അണയാത്ത ദീപശിഖ


അണയാത്ത ദീപശിഖ , ദാറുൽ ഉലൂം ദേവ്ബന്ദ്.

✍️ ശെെഖുൽ ഹദീസ് മൗലാനാ അബ്ദുൽ കരീം റഷാദി അൽ ഖാസിമി رحمة اللّه عليه
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
https://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_85.html

ദാറുൽ ഉലൂം ദേവ്ബന്ദ് ഇസ്‌ലാം മത ഉപരിവിദ്യഭ്യാസത്തിനുള്ള ലോക പ്രശസ്ത കേന്ദ്രമായി ഉയർന്നിരിക്കുകയാണ്. ഇതിന്റെ പിന്നിലുള്ള ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ ത്യാഗോജ്ജ്വലമായ ചരിത്രം ഏതൊരു മുസ്‌ലിമിനേയും കോൾമയിർകൊള്ളിക്കുന്നതാണ്.ഒരു വട വൃക്ഷം കണക്കെ വളർന്നു പടർന്ന് പന്തലിച്ച് ലോക മുസ്‌ലിമീങ്ങൾക്ക് ആത്മീയവും ഭൗതികവുമായ വിജ്ഞാനത്തിൻറ സദ്-ഫലങ്ങൾ നൽകിപ്പോരുന്ന ഈ സ്ഥാപനം ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ആധികാരിക കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നിട്ടുണ്ട്.

മൂന്ന് നൂറ്റാണ്ടുകാലത്തെ ചക്രവർത്തിമാരുടെ ഭരണകാലം ഉൾപ്പടെ എഴുന്നൂറിൽപ്പരം വർഷങ്ങൾ മുസ്ലിം ഭരണാധികാരികൾ നാടുവാണ ഭാരതത്തിൽ മുസ്‌ലിമീങ്ങൾ ഇന്നും ഒരു മത ന്യൂനപക്ഷമായി നിലകൊള്ളുന്നുവെന്നതു മുസ്‌ലിം ഭരണാധികാരികൾ അവരുടെ അധികാരവും ഭരണശക്തിയും ഇസ്‌ലാം മത പ്രചരണത്തിനായി വേണ്ടനിലയിൽ ഉപയോഗിച്ചില്ലായെന്നതിന് വ്യക്തമായ തെളിവാണ്. 1857-നോടു കൂടി ബിട്ടീഷ് സാമ്രാജ്യം ഭാരതത്തെ പൂർണ്ണമായി വിഴുങ്ങി എന്നു തന്നെ പറയാം. ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെമേൽ പൂർണ്ണമായ മേൽകോയ്മ കരസ്ഥമാക്കിയ ബ്രിട്ടീഷുകാർ രാജ്യഭരണത്തോടൊപ്പം തന്നെ അവരുടെ പൈതൃകമായ കൃസ്തീയമത സിദ്ധാന്തങ്ങളെക്കൂടി പരോക്ഷമായും പ്രത്യക്ഷമായും ഇന്ത്യയുടെ മേൽ അടിച്ചേൽപിക്കുകയാണുണ്ടായത്. ഇന്ത്യൻ ജനതയെ പൂർണ്ണമായും തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തുന്നതിന് മതപരമായ ഊരാക്കുടുക്ക് ആസൂത്രിതബോധത്തോടുകൂടി ബിട്ടീഷുകാർ നെയ്തെടുത്തു. അതിന്റെ ഫലമാകട്ടെ, ഇന്ത്യക്കാരുടെ ചൊട്ട മുതൽ ചുടല വരെയുള്ള എല്ലാ രംഗങ്ങളിലും കൃസ്തീയമത വിശ്വാസം പകർന്നു കൊടുക്കപ്പെട്ടു. ഇസ്‌ലാം ഒരിക്കലും തങ്ങളുടെ നിലനില്പിനെ അംഗീകരിക്കില്ലെന്നും അത് അടിമ ഭരണത്തെ എതിർക്കുമെന്നും സ്വാതന്ത്ര്യദാഹത്തെ പുഷ്ടിപ്പെടുത്തുമെന്നും ബ്രിട്ടീഷുകാർ മുൻകൂട്ടി കണ്ടതുകൊണ്ടു തന്നെയാണു ഇസ്‌ലാമിനെ പാടെ തുടച്ചു നീക്കുവാനും , മുസ്‌ലിം സംസ്കാരത്തെ നശിപ്പിക്കുവാനും അശ്രാന്തശ്രമങ്ങൾ നടത്തി പോന്നത്. ഭരണരംഗത്തെന്നു മാത്രമല്ല വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക രംഗങ്ങളിലും കൃസ്തീയ സംസ്കാരം അടിച്ചേൽപിച്ചു. ഇതിനായി അധികാര ശക്തി ദുർവിനിയോഗം ചെയ്തു.

