ദേവ്ബന്ദീ ഉലമാക്കൾ : വരിച്ച ത്യാഗങ്ങളും നൽകിയ സംഭാവനകളും


ദേവ്ബന്ദ് ഉലമാക്കൾ : വരിച്ച ത്യാഗങ്ങളും നൽകിയ സംഭാവനകളും 

✍️ മൗലാനാ മുഹമ്മദ് ഹുസൈൻ മളാഹിരി رحمه اللّه
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_5.html

ദേവ്ബന്ദ് എന്നത് ഡൽഹി-ജമ്മു റെയിൽവേ ലൈനിൽ ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്ത് സഹാറൻപൂർ ജില്ലയിലുള്ള ഒരു മുൻസിപ്പൽ പട്ടണമാണ്. പരിസര നഗരമായ മുസഫ്ഫർ നഗറും സഹാറൻപൂർ ജില്ല ഉൾപ്പെടുന്ന ഭൂപ്രദേശത്തിന് ' ദോ ആബാ' എന്ന പേരും പ്രസിദ്ധമാണ്. ഗംഗാ, യമുന നദികളുടെ മദ്ധ്യേ കിടക്കുന്ന സമതലമാണ് ഈ ഭൂപ്രദേശം. അറേബ്യൻ നാടുകളിൽ നിന്നും ദീനീ പ്രചാരണാർത്ഥം ഈ പ്രദേശങ്ങളിലെത്തി താമസമാക്കിയവരാണ് പുരാതന കാലം മുതൽ ഇവിടെ അധിവസിച്ചുവരുന്ന മുസ്‌ലിമീങ്ങൾ . സിദ്ധീഖി, ഫാറൂഖി, ഉസ്മാനി, അലവി, അയ്യൂബി തുടങ്ങി പ്രബലരായ സ്വഹാബാക്കളുടെ സന്താന പരമ്പരകളിൽപ്പെട്ടവരാണ് ഈ പ്രദേശത്തുള്ള അധിക മുസ്‌ലിമീങ്ങളും.

ദേവ്ബന്ദ് ഉലമാക്കൾ എന്ന വാക്ക് കേവലം ഒരു നാമസൂചിയല്ല. മുസ്‌ലിമീങ്ങകൾക്കിടയിൽ അനാചാരങ്ങൾ പടർന്ന് പന്തലിച്ച് , നബിചര്യകൾ അവരിൽനിന്ന് പിഴുതെറിയപ്പെട്ടപ്പോൾ സ്വഹാബാക്കളുടെ സന്താനപരമ്പരകളിൽപ്പെട്ട ഈ മഹത്തുകളിലെ പണ്ഡിത കേസരികൾ ഒത്തു ചേരുകയും ബിദ്അത്തുകളെ ഉന്മൂലനാശം ചെയ്ത് തൽസ്ഥാനത്ത് സുന്നത്തുകളെ  വീണ്ടും സമൂഹത്തിൽ ജീവിപ്പിക്കുന്നതിലൂടെ സുന്നത്തുകളുടെ പുനഃസ്ഥാപനവും അതിലൂടെ നബിചര്യയുടെ പിൻപറ്റലും മുസ്ലിം സമൂഹത്തിൽ ഉണ്ടാക്കുവാൻ പ്രതിജ്ഞ ചെയ്ത് അതിനായി രംഗപ്രവേശനം ചെയ്ത മഹാന്മാരാണ് ദേവ്ബന്ദി ഉലമാക്കൾ.

പ്രസിദ്ധമായ നാലു മദ്ഹബുകളെയും ആദരിച്ച് ഹനഫീ മദ്ഹബിൽ അടിയുറച്ച് നിൽക്കുകയും വിശ്വാസ ദിശയിൽ മാതുരീതി, അശ്അരി ത്വരീഖത്തുകളെ പിൻപറ്റുകയും അദ്ധ്യാത്മിക വഴിയിൽ, ചിശ്തി, നഖ്ഷബന്ദി, സുഹ്റവർദി എന്നീ തരീഖത്തുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന അതികായന്മാരായ പണ്ഡിതപുംഗവരാണ് ദേവ്ബന്ദി ഉലമകൾ. അവരുടെ നേതാക്കൾ ഹുജ്ജത്തുൽ ഇസ്ലാം മൗലാനാ മുഹമ്മദ്
നാനൂത്തവി (റഹ്) ,ഫഖീഹുൻ അസ്വർ ഖുതുബുൽ ഇർഷാദ് മൗലാനാ റശീദ് അഹ്മദ് ഗംഗോഹി (റഹ്), ഹകീമുൽ ഇസ്‌ലാം മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്), മുനാളിൽ ഇസ്‌ലാം മൗലാനാ ഖലീൽ അഹ്മദ് അംബേട്ടവി (റഹ്), ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്), ശൈഖുൽ അറബി വൽ അജം മൗലാനാ ഹുസൈൻ അഹ്‌മദ് മദനി (റഹ്), ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ മുഹാജിർ മദനി (റഹ്), ശൈഖുൽ ഇസ്‌ലാം മൗലാനാ ശബീർ അഹ്‌മദ് ഉസ്മാനി (റഹ്) തുടങ്ങിയ പണ്ഡിത പ്രതിഭകളാണ്.

