ബാനീ ദാറുൽ ഉലൂം

ബാനീ ദാറുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി رحمة اللّه عليه

✍️ മൗലാനാ അബ്ദുശ്ശക്കൂർ ഹസനി അൽഖാസിമി دامت بركاته 
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

📌ജനനവും ബാല്യവും

അല്ലാഹു തആലായുടെ അന്തിമ സന്ദേശമായി പരിശുദ്ധ ദീനുൽ ഇസ്ലാമിനെ തിരുനബി ﷺ യുടെയും വന്ദ്യസ്വഹാബത്തിന്റെ رضي الله عنهم യും ഉത്തമകാലത്തു തന്നെ ഇന്ത്യ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഇസ്ലാമിന്റെ വടവൃക്ഷം ഇന്ത്യയിൽ വേരുറച്ച് തഴച്ചു വളരാൻ പ്രധാനകാരണക്കാർ മഹാന്മാരായ സൂഫിവര്യന്മാരാണ് (رحمة اللّه عليهم). ഹിജ്റ 650 മുതൽ ഇന്ത്യയിൽ മുസ്ലിംകൾ ആധിപത്യം ഉറപ്പിച്ചു. തുടർന്ന് വന്ന ഭരണാധികാരികൾ മൊത്തത്തിൽ ഇസ്ലാമിനെ ആദരിക്കുന്നവരായിരുന്നു.

ഹിജ്റാബ്ദം ഒരു സഹസ്രം പിന്നിട്ടപ്പോൾ ഇവിടെ ഇസ്ലാമിനെതിരിൽ അതിഭയങ്കരമായ ഒരു ഗൂഢാലോചന നടന്നു. അതിന്റെ ഫലമായി ദീനെ ഇലാഹി എന്ന പേരിൽ ഒരു ഇബ്‌ലീസീ മതം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു. ദൗർഭാഗ്യവശാൽ അക്ബറിനെ മുമ്പിൽ നിറുത്തി ഈ പൈശാചികതയെ ഇളക്കിവിട്ടത് ചില പണ്ഡിത വേഷധാരികളായിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അല്ലാഹു ഒരു മഹാനെ അയച്ചു. മുജദ്ദിദ് അൽഫസാനീ ശൈഖ് അഹ്മദ് സർഹിന്ദി رحمة اللّه عليه. ബാഹ്യമായി ഒരു ശക്തിയുമില്ലായിരുന്ന മഹാനവർകൾ തന്റെ കർത്തവ്യം സുന്ദരമായി നിർവഹിച്ചു. അതിന്റെ ഫലമായാണ് അക്ബറിന്റെ പീഠത്തിൽ ഔറംഗസീബ് رحمه اللّه എന്ന വലിയ്യ് വന്നെത്തിയത്.

മഹാനായ ഔറംഗസീബ് رحمه اللّه വിടപറഞ്ഞു. പിൻഗാമികൾ ഭരണം ഏറ്റെടുത്തു. പക്ഷേ, മഹാനായ പിതാവിന്റെ പാതവെടിഞ്ഞ അവർ ഭരണരംഗത്ത് പരാജിതരായി. അങ്ങനെ ഇന്ത്യയിൽ അന്തസ്സിന്റെയും അഭിമാനത്തിന്റെയും വിജയഗാഥയാലപിച്ച മുസ്ലിം ഭരണകൂടം താറുമാറായി തുടങ്ങി. അവസരം നോക്കി കൗശലശാലികളായ ഇംഗ്ലീഷുകാർ പതുക്കെ പതുക്കെ ഇന്ത്യയിൽ കയറിക്കൂടി.

അക്ബറിന്റെ ദീനെ ഇലാഹി കഴിഞ്ഞാൽ ഇന്ത്യയിൽ മുസൽമാന് വളരെയധികം ഭീഷണി ഉയർത്തിയ ശക്തിയാണ് ബ്രിട്ടീഷുകാർ. അവരുടെ ലക്ഷ്യം അവരുടതെന്നെ വാചകത്തിൽ ഇതായിരുന്നു: “രക്തവും നിറവും വെച്ച് നോക്കുമ്പോൾ ഇന്ത്യക്കാരും അഭിരുചിയും വാക്കും ചിന്തയും പരിഗണിക്കുമ്പോൾ ആംഗലേയരുമായ ഒരു സംഘമാണ് നമ്മുടെ ലക്ഷ്യം.”

ബ്രിട്ടീഷുകാരുടെ കുരിശ് മോഹം മഹാന്മാർ മുൻകൂട്ടി ഗ്രഹിച്ചു. അങ്ങനെയാണ് എല്ലാം നഷ്ടപ്പെട്ട ഇന്ത്യൻ മുസൽമാന്റെ ഫഖീരിയത്തിന്റെ പാതയിലിരുന്നുകൊണ്ട് മുസ്നദുൽ ഹിന്ദ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه اللّه, സിറാജുൽ ഹിന്ദ് ശാഹ് അബ്ദുൽ അസീസ് ദഹ്ലവി رحمه اللّه തുടങ്ങിയ മഹാന്മാർ ചില മുന്നൊരുക്കങ്ങൾ നടത്തിയത്. ആ മഹാന്മാർ അന്നത് ചെയ്തില്ലായിരുന്നെങ്കിൽ ബാഹ്യമായി ചിന്തിക്കുമ്പോൾ മുസ്ലിം ഉൻദുലുസീ (സ്പെയിൻ) ന്റെ പകർപ്പായി മുസ്ലിം ഇന്ത്യയും മാറുമായിരുന്നു.

ദഹ്‌ലവി മദ്റസയിൽ നിന്നും ഒരു പുണ്യസംഘം സജ്ജരായി. രക്തവും നിറവും മണവും രുചിയും എല്ലാം കൊണ്ടും ഇലാഹീ ദാസരും മുഹമ്മദീ ഭടന്മാരുമായ അവർ ബ്രിട്ടീഷുകാർക്കെതിരിൽ കഴിയുന്ന മാധ്യമങ്ങളെല്ലാം ഉപയോഗിച്ച് അടരാടി. അവരിൽപ്പെട്ട ഒരു അനുഗ്രഹീത ഖാഫിലയാണ് സയ്യിദ് അഹ്മദ് ശഹീദ് رحمه اللّه, ശാഹ് ഇസ്മാഈൽ ശഹീദ് رحمه اللّه മുതലായ മഹാന്മാരുടെ സംഘം. ഈമാനികാവേശം നിറഞ്ഞ അവർ ബ്രിട്ടീഷുകാർക്കെതിരിൽ പടയൊരുങ്ങി പുറപ്പെട്ടു. നിരവധി വിജയങ്ങൾ കൊയ്ത്ത് അവർ മുന്നോട്ട് ഗമിച്ചു.

അവസാനം ബാലക്കോട്ട് മലയടിവാരത്തിൽ വെച്ച് ഹിജ്റ 1146 ൽ ബ്രിട്ടീഷുകാരെ അവർ നേരിട്ടു. അതിൽ അവർ ശഹാദത്ത് വരിച്ചു. അങ്ങനെ അവരുടെ ശക്തി ബാഹ്യമായി ക്ഷയിച്ചു.

ഹള്റത്ത് സയ്യിദ് رحمه اللّه യുടെ മുന്നേറ്റം ബ്രിട്ടീഷുകാർക്ക് വലിയ ഒരു ഭീഷണിയായിരുന്നു. അവരുടെ അന്ത്യമായപ്പോൾ അവർ ആശ്വാസം കൊണ്ടു. എന്തിനേറെ അവരിൽ ചിലർ അഭിപ്രായപ്പെട്ടു; “ഇനി ഇസ്ലാം ഇവിടെ ഏതാനും വർഷങ്ങളിലെ മാത്രം അതിഥിയായിരിക്കും.” ഇന്ത്യൻ സുപ്രീം കൗൺസിലിന്റെ പ്രധാന അംഗം സർ ചാൾസ് പ്രഖ്യാപിച്ചു: “ഇനി ഇവിടെയുള്ളവരെല്ലാം ക്രിസത്യാനികളായി തീരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. "

എന്നാൽ ആകാശത്തിലും ഭൂമിയിലും അല്ലാഹുവിന് പടയാളികളുണ്ട്. ബദ്റും ഉഹ്ദും കഴിയുംതോറും ഇസ്ലാമിന്റെ കാവൽഭടന്മാർ വർദ്ധിക്കുകയേയുള്ളൂ. ശുഹദാഇന്റെ രക്തത്ത തുള്ളികളും അബലകളുടെയും അനാഥകളുടെയും മർദ്ദിതരുടെയും കണ്ണീർ കണങ്ങളും ഇസ്ലാമിക വടവൃക്ഷത്തിന്റെ വളങ്ങളാണ്. ബാലക്കോട്ടിലെ ദാരുണ ദുരന്തത്തിന് രണ്ടുവർഷം തികയുന്നതിന് മുൻപ് തന്നെ ഹിജ്റ 1248 ൽ ഈ ദീനിന്റെ ത്യാഗിവര്യനായ ഒരു സേവകൻ പിറന്നു. ആ മഹാനാണ് ഖാസിമുൽ ഉലൂം

മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി رحمة اللّه عليه ജീവിതാദ്യന്തം ഇസ്ലാമിന്റെ നിഷ്കളങ്ക സേവകനായി കഴിഞ്ഞു കൂടുകയും, ആ വഴിയിൽ ആയിരങ്ങൾ കടന്നുവരാൻ കാരണക്കാരനാവുകയും ചെയ്ത മഹാനവർകളുടെ മഹശ്ചരിതം സ്പർശിക്കാത്ത ഇസ്ലാമിക ഇന്ത്യയുടെ ചരിത്രം അപൂർണ്ണമായിരിക്കും, മഹാനവർകളുടെ സുന്ദര ജീവിതത്തിന്റെ ഒരു ലഘു ചരിത്രമാണ് ഇവിടെ കുറിക്കാനാഗ്രഹിക്കുന്നത്, വിബില്ലാഹിത്തൗഫീഖ്.

📌 നാനൂത്ത്

അന്നും ഇന്നും ഇന്ത്യയുടെ തലസ്ഥാനമായ ദൽഹിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു പ്രദേശമുണ്ട്. ഹിമാലയ സാനുക്കൾക്കരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകൂടിയാണ് ഇന്ത്യയിലെ പ്രധാന നദികളായ ഗംഗയും യമുനയും തഴുകി ഒഴുകുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ പരിശുദ്ധ ദീനിന്റെ പ്രഭപകരാൻ കാരണക്കാരായ നിരവധി മഹാന്മാർ ഉദിച്ചുയർന്നത് ഈ പ്രദേശത്താണ്. ഈ പ്രദേശത്തെ പേരുകേട്ട ഒരു ഗ്രാമമാണ് നാനൂത്ത്. ദൽഹിയിൽ നിന്നും ഏകദേശം 100 കി.മീ. ഉത്തരഭാഗത്തും സഹാറൻപൂരിൽ നിന്നും 30.കി.മീ. ദക്ഷിണഭാഗത്തും, ഗൻഗോഹിൽ നിന്നും 30 കി.മീ, പൂർവ്വഭാഗത്തും ദേവ്ബന്ദിൽ നിന്നും 30 കി.മീ, പശ്ചിമഭാഗത്തുമായി ഈന്തപ്പനകൾ നിറഞ്ഞ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. നമ്മുടെ സ്മര്യ പുരുഷൻ ഈ നാട്ടിലാണ് ജനിച്ചത്.

മഹാന്മാരുടെ കുടുംബങ്ങളായ സ്വിദ്ദീഖി-ഫാറൂഖി-ഉസ്മാനീ കുടുംബങ്ങൾ നിറഞ്ഞ ഈ നാട്ടിൽ, പക്ഷേ കാലഘട്ടത്തിന്റെ കൊടുങ്കാറ്റുകൾ കാരണം നിരവധി അനാചാരങ്ങളുടെ പൊടി പടലങ്ങൾ വീണിരുന്നു. ശീഇസമായിരുന്നു ഇതിന്റെ പിന്നിലുള്ള പ്രധാന പ്രേരകം, എന്നാൽ യുഗായുഗങ്ങളിൽ മഹാന്മാർ നടത്തിയ അശ്രാന്തപരിശ്രമങ്ങൾ കാരണം ഈ പൊടിപടലങ്ങൾ പലപ്പോഴും തുടച്ചുമാറ്റപ്പെട്ടിരുന്നു. ഹസ്റത്ത് സയ്യിദ് അഹമ്മദ് ശഹീദ് رحمه اللّه യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇസ്ലാഹീ പര്യേടനം ഇതിൽ പ്രത്യേകം സ്മരണീയമാണ്. ഹസ്റത്ത് സയ്യിദ് അവർകൾ ഈ നാട്ടിലും വന്ന് തമ്പടിച്ച് ദിവസങ്ങൾ നീണ്ടുനിന്ന പരിശ്രമങ്ങൾ നടത്തി. അതിലൂടെ ഈ നാട്ടിൽ വമ്പിച്ച പരിവർത്തനമുണ്ടായി.

ഒരു സംഭവം ശ്രദ്ധിക്കുക: മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂതവി رحمه اللّه പറയുന്നു: ഒരിക്കൽ ഞാൻ പള്ളിയിൽ ഇരിക്കുമ്പോൾ, അവിടെ ഒരു പ്രഭാവലയം കാണുകയുണ്ടായി, ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ ഒരു വ്യക്തിയിരുന്ന് ദിക്ർ ചെയ്യുന്നു. ഞാൻ ചോദിച്ചു: താങ്കൾ വളരെയധികം മുജാഹദകൾ നടത്തിയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സയ്യിദ് അവർകളുടെ സദസ്സിൽ അല്പനേരം ഇരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

📌 കുടുംബം

ഷാജഹാൻ ചകവർത്തിയുടെ കാലഘട്ടത്തിലെ ഒരു പ്രധാന പണ്ഡിതനാണ് മൗലാനാ മുഹമ്മദ് ഹാഷിം. അദ്ദേഹത്തിലാണ് ഹള്റത്തിന്റെ കൂടുംബപരമ്പര ചെന്ന്
സന്ധിക്കുന്നത്. അദ്ദേഹത്തിൽ നിന്നും മഹാനായ ഖാസിമുബ്നു മുഹമ്മദിബ്നി അബീബകർ വഴി സയ്യിദുനാ അബുബകറുസ്സിദ്ദീഖ് رضي اللّه عنه വിൽ പരമ്പര എത്തിച്ചേരുന്നു. 

ഹള്റത്ത് അവർകളുടെ പിതാവ് ശൈഖ് അസദ് അലി ദൽഹിയിൽ പോയി അന്നത്തെ സർക്കാർ ഭാഷ കൂടിയായ ഫാരിസിയിൽ അവഗാഹം നേടിയിരുന്നു. പക്ഷേ ഉയർന്ന ഉദ്യോഗം നേടാൻ ശ്രമിക്കാതെ നാട്ടിൽ തന്നെ അദ്ദേഹം കഴിഞ്ഞുകൂടി. അത്യന്തം മാന്യത നിറഞ്ഞവരും കൂടുംബപരിപാലകനും അതിഥി സൽക്കാരിയും നമസ്കാരത്തിൽ കൃത്യനിഷ്ഠ പുലർത്തുന്നവരുമായിരുന്നു അദ്ദേഹം.

സഹാറൻപൂരിലെ ധനാഢ്യനായിരുന്ന ശൈഖ് വജിഹുദ്ദീന്റെ മകൾ ബീവി ഹബീബയായിരുന്നു ഹള്റത്തിന്റെ മാതാവ്. ഈ ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ടായിരുന്നു. രണ്ട് ആണും ഒരു പെണ്ണും. ഇതിൽ ഒരാൺകുഞ്ഞ് ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. മറ്റൊരു ആൺകുഞ്ഞാണ് ഹള്റത്ത് ഖാസിമുൽഉലൂം رحمة اللّه عليه.

📌 ജനനം

 ഹിജ്രി 1248 (ക്രിസ്താബ്ദം 1832) ൽ ഹള്റത്ത് മൗലാനാ മുഹമ്മദ് ഖാസിം ഭൂജാതനായി. യഥാർത്ഥ പേര് മുഹമ്മദ് ഖാസിം എന്നായിരുന്നെങ്കിലും ഓമനപ്പേര് ഖുർശിദ് ഹുസൈൻ എന്നായിരുന്നു. തന്നെ പരസ്യപ്പെടുത്താൻ വളരെ മടിച്ചിരുന്നതിനാൽ ഖുർശിദ് ഹുസൈൻ എന്ന പേരാണ് പലരോടും ഹള്റത്ത് പറഞ്ഞിരുന്നത്.

📌 ബാല്യം

ഒരു മഹാന്റെ ബാല്യഘട്ടവും വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഹള്റത്തിന്റെ ബാല്യത്തെക്കുറിച്ച് മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂതവി رحمه اللّه വിവരിക്കുന്നു: “അദ്ദേഹം ചെറുപ്പം മുതൽക്കേ ബുദ്ധി കൂർമ്മത, സുന്ദര പ്രകൃതി, ഉന്നത മനക്കരുത്ത്, വിശാലമായ ധൈര്യം, അദ്ധ്വാനശീലം, ധീരത, ചുണ മുതലായ ഗുണങ്ങൾ ഉള്ളവരായിരുന്നു. അക്കാലത്ത് നിലവിലു ണ്ടായിരുന്ന ഒരു കളിയാണ് "ജോഡ്തേട്" വളരെ ശകരമായ ഈ കളി നിപുണതയുള്ളവർക്ക് എളുപ്പമായിരുന്നു. പുതുതായി കളി തുടങ്ങിയ ഞങ്ങൾ സദാ പരാജയപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹം അതിന്റെ നിയമരീതികൾ പെട്ടെന്ന് മനസ്സലാക്കി. പിന്നെ അദ്ദേഹം പരാജയപ്പെട്ടതായി ഓർമ്മയില്ല. കുറഞ്ഞപക്ഷം ബലാബലമെങ്കിലും പ്രാപിച്ചിരുന്നു."

 മക്തബ (ബാലപാഠശാല) യിലേക്ക് കടന്ന ഹള്റത്തിനെക്കുറിച്ച് മൗലാനാ പ്രസ്താവിക്കുന്നു: “ഞങ്ങൾ ഒരു മക്തബയിലാണ് ഓതിയത്, പഠനവിഷയത്തിൽ അദ്ദേഹം എല്ലാവരെക്കാളും മികച്ചിരുന്നു. എന്നും സഹപാഠികൾക്കിടയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. ഖുർആൻ ശരീഫ് ഓതൽ പെട്ടെന്ന് പൂർത്തിയാക്കി. കൈപ്പട എല്ലാവരെക്കാളും വ്യത്തിനിറഞ്ഞതായിരുന്നു. കവിത എഴുതാൻ ആശയും ആവേശവും കാട്ടിയിരുന്നു. ചെറിയ കിതാബുകൾ പകർത്തി എഴുതിയിരുന്നു."