 സ്വാതന്ത്ര്യസമരമുൾപ്പടെയുള്ള ഖിലാഫത് പ്രസ്ഥാനവും അതിനു മുമ്പുണ്ടായിരുന്ന അസ്വസ്ഥ സംഭവങ്ങളും മുസ്‌ലിമീങ്ങളെ തേജോവധം ചെയ്യാനുള്ള കാരണങ്ങളായി ബ്രിട്ടീഷുകാർ ഉപയോഗപ്പെടുത്തി. വൻതോതിൽ മുസ്‌ലിമീങ്ങൾ കശാപ്പ് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിനു  മുസ്‌ലിം സ്ത്രീകളുടെ ചാരിത്ര്യം കളങ്കപ്പെടുത്തി. പതിനായിരക്കണക്കായ ആലിമീങ്ങൾ നിർദയം വധിക്കപ്പെടുകയും വളരെയധികം പേരെ ആന്തമാനിലെ ജയിലറകളിൽ അടക്കപ്പെടുകയും ചെയ്തു.ഡൽഹിയിലെ ജാമിഅ്  മസ്ജിദും പരിസരങ്ങളും മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. അവിടെയുള്ള മണൽ തരികൾ മുസ്‌ലിമീങ്ങളുടെ രക്തം വീണു കുതിർന്നു.ധാരാളം മൃതദേഹങ്ങൾ അഗ്നിക്കിരയായി.ഇപ്രകാരം ഇസ്ലാമിനെ തുടച്ചു നീക്കുന്നതിനും അവരുടെ സംസ്കാരത്തെയും വിജ്ഞാനത്തെയും ഇന്ത്യൻ മണ്ണിൽ നിന്നും പാടെ ഇല്ലായ്മ ചെയ്യുന്നതിനും ബ്രിട്ടീഷുകാർ നാനാവിധത്തിലുള്ള ശ്രമങ്ങൾ നടത്തി.

ചുരുക്കത്തിൽ ഇസ്ലാമിനെ പാടേ നശിപ്പിച്ച് ഇന്ത്യൻ ജനതയെ ഒന്നടങ്കം കൃസ്തീയ മതസ്തരാക്കിത്തീർക്കുന്നതിനു വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു. വർഗീയ ലഹളകൾ ഉണ്ടാക്കി ഹിന്ദു-മുസ്‌ലിം സംഘട്ടനത്തിനു വഴി തെളിച്ചതും അതിന്റെ ഒരു ഭാഗമായിരുന്നു. ഇസ്‌ലാം മതസ്ഥാപനങ്ങളുടെ വരുമാനങ്ങൾ കണ്ടുകെട്ടപ്പെട്ടു. അവയെ സഹായിച്ചു കൊണ്ടിരുന്ന സഹൃദയരെ നിർദ്ദാക്ഷണ്യം വധിച്ചു. തൽഫലമായി ദീനീ സ്ഥാപനങ്ങൾ പലതും നാമാവശേഷമായി. തൽസ്ഥാനത്ത് നഴ്സറികളും, മക്കോള പ്രഭുവിന്റെ പാശ്ചാത്യ സംസ്കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളും നിലവിൽവന്നു. ചുരുക്കത്തിൽ ഇസ്‌ലാമിക സംസ്കാരത്തിനു പകരമായി കൃസ്തീയ മത വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി പ്രചരിപ്പിക്കുന്നതിനു ബ്രിട്ടീഷ് ഭരണകൂടം തന്നെ പൂർണ്ണപിന്തുണ നൽകി. ആദ്യഘട്ടത്തിൽ തൊള്ളായിരത്തോളം കൃസ്തീയ പാതിരിമാരെയാണ് അന്നത്തെ  ബ്രിട്ടീഷ് ഗവൺമെന്റ് ഇതിനായി നിയോഗിച്ചത്.