ഹജ്ജത്തുല്ലാഹ് അമിറുൽ ജിനിൽ ഫീ ഇൽമിൽ ഹദീസ് മുസ്നദുൽ ഹിന്ദ് ഹള്‌റത്ത് ശാഹ് വലിയുല്ലാഹി അഹ്‌മദ് ബിൻ അബ്ദുർ റഹീമിദ്ദഹ്‌ലവി (റഹ്) അവർകളാണ് ദേവ്ബന്ദി ഉലമാക്കളുടെ സാരഥിയായ മഹാപുരുഷൻ. ഇൽമുൽ ഹദീസിൽ ഇത്രയേറെ പ്രാവീണ്യം നേടിയ ഒരു മഹാപുരുഷൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലോ അടുത്തും അകലെയുമുള്ള പ്രദേശങ്ങളിലോ ജനിച്ചിട്ടില്ല. യമനിലെ മഹാപണ്ഡിതന്മാർ 'തൂബാ' വൃക്ഷം എന്ന ബഹുമതി നൽകിയാണ് മറ്റുള്ളവർക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നത്. മക്കാ മദീന ഹറമുകളിൽ വർഷങ്ങളോളം താമസിച്ച് ഇൽമുൽ ഹദീസിൽ അഗാധ പാണ്ഡിത്യം നേടി, അദ്ദേഹം മുതൽ സിഹാഹുസ്സിത്തയുടെ ക്രോഡീകരണ കർത്താക്കളിലൂടെ ഹദീസിന്റെ യഥാർത്ഥ വക്താവും ആ പുണ്യവചനങ്ങളുടെ ഉടമസ്ഥനുമായ മഹാനായ റസൂൽ (സ്വ) അവർകളിലേക്ക് എത്തിച്ചേരുന്ന ഇടമുറിയാത്ത സനദ് ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെത്തിച്ചത് ഷാഹ് വലിയുല്ലാഹി ദഹ്‌ലവി അവർകളാണ്. ഈ മഹാവ്യക്തിത്വത്തിന്റെ അഭിമാന ഭാജനങ്ങളായ ശിഷ്യ പരമ്പരയാണ് ദേവ്ബന്ദി ഉലമാക്കൾ.

ഈ മഹാന്മാർ ഇസലാമിനും ജന്മനാടിനും വേണ്ടി  അർപ്പിച്ച സേവനങ്ങളും നൽകിയ സംഭാവനകളും ചരിത്ര ഏടുകളിൽ തങ്കലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ ചില കാര്യങ്ങൾ ഹൃസ്വമായി ഇവിടെ കോറിയിടാം.

വൈദേശിക ആധിപത്യത്തിനെതിരെ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️⁦♦️⁩

