സൂറത്തുൽ കഹ്ഫും ദജ്ജാലി ഫിത്നയും
🎙️ മൗലാനാ ഖലീലുർ റഹ്മാൻ സജ്ജാദ് നുഅ്മാനി
📌 അന്ത്യനാളിലെ അടയാളങ്ങൾ അറിയേണ്ടതിന്റെ ആവശ്യകത
ഇന്ന് അന്ത്യനാളിൻ്റെ അടയാളങ്ങൾ അറിയേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്.
അള്ളാഹു ഖുർആനിൽ പറയുന്നു :
عَمَّ يَتَسَاءَلُونَ
എന്തിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?
عَنِ النَّبَإِ الْعَظِيمِ
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
അന്നബഅ് 78: 1
ഇവിടെ ഭയങ്കരമായ വാർത്ത (മഹത്തായ വൃത്താന്തം) എന്ന് പറയുന്നത് അന്ത്യനാളിന്റെ അടയാളങ്ങളെ കുറിച്ചാണ്. അപ്പോൾ ഇത്ര പ്രാധാന്യമുള്ള അന്ത്യനാളിലെ അടയാളങ്ങൾ നമ്മൾ മനസ്സിലാക്കൽ എത്ര അത്യാവശ്യമാണ്. നമ്മൾ അതിനു വേണ്ടി എത്ര തയ്യാറാകണം ? അടയാളങ്ങൾ മനസ്സിലാകാതെ തയ്യാറാകാൻ ഒരിക്കലും സാധിക്കുകയില്ല. അടയാളങ്ങൾ മനസ്സിലാകുന്നതിനനുസരിച്ച് തയ്യാറാകലിനു ശക്തി ഉണ്ടാക്കാൻ സാധിക്കും. അന്ത്യനാൾ പൊടുന്നനെ വരികയാണെന്ന് വിചാരിക്കുക, നമ്മൾ ഇനിയും ലോകമുണ്ടെന്ന് വിചാരിച്ച് ജീവിക്കുകയാണ്. പക്ഷേ അന്ത്യനാൾ പെട്ടെന്ന് വരുന്നുവെങ്കിൽ അത് എത്ര തീവ്രമായിരിക്കും?. അള്ളാഹു അതിന് മുൻപ് കുറച്ച് അടയാളങ്ങൾ വച്ചിട്ടുണ്ട് എന്നത് അല്ലാഹുവിൻറെ വലിയ കാരുണ്യമാണ്. അവൻ അത് നമ്മൾക്ക് അറിയിച്ചു തന്നിട്ടുമുണ്ട്. എന്തിനാണ് ഈ അടയാളങ്ങൾ ? നമുക്ക് ശരിയായ തയ്യാറെടുപ്പിന് വേണ്ടിയാണ് അല്ലാഹു അടയാളങ്ങൾ വെച്ചിട്ടുള്ളത്.
അല്ലാഹു പറയുന്നു.
اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ
ജനത്തിന് അവരുടെ വിചാരണാ വേള വളരെ അടുത്തെത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്.
(അല്‍അമ്പിയാഅ് 21:1)
ഒരാൾക്ക് ഹിസാബ് അടുത്തിരിക്കുകയാണെന്ന് മനസ്സിലാവുകയാണെങ്കിൽ അതിനുവേണ്ടി എത്രമേൽ തയ്യാറെടുക്കും ?
ആ ബോധ്യം വർദ്ധിക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പുകൾ വർദ്ധിക്കും.
അത് അവർക്ക് വലിയ നന്മയായും പ്രയോജനമായും മാറും. ഇനി ഹിസാബ് ഇപ്പോഴെങ്ങും ഇല്ല എന്ന് ചിന്തിക്കുകയാണെങ്കിൽ അവന് തിരുത്താനോ പരിവർത്തിപ്പിക്കാനോ സമയം കിട്ടിക്കൊള്ളണമെന്നില്ല, അത് വലിയ പരാജയം ആയിരിക്കുകയും ചെയ്യും.
