പ്രവാചക നിന്ദയിൽ കരൾ കത്തുന്നു,മനസ്സ് വേദനിക്കുന്നു

പ്രവാചക നിന്ദയിൽ കരൾ കത്തുന്നു, വേദന വേദനിക്കുന്നു

✍️അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

അല്ലാമ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഇടയ്ക്കിടെ ലോകത്ത് നടക്കുന്ന പ്രവാചക നിന്ദയിൽ ഹൃദയത്തിന്റെ കണ്ണുകളിൽ നിന്നും ചോര ഒഴുകുന്നു. തൂലികയുടെ കരൾ കീറിപ്പിളരുന്നു. ഇത് എങ്ങനെ നടക്കാതിരിക്കും. പടച്ചവന്റെ ദൂതനെ നിന്ദിക്കുന്നത് അതികഠിനമായ പാതകമാണ്. പർവ്വതം തകർന്നാലും ആകാശം പിളർന്നാലും അതിന്റെ ഗൗരവം അവസാനിക്കുന്നതല്ല. പടച്ചവന്റെ ദൂതൻ പടച്ചവന്റെ പ്രതിനിധിയാണ്. ദൂതനെ നിന്ദിക്കുന്നത് പടച്ചവനെ നിന്ദിക്കലാണ്. ഇത്തരം നിന്ദ്യവും നീചവുമായ ഒരു മാർഗ്ഗത്തിലൂടെയാണ് ഇപ്പോൾ ഫ്രാൻസ് ഭരണകൂടവും പ്രവാചക നിന്ദകരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ഭാഗ്യഹീനരായ ചിലർ അനുഗ്രഹീതമായ പ്രവാചക വ്യക്തിത്വത്തെ നിന്ദിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ചു. തുടർന്ന് അതിനെതിരിൽ പ്രതിഷേധം ഉയർന്നപ്പോൾ നികൃഷ്ടനായ ഒരു അദ്ധ്യാപകൻ ഈ കാർട്ടൂൺ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് മുസ്ലിം വികാരത്തെ ഇളക്കിവിട്ടു. നീചമായ ഈ പ്രവർത്തനത്തിന്റെ തിരിച്ചടിയെന്നോണം അയാൾ കൊല്ലപ്പെട്ടപ്പോൾ ഫ്രഞ്ച് ഭരണകൂടം ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യവും മതേതരത്വവുമായി പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ടയാളുടെ അന്തിമ ചടങ്ങുകളിൽ പങ്കെടുക്കുകയും അയാളെ ഹീറോ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

