വിശ്വ പ്രശസ്ത കലാലയം

വിശ്വ പ്രശസ്ത കലാലയം

✍️ മൗലാനാ ഖാരി അബ്ദുള്ള സലീം ഖാസിമി رحمة اللّه عليه
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️⁦♦️⁩⁦♦️⁩⁦
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_6.html

ബ്രിട്ടീഷുകാർ അവരുടെ ഇന്ത്യയിലെ നിലനിൽപ്പ് ഉറപ്പിക്കുകയും, അവരുടെ നിയമങ്ങൾ ഭാരതത്തിൽ നടപ്പാക്കുകയും രാജ്യത്ത് അവരുടെ ഭരണം ബലപ്പെടുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നതിനു നീചമായ ശ്രമങ്ങൾ ആരംഭിച്ചു.ഭാസുരമായ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുന്നതിനും അവർ തയ്യാറായി.

അതിനായി വഞ്ചനാപരമായ പല മാർഗ്ഗങ്ങളും അവർ സ്വീകരിച്ചു. മുസ്‌ലി സമൂഹം നാൾക്കുനാൾ നശിക്കുവാൻ തുടങ്ങി. ഇസ്‌ലാമിക അടയാളങ്ങളും, ചരിത്രപരമായ അതിന്റെ സംസ്കാരവും തൽഫലമായി മായുവാൻ തുടങ്ങി. ഇസ്‌ലാമുമായുള്ള ബന്ധം വിഛേദിക്കുവാൻ മുസ്‌ലിമീങ്ങളുടെ മേൽ അവർ സമ്മർദ്ദം ചെലുത്തി. ഇസ്‌ലാമിനെ നശിപ്പിക്കലും ഇന്ത്യാസാമ്രാജ്യത്തിലെ അവകാശങ്ങളിൽ നിന്നും മുസ്‌ലിമീങ്ങളെ ഒഴിവാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.

ഈ സന്ദർഭത്തിൽ പ്രഗത്ഭ പണ്ഡിതരും ഉന്നതമായ ദീനീ നിയമങ്ങളെ കാത്തു സൂക്ഷിക്കുന്നവരും പരിശുദ്ധ ദീനിൽ അഭിമാനം കൊള്ളുന്നവരുമായ മഹാന്മാർ പിൽക്കാലത്ത് അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ഇസ്‌ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള പട്ടാള ക്യാമ്പുമായിത്തീർന്ന ദേവ്ബന്ദിലെ ഇസ്‌ലാമിക കലാലയം സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു. ശൂരന്മാരായ യോദ്ധാക്കളെ തയ്യാറാക്കുന്നതിനു “ദാറുൽ ഉലൂം" അതിപ്രധാന പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയാണ്.

ഭരണത്തിന്റെ പിടിയിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനും സ്വാതന്ത്ര്യസമ്പാദനത്തിനുള്ള ജീവൻ ദാറുൽ ഉലൂം മുസ്‌ലിമീങ്ങളിൽ പകർന്നു കൊടുത്തു. ദാറുൽ ഉലൂമിലെ പണ്ഡിതന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലും വ്യാപിച്ചു. ബ്രിട്ടീഷുകാരോട് സമരം ചെയ്യാൻ അവരുടെ അദ്ധ്വാനം അവർ ചിലവഴിച്ചു. അങ്ങനെ പ്രതീക്ഷിച്ചിരുന്ന സ്വാതന്ത്ര്യം അവർ കരസ്ഥമാക്കി. 

