ശൈഖുത്തഫ്സീർ വൽ ഹദീസ് മൗലാനാ മുഫ്തി സർവലിയ്യ് ഖാൻ സാഹിബ്
പ്രിയങ്കരനായ മൗലാനാ മുഫ്തി സർവലിയ്യ് ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക്....
✍️ മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
http://ulama-e-ahlussunathdeoband.blogspot.com/2020/12/blog-post.
കാരുണ്യവാനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തെ തുടർന്ന് വിജ്ഞാനത്തിന്റെ വീഥിയിൽ അതി സമുന്നതമായ നായകത്വം വഹിച്ചിരുന്ന മൗലാനാ ശൈഖുത്തഫ്സീർ വൽ ഹദീസ് മുഫ്തി സർവലിയ്യ് ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണൃത്തിലേക്ക് യാത്രയായി.
കോവിഡ് 19 എന്ന പരീക്ഷണത്തിനിടയിൽ സംഭവിച്ച വലിയ നഷ്ടമാണ് ധാരാളം മഹത്തുക്കളായ പണ്ഡിതന്മാരുടെ വിയോഗം. അനുഗ്രഹീത റമളാൻ മാസത്തിൽ കടുത്ത ദുഃഖങ്ങൾക്കിടയിൽ പ്രിയങ്കരനായ ഉസ്താദ് അല്ലാമാ സഈദ് അഹ്‌മദ് പാലൻപൂരി رحمة اللّه عليه തറാവീഹ് നമസ്കാരത്തിന് ശേഷം നടത്തിയിരുന്ന തഫ്സീറിന്റെ ദറസും ചോദ്യോത്തരങ്ങളും വലിയൊരു ആശ്വാസവും സമാധാനവുമായിരുന്നു. എന്നാൽ റമളാനിന്റെ അവസാനത്തിൽ മഹാനവർകൾ വിട്ട് പിരിഞ്ഞപ്പോഴാണ് ഇത് വിളക്കിന്റെ തിരിയുടെ അവസാനത്തെ ആളിക്കത്തലാണെന്ന് മനസ്സിലായത്. മൗലാനാ മർഹൂമിന്റെ വിയോഗത്തെ തുടർന്ന് വല്ലാതെ ദുഃഖത്തിലായ വിജ്ഞാന സ്നേഹികൾക്ക് വലിയൊരു ആശ്വാസമായിരുന്നു മൗലാനാ സർവലിയ്യ് ഖാൻ സാഹിബിന്റെ ദർസുകൾ. മൗലാനാ അവർകളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ചോദ്യോത്തരങ്ങൾ വളരെയധികം പ്രയോജനപ്പെടുകയും ചെയ്തിരുന്നു. പെട്ടെന്ന് റമളാൻ മാസത്തിൽ മൗലാനാ തഫ്സീറിന്റെ ദൗറ ആരംഭിക്കുന്നതായി അറിഞ്ഞു. ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ നടത്തപ്പെട്ടിരുന്ന ആ തഫ്സീർ ദറസ് വളരെ മനോഹരമായിരുന്നു. മൗലാനാ ആയത്തുകളുടെ ലളിതമായ പരായണവും ലളിതമായ ആശയവും വെച്ച് മുമ്പോട്ട് നീങ്ങും. ഇടയ്ക്കിടയ്ക്ക് വിശദീകരങ്ങൾ നൽകും. ഈ വിശദീകരണം ഖുർആൻ ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, രാഷ്ട്രീം, സാമൂഹികം, സംസ്കാരികം, ആകാശം, ഭൂമി, ഇഹലോകം, പരലോകം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് കടന്ന് പോവുമായിരുന്നു. മഹാന്മാരുടെ വചനങ്ങൾ ഗ്രന്ഥത്തിന്റെ നാമവും പേജും സഹിതം ഉദ്ധരിക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിരിപ്പിക്കുകയും പലപ്പോഴും കരയിപ്പിക്കുകയും ചെയ്യുന്ന ദറസായിരുന്നു. റമളാൻ അവസാനത്തോടെ തീരുമെന്ന് വിചാരിച്ചു, പക്ഷേ ദറസ് നീണ്ടു പോയി. മുഹർറം മാസത്തിലാണ് അത് അവസാനിക്കുന്നത്. ഇതിനിടയിൽ അവസാനത്തെ തറാവീഹ് നമസ്കാരവും ഖത്‌മുൽ ഖുർആൻ ദുആയുമെല്ലാം വളരെ വൈകാരികമായിരുന്നു.