വ്യക്തി ജീവിതത്തിൽ വിശുദ്ധിയുടെ അംശങ്ങൾ മുഴുവനും വലിച്ചെറിഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് പണ്ട് മുതൽക്കേ ഒരു ഹീറോയാണ്. ഇപ്പോൾ പ്രവാചകനെ നിന്ദിച്ച നിന്ദ്യനും ഹീറോ ആയി വാഴ്ത്തപ്പെടുന്നു. തുർക്കി പ്രസിഡന്റ് ഫ്രാൻസിന്റെ തീർത്തും അപക്വമായ ഈ പ്രവർത്തനത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റിന് മാനസിക ചികിത്സ അത്യാവശ്യമാണെന്ന് ആത്മാർത്ഥത യോടെ ഉപദേശിച്ചപ്പോൾ അയാൾക്കത് തന്നെ നിന്ദിക്കലായി അനുഭവപ്പെട്ടു. എന്നാൽ അയാളുടെ മര്യാദകെട്ട് പെരുമാറ്റത്തിലൂടെ ലോകത്തുള്ള കോടാനുകോടി ജനങ്ങളുടെ മനസ്സുകൾക്ക് മുറിവേറ്റതിൽ അയാൾക്ക് യാതൊരു പ്രശ്നവുമില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ പാശ്ചാത്യലോകം പടച്ചുണ്ടാക്കിയ അളവ് കോലിന്റെ കാര്യം ആശ്ചര്യകരമാണ്. ആരെങ്കിലും യഹൂദികളുടെ ഹോളോകാസ്റ്റിനെ നിഷേധിക്കുകയോ അതിനെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്താൽ അത് വലിയ പാപമാണ്. ഇത്തരം കാര്യങ്ങൾക്ക് അഭിപ്രായ സ്വാതന്ത്യവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ആരെങ്കിലും ആദരവായ റസൂലുല്ലാഹി ﷺ യുടെ വ്യക്തിത്വത്തെ നിന്ദിക്കുകയും കോടിക്കണക്കിന് ജനങ്ങളുടെ മനസ്സുകൾ കീറിമുറിക്കുകയും ചെയ്താൽ അത് അയാളുടെ അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണ്. യഥാർത്ഥത്തിൽ ഇതിന് അഭിപ്രായ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ല. ഇത് ഇസ്ലാമിനോടുള്ള കടുത്ത ശത്രുത മാത്രമാണ്. ഇസ്ലാമിന്റെ അടിസ്ഥാനം മുഹമ്മദ് നബിയുടെ അനുഗ്രഹീത ജീവിതമാണ്. കുരിശ് യുദ്ധത്തിന്റെ നാളുകൾ മുതൽ ഇന്നുവരെ പശ്ചാത്യ ലോകം പ്രവാചക വ്യക്തിത്വത്തെ നിന്ദിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യം, ഓറിയന്റിലിസ്റ്റുകൾ പ്രവാചക വ്യക്തിത്വത്തെ വളരെ മോശമായി ചിത്രീകരിച്ചു. പ്രവാചകൻ വിഗ്രഹാരാധകനും മനോച്ഛയുടെ പൂജകനുമാണെന്നും സ്ഥാപിക്കാൻ പരിശ്രമിച്ചു. പ്രവാചക മഹത് ചരിത്രത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചു. ജനങ്ങളെ വഴികെടുത്താൻ അവർ എഴുതിക്കൂട്ടിയ പുസ്തകങ്ങളു ടെ പേരുകൾ എഴുതിയാൽ തന്നെ ഒരു വലിയ പുസ്തകം തയ്യാറാകുന്നതാണ്. പിന്നീട് മുസ്ലിംകളുടെ വികാരത്തിന് മുറിവേൽപ്പിക്കുന്നതിനും വിശ്വാസം ഇല്ലാതാക്കുന്നതിനും സമുദായത്തിനിടയിൽ നിന്നും തന്നെ സൽമാൻ റുഷ്ദിയെപ്പോലുള്ള മതഭ്രഷ്ടനും മ്ലേച്ഛ ഭാഷ്യനുമായ ആളുകളെ രംഗത്തിറക്കി. കൂട്ടത്തിൽ മുസ്ലിംകളെ കുത്തിനോവിച്ച് ഇളക്കിവിടാൻ പല പദ്ധതികളും നടപ്പിലാക്കി. യഥാർത്ഥത്തിൽ ഇത് അവർക്ക് ഈശ്വര വിശ്വാസമോ ദൈവ ഭയമോ ഇല്ലന്നതിനുള്ള വ്യക്തമായ തെളിവായിരുന്നു. സുഖഭോഗങ്ങളെ ജീവിത ലക്ഷ്യമായി കാണുന്ന അവരുടെ പൈശാചിക മനസ്സുകളെയും ഇത് തുറന്നുകാട്ടി.

യഥാർത്ഥത്തിൽ അവർ അന്ത്യ പ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ യോടുള്ള സ്നേഹാദരവുകൾ മുസ്ലിം മനസ്സുകളിൽ നിന്നും പറിച്ചുമാറ്റാൻ അവർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. പടച്ചവൻ മുസ്ലിം സമുദായത്തിന്റെ മനസ്സിൽ മുഴുവൻ നബിമാരോടും വിശിഷ്യാ അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ യോട് അഗാതമായ സ്നേഹാദരവുകൾ നിക്ഷേപിച്ചിട്ടുണ്ട്. ഈ വഴിയിൽ തല അറുക്കപ്പെടുന്നതും അവസാന തുള്ളി രക്തം ഒഴുക്കപ്പെടുന്നതും ജീവൻ സമർപ്പിക്കുന്നതും അവർക്ക് എളുപ്പമാണെന്ന് മാത്രമല്ല, ഇതിനെ അവർ സൗഭാഗ്യമായിട്ടാണ് കാണുന്നത്. ലോകം മുഴുവൻ നഷ്ടപ്പെട്ടാലും പ്രവാചകബന്ധവും സ്നേഹവും കൈയ്യൊഴിയാൻ മുസ്ലിംകൾ തയ്യാറാല്ല. എത്ര നാണക്കേടും നിന്ദയും സഹിച്ചാലും പുണ്യറസൂലിന്റെ വിഷയത്തിൽ ചെറിയ അനാദരവ് പോലും അവർക്ക് അസഹനീയമാണ്. മുസ്ലിംകളുടെ വീടുകൾ കത്തിക്കപ്പെട്ടാലും അവരുടെ മനസ്സുകളിൽ പ്രകാശിച്ച് നിൽക്കുന്ന പ്രവാചക സ്നേഹത്തെ ആർക്കും അണയ്ക്കാൻ സാധിക്കുന്നതല്ല. അതെ, ഈ സ്നേഹമാണ് മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ മൂലധനം. പ്രവാചക സ്നേഹത്തിന് മുന്നിൽ മാതാപിതാക്കളോടും ഇണകളോടും മക്കളോടുമുള്ള സ്നേഹത്തിന് യാതൊരു അർത്ഥവുമില്ല.