ദേവ്ബന്ദീ മഹാന്മാരുടെ സമുന്നതനായ ആത്മീയ നായകൻ ഹസ്റത്ത് ഹാജീ ഇംദാദുല്ല رحمة اللّه عليه യുടെ മാതൃകുടുംബം നാനൂതയിലായിരുന്നതിനാൽ അദ്ദേഹം ഇടയ്ക്കിടെ അവിടെ വന്നിരുന്നു, മൗലാനാ യഅ്ഖുബ് رحمه اللّه എഴുതുന്നു; “ഹള്റത്ത് നാട്ടിൽ വരുമ്പോൾ ഞങ്ങളിരുവരും അടുത്തു ചെല്ലുമായിരുന്നു. മഹാനവർകൾ ഞങ്ങളോട് വളരെയധികം സ്നേഹവാത്സല്യങ്ങൾ കാട്ടിയിരുന്നു.” ഈ സ്നേഹത്തിന്റെ വർദ്ധനവ് വിളിച്ചറിയിക്കുന്ന ഒരു വിവരണം ശ്രദ്ധിക്കുക: “കിതാബ് കുത്തിക്കെട്ടാനും ബൈന്റ് ചെയ്യാനുമുള്ള രീതി മഹാനിൽ നിന്നുമാണ് പഠിച്ചത്."

ഹള്റത്ത് അവർകളുടെ ബാല്യകാലാവസ്ഥകളെ നിരൂപണം ചെയ്തുകൊണ്ട് പ്രസിദ്ധ ചിന്തകനായ മൗലാനാ ഗീലാനി رحمه اللّه കുറിച്ച ചില വാക്കുകൾ ഇവിടെ പ്രത്യേകം സ്മരണീയമാണ്. അദ്ദേഹം എഴുതുന്നു: “ഇന്ത്യയിലെ ദീനീ തഅ്ലീമി മേഖലയിലെ സുപ്രധാന കണ്ണിയായ ഹള്റത്തിന്റെ ബാല്യകാലത്തിന്റെ ചുരുക്കെഴുത്ത് നാല് കാര്യങ്ങളാണ്. (1) ഖുർആൻ നിലാവത്തും കൈപ്പടയും നന്നാക്കൽ (2) മിടുക്കും പരിശ്രമവും നിറഞ്ഞ കളികൾ (3) കവലയും കലക ളുമായി ബന്ധപ്പെട്ട ജോലികൾ. (4) മഹാനായ ഒരു വ്യക്തിത്വത്തിനരികിൽ ഹാജരാകലും സ്നേഹവാത്സല്യങ്ങൾ പിടിച്ചുപറ്റലും.”

ദീനീ- തർബിയത്തുകളുടെ ശരിയായ പരിണത ഫലങ്ങൾ ഇന്ന് കാണപ്പെടാത്തതെന്തുകൊണ്ടാണ് എന്നത് ആത്മാർത്ഥതയുള്ള മനസ്സുകളിലെല്ലാം ഉയരുന്ന ഒരു ചോദ്യമാണ്. ചിലപ്പോൾ പഠനത്തിൽ മിടുക്കനായിരിക്കും. പക്ഷേ, മറ്റൊരു ജോലിക്കും പറ്റുകയില്ല. ചിലവേള അതു രണ്ടും കാണും. പക്ഷെ മര്യാദയും സൽസ്വഭാവവും കാണുകയില്ല. ഈ പ്രശ്നങ്ങൾക്ക് സരളവും ഉത്തമവുമായ പരിഹാരം മേൽപറഞ്ഞ നാല് കാര്യങ്ങൾ മനസ്സിലാക്കിതരുന്നുണ്ട്.

📌 ബാല്യകാല സംഭവങ്ങൾ

1. ഹള്റത്ത് അവർകൾക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ മാതാമഹൻ മൗലവി വജീഹുദ്ദീൻ സാഹിബ് പൗത്രനുവേണ്ടി ഒരു പെരുന്നാൾ പൂടവകൊടുത്തയച്ചു. ഇതിനേക്കാൾ ഉയർന്ന വസ്ത്രം ഈ പെരുന്നാളിന് മറ്റാരും ധരിക്കുകയില്ലെന്ന് പറഞ്ഞ് മാതാവ് അത് മകന് നൽകിയപ്പോൾ, സാധുക്കളോട് അലിവും അനുകമ്പയുമുള്ള മകൻ കുരഞ്ഞുകൊണ്ട് പറഞ്ഞു: “ഇത് കൂടിയ വസ്ത്രം ഞാൻ എങ്ങനെ അണിയാനാണ്?" ദേഷ്യം വന്ന മാതാവ് പറഞ്ഞു: “ എന്തെങ്കിലും നല്ല സാധനങ്ങൾ നൽകുമ്പോഴെല്ലാം ഇതാണ് നിന്റെ അവസ്ഥ. ഒരിക്കലും നീ നല്ല വസ്ത്രം അണിഞ്ഞിട്ടില്ല." മാതാവിന്റെ വാക്കുകൾ കേട്ട് ഹള്റത്ത് കരച്ചിൽ അധികരിപ്പിച്ചു. മാത്രമല്ല, മാതാവ് മാറിയത് കണ്ടമാത്രയിൽ അത് പതുക്കെയെടുത്ത് അടുപ്പിലിട്ട് കരിച്ചുകളഞ്ഞു.

2. ബാല്യകാലത്ത് നാട്ടിൽ കടുത്ത ക്ഷാമമുണ്ടായി. ഗോതമ്പിനു പകരം ഗുണം കുറഞ്ഞ ചോളം കൊണ്ടുള്ള റൊട്ടി കഴിക്കേണ്ടിവന്നു. ഗോതമ്പ് ശീലിച്ച് അവർക്ക് ഇത് വലിയ പ്രയാ സമായിരുന്നു. ഇത്തരുണത്തിൽ കുറച്ചു നാളത്തേക്ക് സഹാറൻ പൂരിലെ മാതൃ്യ കുടുംബത്തിൽ പോയി താമസിക്കാമെന്ന് ആഗ്രഹം ഉദിച്ചെങ്കിലും ഇങ്ങനെ ചിന്തിച്ച് ആശ്വസിച്ചു. “അല്ലാഹു തആലാ, ചോളമെങ്കിലും തന്നിട്ടുണ്ട്. എത്രയോ സാധുക്കൾക്ക് അതുപോലും ലഭ്യമല്ല. അതു കൊണ്ട് ക്ഷമിച്ച് തൃപ്തിപ്പെട്ടുകഴിയാം.

“അല്ലാഹുവിന്റെ നല്ല ദാസന്മാർക്കും ഭൗതിക മോഹികൾക്കും ഭൗതിക വിഭവങ്ങൾ ലഭിക്കും. ഒരു വിഭാഗത്തിന് അന്തസ്സോടെയും മറു വിഭാഗത്തിന് നിന്ദ്യതയോടുകൂടിയായിരിക്കും ലഭിക്കുക എന്ന് മാത്രം." - മൗലാനാ മുഹമ്മദ് ഖാസിം رحمه اللّه.

📌പഠനവും പൂർത്തീകരണവും

നാനൂത്തയിലെ മക്തബീ വിദ്യാഭ്യാസത്തിനിടയിൽ പരിഭ്രമജനകമായ ഒരു സംഭവം നടന്നു. നാനൂത്തയിൽ താമസിച്ചിരുന്ന ശിയാക്കളുടെ പ്രചാരണത്തിൽ പെട്ട് ഹസ്റത്തിന്റെ ഒരു അകന്ന ബന്ധു തുഫൈൽ ഹുസൈൻ ശിയാ ആയി. ഇതിനെ തുടർന്ന് ഇദ്ദേഹവും ഹള്റത്തിന്റെ പിതാമഹൻ ഗുലാം ശാഹും തമ്മിൽ വഴക്ക് നടന്നു. വഴക്ക് മൂർച്ചിച്ചുകൊണ്ടിരുന്നു. ഇതിനിടെ ആരോ ഒരാൾ അദ്ദേഹത്തെ പരിക്കേൽപ്പിക്കുകയും തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. അങ്ങനെ അത് കേസായി. വിധികർത്താവ് ഗുലാം ശാഹിനെ വെറുതെ വിട്ടു. വിധിക്കു ശേഷം തുഫൈലിന്റെ ബന്ധുക്കളിൽ പ്രതികാരദാഹം ശക്തിപ്പെട്ടു.

ഹസ്റത്തിന്റെ പിതൃവ്യന്മാർക്കാർക്കും മക്കളില്ലായിരുന്നു. ഹസ്റത്തിന്റെ ഏക സഹോദരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു. അതുകൊണ്ട് കുടുംബസ്വത്തിന്റെ അടുത്ത പ്രധാന അവകാശി ഹള്റത്ത് ആയിരുന്നു. ഈ ഘട്ടത്തിൽ ശത്രുക്കളുടെ ഭാഗത്തുനിന്നും ഈ ഏക അവകാശിക്ക് വല്ല ഉപദ്രവവും സംഭവിക്കുമോ എന്ന ഭയം ഉടലെടുത്തു. അങ്ങനെ ഈ ബാലനെ നാട്ടിൽ നിന്നും മാറ്റിതാമസിപ്പിക്കുവാൻ മാതാപിതാക്കൾ തീരുമാനിച്ചു.

 സഹാറൻപൂർ, ഥാനാഭവൻ, കാന്ദ്ലറാംപൂർ എന്നിവിടങ്ങളിൽ പ്രധാന ബന്ധുക്കളുണ്ടായിരുന്നെങ്കിലും ഓതാനുള്ള സൗകര്യവും കൂടി നോക്കി ദേവ്ബന്ദിനെയാണ് അവർ അതിന് തിരഞ്ഞെടുത്തത്. എട്ട്, ഒൻപത് വയസ്സുള്ള ആ ബാലൻ അങ്ങനെ ദേവ്ബന്ദിലെത്തി. ഈ ബാലൻ സമീപ കാല ഭാവിയിൽ ഈ നാടിനെ സാക്ഷാൽ ദേവ്ബന്ദാക്കി മാറ്റി. പിശാചുക്കളെ തടഞ്ഞുനിർത്തുന്ന ഒരു ഉന്നത കോട്ട ഇവിടെ പബിതുയർത്തുമെന്ന് അന്ന് അല്ലാഹുവല്ലാതെ മറ്റാര് അറിയാൻ!

ഹസ്റത്തിന്റെ അകന്ന ബന്ധുവായ ശൈഖ് കറാമത്ത് ഹുസൈന്റെ വീട്ടിലായിരുന്നു താമസം. വലിയ സൽക്കാര പ്രിയനായിരുന്ന ശൈഖ് കറാമത്തിന്റെ വീട്ടിൽ തന്റെ പ്രകൃതിയനുസരിച്ച് വളരെ ലളിത രീതിയിലാണ് ഹസ്റത്ത് കഴിഞ്ഞിരുന്നത്. പലപ്പോഴും വിശപ്പുണ്ടായെ ങ്കിലും ലജ്ജനിമിത്തം വിശപ്പുകടിച്ചിറക്കിയിരുന്നു. ണ്ടുമാസം കൂടുംതോറും നാനുത്തയിൽ പോയിരുന്നു. പക്ഷേ ഉമ്മയോട് ഈ പ്രയാസങ്ങളൊന്നും പറഞ്ഞിരുന്നില്ല.

 അന്ന് ദേവ്ബന്ദിലുണ്ടായിരുന്ന ഒരു പ്രധാന ആലിമാണ് ശൈഖ് മഹ്താബ് അലി. സുപ്രസിദ്ധ ഖാരിഅ് മൗലാനാ ദുൽഹിഖാർ അലി رحمه اللّه യുടെ സഹോദരനായ ശൈഖിന് അരികിൽ ഹസ്റത്ത് അറബിയുടെ പ്രാരംഭ പാഠങ്ങൾ പഠിച്ചു. അവിടെ ഓതിയ നാളുകൾ ഇന്ന് ദാറുൽ ഉലൂം നില നിൽക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാണ് ഹള്റത്ത് കഴിച്ചുകൂട്ടിയത്.

ഏതാനും മാസങ്ങൾക്കു ശേഷം സഹാറൻപൂരിലേക്ക് പോവുകയും അവിടെ മാതാമഹനരികിൽ താമസമാക്കുകയും ചെയ്തു. മൗലവി മുഹമ്മദ് നവാസ് എന്ന അറബി-ഹാരിസി പണ്ഡിതനായിരുന്നു അവിടെ ഗുരുനാഥൻ.

സഹാറൻപൂരിലെ ഈ പഠനത്തിനിടയിൽ ഹിജ്റ: 1257 ൽ ഹസ്റത്തിന്റെ മാതാമഹൻ ദിവംഗതരായി, അതോടെ ഹസ്റത്ത് നാട്ടിലേക്ക് മടങ്ങി. അന്ന് ദൽഹിയിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരുന്ന ഒരു മഹാനാണ് മൗലാനാ മംലൂക് അലി നാനൂത്തവി رحمة اللّه عليه. ഹസ്റത്ത് നാട്ടിലെത്തിയ സമയം മൗലാനാ പുണ്യഹിജാസിലായിരുന്നു. ഒരു വർഷത്തിനകം മൗലാനാ തിരിച്ചെത്തി. തുടർന്നുള്ള വിദ്യാഭ്യാസം മൗലാനായുടെ അരികിലായിരുന്നു. 

📌മൗലാനാ മംലൂക് അലി നാനൂതവി رحمه اللّه

അന്ന് ജീവിച്ചിരുന്ന ഒരു മഹാപണ്ഡിതനായ മൗലാനാക്ക് ഫിഖ്ഹെീ കിതാബുകൾ മനപ്പാഠമായിരുന്നു. ഫാരീസി-ഉറുദു-അറബി മൂന്നു ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. സർ സയ്യിദ് അഹ്‌മദ് ഖാൻ എഴുതുന്നു: “മഅ്ഖൂൽ-മൻഖൂലുകളുടെ കിതാബുകളഖിലം നഷ്ടമായാലും മഹാനവർകളുടെ ഓർമ്മയിൽ നിന്നും അവ വീണ്ടും കുറിച്ചെടുക്കുവാൻ കഴിയുന്നതാണ്.

ശാഹ് അബ്ദുൽ അസീസ് رحمه اللّه യുടെ പ്രധാന ശിഷ്യനായ മൗലാനാ റഷീദുദ്ദീൻ رحمه اللّه ആണ് മൗലാനായുടെ ഉസ്താദ്. അർദ്ധരാത്രി വരെ മഹാനവർകളുടെ ദർസുകൾ നീണ്ടുനിന്നിരുന്നു. ഹി: 1267 ദുൽഹജ്ജ് 11 ന് വഫാത്തായി. ദൽഹിയിലാണ് ഖബറിടം മഹാന്മാരും പ്രഗത്ഭരുമായ അനേകായിരങ്ങളുടെ ഗുരുവര്യനാണ് മഹാനവർകൾ.

📌ദൽഹിയിലേക്ക് 

ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ മൗലാനാ മംലൂക് അലി, ഹസ്റത്തിനെ ദൽഹിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. മാതാപിതാക്കൾ അനുമതി നൽകി. അങ്ങനെ 10-11 വയസ്സുള്ള ഹസ്റത്ത് 1259 ൽ ദുൽഹജ്ജ് അവസാനം ദൽഹിയിലേക്ക് യാത്രയായി. ഏതാനും ദിവസങ്ങൾക്കകം 1260 മുഹർറം രണ്ടിന് ഉസ്താദിനോടൊപ്പം ദൽഹിയിൽ എത്തി.

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരുടെ കാലുകളുറച്ചു തുടങ്ങിയ അന്നത്തെ ദൽഹിയിൽ മുഗൾ ഭരണകൂടത്തിന്റെ വിളക്ക് അണയാനടുത്തിരുന്നു. വലിയുല്ലാഹി കുടുംബത്തിലെ രണ്ട് പ്രധാന മഹാന്മാരുടെ (ശാഹ് മുഹമമദ് ഇസ്ഹാഖ് ദഹ്ലവി رحمه الله, ശാഹ് മുഹമ്മദ് യഅ്ഖൂബ് ദഹ്ലവി رحمه اللّه) പാലായനം വമ്പിച്ച നഷ്ടം വരുത്തിയെങ്കിലും നിരവധി മഹാന്മാരും പ്രഗത്ഭരും അന്നും അവിടെ നിറഞ്ഞുനിന്നിരുന്നു. ശൈഖ് മുജദ്ദിദ് സർഹിന്ദി رحمة اللّه عليه യുടെ പരമ്പരയിൽപ്പെട്ട ശാഹ് അഹ്‌മദ് സഈദ്, ശാഹ് അബ്ദുൽഗനി മുതലായ മഹാന്മാരും മൗലവി നദീർ ഹുസൈൻ , മുഫ്തി സദ്റുദ്ദീൻ തുടങ്ങിയ പ്രഗത്ഭരും അന്നവിടെയുണ്ടായിരുന്നു. അന്ന് ദൽഹിയിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയാണ് അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകൻ സർ സയ്യിദ് അഹ്‌മദ്ഖാൻ. കൂടാതെ, നിരവധി കവികളും അന്നവിടെ അരങ്ങ് തകർത്തിരുന്നു.

📌തഅ്ലീമിന്റെ തുടക്കം

 ദൽഹിയിലെത്തി ഒരു ദിവസം കഴിഞ്ഞ് മുഹർറം നാലിന് ബുധനാഴ്ച പാഠങ്ങൾ ആരംഭിച്ചു. ഇവിടെ ഒരു കാര്യം ഓർക്കുക; ഏതാനും വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മുസൽമാന്റെ ആശാകേന്ദ്രമായ ദാറുൽ ഉലൂം സമാരംഭിച്ചതും ഇതുപോലൊരു മുഹർറം മാസത്തിലായിരുന്നു. 

മൗലാനാ മംലൂക് അലി ദൽഹിയിലെ അറബിക് കോളേജിലെ ഉസ്താദായിരുന്നുവെങ്കിലും വീട്ടിൽവെച്ചും ദർസ് നടത്തിയിരുന്നു. ഈ വീട്ടിലെ ദർസിലാണ് ഹസ്റത്ത് ഓതിയിരുന്നത്. കിഫായ്ക്ക് മുമ്പുള്ള പ്രാഥമിക കിതാബുകൾ ദേവ്ബന്ദിലും സഹാറൻപൂരിലുമായി ഹസ്റത്ത് ഓതിയെന്നും അവ മറക്കാതെ സൂക്ഷിച്ചുവെന്നും ഇതിലൂടെ വ്യക്തമാകുന്നു.

📌ആത്മസുഹൃത്ത്

ഒരു വർഷം കഴിഞ്ഞപ്പോൾ ഹള്റത്തിന് ഒരു സഹപാഠിയെ കിട്ടി. മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി رحمه الله. അവിടെ നിന്നും ആരംഭിച്ച സ്നേഹ സൗഹൃദങ്ങൾ ജീവിതാന്ത്യം വരെ നീണ്ടുനിന്നു. മരണാനന്തരവും അങ്ങനെ തന്നെ കഴിയാൻ ഇരു മഹാന്മാരും ആഗ്രഹിച്ചിരുന്നു. അല്ലാഹുതആലാ അവരുടെയും നമ്മുടെയും ആഖിറത്തെ സുഖ-സന്തോഷങ്ങളിലാകട്ടെ!

