ദാറുൽ ഉലൂം ഒരു പൊൻതാരം.

ദാറുൽ ഉലൂം ഒരു പൊൻതാരം. 

✍️ മൗലാനാ മുഹമ്മദ് ഹുസൈൻ മളാഹിരി, കാഞ്ഞാർ
◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_7.html

അതെ! ദാറുൽ ഉലൂം തികച്ചും അക്ഷരാർത്ഥത്തിൽ ഒരു പൊൻതാരം തന്നെയാണ്. കാർമേഘക്കൂട്ടങ്ങളുടെ ഉള്ളിലും പ്രകാശിക്കുന്ന പൊൻതാരം. മുസ്‌ലിം ലോകത്തെങ്ങും പ്രഭ വിതറുന്ന പൊൻ താരം. ദാറുൽ ഉലൂമാകുന്ന പൊൻതാരത്തിന്റെ പ്രഭയിൽ ലോകമെങ്ങുമുള്ള കോടിക്കണക്കായ മുസ്‌ലിമീങ്ങൾ ഹിദായത്തിന്റെ നേർമാർഗ്ഗം കണ്ടെത്തുന്നു. അവരുടെ ഇഹപര വിജയങ്ങളിലേയ്ക്കുള്ള പാതയെ ദാറുൽ ഉലൂം അവർക്കും കാണിച്ചു കൊടുക്കുന്നു.

ദാറുൽ ഉലൂം സ്ഥാപിച്ച പശ്ചാത്തലം:
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഇന്ത്യൻ മുസ്‌ലിമീങ്ങൾ അവരുടെ ദീനിയായ നിലനിൽപ്പ് പല കാരണങ്ങളാൽ ചോദ്യം ചെയ്യപ്പെട്ട കാലത്താണ് ദാറുൽ ഉലൂം ഉദിച്ചുയർന്നത്. ശിപായി ലഹളയോടടുത്ത കാലഘട്ടമായിരുന്നു അത്. ഇന്ത്യൻ മുസ്‌ലിമീങ്ങൾ മതപരമായും രാഷ്ട്രീയമായും അഗ്നിപരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരുന്നകാലം. മാത്രമല്ല മുസ്ലിമീങ്ങൾ പൊതുവെ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ മുസ്‌ലിമീങ്ങൾ പണ്ഡിത-പാമര വ്യത്യാസമന്യേ പരിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും സലഫുസ്സ്വാലിഹീങ്ങളുടെ ജീവിത ക്രമങ്ങളിൽ നിന്നും വളരെ ദൂരം അകന്നു പോകുകയും ബിദ്അത്തുകളെ ദീനാക്കി സ്വീകരിച്ചു ജീവിച്ചുപോരുകയും ചെയ്തകാലം.

കൂടാതെ അന്നു ഭാരതം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ക്രിസ്തീയമിഷനറിമാരെ ക്രിസ്തുമത പ്രചാരണാർത്ഥം ഭാരതത്തിൻറെ മുക്കിലും മൂലയിലും എത്തിക്കുകയും, മുസ്‌ലിമീങ്ങളിൽ ഒരു വിഭാഗം മിഷനറിമാർ വിരിച്ച വലയിലേയ്ക്കും ആകൃഷ്ടരാകുകയും ചെയ്തുകൊണ്ടിരുന്ന കാലം. 

തന്നെയുമല്ല മുസ്ലിമീങ്ങളിൽ തന്നെ ഒരു വിഭാഗം ഭൗതിക വിദ്യാഭ്യാസത്തിൻറെ കുറവാണ് മുസ്‌ലിം ജനതയുടെ അധ:പതനത്തിന്റെ കാരണമെന്ന് ഉറച്ചുവിശ്വസിക്കുകയും ആ കുറവിനെ പരിഹരിക്കുവാൻ ഭൗതിക വിദ്യാഭ്യാസത്തിനുമാത്രം പ്രാമുഖ്യം നൽകിക്കൊണ്ടു നാട്ടിന്റെ നാനാഭാഗങ്ങളിലും സ്ഥാപനങ്ങൾ പടുത്തുയത്തുവാൻ ആരംഭിക്കുകയും ചെയ്തകാലം. ഇതെല്ലാമായിരുന്നു ദാറുൽ ഉലൂം ഉദിച്ചുയരുവാൻ കാരണമായ പശ്ചാത്തലം.

ദാറുൽ ഉലൂം ഉദയം കൊള്ളുന്നു: 
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ഇന്ത്യൻ മുസ്‌ലിമീങ്ങൾ ഈ ദുർഘട സന്ധിയെ എല്ലാവിധത്തിലും എന്നെന്നേക്കുമായി തരണം ചെയ്തേ പറ്റൂ, അതിനും നമ്മളാലാകുന്നതെല്ലാം നാമും ചെയ്യാൻ ബാധ്യസ്ഥരാണ്, ഇനി അതിൽ നിന്നും ഒട്ടും പുറകോട്ടു പൊയ്ക്കൂടാ , ഈ അവസ്ഥ നീണ്ടുപോയാൽ ഭാരതമണ്ണിൽ നിന്നും ഇസ്‌ലാം ദീൻ പിഴുതെറിയപ്പെട്ടക്കാം, നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ആയതിനാൽ ഉടനേ ജാഗരൂകരാകണമെന്നും ഹജ്ജത്തുൽ ഇസ ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) അവർകളും വടക്കേ ഇന്ത്യയിലെ ഉന്നതന്മാരായ പണ്ഡിതന്മാരും ഒരിടത്ത് സമ്മേളിച്ചു കൂടിയാലോചിച്ചു.

ഭാരത മുസ്‌ലിമീങ്ങളുടെ ദീനിയ്യും ദുൻയവിയ്യുമായ എല്ലാതലത്തിലുമുള്ള അധ:പതനത്തിൽ നിന്നും അവരെ കരകയറ്റണമെങ്കിൽ ദീനിയായ ബോധം മാത്രമാണ് ഏക പരിഹാരം എന്നും അവർ തീരുമാനിക്കുകയുണ്ടായി. അതിന്റെ ഫലമായി ഉത്തർപ്രദേശിൽ സഹാറൻപൂർ ജില്ലയിൽ "ദേവ്ബന്ദ്" എന്ന സ്ഥലത്ത് ഹുജ്ജത്തുൽ ഇസ്‌ലാം മൗലാനാ ഖാസിം നാനൂത്തവി (റഹ്) അവർകളുടെ മേൽനോട്ടത്തിൽ ദാറുൽ ഉലൂം സ്ഥാപിതമായി.