രാജ്യത്തിന്റെ പലഭാഗങ്ങളിലും ദീനീ കലാലയങ്ങൾ അവർ സ്ഥാപിച്ചു. ഈ വിദ്യാലയങ്ങൾ മുഴുവനും ദാറുൽ ഉലൂമിൽ നിന്നും പൊട്ടിമുളച്ചുണ്ടായതാണ്. മുസ്‌ലിം സമുദായത്തിന്റെ ചൈതന്യം ഈ കലാലയത്തിൽ നിലകൊള്ളുന്നു. പ്രഗത്ഭരായ പണ്ഡിതന്മാരാണ് ഇതിന്റെ അടിത്തറ പാകിയത്. അവരുടെ മുൻനിരയിൽപെട്ടവരാണ് "ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി". അല്ലാഹുവിന്റെ വചനത്തിന്റെ ഔന്നത്യം ഉയർത്തി പിടിക്കുന്നതിനും, വഴി തെറ്റിയ മനുഷ്യ സമൂഹത്തെ ഇരുളിന്റെ അഗാധഗർത്തത്തിൽ നിന്നും പ്രകാശത്തിന്റെ വിദ്യാപീഠത്തിലേക്ക് ആനയിക്കുവാനും, ഇസ്‌ലാമിക സംസ്ക്കാരം മുസ്‌ലിമീങ്ങളിൽ നട്ടു വളർത്തുന്നതിനുമാണ് ഈ കലാലയം പടുത്തുയർത്തിയത്. മഹാപണ്ഡിതന്മാരും ഖുർആനും സുന്നത്തും മുറുകെ പിടിച്ചവരും നിഷ്കളങ്കരുമായിരുന്നു ഇതിന്റെ നിർമ്മാതാക്കൾ.ഈ കലാലയത്തിന്റെ നടത്തിപ്പുകാരും മേൽനോട്ടക്കാരും വിദ്യാഭ്യാസപരമായി ചില പ്രത്യേക മാറ്റങ്ങളും സമ്പ്രദായങ്ങളും ആവിഷ്കഷരിച്ചു. തഫ്സീർ, ഹദീസ്,ഫിഖ്ഹ് ഇവകളെ അടിസ്ഥാനപരമായ വിഷയങ്ങളാക്കി നിശ്ചയിച്ചു. തക്കശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും മറ്റു ബുദ്ധിപരമായ വിജ്ഞാനങ്ങളെയും അതിനോട് കൂട്ടിച്ചേർത്തു. 

ഇതിന്റെ മേൽനോട്ടക്കാരുടെ പരിശ്രമം കുറേ മുദർരിസുമാരെ തയ്യാറാക്കുന്നതിൽ മാത്രം ഒതുങ്ങി നിന്നില്ല.വളരെയധികം ഗ്രന്ഥകർത്താക്കളെയും ലേഖകന്മാരെയും അവർ വാർത്തെടുത്തു.ഈ വിദ്യാപീഠത്തിൽ നിന്നും പുറത്തിറങ്ങിയവരും അതിലെ മറ്റു പണ്ഡിതന്മാരും ഹദീസിലും ഫിഖ്ഹിലും ഉന്നതമായ സ്ഥാനം കരഗതമാക്കിയവരാണ്. ഹനഫികൾ ഹദീസിനെക്കാൾ ഖിയാസിനു സ്ഥാനം നൽകുന്നു എന്ന തെറ്റായ അഭിപ്രായങ്ങളെ അവർ ഖണ്ഡിച്ചു. ബലഹീനമായ ഹദീസായിരുന്നാൽപോലും അത് ശേഖരിക്കുന്നതിലുള്ള മുൻ കഴിഞ്ഞ ഹനഫീ ഇമാമുകളുടെ പരിശ്രമത്തിലേക്കും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മസ്അലകൾ പിടിച്ചെടുക്കുന്നതിലുള്ള അവരുടെ സൂക്ഷ്മതയിലേക്കും നോക്കുന്ന പക്ഷം ഇത്തരത്തിലുള്ള വാദഗതികൾക്കും യാതൊരു അടിസ്ഥാനവുമില്ല എന്നു കാണാവുന്നതാണ്. അല്ലാമാ അൻവർ ഷാഹ് കശ്മീരി (റ) അവർകൾക്കുള്ള "ഫൈളുൽ ബാരി', മൗലാനാ ഷബീർ അഹ്മദ് ഉസ്മാനി രചിച്ച "ഫത്ഹുൽ മുൽഹിം", "കൗകബു ദുർരി", "ഓജസുൽ മസാലിക്" , "തഅലീക്കുസ്സബീഹ്", "ഇഅ്ലാ ഉസ്സുനൻ" തുടങ്ങി ധാരാളം ഗ്രന്ഥങ്ങൾ ഈ പണ്ഡിതന്മാർ ഹദീസിന്റെ വിഷയത്തിൽ നൽകിയ സംഭാവനകളാണ്.വചന -വൈജ്ഞാനിക ശാസ്ത്രത്തിലും, വിശ്വാസസംബന്ധമായ വിജ്ഞാനത്തിലും അമൂല്യമായ ഗ്രന്ഥങ്ങൾ ഇവർ രചിച്ചിട്ടുണ്ട്. പിഴച്ച വിശ്വാസങ്ങളെയും ദുഷിച്ച ആദർശങ്ങളെയും ഖണ്ഡിക്കുന്നതിനും ഈ പണ്ഡിതന്മാർ തീർച്ചയായും ഇമാം റാസിയോടും ഇമാം ഗസാലിയോടും തുല്യരാണ്. ഈ വിഷയത്തിൽ "തഖ്‌രീറെദിൽ പദീർ ഹുജ്ജത്തുൽഇസ്‌ലാം" , "ബറാഹീനുൽ ഖാസിമിയ്യ'' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.ഇവകൾ ശൈഖ് നാനുതവി (റഹ്) രചിച്ചതാണ്.