തുടർന്ന് മൗലാനാ മദ്റസയിൽ മുതഅല്ലിമീങ്ങളെ ഇരുത്തി ബുഖാരി ശരീഫിന്റെ ദറസ് ആരംഭിച്ചു. അതിവേഗതയിലുള്ള വായന എന്നാൽ ഇടയ്ക്കിടയ്ക്ക് പ്രധാനപ്പെട്ട വിശദീകരണങ്ങൾ. വെളളിയാഴ്ച സുബഹി നമസ്കാരത്തിൽ സൂറത്തു സജദയും ദഹ്‌റും ഓതേണ്ടതിന്റെ ആവശ്യകത, വേഷവിധാനങ്ങൾ ഇസ്‌ലാമികമാക്കുന്നതിന്റെ ഗൗരവം, പണ്ഡിതന്മാരുടെ മഹത്വം, ഇൽമിന്റെ ഔന്നിത്യം അതിന്റെ ബാധ്യത, എന്നിങ്ങനെ വിവിധ വിഷയങ്ങൾ വിവരിച്ചിരുന്നു. അവസാനമായി കേൾക്കുന്ന ദറസിന്റെ വാചകം; നമസ്കാരത്തിൽ ഒരു മഹാൻ തലപ്പാവ് ശരിയാക്കിയെന്ന വാചകത്തെ വിശദികരിച്ചു കൊണ്ട് പറഞ്ഞു: " ഈ ശരിയാക്കൽ നമ്മളിൽ പലരും കാണിക്കുന്നത് പോലെ കൈയ്യും കാലും അനക്കിയും തലയും ശരീരവും കുലുക്കിയുമല്ല. താഴെ വീണ് പോയത് സുജൂദിന്റെ സമയത്ത് ചെറിയ നിലയിൽ എടുത്ത് വെക്കലാണ് എന്ന് രൂപം കാണിച്ച് കൊണ്ട് മഹാനവർകൾ പറയുകയുണ്ടായി.
മൗലാനാ അവർകളുടെ വലിയൊരു പ്രത്യേകത ഇന്ന് മദ്രസകളിൽ കാണപ്പെടുന്ന അവസ്ഥകൾക്ക് വിപരീതമായി ജമാഅത്ത് നമസ്കാരത്തിലുള്ള ശ്രദ്ധയും ഇമാമത്തിലുള്ള താൽപര്യവുമാണ്. ഒരു ദർസിൽ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പറഞ്ഞു: "നാളുകൾക്ക് ശേഷം എനിക്ക് സൂറത്തു സജദയും ദഹ്റും ഓതി ഇമാമത്ത് നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകി" ശേഷം ആവേശത്താേടെ ദുആ ചെയ്തു.
പാഠത്തിനിടയിൽ വിദ്യാർത്ഥികളോടും ശ്രോദ്ധാക്കളോടും വലിയ കരുണ പുലർത്തിയിരുന്നു, ഒന്നിലേറെ പ്രാവശ്യം പല ദിക്റ്, ദുആകളുടെയും ഇജാസത്ത് നൽകുകയുണ്ടായി. എന്നിട്ട് പറഞ്ഞു ഈ ദറസ് കേൾക്കുന്ന ഇവിടെ ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം ഇജാസത് ആണെന്ന്.