ദേവ്ബന്ദിലെ മസ്ജിദേ ചത്തായുടെ മുറ്റത്ത് ഇന്നും വളർന്നു പന്തലിച്ചു നിൽക്കുന്ന മാതള മരച്ചുവട്ടിൽ മൗലാനാ മുല്ലാ മഹ്‌മൂദ് അവർകൾ ഉസ്താദും പിൽക്കാലത്ത് 'ശൈഖുൽ ഹിന്ദ്' എന്നും “ 'അസീറേ-മാൾട്ടാ' എന്നും അറിയപ്പെട്ട, പിന്നീട് ഇതേ ദാറുൽ ഉലൂമിൽ സദർ മുദർരിസ്സായ, ഡൽഹി ജാമിഅ മില്ലിയ്യ സ്ഥാപകനും, ജംഇയ്യത്തുൽ ഉലമാ-എ-ഹിന്ദിന്റെ അദ്ധ്യക്ഷനുമായി തീർന്ന  ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്) അവർകൾ പ്രഥമ വിദ്യാർത്ഥിയുമായിരുന്നു. 

ഈ സംഭവത്തെ അനുസ്മരിപ്പിക്കും വിധം  പഴഞ്ചൊല്ല് പോലുള്ള ഒരു വാക്ക് ദേവ്ബന്ദിൽ ഇന്നും പറഞ്ഞ് പോരുന്നു. "ഉസ്താദേ മഹ്‌മൂദ് ഷാഗ്‌രദേ മഹ്‌മൂദ്, സാഅത്തെ മഹ്‌മൂദ്".

ഏക വിദ്യാത്ഥിയെക്കൊണ്ടാരംഭിച്ച് ദാറുൽ ഉലൂമിൽ ഇന്നും ഓരോ വർഷവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നാലായിരത്തിനും അയ്യായിരത്തിലും മധ്യേ വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ദാറുൽ ഉലൂമിന്റെ ഫാസിലുകൾ ധാരാളം പേരുണ്ട്. കാലക്രമേണ ദാറുൽ ഉലൂം ഒരു പ്രസ്ഥാനമായി രൂപാന്തരപ്പെടുകയുണ്ടായി. അതിന്റെ ലക്ഷോപലക്ഷം സന്തതികൾ ലോകത്താകെ പരന്നിട്ടുണ്ട്. അവർ ഓരോരുത്തരും ദീനിന്റെ കാവൽ ഭടന്മാരാണ്. ദാറുൽ ഉലൂമിന്റെ ലക്ഷ്യങ്ങൾ നേടി എടുക്കുവാൻ അവർ യത്‌നിക്കുന്നു. ദാറുൽ ഉലൂമിന്റെ 
കിരണങ്ങളായി അവർ മുന്നോട്ട് നീങ്ങുന്നു.

ദാറുൽ ഉലൂമും സ്വാതന്ത്യസമരവും ജംഇയ്യത്തും:
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ദാറുൽ ഉലൂം ബിദ്അത്തുകളെയും തെറ്റായ വിശ്വാസങ്ങളെയും അമുസ്‌ലിം ജീവിതക്രമങ്ങളോടുള്ള അനുകരണത്തെയും അതിന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് എതിർക്കുകയും പരിശുദ്ധ ഖുർആനിലേക്കും സുന്നത്തിലേക്കും സലഫുസ്സ്വാലിഹീങ്ങളുടെ മാർഗത്തിലേക്കും മുസ്‌ലിം പൊതുജനങ്ങളെ അടുപ്പിക്കുവാനും മുസ്‌ലിം പിഞ്ചോമനകളുടെ ഹൃദയങ്ങളിൽ ദീനിയ്യായ അറിവും വിശ്വാസദാർഡ്യതയും ഉണ്ടാക്കിത്തീർക്കുവാനും അവരെ ദീനിന്റെ കരുത്തുറ്റ പണ്ഡിതന്മാരും ദീനിന്റെ സംരക്ഷണത്തിൽ എല്ലാ രംഗങ്ങളിലും നൈപുണ്യമുള്ളവരാക്കിത്തീർക്കുവാനും ആവുന്നത്ര ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ്. ഭാരതത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ശക്തിപ്പെടാൻ തുടങ്ങിയത്. ജനിച്ച മണ്ണിനോട് കൂറില്ലാത്തവർ ആരും തന്നെ ഈ ലോകത്തില്ല.രക്തത്തിലലിഞ്ഞു ചേർന്ന ആ കൂറ് ദാറുൽ ഉലൂമിന്റെ പണ്ഡിതന്മാരുടെ ഉള്ളിലേയ്ക്ക് ആഴത്തിൽ പതിച്ചിരുന്നു.

വൈദേശികാധിപത്യത്തിനെതിരിൽ ദാറുൽ ഉലൂം സടകുടഞ്ഞെഴുന്നേറ്റു. അവരുടേതായ പങ്ക് അവരും നിർവ്വഹിച്ചു.ഇന്നാട്ടിലെ സ്വാതന്ത്ര്യത്തിനുവേണ്ടി ദാറുൽ ഉലൂമും അതിന്റെ നേതാക്കളും സഹിച്ച യാതനകളും വേദനകളും കഷ്ടപ്പാടുകളും ജയിൽ വാസങ്ങളും വീരമരണങ്ങളുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടേണ്ടതാണ് . സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലം മുതൽക്കുതന്നെ ദാറുൽ ഉലൂമിലെ പണ്ഡിതന്മാർ സമരരംഗത്തുണ്ടായിരുന്നു.

തടുക്കാനാവാത്ത ഒരു ജനമുന്നേറ്റമായി അതു വളർന്നപ്പോൾ സ്വാതന്ത്യസമരത്തിന്റെ മുന്നണിപടയാളികളിൽ ദാറുൽ ഉലൂമിലെ പണ്ഡിതന്മാർ നിലയുറപ്പിച്ചു. ദേവ്ബന്ദിലെ "ഖൂനീ" മസ്ജിദിലെ കൂട്ടക്കൊല ജാലിയൻവാലാ ബാഗിനെയും കേരളത്തിലെ വാഗൺട്രാജടിയേയും ഓർപ്പെടുത്തുന്നു. ഷാംലി പടക്കളവും ഹാഫിസ് ളാമീൻ ശഹീദ് (റഹ്) യെ പോലുള്ളവരുടെ വീരമരണവും ദാറുൽ ഉലൂമിന്റെ സ്വാതന്ത്യസമര പങ്കാളിത്തത്തെ വിളിച്ചറിയിക്കുന്നു.

ദാറുൽ ഉലൂമിലെ പ്രഥമ വിദ്യാർത്ഥിയും പിന്നീട് സദർ മുദർരിസുമായിരുന്ന ശൈഖുൽ ഹിന്ദ് അവർകളും ദാറുൽ ഉലൂമിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് അവിടത്തെ ശൈഖുൽ ഹദീസും ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ പ്രസിഡന്റും ആയിരുന്ന ശൈഖുൽ ഇസ്ലാം മൗലാനാ ഹുസൈൻ അഹ്മദ് മദനിയും വിദൂരമായ മാൾട്ടാ ജയിലിൽ അടയ്ക്കപ്പെട്ടതും ഭാരത സ്വാതന്ത്യസമരത്തിൽ ദാറുൽ ഉലൂമിനുള്ള പങ്കാളിത്തത്തിലേക്കുള്ള ഒരു ചുണ്ടു പലക മാത്രമാണ്. ഉപരിസൂചക സംഭവങ്ങൾ അവർക്ക് അവാർഡു നൽകി ബഹുമാനിക്കുവാൻ ഇന്നാട്ടിലാരും തയ്യാറായിട്ടില്ലെങ്കിലും സൂര്യൻ അസ്തമിക്കാത്തകാലത്തോളം സത്യം-സത്യമായും ദാറുൽ ഉലൂമിന്റെ അഭിമാനമായും എന്നും നിലകൊള്ളും.