അഗാധവും അത്ഭുതകരവുമായി ഈ സ്നേഹാദരവുകളെ കാണുന്ന ദൈവ ഭയവും പരലോക ചിന്തയുമില്ലാത്ത പാശ്ചാത്യ ലോകം അത്ഭുതപ്പെടുന്നു. ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്നും കുറഞ്ഞ പക്ഷം കുറയ്ക്കണമെന്നും അവർ വ്യാമോഹിക്കുന്നു. മുസ്ലിം സമുദായവും മതത്തെ വലിച്ചെറിഞ്ഞ് ഭൗതിക പൂജയുടെ പാശ്ചാത്യ ശൈലി തെരഞ്ഞെടുക്കണമെന്ന് അവർ കൊതിക്കുന്നു. ഇതിനുവേണ്ടിയാണ് അവർ ഇത്തരം അഭ്യാസങ്ങളും ആഭാസങ്ങളും കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം നന്നായി മനസ്സിലാക്കേണ്ടതാണ്. പാശ്ചാത്യ ശക്തികളുടെ ഈ ഗൂഢാലോചനകളെയും ഗൂഢ തന്ത്രങ്ങളെയും തിരിച്ചറിയുകയും തലമുറ കൈമാറി നമുക്ക് ലഭിച്ച മഹാശക്തിയായ ഈ സ്നേഹാനുരാഗത്തെ സ്വയം നിലനിർത്തുകയും അടുത്ത തലമുറകൾക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുമെന്നാണ് നാം ഈ സമയത്ത് എടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനം.

ഇസ്ലാം വിരുദ്ധ കേന്ദ്രങ്ങൾ മുസ്ലിംകളെ സദാസമയവും എന്തെങ്കിലും പ്രശ്നങ്ങളിൽ കുരുക്കിയിടാൻ ആഗ്രഹിക്കുന്നു എന്ന ഒരു ലക്ഷ്യം കൂടി ഇത്തരം സംഭവങ്ങളുടെ പിന്നിലുണ്ട്. മുസ്ലിം ജീവിതം സദാസമയവും പ്രക്ഷോഭങ്ങളിലും പ്രകടനങ്ങളിലും കഴിഞ്ഞ് കിടക്കണമെന്ന് നിർമ്മാണാത്മകമായ ഒരു കാര്യവും ചെയ്യരുതെന്നും ശേഷി മുഴുവൻ പ്രതിരോധത്തിൽ ചിലവഴിക്കപ്പെടണമെന്ന് അവർ മോഹിക്കുന്നു. പടച്ചവന്റെ വലിയ അനുഗ്രഹത്താൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ സന്തോഷകരമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ശാസ്ത്ര പഠന മേഖലകളിലും ചുവട് ഉറപ്പിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും യൂണിവേഴ്സിറ്റികളിലെ ഭൂരിഭാഗം വിദ്യാർത്ഥി-വിദ്യാർത്ഥിനികളും ഏഷ്യൻ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവിടെ പഠിച്ച് പുറത്തിറങ്ങുന്ന മുസ്ലിംകളുടെ സേവനങ്ങളും വളരെ മികച്ചതാണ്. എന്നാൽ ഇത്തരം കാര്യങ്ങളിൽ മത്സരബുദ്ധിയോടെ മുന്നേറുന്നതിന് പകരം അസൂയ കാരണം മുസ്ലിംകളെ മുഴുവൻ വഴിതിരിച്ചു വിടാൻ അവർ ആഗ്രഹിക്കുന്നു.