തഫ്സീർ, ഉസൂൽ, ഫിഖ്ഹ്, മആനി, മൻത്വിഖ്, ഫൽസഫ, ഹെൽത്ത്, രിയാളി മുതലായ മുഴുവൻ ദർസീ വിഷയങ്ങളും, പുണ്യ ഹദീസ് ഒഴികെ മൗലാനാ മംലൂക് അലി رحمه الله യിൽ നിന്നുമാണ് ഹസ്റത്ത് ഓതിയത്. ഹി.1267 ദുൽഹജ്ജ് പതിനൊന്നിന് പ്രിയ ഉസ്താദ് ദിവംഗതരായി, അവസാന നാളുകളിൽ ഉസ്താദിന്റെ ഖിദ്മത്തുകൾ ഹസ്റത്താണ് ചെയ്തിരുന്നത്. 

മൗലാനാ യഅ്ഖൂബ് رحمه اللّه പറയുന്നു: “മരുന്നു തയ്യാറാക്കൽ, വിശറി വീശൽ തുടങ്ങി മുഴുവൻ സേവനങ്ങളും അദ്ദേഹമാണ് ചെയ്തിരുന്നത്. ഞങ്ങൾ ക്ഷീണം നിമിത്തം ഉറങ്ങിപ്പോയിരുന്നു. പക്ഷേ, അദ്ദേഹം ഉറങ്ങാതെ പിതാവിനരികിൽ നിലയുറപ്പിച്ചിരുന്നു.


📌സംഭവങ്ങൾ 

1) പഠന കാര്യങ്ങളിൽ മിടുക്കനായിരുന്ന ഹസ്റത്ത് ഇവിടെവെച്ച് ഉസ്താദിന്റെ മതിപ്പ് വളരെ പെട്ടെന്ന് തന്നെ നേടിയെടുത്തു. ഉസ്താദ് എല്ലാ വ്യാഴാഴ്ചയും താഴെ ക്ലാസുകാർക്ക് പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയത് ഹസ്റത്തിനെയാണ്. 

2) മൗലാനാ മംലൂക് അലി رحمه اللّه യുടെ വീടിനടുത്ത് ഒരു പള്ളി ഉണ്ടായിരുന്നു. മൗലാനാ നവാസിഷ് അലി رحمه اللّه എന്ന ഒരു മഹാൻ അവിടെ ദറസ് നടത്തിയിരുന്നു. അവിടെ ഉയർന്ന കിതാബുകൾ ഓതിയിരുന്ന മുതഅല്ലിമുകൾ നവാഗതനും ഗ്രാമീണനുമായ ഈ ബാലനെ കാണുമ്പോൾ പരീക്ഷണാർത്ഥം വിവിധ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ചോദ്യങ്ങൾ പലപ്പോഴും സംവാദങ്ങളിലേക്ക് കടക്കുമായിരുന്നു. മൗലാന യഅ്ഖൂബ് رحمه اللّه പ്രസ്താവിക്കുന്നു. എല്ലാ പ്രാവശ്യവും ഹസ്റത്ത് മികച്ച് നിന്നു. ഞങ്ങളുടെ കൂട്ടത്തിൽ പരാജയപ്പെട്ടവർ അദ്ദേഹത്തോടു സഹായം തേടുകയും അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു.

3) ദുഷ്കരമായ വിഷയമാണ് മഅ്ഖൂലാത്ത്. അതിന്റെ പ്രാരംഭ കിതാബുകൾ തന്നെ ചിന്തയില്ലാതെ വായിച്ചാൽ തെറ്റിപ്പോകും. എന്നാൽ മൗലാനാ യഅ്ഖൂബ് رحمه اللّه യുടെ വാക്കുകൾ കാണുക: “മീർസാഹിബ്, ഖാളി, സ്വദ്റ, ശംസ്ബാസിഗ മുതലായ കിതാബുകൾ, ഹാഫിള് ഖുർആൻ ഓതുന്നതുപോലെ അദ്ദേഹം ഓതിയിരുന്നു. ഇതുകണ്ട് ചില മുതഅല്ലിമുകൾ പിതാവിനോടു പറഞ്ഞു: ഇയാൾ ഒന്നും മനസ്സിലാകാതെ വായിച്ചു വിടുകയാണ്. പിതാവ് പ്രതിവചിച്ചു: എന്റെ മൂന്നിൽ മുതഅല്ലിമിന് മനസ്സിലാക്കാതെ വായിച്ചുവിടാൻ പറ്റില്ല." 

4) ഒരിക്കൽ ആത്മ സുഹൃത്തുക്കൾ തമ്മിൽ ഒരു വിഷയത്തിൽ സംവാദം നടത്തി. സംവാദം ശ്രവിച്ച ഉസ്താദ് അഭിപ്രായപ്പെട്ടു. “റശീദ് അഹ്‌മദ് പറയുന്നതാണ് ശരി, ഖാസിം ബുദ്ധി സാമർത്ഥ്യം കൊണ്ട് പിടിച്ചുനിൽക്കുകയാണ്." 

5) പ്രധാന കിതാബായ ഉഖ്ലീദസ് പഠിപ്പിക്കുന്നതിന് പകരം അത് സ്വന്തം നോക്കിക്കൊളളാൻ ഉസ്താദ് നിർദ്ദേശിച്ചു. അല്പ ദിവസത്തിനകം ഹസ്റത്ത് അത് നോക്കിക്കഴിഞ്ഞു എന്ന വിവരമറിഞ്ഞവർ അത്ഭുതപ്പെട്ടു. പലരും പല ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഹള്റത്ത് എല്ലാത്തിനും ശരിയുത്തരം നൽകി. ഒരു പണ്ഡിതൻ വളരെ കടുപ്പമായ ചില ചോദ്യങ്ങൾ തയ്യാറാക്കി നൽകി. പക്ഷേ, ഹസ്റത്ത് നിഷ്പ്രയാസം അതിന്റെ ഉത്തരം എഴുതി ക്കൊടുത്തു.

📌 ഹദീസ് ശരീഫിലേക്ക്

 ദർസീ കിതാബുകൾ പൂർത്തിയാക്കിയ ശേഷം പുണ്യഹദീസ് പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു. മൗലാനാ മംലൂക് അലി رحمه الله യുടെ അഭിപ്രായ പ്രകാരം അതിന് തിരഞ്ഞെടുത്തത് ശാഹ് അബ്ദുൽഗനി മുജദ്ദിദി رحمه اللّه യെയാണ്.

📌 ശാഹ് അബ്ദുൽ ഗനി മുജദ്ദിദി ഫാറൂഖി رحمة اللّه عليه

 മഹാനായ മുജദ്ദിദി رحمه الله ഹിജ്റ 1235 ൽ ദൽഹിയിൽ ഭൂജാതനായി. മുജദ്ദിദ് അൽഫസാനീ ശൈഖ് അഹ്മദ് സർഹിന്ദി رحمه الله യിലും അവിടെ നിന്നും സയ്യിദുനാ ഉമറൽ ഫാറൂഖ് رضي اللّه عنه യിലും മഹാനവർകളുടെ കുടുംബപരമ്പര ചെന്നുചേരുന്നു. ചെറുപ്പത്തിൽ തന്നെ ഇൽമുമായി ബന്ധപ്പെട്ടു. ഖുർആൻ ശരീഫ് മനനം ചെയ്തു. ഭൂരിഭാഗം കിതാബുകളും വിശിഷ്യ സ്വിഹാഹുസ്സിത്ത പിതാവ് അബൂസഈദ് മുജദ്ദിദി رحمه اللّه യിൽ നിന്നും ബുഖാരീശരീഫ് ശാഹ് ഇസ്ഹാഖ് ദഹ്‌ലവി رحمه اللّه യിൽ നിന്നും ഓതി, ഇജാസത്ത് നേടി. 

സിറാജുൽ ഹിന്ദ് ശാഹ് അബ്ദുൽ അസീസ് ഇബ്നു ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه اللّه യുടെ പ്രധാന ശിഷ്യരാണ് ഇവരിരുവരും.

മുസ്നദുൽഹിന്ദ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه اللّه യിൽ നിന്നും ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ رحمه اللّه യിൽ ചെന്ന് സന്ധിക്കുന്ന സനദ് പണ്ഡിതർക്കിടയിൽ പ്രസിദ്ധമാണ്. (വിവരണത്തിന് നോക്കുക; അൽ അനാഖീദുൽഗാലിയ-മിനൽ-അസാനീദിൽ-ആലിയ)

 അല്ലാമ അബ്ദുൽ ഹയ്യിൽ കത്താനി ഫഹ്‌രീസുൽ ഫഹാരീസിൽ എഴുതുന്നു: “പിൻഗാമികളുടെ ഹദീസ് പരമ്പരയിൽ ഇതിനേക്കാൾ സൂക്ഷ്മതയും ഉറപ്പുമുള്ള വേറെ പരമ്പരയില്ല. ഓരോ കാലഘട്ടത്തിലേയും സ്ഥലങ്ങളിലേയും മഹാന്മാരെല്ലാം ഈ പരമ്പരയിൽ ബന്ധപ്പെട്ടിട്ടുണ്ട്.”

ഹസ്റത്ത് മുജദ്ദിദി رحمه اللّه തസ്വവൂഫിന്റെ ശിക്ഷണം പിതാവിൽ നിന്നും കരസ്ഥമാക്കി. ഇൻജാഹുൽഹാജ് എന്ന പേരിൽ സുനനുബ്നുമാജയ്ക്ക് മഹാനവർകൾ രചിച്ച വ്യാഖ്യാനക്കുറിപ്പുകൾ വിലപ്പെട്ടതാണ്.

ക്രി.1887 വരെ ദൽഹിയിൽ താമസിച്ച് തഅ്ലീമും തസ്കിയത്തും നടത്തിയ മഹാൻ. 1887 ലെ സംഭവത്തെ തുടർന്ന് മദീനാ മുനവ്വറയിലേക്ക് ഹിജ്റ് ചെയ്തു. അവിടെ വെച്ചും സേവനങ്ങൾ തുടർന്നു. ഹി. 1296 ൽ വഫാത്തായി. ഹസ്റത്ത് ഖാസിമുൽ ഉലൂമിനെ കൂടാതെ നിരവധി മഹാന്മാർ ഹസ്റത്ത് മുജദ്ദിദിയുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഇമാമുറബ്ബാനി റശീദ് അഹ്‌മദ് ഗംഗോഹി,അല്ലാമതുൽ ജലീൽ മുഹമ്മദ് യഅ്ഖൂബ് നാനൂതവി, ആലിമുൽ കബീർ മുല്ലാ മഹ്‌മൂദ് ദേവ്ബന്ദി, ശൈഖുൽ അജൽ അല്ലാമാ റഹ്‌മത്തുല്ലാ കീരാനവി, ശൈഖ് അബ്ദുൽ ഹലീം അൻസ്വാരി, അല്ലാമാ അബുൽ ഹസനാത്ത് അബ്ദുൽ ഹയ്യ്, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ, അല്ലാഹമാ ഖലീൽ അഹദ് സഹാറൻപൂരി മുതലായവർ رحمهم اللّه تعالى അവരിൽ സ്മരണീയരാണ്.

📌ജോലി

വിദ്യാഭ്യാസ ജീവിതത്തിന്റെ അന്തിമഘട്ടത്തിലും അതിനുശേഷവുമായി കുറേ നാൾ ഹസ്റത്ത് മൗലാനാ അഹ്മദ് അലി സഹാറൻപൂരി رحمه اللّه യുടെ പ്രസ്സിൽ കിതാബുകൾ തിരുത്തുന്ന ജോലി ചെയ്തിരുന്നു. തന്റെ ഭാരം മറ്റാരുടെമേലും ഇടാതിരിക്കാനും കൂടിയാണ് ഹള്റത്ത് ഇങ്ങനെ ചെയ്തത്. മറുഭാഗത്ത്, ഇന്ത്യയിലെ ഇൽമീ മേഖലയിൽ പ്രധാന സേവനങ്ങൾ സമർപ്പിച്ച ഒരു സ്ഥാപനമാണ് സഹാറൻപൂരി رحمه الله യുടെ അഹ്‌മദീ പ്രസ്. 

സാധുക്കളായ ഇൽമിന്റെ അഹ്‌ലുകാർക്ക് സഹായകരമായ ശൈലിയിൽ (കുറഞ്ഞ താളുകളിൽ കൂടുതൽ വിജ്ഞാനം) ഇദംപ്രഥമമായി കിതാബുകൾ അച്ചടിക്കപ്പെട്ടത് ഈ പ്രസ്സിലാണ്.

📌ബുഖാരി ശരീഫിന്റെ ഹാശിയ

മൗലാനാ അഹ്‌മദ് അലി رحمه اللّه ബുഖാരി ശരീഫിന്റെ പഴയ അച്ചടിതെറ്റുകൾ തിരുത്തി ഹാശിയ (വ്യാഖ്യാനക്കുറിപ്പുകൾ) സഹിതം ഇറക്കുന്ന ശ്രമത്തിലായിരുന്നു അന്ന്. ഓതി പൂർത്തിയാക്കി അധികം നാളുകൾ പിന്നിട്ടിട്ടില്ലാത്ത, ഏതാണ്ട് 22-23 വയസ്സ് മാത്രമുള്ള ഹസ്റത്തിന്റെ ശേഷിയും സാമർത്ഥ്യവും മനസ്സിലാക്കിയ മൗലാനാ , ബുഖാരിയുടെ അവസാനത്തെ അഞ്ച് ജൂസുകൾ തസ്ഹീഹ് ചെയ്യാനും അതിന് ഹാശിയ എഴുതാനും ഹസ്റത്തിനെ ഏൽപ്പിച്ചു.

ഈ വിവരം അറിഞ്ഞ ദൽഹിയിലെ ഉലമാ വൃന്ദം മൗലാനാ സഹാറൻപൂരിനെ വിമർശിച്ചു. ബുഖാരി ശരീഫിന്റെ വളരെ കടുപ്പം നിറഞ്ഞ ഭാഗങ്ങളാണ് അവസാനത്തെ ഭാഗം. വിശിഷ്യാ ഇമാമുൽ അഅ്ള رحمة اللّه عليه യെയും കൂട്ടരെയും ഇമാം ബുഖാരി رحمه الله ഈ ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ "ബഅ്ളുന്നാസ്" എന്നു പറഞ്ഞ് വിമർശിച്ചിട്ടുണ്ട്. ഈ ഭാഗത്തിന് ഹാശിയ കുറിക്കാൻ ഈ നവാഗതനെ ഏൽപ്പിച്ചത് ശരിയായില്ല എന്നവർ വാദിച്ചു.

മൗലാനാ സഹാറൻപൂരി വിമർശനങ്ങൾ വകവെച്ചില്ല. ഹസ്റത്തവർകൾ ഇതിനെ തന്റെ സൗഭാഗ്യമായി കരുതി സേവനത്തിൽ നിരതനായി. അവസാനത്തെ അഞ്ച് ജൂസുകളുടെ ഹാശിയ പൂർത്തിയാക്കി. ഹാശിയ കണ്ട് സന്തോഷിച്ച മൗലാനാ സഹാറൻപൂരി رحمه الله അത് വിമർശകരെ കാട്ടിക്കൊണ്ട് പറഞ്ഞു: “ചിന്തിച്ചാലോചിക്കാതെ, ഇക്കാര്യം ആരെയെങ്കിലും ഏൽപ്പിക്കാൻ ഞാൻ മടയനല്ല.”

അത് കണ്ട ഉലമാഅ്, തങ്ങളുടെ വിമർശനം നിറുത്തുകയും ഹസ്റത്തിന്റെ അർഹത സമ്മതിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിൽ സുലഭമായ ബുഖാരി ശരീഫിന്റെ അവസാനത്തെ അഞ്ച് ജൂസുഉകളിൽ ആ ഹാശിയ കാണാവുന്നതാണ്.

📌ദുഃഖഭാരം 

 ഹസ്റത്ത് അവർകൾ വിദ്യാഭ്യാസം നടത്തിയതും തുടർന്ന് കുറെ നാളുകൾ കഴിച്ചുകൂട്ടിയതും ദൽഹിയിലാണ്. അതെ, മുസ്‌ലിം ഇന്ത്യയുടെ സുന്ദര-സുമോഹനങ്ങളായ ഇന്നലകൾ നിറഞ്ഞ ദൽഹി. 

പക്ഷേ, ഇന്നത് ദുഃഖത്തിന്റെയും പതനത്തിന്റെയും കണ്ണുനീർ പൊഴിക്കുകയാണ്. തന്ത്രശാലികളായ ഇംഗ്ലീഷുകാരുടെ വിജയങ്ങളും അവരുടെ ബദ്ധവൈരികളായ മുസൽമാന്റെ പരാജയങ്ങളും നിറഞ്ഞ നാളുകൾ. ഒരുഭാഗത്ത് ദൽഹിയിൽ മുസ്‌ലിം ഭരണം ഏതാണ്ട് അസ്തമിച്ചു. മറുഭാഗത്ത് പ്രതീക്ഷകൾ പരത്തി മുന്നേറിയവരെല്ലാം പരാജയപ്പെടുന്നു... 

പ്രതിദിനം, അരങ്ങേറുന്ന ഈ ദുരന്തങ്ങൾ ഹസ്റത്തിനെ കടുത്ത ദുഃഖത്തിലും വ്യസനത്തിലും ആഴത്തി. കൂട്ടത്തിലുണ്ടായിരുന്ന മൗലാനാ യഅ്ഖൂബ് رحمه اللّه വിവരിക്കുന്നു: “സദാ സന്തോഷപ്രകൃതിക്കാരനായി കാണപ്പെട്ട അദ്ദേഹം അക്കാലത്ത് സർവ്വതാ ദുഖിതനായി കാണപ്പെട്ടു. തലമുടി വളരെ വളർന്നു. കഴുകലും ചീകലൂം എണ്ണപുരട്ടലും വെട്ടലും ഒതുക്കലും ഒന്നുമില്ല, അത്ഭുതകരമായ കാേലമായിരുന്നു. 

ഞങ്ങളുടെ വീട്ടിൽ ഒരു പഴയ കട്ടിലുണ്ടായിരുന്നു. അതിൽ സദാ കിടന്നിരുന്ന അദ്ദേഹം ചിലപ്പോൾ എഴുന്നേറ്റ് റൊട്ടി ചുടുകയും അത് തന്നെ ധാരാളം നേരം കഴിക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ വളരെ നിർബന്ധിച്ചാൽ മാത്രം കറി വാങ്ങിയിരുന്നു. മറ്റു സമയങ്ങളിലെല്ലാം ഉണങ്ങിയ റൊട്ടി ചവച്ചുകഴിയുമായിരുന്നു. ഹസ്റത്ത് അവർകളുടെ ഈ ചിന്താവ്യാകുലതകളുടെയും ദുഃഖ-വ്യവസങ്ങളുടെയും പരിണിത ഫലങ്ങളാണ്, ഏതാനും വർഷങ്ങൽക്ക് ശേഷം ദാറുൽ ഉലൂമായും മറ്റും രൂപാന്തരപ്പെട്ടത്.