പരിശുദ്ധമായ ഖുർആൻ അന്ത്യനാളിനെ പറ്റി ധാരാളം കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. അതിൻറെ അടയാളങ്ങളുമായി ബന്ധപ്പെട്ട് ഖുർആനിലെ ഒരു ആയത്ത് ആണ് സൂറ: അന്നിസാഅ് 4:159 - വചനം
وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.
ഈസ عليه السلام വഫാത്തിന് മുമ്പ് അഹ്‌ലുൽ കിതാബ് ഈസാ عليه السلام ൽ വിശ്വസിക്കുക തന്നെ ചെയ്യും.
ഈസ അലൈഹിസ്സലാം പുനരാഗമനം ചെയ്യുന്ന കാലവുമായിട്ടാണ് ഈ ആയത്തിന് ബന്ധം. അല്ലാഹു സുബ്ഹാനവുതാല അങ്ങനെ പല അടയാളങ്ങളെയും പരിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ
സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി.
ഈസാ നബി عليه السلام ന്റെ ആഗമനം ധാരാളം ഹദീസുകളിൽ വന്നിട്ടുള്ളതാണ്. ഈ ആഗമനം അന്ത്യദിനത്തിന്റെ സൂചന ആയിരിക്കുമെന്ന് മഹാന്മാരായ മുഫസ്സിറുകൾ ഈ ആയത്തിനു അർത്ഥം പറഞ്ഞിട്ടുണ്ട്.
ഹദീസുകൾ പരിശോധിച്ചാൽ ഒരുപാട് ഹദീസുകളിലൂടെ ഇതിൻറെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹദീസ് ജിബ്‌രീൽ ഉമർ رضي اللّه عنه ഉദ്ധരിക്കുന്ന വളരെ പ്രശസ്തമായ ഒരു ഹദീസാണ്. ജിബ്‌രീൽ عليه السلام നബി ﷺ യുടെ അടുത്ത് വരികയാണ് ഒരു മനുഷ്യനെ പോലെ, യാത്രയുടെ അടയാളങ്ങൾ ഒന്നുമില്ലാതെ നല്ല കറുത്ത മുടി നല്ല വെളുത്ത വസ്ത്രം നബി ﷺ യുടെ അടുത്തുവന്നു മുട്ടിനൊപ്പം മുട്ട് ചേർത്ത് വെച്ച് ചില ചോദ്യങ്ങൾ ചോദിച്ചു : എന്താണ് ഇസ്ലാം ? , എന്താണ് ഈമാൻ ? എന്താണ് ഇഹ്സാൻ ? പിന്നെ ചോദിച്ചു എന്താണ് അന്ത്യനാൾ ? അപ്പോൾ നബി ﷺ മറുപടി അരുളി : ചോദിക്കപ്പെട്ട ആൾക്കു ചോദിച്ച ആളെക്കാൾ കൂടുതൽ അറിവില്ല അപ്പോൾ ചോദിച്ചു : എന്നാൽ പിന്നെ അതിൻറെ അടയാളങ്ങൾ നബി ﷺ തങ്ങൾ അടയാളങ്ങളെ പറഞ്ഞുകൊടുത്തു. ശേഷം വന്ന മനുഷ്യൻ പോയി. ശേഷം നബി ﷺ സഹാബാക്കളോട് ചോദിച്ചു വന്നത് ആരാണെന്ന് അറിയാമോ? പറഞ്ഞു ഞങ്ങൾക്ക് അറിയില്ല അള്ളാഹുവും റസൂലും മാത്രമാണ് അറിയുന്നത്. ഈ വന്നത് മഹാനായ ജിബ്‌രീൽ عليه السلام ആണ്. നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വേണ്ടി വന്നതാണ് എന്നു പറഞ്ഞു. അപ്പോൾ അന്ത്യനാളിലെ അടയാളങ്ങൾ ദീനാണ് ദീൻ പഠിക്കൽ നിർബന്ധമാണ്. അപ്പോൾ അന്ത്യനാളിന്റെ അടയാളങ്ങൾ മനസ്സിലാക്കൽ ആ നിലയ്ക്ക് അത്യാവശ്യമാണ്. സഹാബാക്കളിൽ അന്ത്യനാളിന്റെ അടയാളങ്ങളെ പറ്റി അന്വേഷണത്വര ഉണ്ടാക്കൽ ജിബ്‌രീൽ عليه السلام ന്റെ ആഗമനത്തിന് ഉദ്ദേശം ആയിരുന്നുവെന്ന് മഹാന്മാരായ മുഹദ്ദിസുകൾ പലരും പറഞ്ഞിട്ടുണ്ട്. മഹാനായ ജിബ്‌രീൽ عليه السلام വന്നത് സഹാബാക്കളുടെ ഇടയിൽ അന്ത്യനാളിനെ അടയാളങ്ങളെ കുറിച്ചുള്ള ജിജ്ഞാസ ഉണ്ടാക്കലും കൂടി അതിൻറെ ലക്ഷ്യം ആയിരുന്നു.