എന്താണെങ്കിലും പ്രവാചക നിന്ദപോലെയുള്ള പ്രശ്നങ്ങൾ ഇട്യ്ക്കിടെ ഉയർത്തുന്ന ശക്തികളുടെ ദുരുദ്ദേശങ്ങൾ മനസ്സിലാക്കിക്കൊണ്ട് അതിനെതിരിൽ ശരിയായ കർമ്മപദ്ധതി തയ്യാറാക്കി നാം പ്രവർത്തിക്കേണ്ടതാണ്. തീർച്ചയായും ഇത്തരം സംഭവങ്ങളിൽ നമ്മുടെ ശക്തമായ അതൃപ്തിയും പ്രതിഷേധവും തീർച്ചയായും നാം അറിയിക്കണം. പക്ഷേ, ഇത് പരിധി ലംഘിക്കാതിരിക്കാനും വളരെയധികം ശ്രദ്ധിക്കണം. പരിധിലംഘനത്തിലൂടെ രണ്ട് കുഴപ്പങ്ങൾ ഉണ്ടായിത്തീരും. 

ഒന്ന്, യഥാർത്ഥ പ്രശ്നം ഇതിനിടയിൽ മറഞ്ഞുപോവുകയും ആത്മാർത്ഥമായി പ്രശ്നം പരിഹരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യും.
രണ്ട്, പരിധിലംഘനം കാരണം അക്രമിക്കപ്പെട്ടവരെ അക്രമിയായും കൊല്ലപ്പെട്ടവരെ കൊലയാളിയായും ചിത്രീകരിക്കപ്പെടുന്നതാണ്. പ്രത്യേകിച്ചും വാർത്താ മാധ്യമങ്ങൾ മുസ്ലിം വിരുദ്ധരുടെ കൈകളിൽ ആണെന്നുള്ള കാര്യം നാം ഉണരുക. അവർക്ക് ചെറിയൊരു അവസരം ലഭിച്ചാൽ മുസ്ലിംകളുടെ പ്രതിഷേധത്തെ സംഭവത്തിന്റെ കേന്ദ്രബിന്ദുവായി അവർ പർവ്വതീകരിച്ച് ചിത്രീകരിക്കുന്നതാണ്. ആകയാൽ തികഞ്ഞ സമാധാനത്തോടെയും ശരിയായ മാർഗ്ഗത്തിലൂടെയും ഇത്തരം അക്രമങ്ങളെ നാം നേരിടേണ്ടിതാണ്. അസഭ്യത്തിന് മറുപടിയായി അസഭ്യം പറയുന്നതിന് പകരം തന്ത്രജ്ഞതയും ശക്തമായ തെളിവുകളും കൊണ്ട് നമ്മുടെ വാദം ലോക ജനതയ്ക്ക് മുന്നിൽ സമർപ്പിക്കേണ്ടതാണ്. ഇവിടെ ഇതുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ട ചില കാര്യങ്ങൾ കൊടുക്കുന്നു.

1. ഓരോ പ്രദേശത്ത് നിന്നും ഓരോ വിഭാഗങ്ങളായി നാം ഐക്യരാഷ്ട്ര സഭയോട് ഇപ്രകാരം ആവശ്യപ്പെടുക: അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുവദനീയവും നീതിയുക്തവും മാന്യവുമായ പരിധി നിശ്ചയിക്കുക. ഏതെങ്കിലും മതത്തിന്റെ ആദരണീയ വ്യക്തിത്വങ്ങളെ നിന്ദിക്കുന്നത് കടുത്ത കുറ്റവും മാനഹാനിയുമായി പ്രഖ്യാപിക്കുക. മതത്തിന്റെ മഹാത്മാക്കളെ വിമർശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ഭീകരതയും പ്രശ്നം സൃഷ്ടിക്കലുമാണെന്നും ഉണർത്തുക! ഓരോ രാജ്യത്തുമുള്ള യു. എൻ ഓഫീസിൽ ഇമെയിൽ വഴിയായും മറ്റും ഈ ആവശ്യം എത്തിച്ച് കൊടുക്കുക.

2. മുസ്ലിം സംഘടനകൾ ഈ കാര്യം ചെയ്യുന്നതിനോടൊപ്പം ഇതര മത സഹോദരങ്ങളെയും മത നേതൃത്വത്തെയും സഹകരിപ്പിക്കാൻ പരിശ്രമിക്കുക. കാരണം നമ്മുടെ ഈ ആവശ്യം മുസ്ലിംകൾക്ക് വേണ്ടി മാത്രമുള്ളതല്ല. ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതിന് എല്ലാ മതവിഭാഗങ്ങളുടെയും നേതാക്കൾ നിന്ദിക്കപ്പെടരുത് എന്നതാണ് നമ്മുടെ ആവശ്യം.