 1497ൽ വാസ്കോഡിഗാമ എന്ന വിദേശി ഇന്ത്യയിലെത്തി. തുടർന്ന് അദ്ദേഹത്തിന്റെ നാട്ടുകാരായ പോർച്ചുഗീസുകാരും പിന്നാലെ ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ രാജ്യക്കാരും  ഇങ്ങോട്ട് കടന്നു വന്നു. കാലാന്തരത്തിൽ ബ്രിട്ടിഷുകാർ മറ്റു വൈദേശികരെ ഇവിടെ നിന്ന് ആട്ടിയോടിച്ച് വമ്പിച്ച ഗൂഢാലോചനയിലൂടെ ക്രിസ്തു വർഷം 1803ൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി എന്ന പേരിൽ ഇൻഡ്യയുടെ ഭരണം കയ്യടക്കി. “സൃഷ്ടികൾ ദൈവത്തിന്റേത്, രാജ്യം രാജാവിന്റേത്, അധികാരം കമ്പനിയുടേത്" എന്ന് അവർ മുദ്രാവാക്യം ഉയർത്തിയപ്പോൾ, അവർക്കെതിരേ ജിഹാദിന്റെ ആഹ്വാനവുമായി ഷാഹ് വലിയുല്ലാഹിയുടെ പ്രിയപുത്രൻ ഇമാം ഷാഹ് അബ്ദുൽ അസീസ് ദഹ്‌ലവി (റഹ്) രംഗത്ത് വന്നു. ഈ ആഹ്വാനം ചെവിക്കൊണ്ട ഉലമാക്കളുടെ ഒരു വൻ സമൂഹം ലഖ്നോവിനടുത്ത് റായ്ബറേലി സ്വദേശിയായ അബുൽ ഇർഫാൻ സയ്യിദ് അഹ്മദ് ഷഹീദ് (റഹ്) അവർകളുടെയും ഷാഹ് വലിയ്യുല്ലാഹി ദഹ്ലവിയുടെ പൗത്രനായ ഷാഹ് ഇസ്മായിൽ ഷഹീദ് (റഹ്) അവർകളുടെയും നേതൃത്വത്തിൽ രൂപം കൊണ്ടു.
1818ൽ വടക്കേ ഇൻഡ്യയിലുടനീളം ചുറ്റി സഞ്ചരിച്ച് ജനങ്ങളിൽ സ്വാതന്ത്യ സമരത്തിനുള്ള ആവേശം അവർ ആളിപ്പടർത്തി. 1824-ൽ അതിർത്തി പ്രദേശത്ത് ബ്രിട്ടീഷുകാരോടും അവരുടെ സേവകരായിരുന്ന രഞ്ജിത് സിംഗ് ഭരണകൂടത്തോടും അവർ പൊരുതി. 750-പടയാളികളാണ് മൗലാനാമാരോടൊപ്പം ഉണ്ടായിരുന്നത് അവരിലേറെപേരും ഉലമാക്കളായിരുന്നു. 1827 ജനുവരി 10ന് അവർ അതിർത്തിയിൽ താൽകാലിക ഭരണകൂടം സ്ഥാപിച്ചു. 1831ൽ ബാലാക്കോട്ട് എന്ന സ്ഥലത്ത് വച്ച് നടന്ന പോരാട്ടത്തിൽ മേൽ പറഞ്ഞ മഹാന്മാരുൾപ്പെടെ അനേകം പേർ ശഹീദായി. 1845മുതൽ 1871 വരെ സാധിക്പൂർ ഉലമാക്കൾ അതിർത്തിയിൽ സ്വാതന്ത്യ സമരം തുടരുകയും ചെയ്തു.

1857-ൽ 40ഓളം ഉലമാക്കൾ ഡൽഹിയിൽ വീണ്ടും സമ്മേളിക്കുകയും തൽഫലമായി പ്രമുഖ സൂഫിവര്യനും തരീഖത്തുകളുടെ നേതാവുമായ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി അവർകളുടെ മഹനീയ നേതൃത്വത്തിൽ സ്വാതന്ത്യ സമരം കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തു. ഡൽഹി സഹാറൻപൂർ മെയിൻ റോഡിലുള്ള ഷാംലി എന്ന സ്ഥലത്ത് വെച്ചാണ് ഘോരയുദ്ധം നടന്നത്. ഹാഫിസ് ളാമിൻ ശഹീദ്(റഹ്) അവിടെ വീരമൃത്യു വരിക്കുകയും, മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്), മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി (റഹ്) തുടങ്ങിയ മഹത്തുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഈ ശ്രമം വേണ്ടത് പോലെ ഫലപ്പെട്ടില്ല. അക്രമികളായ ബ്രിട്ടീഷ് ഭരണകൂടം ഉലമാക്കളെ ദേശദ്രോഹികളായി മുദ്രകുത്തി. പ്രതികാര നടപടിയിൽ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം മുസ്‌ലിമീങ്ങളെ ബ്രിട്ടീഷുകാർ വധിച്ചു. അവയിൽ 51,000 ത്തിലധികം ഉലമാക്കളായിരുന്നു. പക്ഷേ സ്വാതന്ത്ര ദാഹികളായ ഉലമാകേസരികളും യോദ്ധാക്കളും പിറകോട്ടു പോയില്ല. 1864 മുതൽ 1871 വരെ പഞ്ചാബ്, ബീഹാർ, ബംഗാൾ തുടങ്ങിയ സ്റ്റേറ്റുകളിലെ അംബാല, പാറ്റ്നാ, മാൽഡ തുടങ്ങി അനേകം സ്ഥലങ്ങളിൽ അവർ ഏറ്റുമുട്ടൽ തുടർന്നു. അവിടങ്ങളിലും പിടിക്കപ്പെട്ടവരിൽ കൂടുതലും ഉലമാക്കളായിരുന്നു.

വൈദേശികരും ഭൂരിപക്ഷ വിഭാഗവും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ 
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️⁦♦️⁩⁦♦️⁩⁦♦️⁩⁦♦️⁩⁦♦️⁩⁦♦️⁩⁦♦️⁩⁦♦️⁩

ഭരണത്തിന്റെ മറവിൽ ഇംഗ്ലീഷുകാർ മത പ്രചാരണം തുടങ്ങി. അതിനായി ഫാദർ ഫണ്ടർ മുതൽ അനേകം മിഷനറിമാരെ ഇന്ത്യയിലേക്കവർ ഇറക്കുമതി ചെയ്തു.മുസ്ലിംകൾക്കിടയിലൂം ഹൈന്ദവർക്കിടയിലും ക്രിസ്തുമത വൻ പ്രചരണവും മതം മാറ്റലും തകൃതിയായി അവർ നടത്തി.