വിദ്യാഭ്യാസത്തിന്റെ മറവിൽ ജനങ്ങളുടെ മത വികാരങ്ങളെ ചൂഷണം ചെയ്ത് തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ഈ കപടതന്ത്രം വലിയൊരളവോളം വിജയിച്ചവെന്നു തന്നെ പറയാം. ഇസ്‌ലാമിനെ പരസ്യമായി തന്നെ അവർ എതിർത്തും തുടങ്ങി. സാധുക്കളായ മററു മതക്കാരോടൊപ്പം ധാരാളം മുസ്‌ലിമീങ്ങളും ഇവരുടെ വലയിൽ വീണു. പാമരജനങ്ങൾ വഴി തെററി. പാവപ്പെട്ട മുസ്‌ലിമീങ്ങൾ ലക്ഷ്യബോധമില്ലാത്ത നിലയിലെത്തി. ഇസ്‌ലാലാമികാചാരാനുഷ്ഠാനങ്ങൾ ഒന്നൊന്നായി ഇല്ലാതാവുകയും തൽസ്ഥാനത്തും അനിസ്‌ലാമികമായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളം, ദുർനടപടികളും വളർന്നു സ്വാധീനം ചെലുത്തുകയും ചെയ്തു. ഈ ചുറ്റുപാടിൽ ഇന്ത്യയിൽ ഇസ്‌ലാം ദീൻ നാമാവശേഷമാക്കപ്പെട്ടുവെന്നു ഭയപ്പെട്ട ഒരു കാലഘട്ടത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശത്രുക്കളെ അവരുടെ താവളങ്ങളിൽ വെച്ച് തന്നെ നേരിടുന്നതിന് ചില മഹാന്മാർ തയ്യാറായി.

അന്നത്തെ ഔലിയാക്കളുടെ നേതാവായിരുന്ന ഹാജി ഇംദാദുല്ലാ മുഹാജിർ മക്കി (റഹ്) യുടെ ഉപദേശപ്രകാരം മഹാന്മാരായ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്), മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി (റ) എന്നിവർ ഇസ്‌ലാം മത പ്രചരണാർഥം തങ്ങളുടെ സർവ്വതും അർപ്പണം ചെയ്ത് മുന്നോട്ടു വന്നു. അവർ വീടുവീടാന്തിരം കയറി ഇറങ്ങി ജനഹൃദയങ്ങളിൽ നിന്നും അസ്തമിച്ചു കൊണ്ടിരുന്ന ദീനിനെ പുനർജീവിപ്പിക്കുവാൻ അശ്രാന്തപരിശ്രമങ്ങൾ നടത്തി. കൃസ്തീയമത പുരോഹിതന്മാരുമായി പരസ്യമായി അവർ വാദ പ്രതിവാദം നടത്തി, ഇസ്‌ലാമിക സംസ്കാരത്തിന്റെ ശ്രേഷ്ടത പൊതുജനങ്ങൾക്കും മനസ്സിലാക്കിക്കൊടുക്കുന്നതിനും , കൃസ്തീയമത വിശ്വാസക്കാരുടെ പൊള്ളത്തരങ്ങൾ പൊളിച്ച് കാണിക്കുന്നതിനും ഇതവർക്കു അവസരം നൽകി. ഇസ്‌ലാമിന്റെ വളർച്ചക്കും നിലനിൽപ്പിനും മാത്രമല്ല ഇസ്ലാമിന്റെ ശത്രുക്കളെ കണ്ടറിയുവാനും അവരുടെ ദുഷ്പ്രചാരണങ്ങളെ നേരിടുവാനും വിപുലമായ മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അവർ ദീനീ സ്ഥാപനങ്ങൾ നിലനിർത്തുവാനും അതിൽനിന്നും ദീനിന്റെ കാവൽ ഭടന്മാരായ മതപണ്ഡിതന്മാരെ വാർത്തെടുക്കുവാനും ദൃഢനിശ്ചയം ചെയ്തു.