അംറുബിൻ ഹാത്തം رضي اللّه عنه ഉദ്ധരിക്കുന്ന സ്വഹീഹ് മുസ്ലിമിലെ 2891 നമ്പർ ഹദീസ് നബി ﷺ ഒരിക്കൽ പ്രഭാത നമസ്കാരം, അതായത് സുബഹി നമസ്കാരം നിർവഹിച്ചു എന്നിട്ട് ഞങ്ങളോടു പ്രസംഗിച്ചു٫ ളുഹർ വരെ പ്രസംഗിച്ചു. ളുഹറിന്റെ സമയമായപ്പോൾ ഇറങ്ങി ളുഹർ നമസ്കരിച്ചു. പിന്നെ വീണ്ടും മിമ്പറിൽ കയറി. അങ്ങനെ അസർ വരെ നബി ﷺ പ്രസംഗിച്ചു. അസറിന്റെ സമയമായപ്പോൾ ഇറങ്ങി അസർ നമസ്കരിച്ചു. പിന്നെ വീണ്ടും മിമ്പറിൽ കയറി സൂര്യൻ അസ്തമിക്കുന്നത് വരെ നബി ﷺ പ്രസംഗിച്ചു. ഉണ്ടായതും ഉണ്ടാകാൻ ഇരിക്കുന്നതും ആയ സകല കാര്യങ്ങളും ആ പകൽ മുഴുവൻ ഉള്ള പ്രസംഗത്തിൽ സംസാരിച്ചു. നബി ﷺ അത്രയധികം സംസാരിച്ച വേറെ ഒരു പ്രസംഗവും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ പ്രസംഗം പ്രഭാതം മുതൽ പ്രദോഷം വരെ സംസാരിച്ച ഈ പ്രസംഗമായിരുന്നു. അപ്പോൾ വിഷയത്തിന്റെ പ്രാധാന്യം എത്ര വലുതാണ്. അപ്പോൾ നമ്മളും ഏറ്റവും കൂടുതൽ സംസാരിക്കേണ്ടത് ഏതിനെ പറ്റിയാണ്, അന്ത്യനാളിനെ പറ്റിയാണ്. അന്ത്യനാളിന്റെ അടയാളങ്ങളെ പറ്റിയാണ് എന്ന് സൂചന ഈ പരിശുദ്ധമായ ഹദീസിലൂടെ നമുക്ക് കിട്ടുന്നുണ്ട്. ഒരുപാട് ചർച്ച ചെയ്യണം. നമ്മുടെ ചർച്ചയിൽ ഒരുപാട് ക്ലാസുകൾ അന്ത്യനാളിനെ പറ്റി വേണം. ഈ അറിവിന് കൂടുതൽ സമയം കണ്ടെത്തണം.
ഹുദൈഫ رضي اللّه عنه പറയുന്നു: ഞാൻ സത്യം ചെയ്ത പറയട്ടെ വരാനിരിക്കുന്ന ഫിത്നകളെ പറ്റി നബി ﷺ യിൽ നിന്ന് ഏറ്റവും കൂടുതൽ അറിവ് നേടിയത് ഞാനാണ്. ഒരിക്കൽ നബി ﷺ ഫിത്നകളെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഉണ്ടായിരുന്നു. നബി ﷺ മൂന്നു ഫിത്നകളെ ക്കുറിച്ചു പറഞ്ഞു. ചൂടുകാലത്തെ കാറ്റുപോലെ അത് എല്ലാവരെയും ബാധിക്കുമെന്ന് പറയുകയുണ്ടായി. ഇപ്രകാരം പറഞ്ഞ് നബി ﷺ സഹാബാക്കളിൽ വലിയ ജിജ്ഞാസ ഉണ്ടാക്കി.