ജംഇയ്യത്ത് ഉലമാ-എ-ഹിന്ദ് ഭാരത മുസ്‌ലിമീങ്ങളെ ഭാരതത്തിന്റെ ധീരസന്താനങ്ങളായിതന്നെ നിലനിർത്തിക്കൊണ്ട് മുസ്‌ലിമീങ്ങളാൽ ആകുന്ന എല്ലാസേവനങ്ങളും ഈ നാടിന് ചെയ്യുവാനും , അവശരേയും അശരണരേയും സഹായിക്കുവാനും, ഇസ്‌ലാമിനേയും മുസ്‌ലിമീങ്ങളേയും പുറത്തു നിന്നുള്ള എല്ലാ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനുമായി രൂപം കൊണ്ട ഒരു സംഘടനയാണ്. ഭാരതത്തിന് സ്വാതന്ത്ര്യം നേടി എടുക്കുന്ന സമരരംഗത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളെ വിജയത്തിലെത്തിക്കുക എന്നതായിരുന്നു ജംഇയ്യത്തിന്റെ രാഷ്ട്രീയ ലൈൻ. സ്വാതന്ത്യത്തിന്റെ പൊൻ പുലരി ഭാരതത്തിലുദിച്ചയർന്നതോടെ ജംഇയ്യത്ത് അതിന്റെ രാഷ്ട്രീയം കൈ വെടിഞ്ഞു. രാഷ്ട്രീയം ഒഴിവാക്കിക്കൊണ്ടുള്ള മറ്റു ലക്ഷ്യങ്ങളുടെ സഫലീകരണത്തിനായി ജംഇയ്യത്ത് ഇന്നും  പ്രവൃത്തിക്കുന്നു.

ജംഇയ്യത്തും ദാറുൽ ഉലൂമുമായി അഭേദ്യ ബന്ധമാണുള്ളതത്. ഈ അടുത്തകാലം വരെ ജംഇയ്യത്തിന്റെ അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നവരിൽ പലരും ദാറുൽ ഉലൂമിലെ ശൈഖുൽ ഹദീസുമാരായിരുന്നു.(നിലവിൽ ജംഇയ്യത്തിന്റെ അഖിലേന്ത്യാ അധ്യക്ഷൻ ദാറുൽ ഉലൂമിലെ ശൈഖുൽ ഹദീസായ ഖാഇദേ മില്ലത്ത് മൗലാനാ സയ്യിദ് അർഷദ് മദനി അവർകളാണ്)  ദാറുൽ ഉലൂമും ജംഇയ്യത്ത് ഉലമാ-എ-ഹിന്ദും രണ്ടു നാമധേയത്തിലാണ് അറിയപ്പെടുന്നതെങ്കിലും അവകൾ തമ്മിൽ സുദൃഡമായ ബന്ധമാണും ഇന്നും ഉള്ളത്.

ദാറുൽ ഉലൂം ബിദ്അത്തുകൾക്കെതിരേ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ദാറുൽ ഉലൂമിന്റെ സിൽസില ഷാഹ് വലിയുല്ലാഹി ദഹ്‌ലവി (റഹ്) യുമായി എല്ലാ നിലയിലും ബന്ധപ്പെട്ടതാണ്.

വടക്കേ ഇന്ത്യയിൽ ബിദ്അത്തുക്കൾക്കെതിരെ ആഞ്ഞുവീശിയ കൊടുങ്കാറ്റ് ഷാഹ് വലിയുല്ലാഹി ദഹ്‌ലവിയായിരുന്നു. പിന്നീട് ആ ചുമതല വലിയുല്ലാഹി കുടുംബത്തിലെ സന്താന പരമ്പരയാൽ ബിദ്അത്താരാധകരുടെ എല്ലാവിധ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സിറാത്തുൽ മുസ്തഖീമിലേക്കുള്ള പരിശ്രമം നിർവിഘ്നം നിർവ്വഹിച്ചുപോന്നു. വലിയുല്ലാഹി ശ്യംഘലഘലയിലെ കണ്ണികളാണ് ദാറുൽ ഉലൂമിന് ജന്മം നൽകിയത്. അതുകൊണ്ടും ദാറുൽ ഉലൂം ജന്മനാതന്നെ ബിദ്അത്ത് വിരുദ്ധശക്തിയാണ്.ബിദ്അത്തിനെതിരായി പടപൊരുതുക എന്നുള്ളതും ദാറുൽ ഉലൂമിന്റെ ലക്ഷ്യവും കൂടിയായിരുന്നു.

തൽലക്ഷ്യ നിർവ്വഹണാർത്ഥം ദാറുൽ ഉലൂം രംഗത്തു വന്നപ്പോൾ ബിദ്അത്തു പ്രേമികളായ ദാറുൽ ഉലൂമിന്റെ ശത്രക്കൾ മരണവൃതത്തിൽ നിന്നും രക്ഷപ്പെടുവാൻ പരക്കം പാച്ചിൽ തുടങ്ങി. അഹ്‌മദ് റളാഖാൻ ബറേലവിയുടെ പിന്നിൽ അവർ അണിനിരന്നു. അങ്ങനെ വടക്കേ ഇന്ത്യയിൽ ഹഖ്ഖായ ദീനിന്റെ നിസ്തുല സേവകന്മാരായ ഉമലാ-എ-ഹഖ് ആയി ദാറുൽ ഉലൂമിന്റെ പണ്ഡിതന്മാർ ഒരുഭാഗത്തും, അറിയപ്പെട്ടതും അല്ലാത്തതുമായ എല്ലാ ബിദ്അത്തുകളേയും നിലനിർത്തുവാനും ഹയാത്താക്കുവാനും ബറേലവികളെന്നറിയപ്പെടുന്ന റസാഖാനികൾ മറുഭാഗത്തും നിലകൊണ്ടു. ദേവ്ബന്ദി-ബറേലവി എന്ന രണ്ടുജമാഅത്തുകളായി പിന്നീടവർ അറിയപ്പെടാൻ തുടങ്ങി. ദാറുൽ ഉലൂമിലെ പണ്ഡിതന്മാരും അതിന്റെ സന്തതികളും ഹഖ്ഖായമാർഗ്ഗത്തിലുള്ള അവരുടെ പരിശ്രമം നിർബാധം ഇന്നും തുടന്നുകൊണ്ടിരിക്കുന്നു. റസാഖാനികൾ ബിദ്അത്തിൻറയും ബാത്തിലിന്റെയും പിന്നിലുള്ള അവരുടെ പരിശ്രമങ്ങൾ അവരും നടത്തിപ്പോരുന്നു. 