ഇന്ത്യയിലെ ഏററവും വലിയ സംസ്ഥാനമായ ഉത്തരേന്ത്യയിലുള്ള ഉത്തർപ്രദേശിലെ ദേവ്ബന്ദ് ഗ്രാമത്തിൽ 1866 -ൽ ചത്ത: വാലി മസ്ജിദ് എന്നറിയപ്പെടുന്ന പള്ളിയുടെ തിരുമുറ്റത്തു ഇന്നും നിലകൊള്ളുന്ന മാതള നാരകത്തിൻറ ചുവട്ടിൽ വെച്ച് മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്)യുടെ  നേതൃത്വത്തിൽ, മൗലാനാ മുല്ലാ മഹ്മൂദ് ദേവ്ബന്ദി (റഹ്) മഹ്‌മൂദ് ഹസൻ എന്ന വിദ്യാർത്ഥിക്കു ആദ്യമായി ബിസ്മി ചൊല്ലിക്കൊടുത്തു കൊണ്ടു ഇന്നത്തെ ലോക പ്രസിദ്ധമായ ദേവ്ബന്ദിലെ ഇസ്‌ലാം മതപഠന സർവ്വകലാശാലയുടെ പ്രഥമ ക്ലാസ് തുടങ്ങിവച്ചു. ഈ വിദ്യാർത്ഥിയാണ് ഭാവിയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റ) എന്ന പേരിൽ അറിയപ്പെട്ട ചരിത്ര പ്രസിദ്ധനായ മഹാൻ. ആറു വർഷം കൊണ്ട് അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനത്തിൽ പാണ്ഡിത്യം നേടി. ഈ വിദ്യാർത്ഥി പിന്നീട് 40 വർഷക്കാലം "ദാറുൽ ഉലൂം' ദേവ്ബന്ദിൽ സദർമുദർരിസായി സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ഠിച്ച് മദ്റസക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ഇസ്‌ലാമിനോട് കൂടുതൽ താല്പര്യമുണ്ടാക്കിത്തീർക്കുകയും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത് ലോകത്തിനു സമ്മാനിക്കുകയും ചെയ്തു. കേവലം ഒരു വിദ്യാർത്ഥിയെ കൊണ്ടാരംഭിച്ച ഈ മഹൽസ്ഥാപനം ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക മതവിജ്ഞാനത്തിന്റെ ആധികാരികമായ ഒരുപരിപഠന കേന്ദ്രമാണ്.

ഇൽമിയും അമലിയുമായി അല്ലാഹുവിന്റെ കല്പനകളെയും നബി (സ്വ) യുടെ സുന്നത്തുകളെയും ശരിയായ അർത്ഥത്തിൽ കാത്തുസൂക്ഷിക്കുന്നതിനും തദനുസൃതമായി ഒരു പണ്ഡിത ലോകത്തെ വാർത്തെടുക്കുന്നതിനും "ദാറുൽ ഉലൂം ദേവ്ബന്ദ്" അവഗണിക്കാനാവാത്ത വിശിഷ്ട സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. ഇസ്‌ലാം മതവിജ്ഞാനത്തിന്റെ ബഹുമുഖമായ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായ 15922 മതപണ്ഡിന്മാരെ ഈ മഹൽ സ്ഥാപനം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇതിൽ 390 പേർ മലയാളികളാണെന്ന വസ്തുത കേരളീയ മുസ്ലിമീങ്ങൾക്ക് ഒന്നടങ്കം അഭിമാനകരമാണ്. ദീനിന്റെ ദീപവും കൈയ്യിലേന്തി ലോകത്തിനവർ വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു.