 തഫ്സീർ, ഇൽമുൽകലാം തുടങ്ങിയ വിജ്ഞാനശാഖകളിലെ അതി കായകന്മാരെയും, ഈടുറ്റ ഇസ്‌ലാമിക സാഹിത്യകാരന്മാരെയും, പ്രാസംഗികരെയും, ദീനീ പ്രചരണ പ്രവർത്തകരെയും, അവരിൽ കണ്ടെത്തുവാൻ കഴിയും. ചുരുക്കത്തിൽ ദേവ്ബന്ദിലെ ഈ കലാലയം വ്യത്യസ്തങ്ങളായ പ്രവൃത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും വ്യക്തമാകും. ഇതിന്റെ സേവനങ്ങൾ മദ്ധ്യാഹ്ന സൂര്യന് തുല്ല്യം പ്രശോഭിതമാണ്.

പ്രസ്തുത കാര്യങ്ങളിൽ മാത്രം ഈ പാഠശാലയുടെ പ്രവൃത്തനങ്ങൾ ഒതുങ്ങി നിൽക്കുന്നില്ല. ഇതിന്റെ ശിലാസ്ഥാപനം നടത്തിയതു മുതൽ ഇതിന്റെ നായകൻമാർ പുത്തൻ പ്രസ്ഥാനങ്ങളെയും, പിഴച്ച പാർട്ടികളെയും വഴിപിഴച്ച ചിന്താഗതികളെയും നേരിടുന്നതിൽ ഉറച്ചു നിന്നിട്ടുണ്ട്.മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും ഇതിനെ വേർതിരിക്കുന്ന വിവിധങ്ങളായ സേവനങ്ങളാണ് ഇതെല്ലാം എന്ന കാര്യത്തിൽ തർക്കമില്ല.

ഇതു കേവലം ഒരു വിജ്ഞാനസമ്പാദനത്തിനുള്ള കലാശാല മാത്രമല്ല. ദീനിന്റെയും ദഅവത്തിന്റേതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും കേന്ദ്ര തറവാടാണത്.

സർവ്വശക്തൻ ഈ അത്യുന്നത കലാലയത്തെ ഉന്നതിയിലേക്കുയർത്തട്ടെ...ആമീൻ !

വിവർത്തകൻ:ഉസ്താദ് A.P. അഹ്‌മദ് നൂർ അൽഖാസിമി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?