📌തസ്വവ്വുഫിന്റെ പാതയിൽ

ഹസ്റത്ത് അവർക്കൾക്ക് ചെറുപ്പം മുതൽക്കേ പരിചയമുള്ള ഒരു മഹാനാണ് ഹസ്റത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി رحمه اللّه. ദൽഹി നാനൂത റൂട്ടിലുള്ള ഒരു പ്രധാന സ്ഥലമായ ഥാനാഭവനായിരുന്നു മഹാനവർകളുടെ നാട്. ദൽഹിയിൽ നിന്നും നാട്ടിലേക്ക് പോക്കുവരവ് നടത്തുമ്പോഴെല്ലാം ഹസ്റത്ത് സ്ഥാനാഭവനിൽ ഇറങ്ങി മഹാനെ കണ്ടിരുന്നു. മഹാനവർകളും ദൽഹിയിൽ വരുമ്പോൾ ഹസ്റത്തിനെയും മൗലാനാ ഗംഗോഹിയെയും പ്രത്യേകം കണ്ടിരുന്നു. ഇരു സുഹൃത്തുക്കളും തസ്വവുഫ്-സുലൂകിന്റെ പാതയിൽ തങ്ങളുടെ മുർശിദായി തിരഞ്ഞെടുത്തത് ഹാജി സാഹിബ് رحمه الله യെയാണ്. ഇൽമിന്റെയും മഅരിഫത്തിന്റെയും സമുദ്രമായ മഹാനവർകളെ ഹൃസ്വമായി ഇവിടെ പരിയപ്പെടുക.

ഹി. 1231-ൽ ഥാനാഭവനിലെ പ്രസിദ്ധമായ ഫാറൂഖി കുടുംബത്തിൽ മഹാനവർകൾ ഭൂജാതനായി. പ്രഥമമായി ഖുർആൻ മനനം ചെയ്തു. തുടർന്ന് അറബി-ഫാരിസി പഠനത്തിൽ മുഴുകി. അല്ലാഹുവിന്റെ വിശിഷ്ട ഔദാര്യമായ, “ലദുന്നീ ഇൽമുകളുടെ" കേന്ദ്രമായിരുന്നു മഹാ ത്മാവ് എന്ന വസ്തുത ഇന്നും പലർക്ക് അജ്ഞാതമാണ്. ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം رحمة اللّه عليه പറയുന്നു: “ഹസ്റത്ത് ഹാജി സാഹിബിന്റെ തഖ്‌വ കാരണമായി മറ്റു ചിലരും ഹസ്റത്തിനെ സ്നേഹിക്കുന്നു. എന്നാൽ, എന്റെ സ്നേഹത്തിന്റെ കാരണം ഹസ്റത്തിന്റെ അറിവാണ്." 

ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം رحمه اللّه യുടെ ഗ്രന്ഥങ്ങളിൽ ഏറ്റം കടുപ്പം നിറഞ്ഞ ഗ്രന്ഥമാണ് "ആബെ ഹയാത്ത്'. സാധാരണ പണ്ഡിതർക്കുപോലും ഗ്രഹിക്കൽ ദുഷ്കരമായ പ്രസ്തുത ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ഹസ്റത്ത് കുറിച്ച വരികൾ ശ്രദ്ധേയമാണ്. “ഇതിന്റെ പകർപ്പ് ഹസ്റത്ത് ഹാജി ഇംദാദുല്ലാ സാഹിബിന് മുന്നിൽ വിനീതൻ സമർപ്പിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്തിന് എങ്ങനെ നന്ദി രേഖപ്പെടുത്താൻ? ഈ ചെറിയ ഹദ്‌യ ഹസ്റത്ത് സ്വീകരിക്കുകയും സമ്മാനമായി ദുആകൾ കനിയുകയും ചെയ്തു. കൂടാതെ, ഇതിനെ ശരി വെച്ച് ഈ വിവരമില്ലാത്തവനെ സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ, അർഹതയും അറിവുമില്ലാത്തതിനാൽ ഇത് ശരിയായിരിക്കുമോ എന്ന് സംശയിച്ചിരുന്ന എന്റെ സംശയം ദൂരീകരിക്കപ്പെട്ടു." 

ളിയാഉൽ ഖുലൂബ്, ഗുൽസാറെമരിഫത്ത് മൂതലായ ഗ്രന്ഥങ്ങൾ ഹാജി സാഹിബ് رحمه اللّه യുടെ അഗാധ പാണ്ഡിത്യത്തെ വിളിച്ചറിയിക്കുന്നതാണ്.തസ്വവുഫിലേക്ക് തുടക്കം മുതൽക്കേ ചായ്‌വുണ്ടായിരുന്ന ഹാജി സാഹിബ് ആദ്യം ശാഹ് നസ്വിറുദ്ദീൻ ദഹ്‌ലവി رحمه اللّه യെ ബൈഅത്ത് ചെയ്തു. ഹസ്റത്ത് നസീറുദ്ദീൻ ദഹ്‌ലവിയുടെ വിയോഗാനന്തരം സിറാജൂൽ അത്ഖിയാ ഹസ്റത്ത് നൂർ മുഹമ്മദ് رحمه الله യെ ബൈഅത്ത് ചെയ്തു.

ഹസ്റത്ത് ഹാജി സാഹിബ് رحمه اللّه യുടെ സമ്പൂർണ്ണതകൾ ഗ്രഹിച്ച ഹസ്റത്ത് നൂർ മുഹമ്മദ് رحمه اللّه മഹാനവർകൾക്ക് തന്റെ ഖിലാഫത്ത് നൽകി.

ക്രി.1857 നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായിരുന്നു ഹാജി ഇംദാദുല്ലാഹ് മുഹാജിർ മദനി رحمه اللّه. അതിന്റെ വിവരണം പിന്നാലെ വരുന്നതാണ്. സമരാനന്തരം സ്വദേശത്തോടു വിടപറഞ്ഞ ഹാജി സാഹിബ് رحمه اللّه പൂണ്യ മക്കയെ ലക്ഷ്യമിട്ടു. അങ്ങനെ മുഹാജിർ മക്കയായി. 

84-ാം വയസ്സിൽ ഹി.1317 ജമാദുൽ ആഖിർറിൽ മക്ക മുകർറമയിൽ വെച്ച് വഫാത്തായി. ഹസ്റത്ത് ഹാജി സാഹിബ് رحمه اللّه യെ ബൈഅതു ചെയ്തവർ നിരവധിയാണ്. ദക്ഷിണേന്ത്യയിൽ നിന്നും അതിന് സൗഭാഗ്യം സിദ്ധിച്ച ഒരു മഹാനാണ് മദ്റസാ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ സ്ഥാപകൻ മൗലാനാ അബ്ദുൽ വഹാബ് ഖാദിരി വേലൂരി رحمه اللّه. ഹസ്റത്ത് ഹാജി رحمه الله യുടെ മുപ്പത്തിമൂന്നോളം വരുന്ന ഖലീഫാമാരിൽ പ്രധാനപ്പെട്ടവർ ഇവരാണ്:- മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി, മൗലാനാ മുഹമ്മദ് ഖാസിം, മൗലാനാ മുഹമ്മദ് യഅ്ബ് നാനൂതവി, ഹാജി സയ്യിദ് മുഹമ്മദ് ആബിദ്, മൗലാനാ അശ്റഫ് അലി ഥാനവി
 رحمهم اللّه تعالى

📌കടുത്ത മുജാഹദകൾ

തസ്വവ്വുഫിന്റെ വഴിയിലേക്ക് കടന്ന ഹസ്റത്ത് കടുത്ത മുജാഹദകൾ പതിവാക്കി. പ്രതിദിനം ആറ്-ഏഴ് മണിക്കൂർ ദിക്റിൽ മുഴുകിയിരുന്നു. ഒരു ഒറ്റമുണ്ട് മാത്രം ഉടുത്താണ് നനഞ്ഞ് കുതിർന്നിരുന്ന അത് ഉണക്കാനിടുമായിരുന്നു. മൗലാനാ യഅ്ഖൂബ് رحمه الله പറയുന്നു: അദ്ദേഹം ചെയ്തിരുന്ന മുജാഹദകൾ ഇനി മറ്റാരെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല. ദൽഹിയിൽ ഞങ്ങൾ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ വിയോഗാനന്തരം ഞാൻ ജോലിക്ക് അജ്മീറിലേക്ക് പോയി. മറ്റു കൂട്ടുകാരും വിട്ടുപിരിഞ്ഞു. പക്ഷേ അദ്ദേഹം അവിടത്തന്നെ മാസങ്ങളോളം ഒറ്റയ്ക്ക് കഴിഞ്ഞിരുന്നു. മൗലാനാ ഖാരി ത്വയ്യിബ് رحمه الله വിവരിക്കുന്നു; ഒരിക്കൽ ഹസ്റത്ത് ആ വീട്ടിൽ ദിക്റിൽ മുഴുകിയിരിക്കുകയായിരുന്നു. ഉള്ളിൽ നിന്നും ഉയരുന്ന വലിയ അടിയുടെ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രമിച്ചു. കതക് കുത്തിത്തുറന്ന് നോക്കിയപ്പോൾ, ഹസ്റത്ത് ഉറക്കെ ദിക്ർ ചൊല്ലുന്നു. ഹസ്റത്തിന്റെ മുന്നിൽ ഒരു സർപ്പം തലയുയർത്തി നിൽപ്പുണ്ട്. ഹസ്റത്ത് "ഇല്ലല്ലാഹ്' എന്ന് ചൊല്ലുമ്പോൾ ആ സർപ്പവും അതിന്റെ തല താഴെ തല്ലുന്നു. ഹസ്റത്ത് തല ഉയർത്തുമ്പോൾ അതും ഉയർത്തുന്നു. പക്ഷെ ദിക്റിൽ ലയിച്ച ഹസ്റത്ത് ഇതൊന്നും അറിഞ്ഞില്ല. ജനങ്ങൾ ആ പാമ്പിനെ തല്ലിപ്പുറത്താക്കി. ശൈഖുമായി ഹസ്റത്ത് പുലർത്തിയ സ്നേഹ-ബഹുമാനങ്ങൾ, അതിന്റെ പരിണിത ഫലങ്ങൾ മുതലായ കാര്യങ്ങൾ യഥാസ്ഥാനങ്ങളിൽ വരുന്നതാണ്.

📌കുടുംബ ജീവിതം

മാതാപിതാക്കളോട് അതിരറ്റ സ്നേഹാദരവുകൾ. എന്നാൽ അനുസരണ അല്ലാഹുവിന് പൊരുത്തമായതിനാൽ മാത്രം. മാതാപിതാക്കളോടുള്ള കടമയുടെ വിഷയത്തിൽ ഇസ്ലാം പഠിപ്പിക്കുന്ന അദ്ധ്യാപനങ്ങളുടെ രത്നച്ചുരുക്കമാണിത്. മുൻഗാമികളെല്ലാം ഇത് ജീവിതത്തിൽ പകർത്തി കാണിച്ചുതന്നു. ഹസ്റത്ത് അവർകളും ഈ വിഷയത്തിൽ ഒരു ഉത്തമ മാതൃകയാണ്. അല്ലാഹുതആലാ ഇവ പ്രയോജനപ്പെടുത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ.

📌 സ്നേഹാദരവുകൾ 

വലിയ വിദ്യാസമ്പന്നനായിരുന്നിട്ടും ഉന്നത ഉദ്യോഗങ്ങളൊന്നും കൂടാതെ ഗ്രാമീണനായി കഴിഞ്ഞുകൂടിയ ആളായിരുന്നല്ലോ ഹസ്റത്ത് അവർകളുടെ പിതാവ് ശൈഖ് അസദ് അലി. എന്നാൽ, ഇന്ത്യയൊട്ടുക്കും പ്രശസ്തി പരന്നിട്ടും ഹസ്റത്ത് പിതാവിന് മുന്നിൽ വിനീതനായ ഒരു സേവകനെപ്പോലെയാണ് പെരുമാറിയിരുന്നത്. യാത്ര കഴിഞ്ഞ് നാട്ടിൽ വന്നാലുടൻ നേരെ പള്ളിയിൽ പോയി രണ്ട് റകഅത്ത് നമസ്കരിക്കലായിരുന്നു ഹസ്റത്തിന്റെ പതിവ്. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരാകെ ഇളകിമറിഞ്ഞ് പള്ളിയിലേക്ക് പ്രവഹിച്ചിരുന്നു. അക്കൂട്ടത്തിൽ ശൈഖ് അസദ് അലിയും വന്നിരുന്നു. നാട്ടുകാരുടെ സ്നേഹാദരവുകൾ നിറഞ്ഞ സലാമും സംസാരങ്ങളും നടക്കുന്നതിനിടയിൽ പിതാവിനെ പ്രിയമകൻ കാണും. പിന്നെ, പരിസരം മറന്ന് ഹസ്റത്ത് പിതാവിനരികിൽ ധൃതിപിടിച്ചെത്തുകയും ആദരപൂർവ്വം കാലിൽ വീഴുകയും ചെയ്തിരുന്നു. കാലിൽ നിന്നും തല ഉയർത്തി കരങ്ങൾ പിടിച്ചു ചുംബിക്കും. ഇത്തരുണത്തിൽ പിതാവ് സാധാരണ പറഞ്ഞിരുന്ന വാക്ക് ഇതാണ്: “മകനേ, നന്മ വരട്ടെ! നിനക്കിപ്പോൾ യാത്ര വളരെ കൂടുതലാണ്, നമ്മുടെ അവസാന നേരം നീ അടുത്തുണ്ടാകണമെന്നാണ് ആഗ്രഹം." ഉടനെ ഹള്റത്ത് പറയും: “വാപ്പ, കല്പനപകാരം ചെയ്യാൻ ഞാൻ തയ്യാറാണ്." 

ഉത്തരേന്ത്യൻ ജനങ്ങൾ പുകവലിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഒരു ഉപകരണ മാണ് ഹുഖ. നാട്ടിലുള്ളപ്പോഴെല്ലാം ഹസ്റത്ത് നമസ്കാരം കഴിഞ്ഞ ശേഷം പിതാവിനരികിലെത്തി ചോദിക്കും: “വാപ്പാ ഹുഖയിൽ തീയുണ്ടാ?" ഇല്ലെന്ന് മറുപടി കേൾക്കണ്ട താമസം, അതെടുത്തു കൊണ്ടുപോയി തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഇതുകണ്ട് ചിലർ, ഇത്രവലിയ ആലിമിനെക്കൊണ്ട് ഈ ജോലി ചെയ്യിക്കയാണോ എന്ന് ശൈഖിനെ ശകാരിച്ചിരുന്നു. ഇതു ശൈഖ്, ഇടയ്ക്കിടെ പറഞ്ഞിരുന്നു: “മോനെ, ജനങ്ങൾ എന്നെ വിമർശിക്കുന്നു. നീ ഇനി ഇത് ചെയ്യരുത്.” സൗഭാഗ്യശാലിയായ മകന്റെ മറുപടി കേൾക്കുക: “ജനങ്ങൾ ശകാരിച്ചുകൊള്ളട്ടെ! ഞാൻ താങ്കളുടെ മകനാണ്, ഒരു എളിയ അടിമയാണ്." 

ദാറുൽ ഉലൂമിന്റെ സംസ്ഥാപനത്തിനു ശേഷം ഹസ്റത്ത് അധികവും ദേവ്ബന്ദിലാണ് താമസിച്ചിരുന്നത്. മകനെയും കൂട്ടത്തിൽ ബന്ധുക്കളെയും കാണാൻ ശൈഖ് ഇടയ്ക്കിടെ ദേവ്ബന്ദിൽ വന്നിരുന്നു. ഒരിക്കൽ അവിടെ വന്നപ്പോൾ വൃദ്ധനായ അദ്ദേഹം കടുത്തരോഗം ബാധിച്ച് കിടപ്പിലായി. പിതാവിന്റെ ശുശ്രൂഷയ്ക്കായി ഹസ്റത്ത് എത്താമസജിദിലെ താമസം ഉപേക്ഷിച്ച് പിതാവിനരികിൽ താമസിക്കാൻ തുടങ്ങി. നമസ്കാരത്തിനു മാത്രം പള്ളിയിൽ പോയിരുന്നു.

ചിലപ്പോൾ കൂട്ടത്തിലുള്ളവരെ പള്ളിയിലേക്കയച്ചുകൊണ്ട് പറഞ്ഞിരുന്നു: “പിതാവിന് ഖിദ്മത്ത് ചെയ്യാനും ഇവിടെ ഒറ്റയ്ക്ക് നമസ്കരിക്കാനും ശരീഅത്ത് എനിക്ക് ഇളവ് നല്കിയിട്ടുണ്ട്. നിങ്ങൾ പോയി നമസ്കരിക്കുക.”

ഹസ്റത്തിന്റെ ഈ തീരുമാനം ഇഷ്ടജനങ്ങൾക്ക് പ്രയാസകരമായി. പിതാവിനെ പള്ളിയിൽ കൊണ്ടുവന്ന് ഹള്റത്തിന്റെ മുറിയിൽ കിടത്താൻ അവർ പ്രേരിപ്പിച്ചു. ഹസ്റത്ത് അതിൽ വിസമ്മതം കാണിച്ചില്ല. അങ്ങനെ അദ്ദേഹത്തെ അവിടുത്തെ മുറിയിൽ കൊണ്ടുവന്നുകിടത്തി. ശൈഖ് അസദ് അലിക്ക് ഈ ഘട്ടത്തിൽ ശക്തമായ അതിസാരം ബാധിച്ചിരുന്നു. എന്നാൽ, മാലിന്യങ്ങൾ വൃത്തിയാക്കാൻ ഹസ്റത്തും ശിഷ്യരും മത്സരിച്ചിരുന്നു. ഇതുകാണുന്ന പിതാവ് ഈറൻ മിഴികളോടെ പറഞ്ഞിരുന്നു: “അല്ലാഹുവേ, നീ പരിശുദ്ധനാണ്. ഈ സാധുവിന്റെ മാലിന്യങ്ങൾ വൃത്തിയാക്കാൻ പണ്ഡിതന്മാർ! ഇതിനെല്ലാം കാരണക്കാരൻ അവനാണ്. അല്ലാതെ, എനിക്കും അവർക്കും തമ്മിൽ എന്തുബന്ധം?"

ഇവിടെ ഒരുകാര്യം ഓർക്കുക! സ്വന്തം മകൻ ഉന്നത ഉദ്യോഗങ്ങളിലേക്ക് ശ്രദ്ധതിരിക്കാതെ - ജനദൃഷ്ടിയിൽ - താഴ്ന്ന ജോലികളിൽ ബന്ധപ്പെടുന്നതിൽ ഈ പിതാവിന് വലിയ പരിഭവമുണ്ടായിരുന്നു. മൗലാനാ മംലൂക്ക് അലിയുടെ ഇതര ശിഷ്യന്മാർ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നത് കണ്ട് അദ്ദേഹം ഇങ്ങനെ പരിഭവിച്ചത് സ്വാഭാവികമവുമാണ്. ഇത്തരം ഒരു പിതാവാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്.