വൈവിദ്ധ്യമാർന്ന പഠനരീതികൾ കൊണ്ടും സംപുഷ്ടമായ ഒരു പാഠ്യക്രമമാണു ദാറുൽ ഉലൂം ദേവ്‌ബന്ദിലുള്ളത്.പരലോക ജീവിതത്തിലെ സ്ഥായിയായ നേട്ടങ്ങൾ കൈവരിക്കുവാൻ ഭൗതിക ലോകത്തെ എപ്രകാരമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും താത്വികമായും, പ്രായോഗികമായും ഇവിടെ പഠിപ്പിക്കുന്നു. ഗ്രന്ഥങ്ങൾ രചിക്കുക, മതപരമായ കാര്യങ്ങളിൽ തീർപ്പ് വിധികൾ നൽകുക, തർക്കശാസ്ത്രമുറകൾ പരിശീലിപ്പിക്കുക, യൂനാനി വൈദ്യശാസ്ത്രം പഠിപ്പിക്കുക, കൈയ്യെഴുത്തിൽ ഉപരിപഠനം നടത്തുക, കൈത്തൊഴിലുകൾ അഭ്യസിപ്പിക്കുക, പ്രസംഗ പരിശീലനം നൽകുക, ലേഖനങ്ങൾ എഴുതാൻ ശീലിപ്പിക്കുക, പരിശുദ്ധ ഖുർആൻ മന:പാഠമാക്കിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പഠനക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1164 ഗ്രന്ഥകർത്താക്കളും , 1784 മുഫ്തികളും, 1540 തർക്കശാസ്ത്ര വിശാരദരും, 788 യുനാനി ഡോക്ടർമാരും, 4288 പ്രാസംഗികരും ,684 ലേഖകരും, 681 ഹാഫിളീങ്ങളും,5888 മുദർരിസുമാരും ഈ സ്ഥാപനത്തിൽനിന്നും ഉപരിപഠനം പൂർത്തിയാക്കി പുറത്തു വന്നിട്ടുണ്ട്. ( ഈ 1980 -ലെതാണ് ഇന്ന് അതിലും എത്രയോ ഇരട്ടിയായി ഇത് വർദ്ധിച്ചിട്ടുണ്ട്.)

കഴിഞ്ഞ നൂററാണ്ടിൽ ഭാരതത്തിലെ ഇസ്‌ലാമിക സംസ്കാരത്തിന്റെയും വി ജ്ഞാനത്തിന്റെയും കാവൽ ഭടനും ചരിത്ര പുരുഷനുമായിരുന്ന ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്), 1000 കിതാബുകളുടെ ഗ്രന്ഥകർത്താവയ മൗലാനാ അഷറഫ് അലി ഥാനവീ (റഹ്), സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നറിയപ്പെടുന്ന മൗലാനാ മുഹമ്മദ് അൻവർ ഷാഹ് കഷ്മീരി (റഹ്), സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി ബ്രിട്ടീഷിനോടു പട പൊരുതിയ ശൈഖുൽ ഇസ്‌ലാം മൗലാനാ ഹുസൈൻ അഹ്മദ് മദനീ (റഹ്) കോടിക്കണക്കിന് ജനങ്ങളെ ഇസ്‌ലാമിലേക്കാകർഷിച്ച  മൗലാനാ മുഹമ്മദ് ഇൽയാസ് കാന്തലവി (റഹ്), ലോക പ്രശസ്തനും ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വൈവിദ്ധ്യമാർന്ന തുറകളിൽ അഗാധ പാണ്ഡിത്യം നേടി മുസ്‌ലിം ലോകത്തിന്റെ അവാർഡ് കരസ്ഥമാക്കിയ മൗലാനാ സയ്യിദ് അബുൽഹസൻ അലി നദ്‌വി (റഹ്), വാദപ്രതിവാദ രംഗത്ത് അഗ്രഗണ്യനും ഗ്രന്ഥരചയിതാവുമായ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനീ (റഹ്), ഏതു വിഷയവും വിജ്ഞാന പ്രദമായ നിലയിൽ അവതരിപ്പിക്കാൻ കഴിവുറ്റ സുപ്രസിദ്ധ പ്രാസംഗികനും ഗ്രന്ഥരചയിതാവുമായ മൗലാനാ ഖാരീ മുഹമ്മദ് ത്വയ്യിബ് സാഹിബ് (റഹ്), ശൈഖുൽ ഹദീസും മുഹദ്ദിസുമായി ലോകമെമ്പാടുമറിയപ്പെടുന്ന മൗലാനാ മുഹമ്മദ് സകരിയ (റഹ്) മുതലായ പണ്ഡിതന്മാർ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. ഏതെങ്കിലും നിലയിൽ ഈ സ്ഥാപനത്തിൻറ ശിഷ്യത്വം സ്വീകരിക്കാത്ത ആലിമീങ്ങൾ ഇന്ത്യയിൽ വിരളമാണ്. 