ബാത്തിലിന്റെ രൂപം വലുതാണെങ്കിലും ഉള്ളപൊള്ളയായിരിക്കുമെന്നതാണ്. റസാഖാനികളുടെയുംഅവരുടേതേറ്റു പാടുന്ന നമ്മുടെ കൊച്ചു കേരളത്തിലെ അനുയായികളുടെയും അവസ്ഥ. അന്തിമ വിജയം സത്യത്തിന്റേതു മാത്രമായിരിക്കും. ഇന്നുവരെ ദാറുൽ ഉലൂമിനെ ഒരു രംഗത്തും അല്ലാഹു പരാജയപ്പെടുത്തിയിട്ടില്ല. ബിദ്അത്തിനെതിരെയുള്ള ദാറുൽ ഉലൂമിന്റെ സമരത്തെ അല്ലാഹു വിജയിപ്പിക്കുകതന്നെ ചെയ്യും. 

ഉദാഹരണത്തിനായി ഒരു സംഭവം പറയാം:കർണ്ണാടക സ്റ്റേറ്റിലെ ഭദ്രാവതി സിറ്റിയിൽ രണ്ടു പള്ളികളിലെ ഇമാമീങ്ങൾ (റസാഖാനികൾ) ദാറുൽ ഉലൂമിലെ പണ്ഡിതന്മാരെ പരസ്യമായി കാഫിറുകളെന്നു പറഞ്ഞുപോന്നു. ഉത്തര പ്രദേശുകാരായ അവർ രണ്ടുപേരിൽ ഒരാൾ മീററ്റ് സ്വദേശിയാണ്. മറെറാരാൾ അലഹബാദുകാരനാണ്. ചിക്മംഗ്ലൂർ അടുത്തുള്ള കട്ടർ എന്ന സ്ഥലത്തുള്ള കോടതിയിൽ അവർ ക്കെതിരായി കേസ് ഫയൽ ചെയ്യപ്പെട്ടു.

ഈ കഴിഞ്ഞ 1978 സപ്റ്റംബറിൽ പ്രതികളായ റസാഖാനികൾക്ക് യഥാക്രമം 300 രൂപാ പിഴയും മൂന്നുമാസത്തെ തടവും,150 രൂപാ പിഴയും ഒരു മാസത്തെ തടവും കോടതി വിധിക്കുകയുണ്ടായി.

ദാറുൽ ഉലൂമും, മദ്ഹബും, ത്വരീഖത്തും
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ദാറുൽ ഉലൂമിന്റെ സ്ഥാപകന്മാരും അവിടുത്തെ പണ്ഡിതന്മാരുമെല്ലാം ഹനഫീ മദ്ഹബിൽ അടിയുറച്ച് നില കൊള്ളുന്നവരാണ്. ഹനഫീ മദ്ഹബിലെ ഓരോ മസ്അലകളെയും സ്ഥിരീകരിക്കുവാനുള്ള ആധാരങ്ങൾക്കായി അത്യദ്ധ്വാനം ചെയ്യുന്നവരാണവർ. നമ്മുടെ കേരളത്തിൽ നിന്നും അവിടെ പോയി പഠിച്ചിട്ടുള്ളവർക്ക് ഇതു നേരിട്ടറിയാവുന്ന യാഥാർത്ഥ്യമാണ്. സമസ്തയുടെ കക്കാട് യോഗത്തിലും, സഖാഫത്തിന്റെ യോഗത്തിലും ഉത്തരവാദിത്വപ്പെട്ട സ്ഥാനമലങ്കരിച്ച ദാറുൽ ഉലൂമിന്റെ മുഹ്തമിം മൗലാനാ ഖാരി ത്വയ്യിബ് സാഹിബിനെ നേരിൽ കണ്ടിട്ടുള്ളവർക്കും അദ്ദേഹത്തിന്റെ നമസ്കാരാദികാര്യങ്ങളെ വീക്ഷിച്ചിട്ടുള്ളവർക്കും ഈ സത്യം നേരിൽ അറിയാവുന്നതാണ്.

ത്വരീഖത്തിനെ സംബന്ധിച്ചടുത്തോളം ദാറുൽ ഉലൂമിൽ പ്രാമുഖ്യമുള്ളത് ചിശ്ത്തിയാ ത്വരീഖത്തീനാണ്. അതോടൊപ്പം തന്നെ ഖാദിരിയ്യാ, നഖ്ഷബന്തിയ്യാ , സുഹ്റവർദിയ്യ ത്വരീഖത്തുകളിലും അവർ നില കൊള്ളുന്നു. ദാറുൽ ഉലൂമിലെ പണ്ഡിതന്മാരിൽ പലരും ഈ ത്വരീഖത്തുകളുടെ മഷാഇഖന്മാരാണ്. അവരിൽ പലർക്കും അനേകായിരം മുരീദന്മാരും നൂറുക്കണക്കിനു ഖലീഫാമാരും ഇപ്പോഴും നിലവിലുണ്ട്. ദാറുൽ ഉലൂമിലെ പണ്ഡിതന്മാരിൽ വളരെ പ്രഗത്ഭനായിരുന്ന ശൈഖുൽ ഇസ്‌ലാം മൗലാനാ ഹുസൈൻ അഹ്മദ് മദനി (റ) അവർകളുടെ ഖലീഫയാണു നമ്മുടെ കൊച്ചു കേരളത്തിലെ ഉസ്താദുൽ അസാതീദ് എന്നറിയപ്പെ ടുന്ന ബഹു: ശൈഖ് ഹസ്സൻ ഹസ്റത്ത് അവർകൾ. ഈ സത്യങ്ങളെല്ലാം അറിയാമായിരുന്നിട്ടുപോലും ഏതോ ചില ദുർമോഹങ്ങളുടെ പേരിൽ അവർകളെയെല്ലാം ഒറ്റയടിയെ വിഴുങ്ങി ദാറുൽ ഉലൂമിലെ പണ്ഡിതന്മാരെ വഹാബികളെന്നു വിളിച്ചു കൂകുന്നവർ അവരുടെ തലയിലുള്ളതെന്താണെന്ന് കാർഷിക ഗവേഷകരെക്കൊണ്ടെങ്കിലും ഒന്നു പരിശോധിപ്പിക്കുന്നത് കേരളത്തിലെ പാവപ്പെട്ട മുസ്‌ലിമീങ്ങളോടു ചെയ്യുന്ന ഒരുപകാരമായിരിക്കും. അവരുടെ മനസ്സിലിരുപ്പിനെ സംബന്ധിച്ചും അതുമൂലമുണ്ടാകുന്ന സംസാര പ്രവൃത്തികളെ സംബന്ധിച്ചും "لمن الملك اليوم'' ഉടമസ്ഥൻ തീരുമാനിച്ചുകൊള്ളട്ടെ!

ദാറുൽ ഉലൂമും ഇൽമുൽ ഹദീസും
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ദാറുൽ ഉലൂമിലെ പണ്ഡിതന്മാരുടെ ഇൽമുൽഹദീസിനോടുള്ള സമീപനം അവരുടെ പ്രത്യേകതയെ വിളിച്ചോതുന്നു.