പിതാവിനോട് അനുവർത്തിച്ച ബഹുമാന-സ്നേഹങ്ങളാണ് മേൽ വിവരിച്ചത്. പ്രിയ മാതാവ് ഹബീബ മർഹൂമയോട് വർത്തിച്ച രീതി ഇനി ശ്രദ്ധിക്കുക: “ഉച്ചയ്ക്കും രാത്രിയിലും പതിവായി ഉമ്മയുടെ അരികിലെത്തി അവരുടെ കാൽ തടകുമായിരുന്നു. മഹതി അവർകൾക്കും വിയോഗനാളുകളിൽ അതിസാരം ബാധിച്ചിരുന്നു. ഉമ്മയുടെ വസ്ത്രം കഴുകുന്ന വിഷയത്തിൽ ഹസ്റത്തും ഭാര്യയും പരസ്പരം മത്സരിച്ചിരുന്നു."

📌എല്ലാമെല്ലാം അല്ലാഹുവിന്

സീമന്തപുത്രിയെ ഭർതൃ ഗൃഹത്തിലേക്ക് യാത്രയയച്ചപ്പോൾ പ്രമാണിയായി പിതാവ് ധാരാളം ആഭരണങ്ങളും സാധന-സാമഗ്രികളും കൂട്ടത്തിൽ കൊടുത്തു വിട്ടിരുന്നു. 

ഇനിയുള്ള വിവരണം മഹതിയുടെ വാക്കുകളിൽ കേൾക്കുക. “വിലപിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും വളരെയധികം ഉണ്ടായിരുന്നു. പ്രഥമ രാത്രിയിൽ മുറിയിലെത്തിയപാടെ അദ്ദേഹം സുന്നത്ത് നമസ്കാരങ്ങൾ ആരംഭിച്ചു. നമസ്കാരാനന്തരം അടുത്തു വന്നിരുന്ന് അത്യന്തം സാമർത്ഥ്യത്തോടെ ഇങ്ങനെ സംസാരിച്ചു തുടങ്ങി: ''അല്ലാഹു നമ്മെ രണ്ടും ബന്ധപ്പെടുത്തി. ഇത്തരുണത്തിൽ നീയുമായി സഹകരിക്കൽ എന്റെ കടമയാണ്. എന്നാൽ, നിലവിലുള്ള സ്ഥിതിയനുസരിച്ച് സഹകരണം പ്രയാസമാണ്. കാരണം, നീ സമ്പന്നയും ഞാൻ ദരിദ്രനുമാണ്. ഇപ്പോൾ രണ്ടു വഴിയേ ഉള്ളൂ, ഒന്നുകിൽ ഞാൻ ധനികനാകുക, അല്ലെങ്കിൽ നീ ദരിദ്രയാവുക. ധനികനാകൽ എനിക്ക് ദുഷ്കരമാണ്. ആകയാൽ നീയും എന്നെപ്പോലെ ദരിദ്രയാകലാണ് എളുപ്പവഴി.

തുടർന്ന് പറഞ്ഞു: "അല്ലാഹു തആലാ നമ്മുടെ ഈ ബന്ധത്തിൽ നിനക്ക് ശിക്ഷണം നൽകാനുള്ള ഉത്തരവാദിത്വം എനിക്കും, വഴിപ്പെടാനുള്ള ബാധ്യത നിനക്കും നൽകിയിരിക്കുകയാണ്. അതുകൊണ്ട്, നിനക്ക് പ്രയോജനപ്രദമായ വല്ല നിർദ്ദേശവും ഞാൻ നൽകിയാൽ അത് നീ പാലിക്കുമോ?"

ആദ്യം ഇതിനുത്തരമൊന്നും നൽകിയില്ല. എന്നാൽ ആവർത്തനം നീണ്ടപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ പൂർണ്ണമായി പാലിക്കുന്നതാണ്.” ഇതു കേട്ടമാത്രയിൽ എന്നോടു പറഞ്ഞു: “ശരി ആഭരണങ്ങളെല്ലാം അഴിച്ച് എനിക്ക് തരിക. നിന്റെ കൂട്ടത്തിലുള്ള മറ്റ് വസ്ത്രങ്ങളെയും പാത്രങ്ങളെയും കുറിച്ച് ഇഷ്ടംപോലെ ചെയ്യാൻ എനിക്ക് അവകാശം നൽകുക.

ഞാൻ പറഞ്ഞു: “താങ്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.

റഷ്യക്കും മുസ്ലിം ഖിലാഫത്തായ തുർക്കിക്കും ഇടയിൽ അന്ന് യുദ്ധം നടന്നിരുന്നു. മുഴുവൻ ആഭരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും അടുത്ത ദിവസം തന്നെ തുർക്കി സഹായനിധിയിൽ കൊണ്ടുപോയി നിക്ഷേപിച്ചു.

മഹതി തുടരുന്നു: ''പിറ്റേന്ന് ഞാൻ എന്റെ വീട്ടിൽ ചെന്നു. എന്റെ കൈയ്യിലും കാലിലും കാതിലും മൂക്കിലും ഒന്നുമില്ലെന്ന് കണ്ട് പിതാവ് കാര്യം തിരക്കി. ഞാൻ നടന്ന സംഭവം വിവരിച്ചു. പിതാവ് ഒന്നും പറഞ്ഞില്ല, എന്നാൽ ഇതര കുടുംബക്കാരുടെ മുന്നിൽ എന്നെ നഗ്നയാക്കി വിടാൻ മടിച്ച അദ്ദേഹം പുതുതായി ആഭരണങ്ങളും മറ്റും തയ്യാറാക്കിത്തന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം സമ്പന്നനുമായിരുന്നു. അങ്ങനെ അവയുമായി രണ്ടാമതും ഞാൻ ഭർതൃഗൃഹത്തിലെത്തി. പകൽ കഴിഞ്ഞു കടന്നു രാതി ഹസ്റത്ത് വന്നു. 

വന്നപാടെ, ആഖിറത്തിന്റെ കാര്യങ്ങളെക്കുറിച്ചുള്ള പ്രേരണകൾ തുടങ്ങി, അവസാനം, നാളെ സുഖമായി കഴിയാൻ ഇന്ന് ത്യാഗമനുഭവിക്കണമെന്ന് പറഞ്ഞു നിർത്തി. 

പിറ്റേന്ന് പ്രഭാതത്തിൽ തന്നെ ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ തുർക്കി സഹായ നിധിയിൽ നിക്ഷേപിച്ചു. ഈ ദമ്പതികളുടെ പൗത്രനായ എ.മൗലാനാ ഖാരീ ത്വയ്യിബ് رحمه اللّه പറയുന്നു.. അവർ ഈ സംഭവം വിവരിച്ചുകൊണ്ട് പറഞ്ഞു: "അതിനുശേഷം എന്റെ മനസ്സിൽ പൈസയുടെയും ആഭരണത്തിന്റെയും മറ്റും സ്നേഹം തീർത്തും ഇല്ലാതായി. എന്നല്ല, അവയോട് ഒരുതരം വെറുപ്പ് ഉണ്ടായിത്തീർന്നു.”

ഇവിടെ അല്ലാമ ഗീലാനിയുടെ ചില വരികൾ പ്രത്യേകം ചിന്തനീയമാണ്. “ബാഹ്യമായിനോക്കുമ്പോൾ, സമ്പന്നനായ ഒരു സ്ത്രീയെ പരമദരിദ്രയാക്കി മാറ്റിയ ഒരു രംഗമാണിത്.എന്നാൽ ആത്മീയമായി ഒന്നുമില്ലാതിരുന്ന ഒരു സാധുവിനെ വിലായത്തിന്റെ സ്ഥാനത്തേക്ക് ഒന്നു രണ്ട് രാത്രികൾകൊണ്ട് ഉയർത്തിയ ഒരു കറാമത്താണിതെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും. ഇക്കാരണത്താലാണ് ഖുതുബുസ്സമാൻ ശാഹ് ഫള്ലുർറഹ്മാൻ رحمه الله പറഞ്ഞത്: “മൗലാനാ മുഹമ്മദ് ഖാസിമിന് ചെറുപ്പത്തിൽ തന്നെ വിലായത്ത് ലഭിച്ചിരുന്നു."

ഒരു സംഭവം കൂടി മഹതി വിവരിക്കുന്നു: ഹസ്റത്തിന്റെ ഒരു ശിഷ്യൻ എനിക്കായി വില പിടിച്ച ഒരു പുതപ്പും കുറെ ആഭരണങ്ങളും കൊടുത്തയച്ചു. എനിക്ക് അത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "ഇവ കാണുമ്പോൾ മനസ്സ് സന്തോഷിക്കൽ സ്വാഭാവികമാണ്. പക്ഷെ, ഏതാനും ദിവസത്തെ ഉപയോഗത്തിനു ശേഷം ഇവ രണ്ടും മോശമായിപ്പോകും. ഈ പട്ടുപുതപ്പിന്റെ ഗുണം സാധാരണ പുതപ്പുകൊണ്ടും ലഭ്യമാണ്, നശിച്ചുപോകുന്ന ഇവ ഇന്ന് കൊടുത്താൽ ഒരിക്കലും നശിക്കാത്ത വസ്ത്രാഭരണങ്ങൾ നാളെ അല്ലാഹു നൽകുന്നതാണ്. ഇതു കേട്ടപ്പോൾ യാതൊരു പ്രയാസവുമില്ലാതെ ഞാൻ അവ അദ്ദേഹത്തെ ഏൽപ്പിച്ചു. 

മൗനാലാ ത്വയ്യിബ് رحمه الله പറയുന്നു: ഹസ്റത്തിന്റെ ഇഷ്ടജനങ്ങൾ ഭാര്യക്കായി വിലപിടിച്ച വസ്ത്രങ്ങളും ആഭരണങ്ങളും നൽകുമായിരുന്നു. പക്ഷെ, ഹസ്റത്ത് അവ സാധുക്കൾക്ക് കൊണ്ടു ക്കൊടുക്കുമായിരുന്നു.

ഹസ്റത്തവർകൾ സഹധർമ്മിണിക്ക് ഉത്തമ ശിക്ഷണങ്ങൾ നൽകിയിരുന്നു. ഒരു രാത്രിയെ കുറിച്ച് ഭാര്യ പറയുന്നത് ശ്രദ്ധിക്കുക. രാത്രി ഉറങ്ങാൻ നേരത്ത് ഒരു ഗ്ലാസ് പാൽ കുടിച്ചിരുന്നു. സാധാരണയായി രാത്രി ഭക്ഷണം തന്നെ ഇതായിരുന്നു. ഇശാഅ് കഴിഞ്ഞാൽ ഹസ്റത്ത് മുറിയിലെത്തും. ഞാൻ പിന്നാലെ പാലും കൊണ്ട് ചെല്ലും. എന്നോട് തൃപ്തിയാണെങ്കിൽ എന്നെ പ്രതീക്ഷിച്ചു നിൽക്കുമായിരുന്നു. അതൃപ്തിയുണ്ടെങ്കിൽ ഉടനെ നമസ്കാരത്തിൽ മുഴുകിയിരുന്നു. നമസ്കാരം വളരെ നീണ്ടിരുന്നതുകൊണ്ട് ആ നേരമെല്ലാം പാത്രവും പിടിച്ച് ഞാൻ നിൽക്കുമായിരുന്നു.

ഈ ശിക്ഷണ ശീലങ്ങളുടെ ഫലമെന്തായിരുന്നു? 

മൗലാനാ ത്വയ്യിബ് رحمه اللّه വിവരിക്കുന്നു: ബാങ്ക് കേൾക്കുന്ന മാത്രയിൽ എല്ലാ ജോലികളും ഉപേക്ഷിച്ച് നമസ്കാരത്തിലേക്ക് അവർ തിരിഞ്ഞിരുന്നു. ഫർള് - സുന്നത്തുകൾ നിഷ്ഠയായി നിർവഹിക്കുന്നതിനോടൊപ്പം സുബ്ഹി നമസ്കാരാനന്തരം തലയിലും മുഖത്തും തുണിയിട്ട് ചെറിയ ശബ്ദത്തിൽ ദിക്ർ ചൊല്ലിയിരുന്നു. മഴ, വേനൽ, തണുപ്പ് ഇവയൊന്നിലും ഈ പതിവ് തെറ്റിച്ചിരുന്നില്ല. വന്ദ്യ പിതാവിൽ നിന്നുമാണ് ഞാൻ ഹദീസ് ഓതിയത്. ഒന്നാം വർഷം മിശ്കാത്തും രണ്ടാം വർഷം മുസ്ലിമും ഓതി. പാഠം കഴിഞ്ഞ് അന്നത്തെ പാഠങ്ങൾ ഉമ്മൂമ്മയെ ഞാൻ കേൾപ്പിച്ചിരുന്നു. എന്റെ പാഠത്തിന്റെ ആദ്യന്തം അവരുടെ നയനങ്ങളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചിരുന്നു.”

📌പുഷ്പങ്ങൾ

അല്ലാഹു തആലാ ഈ മഹത്തുക്കളുടെ സന്താന പരമ്പരയിൽ വലിയ ഐശ്വര്യം ചൊരിഞ്ഞു. അതിന്റെ വിവരണം ദീർഘമാണ്. ഇവിടെ ഹസ്രമായി കൊടുക്കുന്നു. ഹസ്റത്തിന് പത്ത് മക്കൾ ജനിച്ചു. മൂന്ന് ആണും ഏഴ് പെണ്ണൂം. 

(1) മൗലാനാ മുഹമ്മദ് അഹ്‌മദ്
(2) മുഹമ്മദ് ഹാശിം 
(3)മുഹമ്മദ് മിയാൻ. 
ഇതിൽ മുഹമ്മദ് മിയാൻ പതിനൊന്നാം മാസവും മൂഹമ്മദ് ഹാശിം മക്കയിൽ വെച്ച് യുവത്വത്തിലും മരണപ്പെട്ടു.

പെൺമക്കൾ: 
(1) ഇകറാമുന്നിസാഅ്
(2) റുഖിയ്യ
(3) ഖദീജ 
(4) മർയം 
(5) ആഇശ 
രണ്ടുപേരുടെ പേര് അജ്ഞാതം. ഇതിൽ ഖദീജയും മർയമും പേരറിയപ്പെടാത്ത രണ്ടുപേരും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.

മൗലാനാ മുഹമ്മദ് അഹ്‌മദിന് അഞ്ച് മക്കൾ. 
(1) മൗലാനാ ഖാരീ മുഹമ്മദ് ത്വയ്യിബ് 
(2) ത്വാഹിർ അവ്വൽ 
(3) താഹിർഥാനി 
(4) ഫാത്വിമ 
(5) ത്വയ്യിബ
ഇതിൽ ഫാത്വിമയും ചെറുപ്രായത്തിൽ തന്നെ മരിച്ചു. ബാക്കിയുള്ളവരുടെ വിവരം.

മൗലാനാ മുഹമ്മദ് ത്വയ്യിബിന് ഒൻപത് മക്കൾ.
(1)മൗലാനാ മുഹമ്മദ് സാലിം
(2)മുഹമ്മദ്
(3)ആസിം
(4)മുഹമ്മദ് അസ്‌ലം
(5)മുഹമ്മദ് അഅ്ളം
(6)ഫാത്വിമ
(7)ഹാജിറ
(8)ഹുമൈമ
(9)അദ്റാ
(10)റശീദാ

മൗലാനാ മുഹമ്മദ് സാലിമിന് രണ്ടുമക്കൾ, ഫാത്വിമയ്ക്ക് ആറ്,ഹാജിറയ്ക്ക് അഞ്ച്,ഹുമൈമയ്ക്ക് ഒന്ന്,മൗലാനാ മുഹമ്മദ് ത്വാഹിറിന് പതിനൊന്ന് മക്കൾ,ത്വയ്യിബയ്ക്ക് പതിനൊന്ന് മക്കൾ. 

ഹസ്റത്തിന്റെ മകൾ ഇക്റാമുന്നിസയ്ക്ക് അഞ്ചു മക്കളും മറ്റൊരു മകൾ റുഖിയ്യയ്ക്ക് ഒരു മകനും ഉണ്ടായി.


📌 ശിക്ഷണം

മക്കളോട് സ്നേഹവാത്സല്യങ്ങൾ പുലർത്തിയിരുന്ന ഹസ്റത്ത് അവർക്ക് ഉത്തമമായ ശിക്ഷണ ശീലനങ്ങൾ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു സംഭവം ശ്രദ്ധിക്കുക. ഹസ്റത്തിന് ഒരാൾ കുറെ ഉയർന്നതരം തൊപ്പികൾ നൽകി. ഹസ്റത്ത് ഉടനെ അത് വീതിക്കാൻ തുടങ്ങി. മകൻ (മൗലാനാ മുഹമ്മദ് അഹ്മദ്) മാതാവിലൂടെ ഒരു തൊപ്പി ആവശ്യപ്പെട്ടപ്പോൾ ഹസ്റത്ത് പറഞ്ഞു:  ഇത്തരം തൊപ്പി നീ ധരിക്കാനോ? നിനക്ക് എന്തുപറ്റി? 

ഹസ്റത്തിന്റെ വസ്ത്രങ്ങൾ സൂക്ഷിക്കാൻ ബോക്സോ അലമാരെയോ ഇല്ലായിരുന്നു. തുണികൊണ്ട് കെട്ടിവയ്ക്കലായിരുന്നു പതിവ്. ഇതിനിടെ, മുന്തിയ ഒരു തുണികൊണ്ട് മകന്റെ വസ്ത്രങ്ങൾ കെട്ടിവെച്ചിരിക്കുന്നതായി കണ്ടു. ഉടനെ അത് അഴിച്ച് വസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഹസ്റത്ത് പറഞ്ഞു : നിന്റെ വാപ്പ നവാബ് അല്ല.

ഇത്തരം ശിക്ഷണങ്ങളുടെ ഫലമായി ഹസ്റത്തിന്റെ യഥാർത്ഥ അനന്തരാവകാശിയായി മകൻ മാറി, ഇൽമിന്റെ സാഗരമായിരുന്ന അദ്ദേഹം, ഹസ്റത്തിന്റെ വാചകങ്ങളുടെ സംഗ്രഹം സുന്ദരമായ വിവരിച്ചിരുന്നു. അതിലൊരു വാക്യം അടുത്ത അദ്ധ്യായത്തിൽ വരുന്നുണ്ട്.

📌 മകളുടെ വിവാഹം

ഹസ്റത്ത് അവർകളുടെ ഇസ്ലാഹി സംരംഭങ്ങളിൽ പ്രധാനമായ ഒന്നാണ് വിവാഹത്തിന്റെ വിലാസത്തിൽ വിലസിയിരുന്ന വിരോധാഭാസങ്ങളുടെ വിപാടനം. അതിന്റെ വിവരണം പിന്നാലെ വരുന്നുണ്ട്.