3. മുസ്ലിം ഭരണകൂടങ്ങൾ ഓ. ഐ. സി വഴിയായി ശക്തിയുക്തം ഈ കാര്യം ഐഖ്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുക. ഇത് നടപ്പിലാക്കാൻ ശരിയായ മാർഗ്ഗങ്ങൾ കാണിച്ച് കൊ ടുക്കുകയും ചെയ്യുക. ഇപ്രകാരം കുഴപ്പമുണ്ടാക്കുന്ന ഭരണകൂടങ്ങളുമായി ബന്ധം വിച്ഛേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

4. ഇന്നത്തെ ലോകം വിവര സാങ്കേതിക വിദ്യയുടേതാണ്. ഇത് വഴിയായി എന്തെങ്കിലും ആവശ്യം വ്യവസ്ഥാപിതമായും ശക്തമായും ഉന്നയിക്കപ്പെട്ടാൽ അത് ലോകത്ത് വമ്പിച്ച പ്രതിഫലനം ഉളവാക്കുന്നതാണ്. ആകയാൽ നിന്ദ്യമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരിൽ ഇത് ഉപയോഗിച്ച് ശക്തമായ പ്രചാരണങ്ങൾ നടത്തുക. മുസ്ലിംകൾ വ്യക്തിപരമായും ഭരണകൂടങ്ങൾ ആ നിലയിലും ഫ്രഞ്ച് ഉപകരണങ്ങൾ ബഹിഷ്കരിക്കുക. ഈ കാലഘട്ടത്തിലെ സമാധാനപരവും ശക്തവുമായ ഒരു പ്രതിഷേധ രീതിയാണ് ബഹിഷ്കരണം. ഇതിനെ നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്.

5. മുസ്ലിംകൾ വളരെക്കൂടുതലായി അതിവസിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ഭരഘടന മതേതരമാണ്. വ്യക്തി ജീവിതത്തിൽ ഇഷ്ടപ്പെടുന്ന മതമനുസരിച്ച് ജീവിക്കാൻ അനുവാദമുണ്ട്. ഇവിടെ എല്ലാ മത പുരുഷന്മാരും ആദരിക്കപ്പെടുന്നു. എന്നാൽ ഈ രാജ്യത്തിന്റെ ശൈലിയ്ക്ക് എതിരായി നിലവിലുള്ള ഭരണകൂടം ഫ്രാൻസിനെ പിന്തുണച്ചത് വളരെയധികം വേദനാജനകവും ദു:ഖവുമാണ്. ആകയാൽ ഫ്രാൻസിന്റെ സമീപനത്തിനെതിരിൽ ശബ്ദിക്കാൻ നാം ഭരണകൂടത്തോട് ആവശ്യപ്പെടുക. ഇത്തരമൊരു സംഭവത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് സ്വീകരിച്ച മാതൃകാപരമായ ശൈലി ഇത് തന്നെയാണ്.

6. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവിധ ഭാഷകളിൽ റസൂലുല്ലാഹി ﷺ യുടെ ജീവിതവും സന്ദേശവും വിവരിക്കുന്ന ചെറുതും വലുതുമായ രചനകൾ പ്രസിദ്ധീകരിക്കലാണ്. ഈ രചനകൾ പ്രസിദ്ധീകരണത്തിന്റെ പുതിയ മാധ്യമങ്ങൾ ഉപയോഗിച്ച് കൂടുതലായി ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാൻ പരിശ്രമിക്കുക. അതെ, കളവിനുള്ള ചികിത്സ സത്യം പ്രചരിപ്പിക്കലാണ്. ഇരുട്ടിനെ ദൂരീകരിക്കാനുള്ള വഴി പ്രകാശം കത്തിക്കലാണ്.

