക് ലഭിച്ചത്, അതുകൊണ്ട് അല്ലാഹുവിന് ശേഷം നബി ﷺ തന്നെയാണ് ഏറ്റവും വലിയ ഉപകാരി. നമുക്കൊരിക്കലും തങ്ങളുടെ പ്രസ്തുത ഉപകാരത്തിന് തതുല്യമായ പരോപകാരം ചെയ്യുക സാധ്യമല്ല. തങ്ങൾക്കായി കഴിവിന്റെ പരാമവധി അല്ലാഹുവിനോട് ദുആ ചെയ്യാനും അതിലുടെയെങ്കിലും തങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്താനും മാത്രമേ നമുക്ക് കഴിയൂ...

അല്ലാഹു അവന്റെ പ്രത്യേക അനുഗ്രഹ-ഐശ്വര്യങ്ങൾ റസൂലുല്ലാഹി ﷺ യുടെമേൽ വർഷിപ്പിക്കുകയും അവിടുത്തെ സ്വർഗ്ഗീയ പദവി ഉത്തരോത്തരം ഉയർത്തുകയും ചെയ്യട്ടെ എന്ന അർത്ഥം വരുന്ന ദുആകൾക്കാണ് സ്വലാത്ത് എന്നുപറയുന്നത്.

വിശുദ്ധ ഖുർആൻ വ്യക്തവും അത്ഭുതാവഹവുമായ ശൈലിയിൽ നമ്മാേട് കൽപ്പിക്കുന്നു. അല്ലാഹുവും അവന്റെ മലക്കുകളും നബി ﷺ യുടെ അനുഗ്രഹമാശംസിക്കുന്നു. സത്യവിശ്വാസികളെ, നിങ്ങളും തങ്ങളുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക" (അഹ്സാബ്: 56)

അല്ലാഹു തന്നെ തന്റെ ദൂതരെ ബഹുമാനിക്കുന്നുവെന്നും അവൻ അനുഗഹ-കാരുണ്യങ്ങൾ ചൊരിയുന്നുവെന്നും ഒന്നാമതായി ഈ ആയത്ത് വ്യക്തമാക്കുന്നു. രണ്ടാമതായി, അല്ലാഹുവിന്റെ മലക്കുളും തങ്ങളെ ആദരിക്കുന്നുവെന്നും തങ്ങളുടേത്. അനുഗ്രഹമാരിയുണ്ടാകാൻ താലാഹുവിനോട് ഇരക്കുന്നുവെന്നും പഠിപ്പിക്കുന്നു. മൂന്നാമതായി, തങ്ങളുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹ - കാരുണ്യങ്ങൾ വർഷിക്കാൻ വിശ്വാസികളായ നമ്മോടും നിർദ്ദേശിച്ചിരിക്കുന്നു. അഥവാ, നമ്മോട് കല്പിക്കുന്നതിന് മുമ്പ് തന്നെ പ്രസ്തുത കാര്യം അല്ലാഹുവിന് പ്രത്യകം ഇഷ്ടമാണെന്നും മലക്കുകളുടെ പ്രത്യേക ജോലിയാണിതെന്നും വ്യക്തമാക്കുന്നതിലൂടെ, ഇതിനെ ഏത് മുസ്ലിമാണുള്ളതെന്ന് സമർത്ഥിക്കുകയാണ് ഈ വിശുദ്ധ വചനം. 

സ്വലാത്തിന്റെ മഹിമ വരച്ചു കാട്ടുന്ന ധാരാളം ഹദീസുകളുണ്ടെങ്കിലും അതിൽ ചില ഹദീസുകൾ മാത്രം ഇവിടെ ഉദ്ധരിക്കുന്നു.

സുപ്രസിദ്ധമായ ഒരു ഹദീസിൽ വന്നിരിക്കുന്നു. “ആരെങ്കിലും എന്റെ മേൽ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് അനുഗ്രഹങ്ങൾ ചൊരിയുന്നതാണ്'. മറ്റൊരു റിപ്പോർട്ട് . പകാരം ഇതോടൊപ്പം ഇങ്ങനെയും വന്നിട്ടുണ്ട്. “അവന്റെ പത്ത് പാപങ്ങൾ പൊറുത്തു കൊടുക്കുന്നതും അവന്റെ പത്ത് സ്വർഗ്ഗീയ പദവികൾ ഉയർത്തപ്പെടുന്നതുമാണ്".

മറ്റൊരു ഹദീസിൽ വന്നിരിക്കുന്നു. “അല്ലാഹുവിന്റെ കുറെ മലക്കുകളുടെ പ്രത്യേക ജോലി, ഭൂമിയിൽ ചുറ്റിക്കറങ്ങി എന്റെ മേൽ സമുദായം ചൊല്ലുന്ന സ്വലാത്തു-സലാമുകൾ എന്നിലേക്ക് എത്തിച്ചുതരലാണ്.

സുബ്ഹാനല്ലാഹ്! എത്ര വലിയ അനുഗ്രഹമാണ് നമ്മുടെ സ്വലാത്തും സലാമും മലക്കുകൾ മുഖേന തിരുമേനി ﷺ യിലേക്ക് എത്തുന്നതിലൂടെ നമ്മെ അവിടെ അനുസ്മരിക്കപ്പെടുന്നു. അല്ലാഹുവിന്റെ എത്രയോ അനുഗ്രഹങ്ങളാണ് നാം കയ്യൊഴിഞ്ഞു കളഞ്ഞത്. 

ഒരു ഹദീസിൽ വന്നിരിക്കുന്നു. “ഖിയാമത്ത് നാളിൽ എന്നോട് ഏറ്റവും അടുത്തവർ എന്റെമേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവരാണ്" 

വേറൊരു ഹദീസിൽ വന്നിരിക്കുന്നു. “എന്റെ പേര് അനുസ്മരിക്കപ്പെട്ടിട്ടും സ്വലാത്ത് ചൊല്ലാതിരിക്കുന്നവനേക്കാൾ മഹാ ലുബ്ധൻ മറ്റാരാണുള്ളത്?"

മറ്റൊരു ഹദീസിൽ വന്നിരിക്കുന്നു: "എന്റെ പേര് അനുസ്മരിക്കപ്പെട്ടിട്ടും സ്വലാത്ത് ചൊല്ലാതിരിക്കുന്നവൻ നിന്ദ്യനാകട്ടെ!"

ചുരുക്കത്തിൽ നബി ﷺ യുടെ മേൽ സലാമും സ്വലാത്തും ചൊരിയൽ നമ്മുടെ കടമയും അത്യുന്നത സൗഭാഗ്യവും ഇഹപര ലോകങ്ങളിൽ കണക്കറ്റ അനുഗ്രഹങ്ങൾക്ക് കാരണവുമാണ്.

 اللّهم صلّ علٰى محمّد النبي الامّيّ وازواجه أمّهات المؤمنين وذرّيته وأهل بيته كما صلّيت على آل ابراهيم انك حميد مجيد

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കടപ്പാട് :- ഇസ്‌ലാം എന്നാൽ എന്ത്?
പ്രസിദ്ധീകരണം: സയ്യിദ് ഹസനി അക്കാഡമി
Phone: +91 77 36 723639

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!