ദീനിയായ അറിവ് നൽകുന്നതിനും പ്രത്യേകിച്ച് നബി തങ്ങൾ (സ്വ) യുടെ ഹദീസുകൾ പ്രചരിപ്പിക്കുന്നതിന് ഈ സ്ഥാപനം വഹിച്ചു പോരുന്ന പങ്ക് നിസ്സീമമാണ്. ഉർദുവിലും ഫാർസിയിലും അറബിയിലുമായി വളരെയധികം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.പ്രസിദ്ധമായ ധാരാളം കിതാബുകൾക്കു ഒട്ടധികം ഷർഹുകൾ അതു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.  

എതിരാളികൾ പോലും അതിനെ ഇന്നും പ്രയോജനപ്പെടുത്തി വരുന്നു. കിതാബുകളെ പ്രചരിപ്പിക്കുന്ന വിഷയത്തിലും ഈ സ്ഥാപനം വഹിച്ചിടുള്ള പങ്ക് അതുല്ല്യമാണ്. കുതുബ് ഖാനകളെക്കൊണ്ട് നിറഞ്ഞ ദാറുൽ ഉലൂമും പരിസരവും ഏതൊരാളുടെ കണ്ണും മനസ്സും ഒരു പോലെയാകർഷിക്കുന്നു. ആ മഹന്മാർക്കു അല്ലാഹു മതിയായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.അവർ ഇസ്ലാമിന്റെ നിലനിൽ പ്പിനു വേണ്ടി വളരെയധികം യാതനകളും വേദനകളും അനുഭവിച്ചു ഒട്ടധികം  ക്ലേശങ്ങൾ സഹിച്ചു. ബ്രിട്ടീഷുകാരെയും അവരുടെ ആദർശങ്ങളെയും എതിക്കുകയും ചെറുക്കുകയും ചെയ്തു. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ദീനിന്റെ കോട്ടകൾ പടുത്തുയർത്തി. അതിൽനിന്നും ദീനിന്റെ കാവൽഭടന്മാരായ ആയിരക്കണക്കിനു ഉലമാശിരോമണികളെ വാർത്തെടുത്തു. അവർ കാരണമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 8934 ദീനീ സ്ഥാപനങ്ങൾ വളർന്നു പന്തലിച്ചിട്ടുണ്ട്. അവ പൂത്തു വിരിഞ്ഞു പരിലസിക്കുന്നതിന്റെ പരിമളം ലോകം ഇന്നും ആസ്വദിക്കുന്നു. “ദാറുൽ ഉലൂം ദേവ്ബന്ദ്” എന്ന മഹത്തായ സ്ഥാപനമാണ് ഇതിനും ഹേതുവായിത്തീർന്നത്. ഇന്നും ആ അണയാത്ത വിജ്ഞാന ദീപശിഖ ലോകമെമ്പാടും വെളിച്ചം പകരുന്നു.

അല്ലാഹു ഈ ദീപശിഖ എക്കാലവും അണയാതെ സംരക്ഷിക്കട്ടെ... ആമീൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.