തബ്‌ലീഗ് പ്രവർത്തനത്തിനോട് വലിയ സ്നേഹവും അതിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിത്വമായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ഉലമാക്കളിൽ നിന്നും വരുന്ന വീഴ്ചകളെ സ്നേഹത്തോടെ തിരുത്തുകയും ചെയ്തിരുന്നു. ഗ്രാമീണനായിരുന്ന മൗലാനാ ഗ്രാമീണ സ്വഭാവത്തിലും ശൈലിയിലുമാണ് ജീവിച്ചിരുന്നത്. തബ്‌ലീഗിന്റെ മർകസിൽ വെറും ഗ്രാമീണ പോലെ മുട്ട് കെട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ട്. മൗലാനായുടെ നടത്തവും അവസ്ഥയും കണ്ടാൽ തീർത്തും അവശത അനുഭവപ്പെട്ടിരുന്നുവെങ്കിലും, പരിശുദ്ധ ഹറമുകളിൽ വെച്ചും പാഠത്തിന്റെ സമയത്തും അതീവ സൗന്ദര്യവും ഉന്മേഷവും ആവേശവും അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടത്തുന്ന ചോദ്യോത്തരവേളയിൽ മൗലാനാ വലിയ ക്ഷീണിതനായിരിക്കും, എന്നാൽ ദറസിൽ വന്നിരുന്നാൽ അതീവ സൗന്ദര്യവും ആവേശവും കാണപ്പെട്ടിരുന്നു. ലോകത്തുള്ള എല്ലാ നന്മകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയും തിന്മകളെ എതിർക്കുകയും ചെയ്തിരുന്ന മൗലാനാ അവർകളുടെ ആദ്യവും അവസാനവും പ്രിയപ്പെട്ട മദ്രസയായിരുന്നു ജാമിഅ അഹ്സനുൽ ഉലൂം ആയിരുന്നു.മദ്രസയെ വിരിപ്പും പുതപ്പുമാക്കിയ അല്ലാഹുവിന്റെ അടിമ വലിയൊരു മാതൃക തന്നെയാണ്. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. ഓരോ വിഷയങ്ങളെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ മൗലാനാ മദ്രസയുടെ ആളായിരുന്നു.അതിൽ തന്നെ ജീവിച്ചു അതിലായിട്ട് തന്നെ അല്ലാഹുവിലേക്ക് യാത്രയായി. ഉച്ചക്ക് രണ്ടു മണിക്കൂർ ഉള്ള ബുഖാരി ശരീഫിന്റെ ദറസ് പൂർണ്ണമായി എടുക്കാനുള്ള ആവേശത്തിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അല്ലാഹുവിന്റെ തീരുമാനം മഹാനവർകൾ അല്ലാഹുവിലേക്ക് യാത്രയായി....
എല്ലാവരും മഹാനവർകൾക്ക് വേണ്ടി ദുആ ചെയ്യുക. അല്ലാഹു പരിപൂർണ മഗ്ഫിറത്ത് മർഹമത്ത് നൽകട്ടെ... അല്ലാഹു അദ്ദേഹം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ആദരവായ റസൂലുള്ളാഹി ﷺ, സഹാബത്ത്, ഔലിയാഅ് എല്ലാ മഹത്തുക്കളോടൊപ്പം സമുന്നതമായ സ്വർഗത്തിൽ അല്ലാഹു അദ്ദേഹത്തെ ഒരുമിച്ചു കൂട്ടട്ടെ...
മഹാന്മാരുടെ ജീവിതം അനുഗ്രഹമായത് പോലെ അവരുടെ മരണം അവർക്കും നമുക്കും അനുഗ്രഹമാക്കി മാറ്റാനുള്ള വഴി അവരെപ്പറ്റി കൂടുതൽ പഠിക്കലും പകർത്തലും പ്രചരിപ്പിക്കലുമാണ്... മഹാന്മാരുടെ പ്രവർത്തനം അവരുടെ മരണത്തോടുകൂടി നിലയ്ക്കണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല മറിച്ച് അവരുടെ ഏറ്റവും വലിയ സന്ദേശം ഞങ്ങൾ ഞങ്ങൾ പറഞ്ഞിരുന്ന പഠിപ്പിച്ചിരുന്ന പ്രവർത്തിച്ചിരുന്ന സൽകാര്യങ്ങൾ പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുക... മറ്റൊരു വാക്കിൽ പറഞ്ഞാൽ ത്യാഗത്തിന്റെ പർവ്വതങ്ങൾ താണ്ടി ആ മഹാന്മാർ വഴി എളുപ്പമാക്കി തന്നു. ആ വഴിയിലൂടെ കഴിവിന്റെ പരമാവധി ഇഹ്സാൻ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുകയെന്നതാണ് പിൻഗാമികളുടെ ബാധ്യത, ഇതിലൂടെ പിൻഗാമികൾ മുൻഗാമികളിലേക്ക് ചേരുന്നതാണ്...അല്ലാഹു നമുക്ക് എല്ലാവർക്കും അതിന് തൗഫീഖ് നൽകട്ടെ... ആമീൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