ഉപരിസൂചക കാര്യങ്ങളിൽ പലതിലും, ഇൽമുൽ ഹദീസിലും സഹാറൻപൂരിലെ മളാഹിറുൽ ഉലൂമും ദാറുൽ ഉലൂമിന്റെ ഇണയ്ക്കു തുല്യമാണ്. ഈ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന ഉസ്താദുമാരുടെ സനദുകൾ "മുസ്നദുൽ ഹിന്ദ്” ഷാഹ് വലിയുല്ലാ മുഹദ്ദിസ് ദഹ്‌ലവിയുമായും , ഷാഹ് വലിയ്യുല്ലാ മുതൽ റസൂൽ ﷺ വരേയും ഇടമുറിയാതെ കൃത്യമായി കൂടിച്ചേരുന്നു. കൂടാതെ സിഹാഹുസ്സിത്തയുടെ ഓരോ ഗ്രന്ഥവും പഠിപ്പിക്കുന്ന ഉസ്താദുന്മാർ, അവർ മുതൽ അതിന്റെ മുസന്നിഫ്  വരെയുള്ള സനദുകളും മുസന്നിഫ് മുതൽ റസൂലുല്ലാഹി ﷺ  വരെയുള്ള സനദുകൾ പിഴവും വിട്ടുപോകലുമില്ലാതെ ബന്ധപ്പെടുത്തുന്നു. ഹദീസിന്റെ ദർസുകളിൽ പ്രസിദ്ധമായ നാല് ഇമാമീങ്ങളുടെ അഭിപ്രായങ്ങളും അവരുടെ തെളിവുകളും മറ്റ്  ഇമാമീങ്ങളുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങളും ആധാരങ്ങളും മറ്റു തഹ്ഖീക്കുകളും  വിദ്യാർത്ഥികളുടെ ഉള്ളിലേയ്ക്ക് ഒഴുകുന്നു. ഈ ശൈലി ഈ രണ്ടു സ്ഥാപനങ്ങളിലുള്ളത് പോലെ ഇന്ത്യയിൽ മറ്റൊരു സ്ഥാപനത്തിലും കാണാൻ സാധിക്കുകയില്ല. ഈ രണ്ടും സ്ഥാപനങ്ങളിൽനിന്നും ഫാളിലുകളായി വന്നിട്ടുള്ള ആലിമീങ്ങളുടെ അടുക്കൽ നിന്ന് ഇൽമുൽ ഹദീസ് പഠിക്കുന്നവർക്ക് ഇത് ബോദ്ധ്യപ്പെടും.

 നമ്മുടെ കേരളത്തിൽ ആലിം-ഫാളിൽ എന്നീ നാമങ്ങളിൽ സനദ് കരസ്ഥമാക്കിയിട്ടുള്ള എല്ലാവരുടേയും സനദ് വലിയ്യുല്ലാഹി ശ്യംഖലയിലേക്കും ദേവ്ബന്ദ് ദാറുൽ ഉലൂമിലെ ഉന്നതന്മാരായ പലരുടെയും പേരുൾക്കൊള്ളിച്ചുകൊണ്ട് ഷാഹ് വലിയുല്ലാഹിയിലേയ്ക്കും എത്തിച്ചേരുന്നു.

സത്യം ഇതായിരിക്കെ കേരളത്തിലെ ആലിമീങ്ങളിൽ ചിലർ ദാറുൽഉലൂമിന്റെയും അതിന്റെ പണ്ഡിതന്മാരുടേയും നേർക്ക് പടവാളുമായി പ്രത്യക്ഷപ്പെടുന്നതു ബുദ്ധി വൈപരീത്യമെന്നല്ലാതെ മറെറാന്നും പറയുവാൻ നിർവ്വാഹമില്ല. "വിനാശകാലേ വിപരീത ബുദ്ധ്യാ " എന്ന പഴഞ്ചൊല്ല് അത്തരക്കാർക്ക് ചേരും.

ദാറുൽ ഉലൂമും ഗ്രന്ഥരചനയും
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ വിശ്വാസക്രമങ്ങളിൽ അടിയുറച്ചു നിൽക്കുകയും അതിന്റെ വിശ്വാസി പ്രമാണങ്ങളെ മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കുകയും അവകളെ എന്നെന്നും കാത്തുസൂക്ഷിച്ചു പോരുകയും ചെയ്ത ദാറുൽ ഉലൂമിലെ പണ്ഡിതന്മാർ ഖുർആനിന്റെ സുന്നത്തിന്റെയും വിശകലനങ്ങളും വ്യാഖ്യാനങ്ങളും കമ്മശാസ്ത്രപരമായും മറ്റും അറിയിപ്പെടുന്ന എല്ലാ ഫന്നുകളിലും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗ്രന്ഥ രചനയിൽ ദാറുൽ ഉലൂമിലെ പണ്ഡിതന്മാർക്ക് ഒപ്പം നിൽക്കുവാൻ ഇന്ത്യയിൽ എവിടെയെങ്കിലും ആരെങ്കിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എണ്ണത്തിലും വണ്ണത്തിലും മാത്രമല്ല ആ ഗ്രന്ഥങ്ങളിൽ വിശകലനം ചെയ്യുന്ന പഠനാർഹമായ ഗഹനമായ വിഷയങ്ങളുടെ ആഴത്തിലും പരപ്പിലും ദാറുൽ ഉലൂമിലെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ എപ്പോഴും മുന്നിൽ തന്നെയാണ്. ദാറുൽ ഉലൂമിന്റെ സ്ഥാപകനായ ഹുജ്ജത്തുൽ ഇസ്ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്)  മുതൽ ദാറുൽ ഉലൂമിൽ ഇന്നു ജീവിച്ചിരിപ്പുള്ള പ്രഗത്ഭരായ എല്ലാ പണ്ഡിതന്മാരും തന്നെ വിലപ്പെട്ട പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

അങ്ങനെയുള്ള ഗ്രന്ഥങ്ങളിലധികവും പള്ളിദർസുകൾ മുതൽ അറബിക്കോളേജുകളിൽ വരെ  ദീനിയ്യായ ഇൽമുകൾ  അഭ്യസിപ്പിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്. അവരുടെ ഗ്രന്ഥങ്ങൾ വളരെയേറെ താല്പര്യത്തോടെ വിജ്ഞാനദാഹികൾ നോക്കിക്കാണുകയും വളരെ ആകാംക്ഷയോടെ അവകളെ ഉപയോഗിച്ച് സായൂജ്യരാകുകയും ചെയ്യുന്നു. എല്ലാ ഫന്നുകളിലും ദാറുൽ ഉലൂമിലെ പണ്ഡിതൻമാർ ആധികാരികമായ ശർഹുകൾ തന്നെ രചിച്ചിട്ടുണ്ട്. 