ഒരിക്കൽ നബി ﷺ തബൂക്ക്
യുദ്ധസന്ദർഭത്തിൽസഹാബാക്കളോട് അന്ത്യനാളിനെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു.ഒരു ഭാഗത്ത് വുളൂ ചെയ്തുകൊണ്ടിരിക്കുന്നു മറുഭാഗത്ത് അന്ത്യനാളിനെ പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഒരിക്കൽ അന്ത്യനാളിനെ കുറിച്ചുള്ള അടയാളങ്ങൾ കേൾപ്പിക്കാൻ വേണ്ടി മാത്രം നബി ﷺ സഹാബാക്കളെ വിളിച്ചുകൂട്ടി. അപ്പോൾ തമീമുദ്ദാരി رضي الله عنه ന്റെ സംഭവം ﷺ വിവരിച്ചുകൊടുത്തു.ഒരു ക്രിസ്ത്യാനിയായ ആളായിരുന്നു അന്ന് തമീമുദ്ദാരി رضي اللّه عنه. അദ്ദേഹം പറയുകയാണ് ഞാൻ മുപ്പത് പേരോടൊപ്പം ഒരു സമുദ്രയാത്ര പോയതാണ്. അപ്പോൾ കാറ്റടിച്ചു. കടൽ വലുതായി ക്ഷോഭിച്ചു. ഞങ്ങൾ കടലിൽ കിടന്നു പിടഞ്ഞു. അവസാനം ഒരു ദ്വീപിൽ ചെന്നെത്തി. ഈ ഹദീസിന്റെ ചുരുക്കം മാത്രമേ ഞാനിപ്പോൾ പറയുന്നുള്ളൂ, അതിന്റെ വിശദീകരണം ഇൻഷാ അല്ലാഹ് പിന്നീട് പറയുന്നതാണ്. ഒരു പ്രത്യേക സൃഷ്ടി, അതിന്റെ മുൻ ഭാഗം ഏത് പുറകു ഭാഗം ഏത് എന്ന് മനസ്സിലാകുന്നില്ല. ഞങ്ങളിൽ ഒരാൾ നിങ്ങൾ ആരാണെന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞു 'ഞാൻ അൽജസാസ്' ആണെന്ന്. (അതിനൊക്കെ വലിയ വിശദീകരണങ്ങൾ ഉണ്ട്). അതായത് ഞാൻ ഒറ്റുകാരിയാണ് എന്നു പറഞ്ഞു. നിങ്ങൾ ആരാണെന്ന് അത് ചോദിച്ചു. ഞങ്ങൾ അറബികൾ ആണെന്ന് പറഞ്ഞു. ഞങ്ങളോട് മുൻപോട്ടു പോകാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ മുന്നോട്ട് പോയപ്പോൾ ശൈത്താന്റെ രൂപം പോലൊരു രൂപം കണ്ട് ഞങ്ങൾ ഭയപ്പെട്ടു. അത് നമ്മളോട് 'ബൈസാൻ തോട്ട'ത്തെക്കുറിച്ച് ചോദിച്ചു. സിറിയയുടെ ഭാഗത്തുള്ള ഒരു തോട്ടത്തിന്റെ പേരാണ് അത് ഫലഭൂയിഷ്ടം ആയിട്ടുണ്ട് എന്ന് അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. അതിന്റെ കാരയ്ക്കകൾ നിന്നുപോകാൻ സമയമായി കഴിഞ്ഞു. പിന്നീട് സുഗർ, ത്വാബിരിയാ എന്നീ നദികളെ പറ്റി