 ഇവിടെ ഈ വിഷയത്തിൽ സ്വന്തം വീട്ടിൽ ഹസ്റത്ത് അനുവർത്തിച്ച നയം കാണുക. ഹസ്റത്തിന്റെ പൗത്രൻ മൗലാനാ മുഹമ്മദ് ത്വാഹിർ വിവരിക്കുന്നു. “ഒരു ദിവസം ഹസ്റത്തിന്റെ മാതൃസഹോദരി ഹസ്റത്തിനടുത്തെത്തി പറഞ്ഞു: അബ്ദുല്ലായുടെ വിവാഹത്തെക്കുറിച്ച് എനിക്ക് വലിയ ചിന്തയുണ്ട്. ആരും വിവാഹത്തിന് തയ്യാറാകുന്നില്ല. (അവരുടെ രണ്ടാം വിവാഹത്തിലൂടെ ഉണ്ടായ മകനായിരുന്നു മൗലവി അബ്ദുല്ല. വിധവാ വിവാഹം വലിയ ആക്ഷേപമായി കണ്ടിരുന്ന അക്കാലത്ത് അതിലൂടെ ഉണ്ടാകുന്ന സന്താനങ്ങളുമായി വിവാഹ ബന്ധം സ്ഥാപിക്കാൻ ആളുകൾ മടിച്ചിരുന്നു.) ഇതുകേട്ട മാത്രയിൽ ഹസ്റത്ത് പറഞ്ഞു; എന്റെ മകളെ നൽകാൻ ഞാൻ തയ്യാറാണ്."

അടുത്ത ജുമുഅ നമസ്കാരത്തിന് മുൻപ് വീട്ടിൽ, മൂത്തമകൾ ഇക്സാമുന്നിസയുടെ അടുത്തെത്തി. അവരോട് അനുവാദം ചോദിച്ചു. തുടർന്ന് പള്ളിയിലെത്തി, ഇന്ന് ജുമുഅ നമസ്കാരാനന്തരം വഅള് ഉണ്ടായിരിക്കുമെന്ന് അറിയിക്കാൻ മുഅദ്ദിനെ ഏൽപ്പിച്ചു. നമസ്കാരശേഷം ആദ്യം സ്വയം നികാഹിന്റെ ഖുതുബ ഓതി. ശേഷം തന്റെ പ്രിയ മകളെ സാധാരണ വസ്ത്രത്തിൽ തന്നെ വണ്ടിയിലിരുത്തി ഭർതൃഗൃഹത്തിൽ കൊണ്ടാക്കി.

വിവരമറിഞ്ഞ പിതാവ് ശൈഖ് അസദ് അലി കോപിച്ചു. പിതാവിനെ സമാധാനിപ്പിക്കാൻ ആത്മ സുഹൃത്ത് റഷീദ് അഹ്‌മദ് ഗംഗോഹിയെ ഹസ്റത്ത് അയച്ചു. ഹസ്റത്ത് ഗംഗോഹിയെ കണ്ട് ശൈഖ് പറഞ്ഞു: നമ്മെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. നാട്ടുകാർക്കിടയിൽ അവൻ എന്നെ നാണംക ടുത്തിക്കളഞ്ഞു..." ശൈഖിന് പറയാനുള്ളതെല്ലാം നിശബ്ദനായി കേട്ടിരുന്ന ഹസ്റത്ത് ഗംഗോഹി رحمه الله അവസാനം മയത്തോടെ പറഞ്ഞു: “താങ്കൾ ചെയ്യാനുള്ളതെല്ലാം ഇനി ചെയ്തതുകൊള്ളൂ. അദ്ദേഹം (ഹസ്റത്ത്) താങ്കളെ തടയുന്നില്ലല്ലോ? അല്ലാഹുവും റസൂലും പറഞ്ഞ രീതിയിൽ നികാഹ് നടത്തുക മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളൂ.

ശൈഖവർകൾ ഹസ്റത്ത് ഗംഗോഹിക്ക് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആളുകളെ ക്ഷണിച്ച് സൽക്കാരവും മറ്റും നടത്തി. മറുഭാഗത്ത് സമൂഹത്തിന്റെ മുതുകിൽ നിന്നും അനാചാരത്തിന്റെ ഭാണ്ഡം അഴിച്ചുമാറ്റാൻ സദാചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഹസ്റത്ത് തന്റെ വഴിയിൽ ഉറച്ചുനിന്നു. അടുത്ത വിവാഹങ്ങളും ഹസ്റത്ത് ഈ രീതിയിൽ തന്നെയാണ് നടത്തിയത്.

📌ഇതരകുടുംബക്കാരോട്

സ്നേഹബന്ധത്തെ വളരെയധികം മാനിച്ചിരുന്ന ഹസ്റത്ത് രക്തബന്ധത്തെ എങ്ങനെ അവഗണിക്കാൻ?

ശിഷ്യൻ മൗലാനാ മൻസൂർ അലി പറയുന്നു: “കുടുംബക്കാരുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തിൽ മൗലാനാ ത്വയ്യിബ് വിവരിച്ച ഒരു സംഭവം മാത്രം ശ്രദ്ധിക്കുക. “ഹസ്റത്തിന്റെ വിധവയായ ഒരു പിതൃസഹോദരി ദേവബന്ദിൽ താമസിച്ചിരുന്നു. വളരെ പട്ടിണിയിൽ കഴിഞ്ഞിരുന്ന അവരെ ഹസത്ത് സദാ ചെന്നുകണ്ട് കാര്യങ്ങളന്വേഷിച്ചിരുന്നു. എല്ലാ പ്രാവശ്യവും രഹസ്യമായി സാമ്പത്തിക സഹായങ്ങൾ വല്ലതും ചെയ്യുമായിരുന്നു. അവരാകട്ടെ, അടുത്ത ദിവസംതന്നെ അതു മുഴുവൻ ചിലവാക്കുമായിരുന്നു. അടുത്ത ദിവസത്തെ അവരുടെ സന്തോഷങ്ങൾ കാണുന്ന ജനങ്ങൾ ഇന്നലെ ഹസത്ത് ഇവിടെ വന്നിരുന്നുവെന്ന് മനസ്സിലാക്കിയിരുന്നു. ഇതരകുടുംബക്കാരോട് വർത്തിച്ചിരുന്നതും ഇതേരീതിയിൽത്തന്നെ."

📌സാമൂഹ്യ സേവനങ്ങൾ

ജീവിതമഖിലം ദീനീസേവനങ്ങൾക്കായി ഉഴിഞ്ഞുവെച്ച ഒരു മഹാത്മാവിന്റെ സേവനപരിഷ്കരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണല്ലോ? 

എങ്കിലും അല്ലാഹുവിന്റെ കൃപയാൽ, ഹസ്റത്തിന്റെ ചരിത്ര രചയിതാക്കൾ മഹത്തായ വിവിധ സേവന സംരംഭങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു.

 ലോകത്ത് എന്നും മർദ്ദന-പീഢനങ്ങൾക്കെതിരായ ഒരു സമൂഹമാണ് സ്ത്രീകൾ. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ന്യായമായ അവകാശങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തുവെന്നത് മുസ്തഫവിനുബുവ്വത്ത് മാനവകുലത്തിന് കനിഞ്ഞ ശാശ്വത സംഭാവനകളിൽ ഒന്നാണ്. 

എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങളിൽപ്പെട്ട് ഈ മതത്തിന്റെ വക്താക്കൾ തന്നെ ചിലവേള ഈ സംഭാവനയുടെ വിലയും നിലയും ജനമദ്ധ്യത്തിൽ കുറയ്ക്കാനും കാരണക്കാരായിട്ടുണ്ട്. സതിപോലുള്ള മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ നിയമമാക്കപ്പെട്ട ഇന്ത്യൻ സാഹചര്യത്തിൽ വളർന്ന മുസൽമാനിലും ഇത്തരം അനാചാരങ്ങൾ വ്യാപിച്ചിരുന്നു. അതിൽ പ്രധാനമാണ് വിധവകളെ കണ്ണീരുകൂടിപ്പിച്ച് കിടത്തുക എന്നത്. ഹിജ്റ പന്ത്രണ്ടാം ശതകത്തിൽ ഈ അനീതി ഇവിടെ വ്യാപകമായിരുന്നു. 

ഹസ്റത്ത് ശാഹ് വലിയുല്ലാഹ് മുസ്ലിം ലോകത്തിന് നൽകിയ അന്തിമ വസ്വിയ്യത്തിലെ ചില വാചകങ്ങൾ കാണുക: “ഭർത്താവ് മരിച്ച വിധവകളെ വിവാഹം കഴിക്കാതിരിക്കുക എന്നത് ഹൈന്ദവരിൽ നിന്നും പകർന്ന ദുരാചാരങ്ങളിൽ ഒന്നാണ്. തിരുനബി ﷺ യ്ക്ക് മുമ്പും തിരുയുഗത്തിലും ശേഷവും അറബികളിൽ ഈ ദുരാചാരം കാണപ്പെട്ടിട്ടില്ല. ഇതിനെ വിപാടനം ചെയ്യുന്നവരെ സല്ലാഹു അനുഗ്രഹിക്കട്ടെ."

വിവിധ കാലഘട്ടങ്ങളിൽ മഹാന്മാരായ ഉലമാ ആണ് ഇതിനെതിരിൽ ശബ്ദിച്ചിരുന്നു. മൗലാനാ ശാഹ് ഇസ്മാഈൽ ശഹീദ് (ശാഹ് വലിയുല്ലാഹിയുടെ പൗത്രൻ) മൗലാനാ മംലൂക് അലി, മൗലാനാ മുളഫ്ഫർ ഹുസൈൻ മുതലായ മഹാരഥൻ ഇക്കൂട്ടത്തിൽ പ്രത്യേകം സ്മരണീയമാണ്, ഭാഗികമായ മാറ്റങ്ങൾ അതിലൂടെ ഉണ്ടായെങ്കിലും അതിന്റെ വേരുകൾ തീർത്തും മുറിക്കപ്പെട്ടിരുന്നില്ല. അത് വിളിച്ചറിയിക്കുന്ന ഒരു സംഭവം ഹസ്റത്തിന്റെ മകളുടെ വിവാഹത്തെക്കുറിച്ച് വിവരിച്ച ഭാഗത്തുപറഞ്ഞു കഴിഞ്ഞു. 

ഒരുസംഭവം കൂടി കേൾക്കുക: ദേവ്ബന്ദിലെ പ്രമാണിമാർ പോലും വളരെ ആദരിച്ചിരുന്ന ഒരു വാഇളാണ് മൗലവി വഹീദുദ്ദീൻ. ഒരിക്കൽ അദ്ദേഹം പ്രഭാഷണമദ്ധ്യ വിധവാ വിവാഹത്തിന്റെ വിഷയം എടുത്തിട്ടു. ആമുഖം തുടങ്ങിയ മാത്രയിൽ നാട്ടിലെ ഒരു പ്രധാനി എഴുന്നേറ്റ് ഓടിവന്ന് മൗലവിയുടെ കൈയ്യിൽ പിടിച്ച് വിരട്ടി. “ഈ വിഷയം പറഞ്ഞുപോകരുത്" പ്രധാനിയുടെ ഈ വാക്കിന് എതിര് പറയാൻ സദസ്സിലാരും തയ്യാറായില്ല.

മഹാന്മാർ തുടങ്ങിവെച്ച ഈ പോരാട്ടത്തിന് പരിസമാപ്തി കുറിക്കുന്നതിനുള്ള സൗഭാഗ്യം ഹസ്റത്ത് അവർകൾക്കാണ് അല്ലാഹു കനിഞ്ഞത്. അങ്ങനെ അന്ധത നിറഞ്ഞ ഈ അന്തരീക്ഷത്തിൽ ഹസ്റത്ത് ഇസ്ലാഹിനായി ഇറങ്ങിത്തിരിച്ചു. അപരിചിതമായ കാര്യം കേട്ട ജനങ്ങൾ അത്ഭുതപ്പെട്ടു. വീടുകളിലെല്ലാം ഇതിനെക്കുറിച്ചുള്ള ചർച്ചകളായി, ചിലർ ഹസ്റത്തിനെതിരിൽ പദ്ധതികളാവിഷ്കരിച്ചു. പക്ഷെ, ഹസ്റത്ത് ഒന്നും വകവയ്ക്കാതെ മുന്നോട്ടുനീങ്ങി.

സ്ത്രീകളെ സംഘടിപ്പിച്ചും വഅ്ള് തുടങ്ങി, വിധവകളുടെ ചെവികളിൽ രണ്ടാം വിവാഹത്തിന്റെമഹത്വങ്ങൾ ചെന്നെത്തി. ഹസ്റത്ത് അവർകൾ ഈ പ്രവർത്തനമാരംഭിച്ചപ്പോൾ അത് ഫലവത്താകുമെന്ന് ആർക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ അവസ്ഥകൾ പതുക്കെ മാറി. അങ്ങനെ ഹസ്റത്ത് അവർകളുടെ വലംകൈയ്യായിരുന്ന ഹാജി മുഹമ്മദ് യാസിൻ സാഹിബിന്റെ വിധവയായ സഹോദരിയുടെ വിവാഹം നടന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഒരു സഹോദരിയുടെ മകളുടെ രണ്ടാം വിവാഹവും നടന്നു. ഇവർ നാട്ടിലെ പ്രധാനകൂടൂംബക്കാരായിരുന്നതിനാൽ ഇവരുടെ പ്രവർത്തനം കൂടുതൽ ഫലവത്തായി, അവിടുന്നങ്ങോട്ട് വിധവാ വിവാഹത്തിന്റെ പരമ്പരയാരംഭിച്ചു. 

അന്നത്തെ അവസ്ഥകൾ കണ്ട ഹാജി ഫള്ല് ഹഖ് പറയുന്നു: ചുരുക്കത്തിൽ വിധവാ വിവാഹം മാന്യതക്കെതിരും ന്യൂനതയുമാണെന്ന അന്ധവിശ്വാസം ജനമനസ്സുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.

ഹസ്റത്ത് അവർകളുടെ ഈ പ്രവർത്തനത്തിനിടയിൽ ഹസ്റത്തിന്റെ പ്രായം ചെന്ന സ്വന്തം സഹോദരി വിധവയായി. ആയിടെ ഹസ്റത്ത് ഒരിടത്ത് വള് നടത്തിക്കൊണ്ടിരിക്കവേ, ഒരു പ്രമാണി എഴുന്നേറ്റു. വിധവയായ സഹോദരി വിവാഹം കഴിക്കാത്തത് എന്തുകൊണ്ടെന്ന വിമർശനചോദ്യം ഉന്നയിക്കാനാണ് അദ്ദേഹം എഴുന്നേറ്റതെന്നു മനസ്സിലാക്കിയ ഹസ്റത്ത് എഴുന്നേറ്റ് പാടെ പറഞ്ഞു: “അല്പം നിൽക്കുക. എനിക്ക് ഒരാവശ്യം നേരിട്ടു. ഞാൻ ഉടനെ വരാം, സദസ്സ് അവിടെതന്നെ നിലയുറപ്പിച്ചു. നേരെ വീട്ടിലേക്ക് പോയ ഹസ്റത്ത്, സഹോദരിയുടെ കാലിൽ പിടിച്ച് വിനയപൂർവ്വം പറഞ്ഞു: “അങ്ങ് ഒരല്പം ധൈര്യം കാട്ടിയാൽ ഒരു സുന്നത്ത് പുനർജീവിപ്പിക്കാൻ എനിക്ക് ശക്തികിട്ടും.” അവർ അന്തംവിട്ടുകൊണ്ട് ചോദിച്ചു: എന്റെ കാലുവിടുക ഞാൻ എന്തു ചെയ്യണം, ഹസ്റത്ത്: അങ്ങ് വിവാഹം കഴിക്കണം. അവർ : എനിക്ക് വലിയ പ്രായമായി. തലനരച്ചു കഴിഞ്ഞു. ഞാനെങ്ങനെ വിവാഹം കഴിക്കാനാണ്? ഹസ്റത്ത് പറഞ്ഞു: എല്ലാം ശരിതന്നെ, ഒരു സുന്നത്ത് ഹയാതാകാനാണ് ഇത്. അവർ വിവാഹത്തിന് സന്നദ്ധയായി വന്നു.ഹസ്റത്ത് ഉടനെ വീട്ടിൽ വെച്ച് തന്നെ നിക്കാഹ് നടത്തി.

നേരെ വഅ്ളിന്റെ സ്ഥലത്തേക്ക് വന്നു. ശ്രാദ്ധാക്കൾ അവിടെതന്നെ ഇരിപ്പുണ്ടായിരുന്നു. വഅ്ള് പുനരാരംഭിച്ചപ്പോൾ പ്രമാണി വീണ്ടും എഴുന്നേറ്റ് പറഞ്ഞു: “താങ്കൾ വിധവാ വിവാഹത്തെക്കുറിച്ച് വഅ്ള് നടത്തുകയാണല്ലോ? പക്ഷേ, താങ്കളുടെ വീട്ടിൽ ഒരു വിധവയുള്ളകാര്യം മറന്നുപോയോ?" 
ഹസ്റത്ത് പ്രതിവചിച്ചു: “അവർ വിവാഹം കഴിച്ചില്ലെന്ന് ആരു പറഞ്ഞു? അവരുടെ വിവാഹത്തിന്റെ സാക്ഷികൾ ഈ സദസ്സിലുണ്ട്. " ഉടനെ സാക്ഷികൾ എഴുന്നേറ്റ് സാക്ഷ്യം വഹിച്ചു. ഇത് സദസ്സിലാകെ വമ്പിച്ച പരിവർത്തനമുളവാക്കി. മൗലാനാ ത്വയ്യിബ് (റ) പറയുന്നു: ഏതാണ്ട് 50-60 വിധവാ വിവാഹങ്ങൾ ആ സദസ്സിൽ വെച്ചുതന്നെ നടന്നു. അല്ലാഹുവേ, ഞങ്ങൾ സാധുക്കളുടെ ന്യൂനത നിറഞ്ഞ ദീനീ സേവനങ്ങളെ നീ ഖബൂലാക്കുകയും അതിന് സഹായികളാകാൻ ഞങ്ങളുടെ ബന്ധുമിത്രാദികൾക്ക് തൗഫീഖ് നൽകയും ചെയ്യണമേ! 

📌സ്ത്രീകളുടെ സ്വത്തവകാശം

 സ്ത്രീകളുടെ സ്വത്തവകാശം തടഞ്ഞുവെയ്ക്കലും അന്നവിടെ വ്യാപകമായിരിന്നു. "ജലാലാബാദ്' എന്ന സ്ഥലത്തായിരുന്നു ഈ അനീതി കൂടുതലായി നടമാടിയിരുന്നത്. ഹസ്റത്ത് ഇതിനെക്കുറിച്ച് ഒരു പ്രസ്‌താവന ഇറക്കി: “ജലാലാബാദിലെ മുസ്ലിംകളുടെ ഭൂമി ഹറാം കലർന്നതാണ്. അത് വാങ്ങൽ അനുവദനീയമല്ല.” സ്വന്തം വീട്ടിലെ സ്വത്തുക്കൾ ധീരമായി വീതിച്ച് അവകാശികൾക്ക് നൽകിയ ഹസ്റത്തിന്റെ ഈ പ്രസ്താവന വലിയ പ്രതിഫലനമുണ്ടാക്കി. അങ്ങനെ ആ അനീതിയും അവിടെ കെട്ടടങ്ങി.