"ഫൈളുൽബാരി" സ്വഹീഹുൽ ബുഖാരിയുടെ അറിയപ്പെടുന്ന ഒരു ശർഹാണ്. ദാറുൽ ഉലൂമിലെ പൂർവ വിദ്യാർത്ഥിയും, പിന്നീടു അവിടുത്തെ സദർ മുദർരിസ്സുമായിരുന്ന മൗലാനാ അൻവർ ഷാഹ് കാശ്മീരീ
(റഹ്) ക്രോഡീകരിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം. 

സ്വഹീഹ് ബുഖാരിയുടെ ഹാമിഷിൽ കാണുന്ന ശർഹ് മൗലാനാ അഹ്‌മദ് അലി മുഹദ്ദിസ്സ് സഹാറൻപൂരിയും മൗലാനാ ഖാസിം നാനൂത്തവിയും കൂടി ക്രോഡീകരിച്ചിട്ടുള്ളതാണെങ്കിൽ "ഈളാഹുൽ ബുഖാരി'' ഈ അടുത്ത കാലം വരെ ദാറുൽ ഉലൂമിലെ ശൈഖുൽ ഹദീസായിരുന്ന മർഹൂം മൗലാനാ ഫഖ്റുദ്ദീൻ അഹ്‌മദ് (റഹ്) സാഹിബിന്റെ ബുഖാരിയുടെ ദർസാണ്. ദാറുൽ ഉലൂമിന്റെ രക്ഷാധികാരിയും, ചിഷ്ത്തിയാത്വരീഖത്തിന്റെ ശൈഖുമായിരുന്ന മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി (റ) അവർകളുടെ ബുഖാരി ദറസ്സ് മതന് ആയി സ്വീകരിച്ചു കൊണ്ടാണ് സഹാറൻപൂരിലെ ശൈഖുൽ ഹദീസും , ഉപരിസൂചകമായ നാല് ത്വരീഖത്തുകളുടെ ശൈഖും, തബ്ലീഗ് ജമാഅത്തിന്റെ തഅ്ലീമിനുപയോഗിക്കുന്ന ഫളാഇൽ കിത്താബുകളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് സകരിയ്യാ സാഹിബ് (റഹ്) അവർകളാണു ബുഖാരിയുടെ ഷറഹ് ആയ പല വാള്യങ്ങളുള്ള "ലാമി ഉദ്ദിറാരി" എഴുതിയിട്ടുള്ളത്.

 സ്വഹീഹ് മുസ്‌ലിമിന് മൗലാനാ ഷബീർ അഹ് മദ് ഉസ്മാനി (റഹ്) 'ഫത്ഹുൽമുൽഹിം' എന്ന പേരിൽ വിസ്തൃതമായ ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. മൗലാനാ അവർകൾ ദാറുൽ ഉലൂമിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് അവിടുത്തെ മുദർരിസുമായിരുന്നു. മൗലാനാ അവർകൾ ഖുർആൻ ശരീഫിന് ഉർദുഭാഷയിൽ അറിയപ്പെടുന്ന ഒരു തഫ്സീറും എഴുതിയിട്ടുണ്ട്.

 മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹിയുടെ തിർമിദിയുടെ ദർസ് "കൗകബുദ്ദാരീ" എന്ന പേരിൽ തിർമിദിക്കുള്ള ഒരു ശറഹായി മാറിയിട്ടുണ്ടെങ്കിൽ, മൗലാനാ ഹുസൈൻ അഹ്‌മദ് മദനീ (റഹ്) "മആരിഫേ മദനി " എന്ന പേരിൽ തീർമിദിക്ക് ഒരു ഉർദു ശറഹ് തന്നെ എഴുതിയിട്ടുണ്ട്. അബൂദാവൂദിന് മൗലാനാ ഖലീൽ അഹ്മദ് അമ്പേട്ടവി മുഹാജിറേ മദനി (റഹ്) അവർകൾ എട്ട് വാള്യങ്ങളോളം വരുന്ന "ബദലുൽ മജ്ഹൂദ്" എന്ന ബൃഹത്തായ ശറഹ് എഴുതിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗത്തും ഇന്നീ കിതാബ് ലഭ്യമാണ്.

മുവത്വാ മാലികിന് ഏഴു വാള്യങ്ങളോളമുള്ള ഒരു ശറഹ് ശൈഖ് മൗലാനാ സകരിയ്യാ (റഹ്) അവർകൾ "ഔജസുൽ മസാലിക്" എന്ന പേരിൽ എഴുതിയിട്ടുണ്ട്. ആലിമീങ്ങൾക്കിടയിൽ ഈ ഗന്ഥം വളരെ പ്രസിദ്ധമാണ്.

തബ്‌ലീഗ് ജമാഅത്തിന്റെ ലോക അമീറായിരുന്ന മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) "അമാനിയ്യുൽ അഖ്ബാർ" എന്ന പേരിൽ ത്വഹാവിക്ക് വിശാലമായ ഒരു ശർഹും, ഹയാത്തുസ്സ്വഹാബ എന്ന പേരിൽ ഒരു ഹദീസ് - ചരിത്രഗ്രന്ഥവും രചിച്ചിട്ടുണ്ട്. മൗലാനായുടെ രണ്ടു ഗ്രന്ഥങ്ങളും ഏതു  നാട്ടിലും അറിയപ്പെടുന്ന ഗ്രന്ഥശാലകളിൽ ഇന്നും സുലഭമാണ്. 

മൗലാനാ ഖലീൽ അഹമ്മദ് അമ്പേട്ടവി (റഹ്) ദാറുൽ ഉലൂമിലെ പൂർവ്വ വിദ്യാർത്ഥിയും സഹാറൻപൂർ മളാഹിറുൽ ഉലൂമിലെ സദർ മുദർരിസും ചിഷത്തിയാത്വരീഖത്തിന്റെ ശൈഖും ആയിരുന്നു , എങ്കിൽ ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യ (റഹ്) അവർകൾ മളാഹിറുൽ ഉലൂമിലെ പൂർവ്വവിദ്യാർത്ഥിയും അവിടുത്തെ ശൈഖുൽ ഹദീസും ആയിരുന്നു. മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) അവർകളും മളാഹിറുൽ ഉലൂമിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു. 

മാത്രമല്ല സിഹാഹുസ്സിത്തയുടെ മേൽ സൂചിപ്പിച്ചതും അല്ലാത്തതുമായ ഗ്രന്ഥങ്ങളിൽ സിംഹഭാഗത്തിന്റെയും ഹാമിഷുകളിൽ വലിയുല്ലാഹി കുടുംബത്തിലെ പണ്ഡിത ശ്രേഷ്ടന്മാരുടെയോ, ദാറുൽ ഉലൂമിലെയോ മളാഹിറുൽ ഉലൂമിലെയോ പണ്ഡിതന്മാരുടെയോ ക്രോഡീകരണത്തിലുള്ള ശറഹുകൾ ഉണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.