ചോദിച്ചു. അതിൽ ഇപ്പോഴും വെള്ളമുണ്ടോ, ഉണ്ടെന്ന് പറഞ്ഞു അത് വറ്റാൻ അടുത്തു എന്നു പറഞ്ഞു. (ലൂത്വ് عليه السلام മിന്റെ രണ്ടു പെൺമക്കളുടെ പേരാണ് സുഗറും ത്വാബിരിയായും.ആ പേര് പിന്നീട് നദിക്ക് വെക്കപെട്ടതാണ്) വിശദമായി പിന്നീട് പറയും.ഇപ്പോൾ അത് പറയാനുള്ള സമയമില്ല. വിഷയത്തിന്റെ പ്രാധാന്യത്തിനു വേണ്ടി പറഞ്ഞെന്നേയുള്ളൂ. ശേഷം അദ്ദേഹം പറഞ്ഞു ഞാനാണ് മസീഹുദ്ദജ്ജാൽ. ദജ്ജാല് ചോദിച്ച മിക്കവാറും കാര്യങ്ങളെല്ലാം ഇന്നു ഇസ്രയേൽ കരങ്ങളിലാണ്. ദജ്ജാൽ ചോദിച്ച ആ സാധനങ്ങളൊക്കെ ഇന്ന് ദജ്ജാലിന്റെ കൈകളിലാണ് ഉള്ളത്. ഈ സംഭവത്തെ നബി ﷺ സഹാബാക്കളുടെ ഒരുമിച്ചുകൂട്ടി കേൾപ്പിച്ചത് എന്തിനാണ്. ദജ്ജാലിനെ പറ്റി സാധ്യമാവുന്നിടത്തോളം അറിവുനേടാൻ ഉമ്മത്തിനെ പ്രേരിപ്പിക്കുകയാണ്. ഈ അറിവിന്റെ പ്രാധാന്യം എന്താണ്? അങ്ങനെയൊരു സംഗതിയുണ്ട് എന്ന് കേട്ടപ്പോൾ നബി ﷺ വെറുതെയങ്ങ് വിടുകയല്ല ചെയ്തത്. സഹാബാക്കളെ എല്ലാം ഒരുമിച്ചു കൂട്ടി അത് വിവരിച്ചു കേൾപ്പിച്ചു. അതിനാൽ ഈ വിഷയത്തെ കുറിച്ചുള്ള അറിവുകൾ വളരെ പ്രാധാന്യത്തോടെ പഠിക്കണം എന്നാണ് അതിൻറെ അർത്ഥം.
സ്വഹാബാക്കളും വലിയ പ്രാധാന്യം നൽകിയിരുന്നു.
സ്വഹാബാക്കൾ ഒരിക്കൽ കൂടി ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നബി ﷺ ആ വഴിക്ക് കടന്നുവന്നു. നബി ﷺ ചോദിച്ചു എന്താണ് ചർച്ച. സ്വഹാബാക്കൾ പറഞ്ഞു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോൾ നബി ﷺ അരുളി : പത്ത് അടയാളങ്ങൾ ഉണ്ടാകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. ദജ്ജാൽ, ഒരു പുക, ദാബതുൽ അർള്, സൂര്യൻ പടിഞ്ഞാറ് ഉദിക്കൽ,ഈസാ عليه السلام ന്റെ ആഗമനം, യഅ്ജൂജ് മഅ്ജൂജ് തുടങ്ങി പത്തോളം അടയാളങ്ങൾ സഹാബാക്കൾക്കു പറഞ്ഞു കൊടുത്തു. ഇങ്ങനെ സ്വഹാബാക്കൾ കൂടിയിരുന്ന് ചെയ്ത ചർച്ചയ്ക്ക് നബി ﷺ പ്രോത്സാഹനം നൽകുകയും കുറച്ചു കാര്യങ്ങൾ നബി ﷺ അരുളി കൊടുക്കുകയും തങ്ങൾ അത്തരത്തിലുള്ള ചർച്ചകൾ പ്രോത്സാഹിപ്പിച്ചു.