📌ബിദ്അത്തുകൾ

ഇസ്‌ലാമിൽ ഒരു പ്രധാന പ്രത്യേകതയാണ് വസ്ത് അഥവാ മധ്യമരീ തി. ഇതിൽ നബിമാരേയൂം വലിയ്യുകളെയും ആദരിക്കലും സ്നേഹിക്കലും പ്രേമിക്കലുമുണ്ട്. അവരോട് ശത്രുത പുലർത്തലും അവരെ ആരാധിക്കലും ഇതിലില്ല. മഹാനായ ഈസാ നബി عليه السلام യോട് വിദ്വേഷം പുലർത്തിയ യഹൂദരും ബഹുമാന്യ അലിയ്യ് رضي اللّه عنه വിനോട് വിരോധം കാട്ടിയ ഘവാരിജുകളും ഇലാഹി കോപത്തിന് പാത്രീഭൂതരായവരാണ്. ഈസാ നബി  عليه السلام യെ ആരാധിച്ച ക്രൈസ്തവരും അലിയ്യ് رضي اللّه عنه ന് നുബുവ്വത്തിന് തുല്യമായതോ അതിനേക്കാൾ ഉയർന്നതോ ആയ സ്ഥാനം നൽകുന്ന ശിയാക്കളും വഴിപിഴച്ചവരാണ്.

 എന്നാൽ നബിമാരേയും വലിയ്യുകളേയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരത്രേ ഇലാഹീ പ്രീതിക്ക് അർഹരായ മുസ്ലിംകൾ. ഗതകാല സമൂഹങ്ങളിൽ പലതിന്റെ കാലുകളിടറിപ്പോയ ഒരു മേഖലയാണിത്. ഈ ഉമ്മത്ത് ഇതിൽപ്പെടരുതെന്ന് തിരുനബി (ﷺ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വന്ദ്യ സ്വഹാബത്തും സലഫുസ്സാലിഹുകളും അനുധാവനം ചെയ്തതും ഇതേ വഴിതന്നെ. 'ഒരു കൈയ്യിൽ സ്നേഹാനുരാഗത്തിന്റെ പളുങ്കുപാത്രവും മറുകൈയ്യിൽ ശരീഅത്തിന്റെ പുടവയും" എന്ന വാക്കിനെ അന്വർത്ഥമാക്കിയവരാണവർ. 

എന്നാൽ മനുഷ്യരെ വഴിതെറ്റിക്കാൻ പ്രതിജ്ഞയെടുത്ത പിശാച് അതിനായി തിരഞ്ഞെടുത്ത രണ്ട് പ്രധാന മാധ്യമങ്ങളാണ് ആദരവിനെ ആരാധനയിലേക്കും ശിർക്കിലേക്കും തിരിച്ചുവിടലും അനാദരവിനെ ശത്രുതയിലേക്കും കുഫ്റിലേക്കും തള്ളിയിടലും അവൻ തന്റെ പ്രവർത്തനം മുറയ്ക്ക് നടത്തി. അങ്ങനെ, ആയിരങ്ങൾ വഴികേടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. 

ഇതിന്റെ അലയൊലികൾ ഏറ്റവും കൂടുതൽ ഉയർന്നത് ഹിജ്രി ഒന്നാം സഹസ്രത്തിന്റെ അന്ത്യത്തോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നു. ഇവിടെ ഒരു ഭാഗത്ത് മഹാന്മാരുടെ മഖ്ബറകൾ മസ്ജൂദും മഅ്ബൂദും , ശൈഖുമാരുടെ വ്യക്തിത്വങ്ങൾ മത്‌ലൂബും മഖ്സൂദുമായി മാറി. മറുഭാഗത്ത്, "മഹാന്മാരും നമ്മളും തുല്യരാണ്. അവർക്ക് നമ്മേക്കാൾ മഹത്വമൊന്നുമില്ല' എന്ന വാദം അന്തരീക്ഷത്തിൽ അലതല്ലി. ഈ രണ്ട് തീവ്രതകൾക്കിടയിൽ സത്യത്തിന്റെ മധ്യാരേഖ വരച്ചുകാട്ടൽ എത്ര ദുഷ്കരമായിരിക്കുമെന്ന് ചിന്തിക്കുക.

എങ്കിലും മഹാന്മാർ പരിസരം വകവയ്ക്കാതെ ആ വഴിയിലിറങ്ങിത്തിരിച്ചു. മഹാനായ ശൈഖ് അഹ്‌മദ് സർഹിന്ദി മുജദ്ദിദ് അൽഫസാനി رحمة اللّه عليه, ഹകീമുൽ ഇസ്ലാം ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمة اللّه عليه മുതലായവരും അവരുടെ ശിഷ്യഗണങ്ങളും ഇക്കൂട്ടത്തിൽ പ്രത്യേകം സ്മരണീയരാണ്. 

വലിയുല്ലാഹി മദ്രസ്സയിലെ ഒരംഗമായ ഹസ്റത്ത് അവർകളും ഇതേ പ്രകൃതി മുറുകെ പിടിച്ചവരായിരുന്നു. ഈ വഴിയിലുള്ള ചില സേവനങ്ങൾ ശ്രദ്ധിക്കുക. 

📌മഖ്ബറകൾ

 ഉപരിസൂചിത പരിധി ലംഘനങ്ങളുടെ ഒരു പ്രധാന കേന്ദ്രമാണല്ലോ മഖ്ബറകൾ. അവിടെ നടക്കുന്ന അനാചാരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹസ്റത്ത് എഴുതുന്നു: “നമ്മുടെ ഇന്നത്തെ ഈ അവസ്ഥയിൽ, ഹൈന്ദവർ മോശക്കാരാണെന്നും നാം നല്ലവരാണെന്നും എങ്ങനെ പറയാൻ കഴിയും.” (ഫുയൂളാതെ ഖാസിമിയ്യ)

മറ്റൊരിടത്ത് കുറിച്ച വാക്കുകൾ എത്രമാത്രം മധ്യമമാണെന്ന് ചിന്തിക്കുക: ഔലിയാഅ് സർവ്വശക്തരും, കാര്യങ്ങൾ നിയന്ത്രിക്കുന്നവരുമാണെന്നാണ് പൊതുജനങ്ങളുടെ ധാരണ. ഇത്തരുണത്തിൽ മരിച്ചവർ കേൾക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൊണ്ട് പ്രയോജനം വല്ലതുമുണ്ടെന്ന് പ്രതീക്ഷയില്ല. മറിച്ച്, അനിസ്ലാമിക വിശ്വാസങ്ങൾ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് 'സിയാറത്തിന്റെ സുന്നത്തായ രീതി" അവരെ പഠിപ്പിക്കലാണ് ഉചിതം. തുടർന്ന് ആ രീതി വ്യക്തമാക്കുന്നു: ഖബറുകൾക്കരികിൽകൂടി കടന്നുപോകുമ്പോൾ സലാം പറയാനും കഴിയുന്നത് ഓതി ഹദ്‌യ ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ ചെയ്യാതിരിക്കൽ കടുത്ത മര്യാദകേടാണ്. (ജമാലെ ഖാസിമി).

 ഹസ്റത്ത് അവർകളുടെ പ്രവർത്തനരീതിയെക്കുറിച്ച് വിശിഷ്ട ശിഷ്യൻ മൗലാനാ മൻസൂർ അലി എഴുതുന്നു: “ഹസ്റത്ത് മഹാന്മാരുടെ മസാറുകളിൽ പോകുമായിരുന്നു. പതുക്കെ സൂറത്തുകൾ ഓതി ദുആ ഇരന്നു മടങ്ങുമായിരുന്നു. ഒരിക്കൽ മുറാദാബാദിലുള്ള മകമ്മൽശാ رحمه اللّه യുടെ മസാറിൽ ഹസ്റത്ത് ഇരുന്ന് ഓതുകയായിരുന്നു. അശ്രദ്ധ നിമിത്തം എന്റെ കാൽ മസാർ ശരീഫിൽ തട്ടി, ഹസ്റത്ത് ഉടനടി എന്റെ കാല് വലിച്ചുമാറ്റി.

” മൗലാനാ ത്വയ്യിബ് (رحمه اللّه) വിവരിക്കുന്നു; “കൽയർ ശരീഫിൽ സിയാറത്തിന് പോകുമായിരുന്നു. വഴി മദ്ധ്യ വാഹനം ഉപേക്ഷിച്ച് ചെരുപ്പ് അഴിച്ചു നടന്നിരുന്നു. രാത്രി സമയത്ത് റൗളയിൽ കടന്ന് കതകുകൾ അടയ്ക്കുകയും രാത്രി മുഴുവൻ ഖാജാ സ്വാബീർ കൽയരീ رحمه اللّه യുടെ മസാറിൽ ഒറ്റയ്ക്ക് കഴിയുകയും ചെയ്തിരുന്നു.”

ഒരിക്കൽ ഒരാൾ ഹസ്റത്തിനോട് ചോദിച്ചു: “ചിലർ മഹാന്മാരുടെ അടുത്തു ഖബറടക്കപ്പെടാൻ ആഗ്രഹിക്കുന്നു. ഇതുകൊണ്ട് വല്ല ഫലവുമുണ്ടോ? ഈ സമയത്ത് ഹസ്റത്തിനരികിൽ ഒരാൾ ഇരുന്ന് വിശറി വീശിയിരുന്നു. ഹസ്റത്ത് തിരിച്ച് ചോദിച്ചു: സഹോദരാ, ഈ വിശറി ആർക്കാണ് വീശപ്പെടുന്നത്. അദ്ദേഹം: താങ്കൾക്ക്. ഹസ്റത്ത്: മറ്റുള്ളവർക്കും കാറ്റുലഭിക്കുന്നുണ്ടോ? അദ്ദേഹം: അതെ. ഇതാണ് താങ്കളുടെ ചോദ്യത്തിന് മറുപടി. തുടർന്ന് അത് വിവരിച്ചു. അല്ലാഹുവിങ്കൽ നിന്നും റഹ്മത്ത് മഗ്ഫിറത്തുകളുടെ കാറ്റടിക്കുമ്പോൾ ലക്ഷ്യം ഒരു മഹാനായിരിക്കും, പക്ഷെ പരിസരത്തുള്ളവർക്കും അതിന്റെ ഫലം അനുഭവപ്പെടും. 

ചുരുക്കത്തിൽ ശരീഅത്തിന്റെ പാർശത്തെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടുള്ള സ്നേഹാദരവുകളുടെ പളുങ്കുപാത്രത്തിന് പോറലേൽക്കരുത് എന്നായിരുന്നു ഹസ്റത്തിന്റെ കാഴ്ചപ്പാട്. ഇഫറാത്- തഫ്രീത്തുകളുടെ (പരസ്പരവിരുദ്ധമായ തീവ്രതകൾ) ഇടയിലുള്ള ഈ സുന്ദരമായ സരണി പ്രചരിപ്പിക്കുന്ന വിഷയത്തിൽ ഹസ്റത്തിന്റെയും ദേവ്ബന്ദി ഉലമാഇന്റെയും പങ്ക് നിസ്തുലമാണ്.

📌തസ്വവുഫ്

മഹാന്മാരോടുള്ള സ്നേഹാദരവുകളുടെ വിഷയത്തിൽ ജനങ്ങളിൽ നിന്നും വീഴ്ചകൾ ഉണ്ടായിരുന്നതുപോലെ തസ്വവുഫിന്റെ (ആത്മീയശുദ്ധീകരണം) വിഷയത്തിലും അന്ന് പാളിച്ചകൾ സംഭവിച്ചിരുന്നു. ഒരു ഭാഗത്ത് ശരീഅത്തിന്റെ സകല മാനദണ്ഡങ്ങളും വലിച്ചെറിഞ്ഞു. ശൈഖ് ആരാധനയിലേക്ക് ചിലർ മറിഞ്ഞുവീണപ്പോൾ മറുഭാഗത്ത് ശരീഅത്തിന്റെ സീമകൾക്കു ഉള്ളിൽ നിന്നുകൊണ്ട് ആത്മീയസംസ്കരണ മാർഗങ്ങൾ അവലംബിക്കുന്നതുപോലും വിമർശിക്കപ്പെട്ടു. ഒരു കൂട്ടർ തൊലിമാത്രം മതിയെന്ന് പറയുന്നു. മറ്റൊരുകൂട്ടർ തൊലിയോടൊപ്പം ഗോതമ്പുംകളയണമെന്ന് വാദിക്കുന്നു.

 ഈ രണ്ട് അതിർ ലംഘനങ്ങൾക്കിടയിൽ നിന്ന ഹസ്റത്ത് ഒരു ഭാഗത്ത്, തസ്വവുഫിന്റെ വിലാസത്തിൽ വിലസിയിരുന്ന ബിദ്അത്ത് ഖുറാഫാത്തുകളെ വിപാടനം ചെയ്യാൻ പരിശ്രമിച്ചു. മറുഭാഗത്ത് തസ്വവ്വുഫിലെ അനാചാരങ്ങളെ മറയാക്കി ആ പുണ്യവൃക്ഷത്തിന്റെ അടിവേരുതന്നെ മുറിക്കാനുള്ള നീക്കത്തെയും നേരിട്ടു. ഈ വിഷയത്തിൽ ഹസ്റത്തിന്റെ വാചകങ്ങൾ ശ്രദ്ധിക്കൂ: “മനുഷ്യന്റെ ലക്ഷ്യം മധുരപാനീയമായിരിക്കും. എന്നാൽ അത് ലഭിക്കുന്നതിന് അതിന്റെ രീതി ചോദിച്ച് മനസ്സിലാക്കലും ആവശ്യഘടകങ്ങൾ (പഞ്ചസാര, വെള്ളം, അടുപ്പ്, മൂതലായവ) കരസ്ഥമാക്കലും അത്യാവശ്യമാണ്. ഇവയുടെ ആവശ്യകത എല്ലാവരും അംഗീകരിക്കുന്നതാണല്ലോ? ഇപ്രകാരം, ലക്ഷ്യം മാനസിക ചികിത്സയായിരിക്കും. എന്നാൽ അതിന് ആവശ്യമായ മറ്റു ചില കാര്യങ്ങളുണ്ട്. ബാഹ്യമായി നോക്കുമ്പോൾ അത് ബിദ്അത്താണെന്ന് തോന്നാമെങ്കിലും അത് ബിദ്അത്തായിരിക്കില്ല. ആവശ്യമുള്ള കാര്യങ്ങളായിരിക്കും." 

“ഇനി ആരെങ്കിലും ഈ ആവശ്യ ഘടകങ്ങളെ തന്നെ പ്രധാന ലക്ഷ്യമായി കണ്ടാൽ അത് ബിദ്അത്താണ്. കാരണം, ഇത്തരുണത്തിൽ അദ്ദേഹത്തിന്റെ ലക്ഷ്യം മാനസിക വിശുദ്ധിയല്ല. അതിന്റെ മാധ്യമങ്ങളാണ്. അതാകട്ടെ, കരസ്ഥമാക്കാൻ കല്പ്പിക്കപ്പെട്ട കാര്യങ്ങളുമല്ല."

 “അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തര ധ്യാനം, ഇലാഹീ സ്നേഹം, ഭൗതികതയോടുള്ള സ്നേഹം പിഴുതെറിയൽ, സൽസ്വഭാവങ്ങൾ വളർത്തൽ, ദുസ്വഭാവങ്ങൾ നീക്കം ചെയ്യൽ എന്നീ കാര്യങ്ങൾ പ്രധാനപ്പെട്ട ദീനീ നിർദ്ദേശങ്ങളാണ്. ഇവകൾ ഉണ്ടായിത്തീരുന്നതിൽ സൂഫികളുടെ ശിക്ഷണ ശീലനങ്ങൾക്കുള്ള ബുദ്ധിയും അനുഭവവും ഉള്ളവരാരും നിഷേധിക്കുകയില്ല. ഇത്തരുണത്തിൽ പ്രസ്തുത ശിക്ഷണ ശിലനങ്ങളും ദീനിൽ കല്പ്പിക്കപ്പെട്ട കാര്യങ്ങളായിത്തീരും."

" റസൂലുല്ലാഹി ﷺ യുടെ കാലത്ത് ഖുർആൻ ഇന്നത്തെപ്പോലെ ആദ്യന്തം ക്രമീകൃതമായി എഴുതപ്പെട്ടിരുന്നില്ല. അതിൽ ഫത്ഹും കസ്റും ളമ്മും സുകൂനും ഇടപ്പെട്ടിരുന്നില്ല. ഹദീസ് ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയോ ഫിഖ്ഹ് - ഉസ്വൂലുകൾ ക്രോഡീകരിക്കപ്പെടുകയോ തഫ്സീറുകൾ തയ്യാറാക്കപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് അതെല്ലാം ഉണ്ട്. അവ ബിദ്അത്തുമല്ല. ഇത്തരൂണത്തിൽ തസ്വവുഫിലെ ശിക്ഷണ ശീലനങ്ങളെ ബിദ്അത്തെന്ന് പറയൽ ഗ്രാഹ്യതയുടെ കുറവാണ്. (ഫുയൂളെ ഖാസിമിയ്യ-25) 

ഇതേ വിഷയത്തെക്കുറിച്ച് ലളിതവും ആഴംനിറഞ്ഞതുമായ ഒരു ചർച്ച "മിസ്ബാഹുൽ റാവീഹ്' എന്ന ഗ്രന്ഥത്തിൽ ഹസ്റത്ത് കുറിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കെഴുത്ത് ഹസ്റത്തവർകളുടെ മകൻ മൗലാനാ അഹമ്മദ് മുഹമ്മദ് സാഹിബിന്റെ വാക്കുകളിൽ കേൾക്കുക: “ശരീഅത്തിന്റെ നിർദ്ദേശങ്ങൾ രണ്ടുതരമുണ്ട്. 
"ഒന്ന് - അർത്ഥവും രൂപവും അല്ലെങ്കിൽ അത്മാവും ശരീരവും ശരീഅത്തു തന്നെ നിർണ്ണയിച്ചു തന്ന കാര്യങ്ങൾ. ഉദാഹരണത്തിന് നമസ്കാരം, അതിന്റെ ആത്മാവ് ഇലാഹീ സ്മരണയാണെന്ന് പഠിപ്പിച്ച ശരീഅത്ത്. അതിന്റെ രൂപവും വിവരിച്ചു തന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും കൂട്ടികുറയ്ക്കലുകൾ നടത്താൻ ആർക്കും അവകാശമില്ല."
"ആത്മാവ് ഇന്നതാണെന്ന് വ്യക്തമാക്കിയതോടൊപ്പം രൂപത്തിന്റെ വിഷയത്തിൽ സ്വാതന്ത്ര്യം നൽകിയിരിക്കുന്ന കാര്യങ്ങളാണ് മറ്റൊന്ന്. ഉദാഹരണത്തിന് ജിഹാദ്, ഇലാഹീ വാക്യത്തിന്റെ ഉയർച്ചയും സത്യനിഷേധത്തിന്റെ തകർച്ചയുമാണ് ഇതിന്റെ ആത്മാവ്. എന്നാൽ ഇതിന്റെ രൂപം ഇങ്ങനെ തന്നെയായിരിക്കണമെന്ന് ശരീഅത്ത് നിർബന്ധിച്ചിട്ടില്ല. സഹാബത്തിന്റെ കാലത്ത് വാളും പരിചയും മറ്റുമായിരുന്നു ഇതിന്റെ മാധ്യമങ്ങൾ, ഇന്ന് അതല്ല. ഇത്തരുണത്തിൽ ഇന്ന് നിലവിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആരെങ്കിലും ജിഹാദ് നടത്തിയാൽ അദ്ദേഹം ബിദ്അത്ത് ചെയ്യുന്നവനാണെന്ന് ആരോപിക്കപ്പെടുകയില്ല. ഉറപ്പായും അദ്ദേഹം ശറഈ നിർദ്ദേശം പാലിക്കുന്നവൻ തന്നെയാണ്. ഇലാഹീ ധ്യാനം നിലനിർത്തൽ, ഇലാഹീ സ്നേഹം വളർത്തൽ, ഭൗതിക സ്നേഹം ഊരിമാറ്റൽ മുതലായ ദീനീനിർദ്ദേശങ്ങളും ഈ വിഭാഗത്തിൽ പെട്ടതാണ്.