 ദാറുൽ ഉലൂമിന്റെ രക്ഷാധികാരിയും ചിഷ്ത്തിയ്യാ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന മൗലാനാ അഷറഫ് അലി ഥാനവി ഗ്രന്ഥരചനാ വിഷയത്തിൽ ആധുനിക ഇമാം ഗസ്സാലിയായിരുന്നു. ആയിരത്തിലധികം ചെറുതും വലുതുമായ ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നുണ്ട്. പരിശുദ്ധ ഖുർആനിന് ബയാനുൽ ഖുർആൻ എന്ന പേരിൽ അദ്ദേഹം എഴുതിയിരിക്കുന്ന തഫ്സീർ വളരെ ഏറെ പ്രസിദ്ധമാണ്.

 ദാറുൽ ഉലൂമിന്റെ രക്ഷാധികാരികളായിരുന്ന മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി(റഹ്)യും , മൗലാനാ അഷറഫ് അലി ഥാനവി (റഹ്) യും സഹാറൻ പൂർ മളാഹിറുൽ ഉലൂമിൻറയും രക്ഷാധികാരികളായിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്.

 ദാറുൽ ഉലൂമിലെ  ശൈഖുൽ ഹദീസ് ആയിരുന്ന മൗലാനാ ഫഖ്റുൽ ഹസ്സൻ സാഹിബ് (റഹ്)  "തക്‌രീറേ ഹാവീ' എന്ന ഉറുദു ശറഹ് തഫ്സീർ ബൈളാവിക്കു രചിച്ചിട്ടുണ്ടെങ്കിൽ, ദാറുൽ ഉലൂമിന്റെ മറെറാരു ഉസ്താദായിരുന്ന മൗലാനാ അൻസർ ഷാ കഷ്മീരി (റഹ്) ഖുർആൻ ശരീഫിന്റെ അറിയപ്പെടുന്ന പല അറബി തഫ്സീറുകളും ഉറുദുവിലേക്കും വിവർത്തനം ചെയ്തും ലക്ഷക്കണക്കായ മുസ്‌ലിമീങ്ങളുടെ കെെകളിലേക്കെത്തിച്ചിട്ടുണ്ട്.

 അറിയപ്പെടുന്ന ദർസീ ഗ്രന്ഥമായ മിഷ്ക്കാത്തുൽ മസാബീഹിന് ദാറുൽ ഉലൂമിലെ പൂർവ്വ വിദ്യാർത്ഥിയും ഡാക്കായിലെ പ്രസിദ്ധമായ അറബിക് കോളേജിലെ ശൈഖുൽ ഹദീസുമായിരുന്ന മൗലാനാ മുഹമ്മദ് ഇദ്‌രീസ് കാന്തലവി (റഹ്) "തഅ്ലീക്കു സ്സബീഹ് " എന്ന പേരിൽ എഴുതിയിട്ടുള്ള ശർഹ് ദറസീ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാത്ത ആലിമീങ്ങൾ കേരളത്തിൽ ഏറെ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

മുഖ്തസ്വറുൽ മആനി എന്ന ഗ്രന്ഥത്തെപ്പറ്റി അറിഞ്ഞുകൂടാത്ത മുതഅല്ലിമീങ്ങൾ തുലോം ചുരുക്കമായിരിക്കുമെങ്കിൽ അതിനെപ്പററി അറിയാത്ത ആലിമീങ്ങൾ ഉണ്ടായിരിക്കുകയില്ല. അത്രയേറെ പ്രസിദ്ധമായ ആ കിത്താബിന്റെ ഹാമിഷിൽ ശറഹ് ക്രോഡീകരിച്ച് എഴുതിയിരിക്കുന്നത് ദാറുൽ ഉലൂമിലെ പ്രഥമവിദ്യാർത്ഥിയും ശൈഖുൽ ഹിന്ദുമായ മൗലാനാ മഹ്‌മൂദുൽ ഹസ്സൻ (റഹ്) യാണ്.

 ശൈഖുൽ അദബി വൽ ഫിഖ്ഹ്  എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദാറുൽ ഉലൂമിലെ പ്രഗത്ഭനായിരുന്ന ഉസ്താദ്  മൗലാനാ ഇഅ്സാസ് അലി (റഹ്)  ഇൽമുൽ ഫിഖ്ഹിലും ഇൽമുൽ അദബിലും വിലപ്പെട്ട ഗ്രന്ഥങ്ങളും ശറഹുകളും എഴുതിയിട്ടുണ്ട്. ഇൽമുൽ അദബിൽ നഫ്ഹത്തുൽ അറബ് എന്ന കിതാബിനേയും ഇൽമുൽ ഫിഖ്ഹിൽ നൂറുൽ ഈളാഹിനുള്ള ശറഹിനെയും സാമ്പിളായി ഓർമ്മപ്പെടുത്തുന്നു.

 ഇൽമുൽ ഹദീസിൽ വളരെ ഏറെ പ്രഗത്ഭനായിരുന്ന ദാറുൽ ഉലൂമിലെ സദർ മുദർരിസ് മൗലാന മുഹമ്മദ് ഇബ്റാഹീം ബൽയാവീ (റഹ്) ഇൽമുൽ മൻത്വിഖിലും ഇൽമുൽ കലാമിലും മുനാളറയിലും വളരെ ഉന്നതമായ സ്ഥാനം അർഹിച്ചിരുന്നതിനാൽ അല്ലാമാ എന്ന പേരിലറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് മേൽ ഫന്നുകളിൽ അദ്ദേഹത്തിന് തുല്യമായി ആരും തന്നെ അറിയപ്പെട്ടിരുന്നില്ല.

ഇൽമുല്ലുഗത്തിലും ആധുനിക അറബി ഭാഷയിലും ദാറുൽ ഉലൂമിലെ ഉസ്താദായ മൗലാനാ വഹീദുസ്സമാൻ കീരാനവി (റഹ്) അറിയപ്പെടുന്ന ഒരു ഗ്രന്ഥ രചയിതാവും അറബി പത്രങ്ങളുടെ പത്രാധിപരുമായിരുന്നു.

 ഗ്രന്ഥ രചനാ വിഷയത്തിൽ ചില സാമ്പിളുകൾ മാത്രമാണ് മേൽ ഉദ്ധരിച്ചത്. ദാറുൽ ഉലൂമിലെയും മളാഹിറുൽ ഉലൂമിലെയും പണ്ഡിതന്മാർ എഴുതിയിട്ടുള്ള ചെറുതും വലുതുമായ ഗ്രന്ഥങ്ങളെ ഇവിടെ പകർത്തുവാൻ ഒരുമ്പെട്ടാൽ ഈ സോവനീർ അതുൾക്കൊള്ളുവാൻ പ്രാപ്തമല്ല.