ഹുദൈഫ رضي اللّه عنه നിവേദനം: മഹാനായ അബു ഇദ്‌രീസുൽ ഖൗലാനി رضي اللّه عنه പറയുന്നു. എല്ലാവരും നബി ﷺ യോട് നന്മയെ പറ്റി ചോദിക്കുമായിരുന്നു, ഞാൻ തിന്മയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി നബി ﷺ യോടു തിന്മയെപറ്റി ചോദിക്കുമായിരുന്നു.നബിയെ, നമ്മൾ ജാഹിലിയ കാലഘട്ടത്തിലായിരുന്നു , അല്ലാഹു നമ്മൾക്ക് ധാരാളം നന്മകൾ കനിഞ്ഞരുളി.ഈ നന്മയ്ക്ക് ശേഷം വല്ല തിന്മയും ഉണ്ടാകുമോ എന്ന് ഞാൻ ചോദിച്ചു. നബി ﷺ അരുളി : അതെ നന്മയ്ക്ക് ശേഷം തിന്മ ഉണ്ടാകും. പിന്നെ ഞാൻ ചോദിച്ചു ആ തിന്മയ്ക്കു ശേഷം പിന്നെ നന്മ ഉണ്ടാകുമോ? നബി ﷺ അരുളി : ഉണ്ടാകും, പക്ഷേ അതിൽ തിന്മയുടെ കലർപ്പും കൂടെ ഉണ്ടാകും. ഞാൻ ചോദിച്ചു. എന്താണത്? നബി ﷺ അരുളി : അവർ എന്റെ സുന്നത്ത് അല്ലാത്ത ജീവിതത്തെ ചിട്ടയാക്കി മാറ്റും അപ്പോൾ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഉണ്ടാവും. അപ്പോൾ ഞാൻ ചോദിച്ചു : ആ നന്മയ്ക്കു ശേഷം തിന്മ ഉണ്ടാകുമോ? നബി ﷺ അരുളി : ഉണ്ടാകും, നരകത്തിൻറെ കവാടങ്ങളിലേക്ക് ക്ഷണിക്കുന്ന ആളുകളുണ്ടാകും. ആരെങ്കിലും അവർക്ക് ഉത്തരം കൊടുത്താൽ അവർ ആ നരകത്തിൽ വീണുപോകും. സ്വഹാബി ചോദിച്ചു നബിയെ അവരെ ഞങ്ങൾക്ക് ഒന്നു പറഞ്ഞു തരുമോ? അപ്പോൾ നബി ﷺ അരുളി : അവർ നമ്മളിൽ പെട്ടവരാണ് നമ്മുടെ ഭാഷ സംസാരിക്കുന്നവരാണ്, നമ്മുടെ തൊലി ഉള്ളവരാണ്. ആ സമയത്ത് തങ്ങൾ ഞങ്ങളോട് നിർദ്ദേശിക്കുന്നത് എന്താണ്? നബി ﷺ അരുളി : അന്ന് മുസ്ലിമീങ്ങളുടെ സംഘത്തിന്റെ കൂടി ചേർന്ന് നിൽക്കുക. ഇമാമിനെ പിന്തുടർന്ന് നിൽക്കുക. അപ്പോൾ സ്വഹാബി ചോദിച്ചു. അന്ന് മുസ്ലീങ്ങളുടെ ആ സംഘത്തിന് ഇമാമില്ലെങ്കിലോ? നബി ﷺ അരുളി : നീ എല്ലാത്തിൽ നിന്നും പൂർണ്ണമായും മാറി നിൽക്കണം. നീ നിന്നെ ഒരു വൃക്ഷത്തിന്റെ വേരിൽ തളച്ചിട്ടിട്ടാണെങ്കിലും ശരി. നീ മരിക്കുന്നതുവരെ അങ്ങനെതന്നെ കിടന്നാലും ഒരിക്കലും ഫിത്നയുടെ കൂട്ടത്തിൽ പെട്ടു പോകരുത്. അപ്പോൾ സ്വഹാബാക്കൾ ചോദിച്ചു. (സ്വഹാബാക്കളുടെ താല്പര്യം നോക്കൂ വീണ്ടും വീണ്ടും ചോദിക്കുകയാണ്. പിന്നെ ഉണ്ടാകുമോ, പിന്നെ ഉണ്ടാകുമോ, ഇതിന് എന്താണ് പരിഹാരം, ഇമാം ഇല്ലെങ്കിൽ പിന്നെ എന്താണ്, ഓരോ കാര്യവും ചോദിച്ചു ചോദിച്ചു മനസ്സിലാക്കുകയാണ്.)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