7. മുൻഗാമികളായ മഹത്തുക്കളുടെ മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ തന്നെ പ്രധാന പ്രവർത്തനമാണ് പ്രവാചക മഹത്ച്ചരിതത്തിന്റെ പാരായണ - പഠനങ്ങൾ. എന്നാൽ വളരെയധികം ദു:ഖത്തോടെ ഒരു കാര്യം അറിയിക്കട്ടെ. നാം മുസ്ലിംകൾക്കിടയിൽ പോലും പ്രവാചക ചരിത്രത്തിന്റെ പഠനവും പാരായണവും വളരെ കുറഞ്ഞ് പോയിരിക്കുന്നു. പുത്തൻതലമുറയ്ക്ക് നബി ചരിത്രത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയില്ലാ എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ ഭാഗത്തേക്ക് നാമെല്ലാവരും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. മദ്റസകളിൽ സീറത്തിനെ ഒരു പ്രത്യേക വിഷയമാക്കുക. സ്കൂളുകൾ, കോളേജുകൽ, യൂണിവേഴ്സിറ്റികൾ ഇവിടെ പഠിക്കുന്നവർക്ക് അവരുടെ അവസ്ഥയ്ക്ക് അനുസരിച്ചുള്ള നബി ചരിത്രങ്ങൾ തയ്യാറാക്കുകയും അതിനെ പാഠ്യപദ്ധതിയിൽ പെടുത്താനോ പ്രത്യേക രീതിയിൽ പഠിപ്പിക്കാനോ പരിശ്രമിക്കുക. വിദ്യാഭ്യാസം കുറഞ്ഞ വർക്കും കൂടിയവർക്കും അനുസൃതമായ രചനകൾ തയ്യാറാക്കുകയും കൂടുതലായി പ്രചരിപ്പിക്കുകയും ചെയ്യുക.

8. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഴുവൻ മാനവ സഹോദരങ്ങൾക്കും ശരിയായ നിലയിലുള്ള പ്രവാചക ചരിത്രവും സന്ദേശവും എത്തിച്ച് കൊടുക്കലാണ്. ഇതിന് വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. അമുസ്ലിംകൾക്ക് പോലും മനസ്സിലാകുന്ന നിലയിൽ പ്രവാചക ചരിത്രവും സന്ദേശവും വിവരിക്കപ്പെടുന്ന സീറത്തുന്നബി സദസ്സുകൾ, അമുസ്ലിം സഹോദരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന മത്സരങ്ങൾ, ഇതുമായി ബന്ധപ്പെട്ട രചനകളുടെ പ്രചാരണം എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. പടച്ചവന്റെ അനുഗ്രഹത്താൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിപാടികൾക്ക് വളരെ സന്തോഷകരമായ പരിണിത ഫലങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും റബീഉൽ അവ്വൽ മാസത്തിൽ ഇതുപോലെയുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്.

അവസാനമായി പറയട്ടെ: റസൂലുല്ലാഹി ﷺ യുടെ അനുഗ്രഹീത ജീവിത കാലത്ത് തന്നെ ഇത്തരം ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ട്. റസൂലുല്ലാഹി ﷺ യെ നിന്ദിക്കാനും മോശമായി ചിത്രീകരിക്കാനും വലിയ ശ്രമങ്ങൾ നടത്തപ്പെട്ടു. സഹാബികൾക്ക് സ്വഭാവികമായും ഇതിൽ വലിയ അമർഷവും എതിർപ്പുമുണ്ടായി. പക്ഷേ, റസൂലുല്ലാഹി ﷺ അവരെ പരിധി ലംഘിക്കാൻ അനുവദിച്ചില്ല. യഥാർത്ഥ ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ മുഴുകാൻ പ്രേരിപ്പിച്ചു. അവസാനം ശത്രുക്കളുടെ ഗൂഢാലോചനകൾ പരാജയപ്പെട്ട് സത്യം ഉയരുകയും വളരുകയും ചെയ്തു. ഇന്നും ഇതേ മാർഗ്ഗം തന്നെയാണ് നാം സ്വീകരിക്കേണ്ടത്. പ്രവാചക നിന്ദയ്ക്കെതിരിൽ നമ്മുടെ എതിർപ്പും പ്രതിഷേധവും തീർച്ചയായും പ്രകടി പ്പിക്കണം. പക്ഷേ, നമ്മുടെ യഥാർത്ഥ ലക്ഷ്യം സത്യത്തിന്റെ പ്രബോധനവും മാനവരാശിയുടെ സന്മാർഗ്ഗവുമാണ് എന്ന കാര്യം മറക്കരുത്.

പ്രസിദ്ധീകരണം: സയ്യിദ് ഹസനി അക്കാദമി ഓച്ചിറ, കൊല്ലം 7736723639

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?