ദാറുൽ ഉലൂമും മുനാളറയും തബ്‌ലീഗും
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ദാറുൽ ഉലൂമിന്റെ സ്ഥാപകനായ ഹുജ്ജത്തുൽ ഇസ്ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) കൃസ്ത്യാനികളോടും ഖാദിയാനികളോടും പ്രസിദ്ധമായ പല മുനാളറകളും നടത്തിയിട്ടുണ്ട്. ശാഹ് ജഹാൻപൂർ മുനാളറ വളരെ ഏറെ പ്രസിദ്ധമാണ്.ദാറുൽ ഉലൂമിലെ സദർ മുദർരിസായിരുന്ന മൗലാനാ അൻവർ ഷാഹ് കഷ്മീരി (റഹ്) യും,സഹാറൻപൂർ മളാഹിറുൽ ഉലൂമിലെ നാളിമേ തഅ്ലീമായിരുന്ന മൗലാനാ അസ്അറുള്ളാ റാംപൂരി (റഹ്)യും മുനാളറയിൽ സുപ്രസിദ്ധരാണ്. ഈ രണ്ട് സ്ഥാപനങ്ങളിലും അവിടുത്തെ വിദ്യാർത്ഥികൾക്ക് മുനാളറയിൽ അവിടങ്ങളിലെ ഉസ്താദുന്മാർ നേതൃത്വം നൽകി പരിശീലിപ്പിക്കുന്നുണ്ട്. തബ്‌ലീഗീ രംഗത്തു ദാറുൽ ഉലൂം അതിന്റെ ഉത്തരവാദിത്വത്തിൽ  ഈ നാടിന്റെ എല്ലാ ഭാഗത്തേക്കും ധാരാളം മുബല്ലിഗിങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ മൗലാനാ ഇർഷാദ് അഹ്മദ് സാഹിബ് സപ്രസിദ്ധനാണ്. പ്രഗത്ഭരായ പലരേയും മുനാളറായുടേയും തബ്‌ലീഗിന്റെയും രംഗത്ത് എടുത്തു പറയുവാനുണ്ടെങ്കിലും ലേഖന ദൈർഖ്യം ഭയന്ന് തൽക്കാലം ചുരുക്കുന്നു.

ദാറുൽ ഉലൂമും ഫത്‌വകളും പ്രസിദ്ധീകരണങ്ങളും
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

 ദാറുൽ ഉലും ഇതുവരെയുള്ള കാലയളവിനുള്ളിൽ ലക്ഷക്കണക്കായ ഫത്‌വകൾ എഴുതിയിട്ടുണ്ട്. ആ ഫത്‌വകളിലധികവും ഗ്രന്ഥങ്ങളായിത്തന്നെ രൂപാന്തരപ്പെട്ടിട്ടുണ്ട്. ആധുനികവും അല്ലാത്തതുമായ അനേകം പ്രശ്നങ്ങൾ ആ ഫത്‌വകളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ദീനിയ്യായ പ്രശ്നങ്ങളിൽ ദാറുൽ ഉലൂമിന്റെ ഫത്‌വകൾ കനത്ത മുതൽക്കൂട്ടാണ്. അറിയപ്പെടുന്ന മറ്റു സ്ഥാപനങ്ങളും ദാറുൽ ഉലൂമിന്റെ ഫത്‌വകളെ അവലംബിക്കുന്നുണ്ടു്. ഫതാവാ ദാറുൽ ഉലൂം എന്നത് ഇത്തരത്തിൽ പ്രസിദ്ധമാണ്. ദാറുൽ ഉലൂമിൽ നിന്നും “ദാറുൽ ഉലൂം'' എന്ന പേരിൽത്തന്നെ ദാറുൽ ഉലൂമിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ ഒരു ഉറുദു മാസികയും "അദ്ദാഈ"എന്ന അറബി ദ്വൈവാരികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

കൂടാതെ ദാറുൽ ഉലൂമിലെ പൂർവ വിദ്യാർത്ഥിയും ദാറുൽഉലൂമിലെ മുൻമുഫതിയും പിന്നീടും പാകിസ്ഥാനിലെ മുഫ്തിയും ശൈഖുൽ ഹദീസും ആയിരുന്ന മർഹൂം മൗലാനാ മുഫ്തി മുഹമ്മദ് ഷഫീഅ് (റഹ്) യുടെ ഫത്‌വകളും ഗ്രന്ഥങ്ങളുമെല്ലാം ഇസ്‌ലാമിനെതിരേയുള്ള നവം നവങ്ങളായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടികളാണെങ്കിൽ അദ്ദേഹത്തിന്റെ മറ്റു ചില ഗ്രന്ഥങ്ങൾ നവീന കണ്ടുപിടുത്തങ്ങളടെയും ഷറഇയ്യായ സ്ഥാനവും ഉപയോഗത്തിന്റേതായ ഹുക്മും വ്യക്തമായ ആധാരങ്ങളോടെ പ്രതിപാദിക്കുന്നവയാണ്.ദാറുൽ ഉലൂമിന്റെ സന്താനമെന്ന നിലക്കു മൗലാനാ അവർകളെപ്പോലുള്ള ലക്ഷക്കണക്കായ പണ്ഡിതശ്രേഷ്ടരുടെ ആയിരക്കണക്കായ ഗ്രന്ഥങ്ങൾ ദാറുൽ ഉലൂമിന്റെ അഭിമാനമായിത്തന്നെ കാണേണ്ടതാണ്.

ചുരുക്കത്തിൽ ദേവ്ബന്ദിലെ ദാറുൽ ഉലൂം നിലകൊള്ളുന്നത് ഭാരത മണ്ണിലാണങ്കിലും ഏഷ്യാ വൻകരക്ക് മാത്രമല്ല,  ഇന്ന് അത് അഖില ലോകത്തുമുള്ള മുസ്ലിം ജനതക്ക് അണയാത്ത പൊലിയാത്ത ഒരു പൊൻതാരമായി ശോഭിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ അസൂയാലുക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു തലയെടുത്തു നിൽക്കുന്ന ദാറുൽ ഉലൂം അതിന്റെ പ്രഭാകിരണങ്ങൾ സൂര്യന് തുല്ല്യമായി അതു ലോകത്തെങ്ങും പരത്തുന്നു. . അതിന്റെ പണ്ഡിതന്മാരെയും അതിന്റെ സന്താനങ്ങളെയും ദീനുൽ ഇസ്ലാമിന്റെ മഹത്തായ കാവൽ ഭടന്മാരായും ആ സ്ഥാപനത്തെ ദീനിന്റെ ശക്തമായ ഒരു ഗേഹമായും അഖിലാനുഗ്രഹിയായ അല്ലാഹു എന്നും പ്രശോഭിപ്പിക്കുമാറാകട്ടേ ! ആമീൻ. ഇന്നും ഓരോ വർഷവും  30 ലക്ഷത്തിലധികം രൂപാ ചിലവും വരുന്ന ദീനിന്റെ മഹത്തായ ഈ സ്ഥാപനത്തിനും തങ്ങളാലാകു ന്ന എല്ലാ വിധ സഹായ സഹകരണങ്ങളും നൽകി അതിനെ കാത്തു രക്ഷിക്കുവാൻ മുസ്ലിം ലോകം ഒന്നടങ്കം കടപ്പെട്ടവരാണ്. നമ്മുടെ ജനതയ്ക്ക് അല്ലാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ.... ആമീൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.