📌ആർഭാട - ദുരാചാരങ്ങൾ

ഇതുപോലെ, സമൂഹത്തിലാകമാനം അന്ന് കത്തിക്കയറിയിരുന്ന ഒന്നാണ്. വിവാഹം പോലുള്ള സന്തോഷരംഗങ്ങളിലും മരണം മുതലായ ദുഃഖഘട്ടങ്ങളിലുമുള്ള ആർഭാടങ്ങളും ദുരാചാരങ്ങളും അന്നത്തെ ഒരു പണ്ഡിതൻ പ്രസ്തുത അവസ്ഥകൾ അനുസ്മരിക്കുന്നത് കാണുക. “വിവാഹാഘോഷങ്ങളിലൂടെ കഴിഞ്ഞകാല സമ്പാദ്യങ്ങളെല്ലാം ചിലവാകുകയും ഭാവികാലം മുഴുവൻ കുടത്തിൽ മുങ്ങുകയും ചെയ്തിരുന്നു. മരണങ്ങളുണ്ടായാൽ, മയ്യിത്തിനോ കുടുംബത്തിനോ യാതൊരു പ്രയോജനവുമില്ലാത്ത ആചാരങ്ങൾ നിലവിലുണ്ടായിരുന്നു. വീട് കൊള്ളയടിക്കപ്പെടുകയും തല തല്ലിത്തകർക്കപ്പെടുകയും ചെയ്തു എന്ന അവസ്ഥയായിരുന്നു എന്നും എങ്ങും.”

 ഹസ്റത്തവർകൾ ഇതിനെതിരിലും പ്രവർത്തിച്ചു. അതിലൂടെ വമ്പിച്ച ഫലംങ്ങൾ ഉളവായി. ദേവ്ബന്ദിലെ നാട്ടുകാരഖിലം, ഈ വിഷയത്തിൽ ഒരു സാമൂഹ്യ പ്രതിജ്ഞ എടുത്തതായി വിവരിക്കുന്ന ഹാജി ഫള്ല് ഹഖ് رحمه اللّه എഴുതുന്നു: “വിവാഹങ്ങളിലെ ധൂർത്തുകൾ അധികവും ഇല്ലാതായി, മയ്യിത്തിന് സവാബ് എത്തിച്ചുകൊടുക്കുന്ന പതിവ് പൂർണ്ണമായി ശരീഅത്തിന് അനുസരിച്ചുള്ളതായി.” 

📌തഖ്ലീദ്

പരസ്പര വിരുദ്ധമായ തീവ്രതകൾ നിലനിന്നിരുന്ന മറ്റൊരു വിഷയമാണ് തഖ്ലീദ്. (മുൻഗാമികളായ മഹത്തുക്കളെ ന്യായമായി അംഗീകരിക്കൽ) ഒരു ഭാഗത്ത് മദ്ഹബിനെ അംഗീകരിച്ചവർ തങ്ങളുടെ മദ്ഹബിനെ മാത്രം ശരിയും ന്യായവുമായി കാണുകയും ഇതര മദ്ഹബുകളുടെ തള്ളിപ്പറയുകയും ചെയ്യുകയുണ്ടായി. മഹാന്മാരായ ഇമാമുകൾ പോലും അനുവർത്തിച്ചിട്ടുള്ള നയത്തിന് എതിരായിട്ടുള്ള ഈ നീക്കത്തെ ഹസ്റത്ത് നേരിട്ടു. ഹനഫി മദ്ഹബിനെ മുറു കെപ്പിടിക്കുകയും അതിന്റെ തെളിവുകളെ സമർത്ഥിക്കുകയും ചെയ്തിരുന്ന ഹസ്റത്ത്, ഇതര മദ്ഹബുകളെ ആദരിക്കുകയും അതിനു പ്രേരിപ്പിക്കുകയും മാത്രമല്ല, ചിലപ്പോഴൊക്കെ ഇതര ഇമാമുകളുടെ അഭിപ്രായമനുസരിച്ചും പ്രവർത്തിച്ചിരുന്നതായി ശിഷ്യൻ മൗലാനാ മൻസൂർ അലി രേഖപ്പെടുത്തുന്നു.

എന്നാൽ ഇതിനിടെ മറുഭാഗത്ത് മറ്റൊരു വിഭാഗം വളർന്നുവന്നു. മദ്ഹബുകളുടെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യലും അതിന്റെ മഹാന്മാരായ ഇമാമുകളെ ആക്ഷേപിക്കലും പുച്ഛിക്കലുമായിരുന്നു അവരുടെ ജോലി.ഹസ്റത്ത് എഴുതുന്നു: “ഇമാം അബൂഹനീഫ رحمه اللّه യെ ആക്ഷേപിക്കാൻ അവർക്ക് യാതൊരു മടിയുമില്ല. ആ ആക്ഷേപങ്ങൾ കേൾക്കുമ്പോൾ, മനസ്സാകെ പൊള്ളിപിടഞ്ഞുപോകുന്നു, അവരുടെ ആക്ഷേപങ്ങൾക്ക് അതേ രീതിയിൽ പ്രതികരിക്കാൻ ചിലപ്പോൾ തോന്നാറുണ്ടെങ്കിലും ആയത്തുകളും ഹദീസുകളും ഓർത്ത് അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്," (തൗസീബുൽകലാം 16)

ഹസ്റത്തവർകൾ ഈ ആക്രമത്തിനെതിരിലും പ്രതികരിച്ചു. ഈ വഴിയിൽ നടന്ന ഒരു സംഭവം ശ്രദ്ധിക്കുക. ഇന്ത്യയിലെ തഖ്ലീദ് വിരുദ്ധരിൽ ഒരു പ്രധാനിയാണ് മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി അദ്ദേഹം ഒരു പ്രാവശ്യം ഹസ്റത്തിന് കത്തെഴുതി. "എനിക്ക് ചില വിഷയങ്ങളെ കുറിച്ച് താങ്കളോട് രഹസ്യമായി സംസാരിക്കാനുണ്ട്." ഹസ്റത്ത് സമ്മതം നൽകി. അങ്ങനെ അദ്ദേഹം വന്നു. ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദുൽ ഹസൻ رحمه الله പറയുന്നു. ഹസ്റത്തിന്റെ മുറി അടയ്ക്കപ്പെട്ടു. ഞങ്ങൾ പുറത്തായിരുന്നെങ്കിലും സംസാരം കേൾക്കണമെന്ന ആഗ്രഹം നിമിത്തം മുറിയുടെ വാതിലിലേക്ക് ചേർന്നു നിന്ന് മൗലവി സാഹിബ് ഓരോന്ന് ചോദിക്കുവാനും ഹസ്റത്ത് മറുപടി പറയുവാനും തുടങ്ങി. ഹസ്റത്തിന്റെ ഉജ്ജ്വലമായ മറുപടികൾ കേട്ട് അദ്ദേഹം പലപ്പോഴും 'സുബ്ഹാനല്ലാഹ്' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവസാനം അദ്ദേഹം പറഞ്ഞു: താങ്കളെ പോലെ ഇജ്തിഹാദിൽ കഴിവുള്ള വ്യക്തി മുഖല്ലിദായിരിക്കുന്നതിൽ അത്ഭുതമുണ്ട്. ഉടനെ ഹസ്റത്ത് പ്രതിവചിച്ചു: “താങ്കൾ ഇജ്തിഹാദിന് കഴിവില്ലാതിരുന്നിട്ടും തഖ്ലീദ് ചെയ്യാത്തതിൽ എനിക്കും അത്ഭുതമുണ്ട്.

📌ശീഇസം

മറ്റൊരു സംഭവം മൗലാനാ ഖാരി ത്വയ്യിബ് സാഹിബ് رحمه اللّه ഉദ്ധരിക്കുന്നു: “ഹസ്റത്ത് അവർകൾ ശാഹ് ജഹാൻപൂരിലേക്ക് പ്രസിദu സംവാദത്തിന് പോകുമ്പോൾ അതിനടുത്തുള്ള ഒരു ഗ്രാമത്തിലെ സുന്നികൾ ഹസ്റത്തിനെ വഅ്ളിന് ക്ഷണിച്ചു. ശീഇയായ സമീന്ദാറിന് കീഴിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ആ സാധുക്കളുടെ ക്ഷണം ഹസ്റത്ത് സസന്തോഷം സ്വീകരിച്ചു. ഹസ്റത്ത് എത്തിയെന്ന വിവരമറിഞ്ഞ ശീഇകൾ ഇളകി. ശീഈ ശക്തി ക്ഷയിക്കുമെന്ന് ശങ്കിച്ച അവർ ലഖ്നൗവിൽ നിന്നും നാല് പ്രധാന ശീഈ പണ്ഡിതരെ വിളിച്ചുവരുത്തി. സദസ്സിന്റെ നാലു മൂലകളിലായി ഇരുന്ന് പത്ത്-പത്ത് ചോദ്യങ്ങൾ ചോദിക്കാൻ അവർ പദ്ധതി തയ്യാറാക്കി, നിശ്ചിത ദിവസം ഹസ്റത്ത് ഗ്രാമത്തിലെത്തി. ശീഇകളെകൊണ്ട് സദസ്സാെക്കെ നിറഞ്ഞിരുന്നു. വഅ്ള് ആരംഭിച്ച ഹസ്റത്ത്, ശീഈ പണ്ഡിതർ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് തന്നെ അവർ പദ്ധതിയിട്ടിരുന്ന പ്രകാരം ചോദ്യങ്ങൾ സ്വയം ഉദ്ധരിക്കുകയും അതിന്റെ മറുപടി വിവരിക്കുകയും ചെയ്തു. ഇതുകണ്ട് ശിയാ നേതാക്കൾ ഇളിഭ്യരാവുകയും ഭൂരിഭാഗം ശിയാക്കളും പശ്ചാത്തപിക്കുകയും ചെയ്തു."

വീണ്ടും തുടരുന്നു: “സഹാറൻപൂർ, മുസഫർനഗർ മുതലായ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലെയും കിംഗ് മേക്കർമാർ ശിയാക്കളായിരുന്നു. ശീഇസത്തെ പ്രചരിപ്പിച്ചിരുന്ന ഇവരിൽ തന്നെ ഹസ്റത്തിന്റെ പരിശ്രമങ്ങൾ കാരണം വമ്പിച്ച മാറ്റമുണ്ടായി."

സ്വന്തം കുടുംബാംഗങ്ങളെ പോലെ അവർ ഹസ്റത്തിന്റെ അരികിൽ സദാ വന്നിരുന്നു. വിനീതിന്റെ പ്രഥമ പുത്രി ഫാത്വിമ ജനിച്ചപ്പോൾ സയ്യിദ് നൂറുൽ ഹസൻ സ്വന്തം കുടുംബത്തിൽ പ്രസവം നടന്ന രീതിയിലാണ് വസ്ത്രങ്ങളും മറ്റും കൊണ്ടുതന്നത്. ഹസ്റത്ത് ശൈഖുൽ ഹിന്ദ് മാൾട്ടയിലേക്ക് പോകുമ്പോൾ വീട്ടുകാരോട് പറഞ്ഞത്: വല്ല ആവശ്യവും വന്നാൽ മൗലവി സയ്യിദ് മുഹമ്മദിനോട് പറയണമെന്നാണ്. ഇവരെല്ലാം കടുത്ത ശിയാ നേതാക്കളായിരുന്നു. ഇന്ന് അവരുടെ കുടുംബവും പ്രദേശവും സുന്നികളുടെ കേന്ദ്രങ്ങളാണ്. അൽഹംദുലില്ലാഹ്,

മൂഹർറ മാസത്തിൽ ശീഈ ആചാരങ്ങൾ ദേവ്ബന്ദിൽ പൊടിപൊടിച്ചിരുന്നു. ഇതിൽ സുന്നികളും പങ്കെടുത്തിരുന്നു. അതിൽ ഒരു പ്രധാന ആചാരമാണ് തഅ്സിയത്ത്. മഹാനായ ഹുസൈൻ رضي اللّه വിന്റെ കൊടിയും വിരലുകളും മറ്റും പടച്ചുണ്ടാക്കി അവയും വഹിച്ച് പ്രകടനം നടത്തലാണ് ഇതിലെ മുഖ്യ ഇനം. ദേവ്ബന്ദിൽ ഈ പ്രകടനം ആരംഭിച്ചിരുന്നത് പ്രസിദ്ധമായ മദനീ മസ്ജിദിൽ നിന്നുമാണ്. ഹസ്റത്തിന്റെ പ്രധാന സഹപ്രവർത്തകൻ ഹാജീ യാസീൻ സാഹിബ് ഈ പള്ളിയിലാണ് നമസ്കരിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം പള്ളിയിൽ വെച്ച് പ്രഖ്യാപിച്ചു: “ഈ വർഷം ഈ പള്ളിയിൽ തഅ്സിയത്തിന്റെ ഖുറാഫാത്തുകൾ നടക്കുന്നതല്ല." ഈ പ്രഖ്യാപനം ദേവ്ബിന്ദിനെയാകെ ഇളക്കിമറിച്ചു. പ്രമാണിമാർ പറഞ്ഞു: “തഅ്സിയത്ത് അവിടെ നിന്നും തന്നെ ആരംഭിക്കും." യാസീൻ സാഹിബ് തിരിച്ചടിച്ചു. എന്റെ ശരീരത്തിനു മീതെകൂടി മാത്രമേ പ്രകടനം നടത്താനാകൂ,” പ്രശ്നമാകെ സങ്കീർണ്ണമായി. പ്രമാണിമാരെല്ലാവരും ഒത്തുകൂടി. യാസീൻ സാഹിബിനെ വധിക്കാൻ തീരുമാനമെടുത്തു.

ഇതറിഞ്ഞ ഹസ്റത്ത്, പ്രമാണിമാരും നാട്ടുകാരും നിറഞ്ഞുനിന്ന ഒരു സദസ്സിൽ വെച്ച് പ്രഖ്യാപിച്ചു: - “യാസീൻ സാഹിബിനോടൊപ്പം ഖാസിമിന്റെയും കഴുത്തറുത്താലെ പ്രകടനം നടക്കൂ. ” ഹസ്റത്തിന്റെ പ്രഖ്യാപനം കേട്ടപാടെ നാട്ടുകാരെല്ലാം പ്രമാണികൾക്കെതിരിൽ തിരിഞ്ഞു. അങ്ങനെ ഈ ഒരൊറ്റ വാചകംകൊണ്ട് തന്നെ പ്രശ്നങ്ങൾ കെട്ടടങ്ങി. പള്ളിയിൽ നിന്നും തങ്ങിയത്തി ഖുറാഫാത്തുകൾ തുടച്ചു മാറ്റപ്പെട്ടു.

അല്ലാമാ ഗീലാനിയുടെ വാചകങ്ങളിൽ ഈ അദ്ധ്യായം ഉപസംഹരിക്കട്ടെ. “ചുരുക്കത്തിൽ വലിയുല്ലാഹി കുടുംബം കാഴ്ചവെച്ച സുന്ദര സേവനങ്ങളെ മഹാനവർകൾ ജീവിതാന്ത്യം വരെ നിലനിർത്തി. പറത്തു നിന്നും ഇസ്ലാമിൽ കടന്നുകൂടിയ മാലിന്യങ്ങൾ ശാഹ് വലിയുല്ലാഹി ദഹ്ലവിയും കൂട്ടരും കഴുകി വൃത്തിയാക്കിയപ്പോൾ, ആ സുന്ദര സൗധത്തിലേക്ക് കർമ്മം,പ്രസംഗം, എഴുത്ത് മുതലായവയിലൂടെ സമൂഹത്തെ ഹസ്റത്ത് ക്ഷണിച്ചു. കൂട്ടത്തിൽ ഈ വഴി യിൽ പരിശ്രമിക്കാൻ പ്രാപ്തരായ ഒരു വിശുദ്ധ സംഘത്തെ ദർസ് ബൈഅത്തുകളിലൂടെ സുസജ്ജമാക്കി.അങ്ങനെ 'വലിയുല്ലാഹി' എന്നതിന്റെ മറ്റൊരു നാമമായി "ഖാസിമി" എന്ന പേര് മാറി, അല്ലാഹുവിന്റെ കരുണാ കടാക്ഷങ്ങൾ മഹാന്റെ മേൽ വർഷിക്കട്ടെ! അദ്ദേഹത്തെ അനുസരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ!"



(തുടരും...) إن شاء الله
➖➖➖➖➖➖➖➖➖➖➖➖
 ലേഖനം പൂർണ്ണമായും വായിക്കുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
http://ulama-e-ahlussunathdeoband.blogspot.com/2020/08/blog-post_26.html

 WHATSAPP GROUP1️⃣:https://chat.whatsapp.com/JuUQJnTDUuMHSfH0ImMzsJ

 WHATSAPP GROUP2️⃣:https://chat.whatsapp.com/HXVij6vD2F3FEqqIYbWUzb

🔳🔳🔳🔳🔳🔳🔳🔳🔳🔳🔳🔳

അഭിപ്രായങ്ങള്‍

  1. മാഷാഅല്ലാഹ് സ്തുത്യർഹമായ സേവനങ്ങൾ
    🌹🌹🌹🌹🌹🌹

    മറുപടിഇല്ലാതാക്കൂ
  2. മാഷാഅല്ലാഹ് സ്തുത്യർഹമായ സേവനങ്ങൾ
    🌹🌹🌹🌹🌹🌹

    മറുപടിഇല്ലാതാക്കൂ
  3. മാഷാഅല്ലാഹ് സ്തുത്യർഹമായ സേവനങ്ങൾ
    🌹🌹🌹🌹🌹🌹

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!