ഹൈന്ദവർ ആര്യ സമാജങ്ങളും മറ്റും രൂപവത്കരിക്കുകയും ശുദ്ധിപ്രസ്ഥാനത്തിലൂടെ മത പ്രചരണവും മതരക്ഷയും യിൽ ആരംഭിക്കുകയും ചെയ്തു. ഫലത്തിൽ ഈ രണ്ട് വിഭാഗത്തിന്റെയും ഉന്നം ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരേ ആയിരുന്നു. ഈ  ഇരു വിഭാഗങ്ങൾക്കുമെതിരേ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിത കേസരികൾ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും രക്ഷക്കായി സടകുടഞ്ഞെഴുന്നേറ്റു. അനേകം സ്ഥലങ്ങളിൽ വാഗ്വാദങ്ങളും ഏറ്റു മുട്ടലുകളും നടന്നു. മൗലാനാ മുഹമ്മദ് ഖാസിം നാനാത്തവി (റഹ്) മൗലാനാ ഖലീൽ അഹ്മദ് അംബേട്ടവി (റഹ്), മൗലാനാ റഹ്മത്തുള്ള കീറാനവി (റഹ്)തുടങ്ങിയ മഹാവ്യക്തിത്വങ്ങൾ വാഗ്വാദരംഗത്ത് എവറസ്റ്റ് കൊടുമുടി കണക്കെ തലയുയർത്തി നിന്നപ്പോൾ മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) മുസ്ലിം സമൂഹത്തിൽ വന്ന് പടർന്ന് പന്തലിച്ചിരുന്ന അജ്ഞതയകറ്റി പ്രകാശം അവരിലേക്ക് പകരുന്നതിന് നാടാകെ ഓടിനടന്ന് പ്രതിഫലേഛയില്ലാതെ വഅ്ളുകൾ നടത്തിയും ഗ്രന്ഥ രചന നടത്തിയും ചരിത്രം സൃഷ്ടിച്ചു.

 മൗലാനാ റശീദ് അഹ്മദ് ഗംഗോഹി (റഹ്), മുസ്ലിം സമൂഹത്തിൽ കടന്നു കൂടിയ അനാചാരങ്ങൾക്കെതിരെ ധീരമായി പോരാടി ഹിമാലയം പോലെ ഉറച്ച് നിന്നു. ഈ സമുദായത്തിന്റെ ദൗർഭാഗ്യമെന്നും അന്നും ഇന്നും സമുദായത്തിലെ അനേകരിൽ ശേഷിക്കുന്ന മാറാ രോഗമെന്നും വേദനയോടെ പറയട്ടെ, ഈ മഹത്തുക്കളെ ഈ രംഗങ്ങളിലെല്ലാം എതിർത്ത് കൊണ്ട് ദീനി ശത്രുക്കളോടൊപ്പം രംഗത്ത് വന്നത്. "ബറേലവി"കളെന്ന നാമത്തിലറിയപ്പെടുന്ന ആചാര പ്രേമികളും സുന്നത്ത് വിരുദ്ധരായ ഒരു പറ്റം പണ്ഡിത നാമധാരികളും പണിയാളുകളുമായിരുന്നു.ഇവർക്കെല്ലാം എതിരെ നിലകൊണ്ട് ദേവ്ബന്ദി ഉലമാക്കൾക്ക് ഇരുതല മൂർച്ചയുള്ള പ്രയോഗം നടത്തേണ്ടി വന്നു. അൽഹംദുലില്ലാഹ്, ദേവ്ബന്ദി ഉലമാക്കളുടെ പിൻതലമുറ ഇന്നും ഈ അവസ്ഥ തുടരുന്നു. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെയും ഇസ്‌ലാമികത്തനിമക്കും ശരിഅത്തിനുമെതിരേയും ഏത് ഭാഗത്ത് നിന്നും ശ്രമമുണ്ടായാലും അവയെല്ലാം ഇപ്പോഴും ദേവ്ബന്ദി ഉലമാക്കളുടെ ഇന്നത്തെ തലമുറ ശകതമായിതന്നെ പ്രതിരോധിക്കുന്നു. വരും തലമുറയും ഊർജസ്വലമായിത്തന്നെ തുടരും ഇൻഷാ അല്ലാഹ്. ദീനുൽ ഇസ്ലാമിനേയും,ജന്മനാടിനെയും ജീവനും രക്തവും നൽകി സേവിച്ച ചരിത്രമാണ് ദേവ്ബന്ദി ഉലമാക്കൾക്കുള്ളതെങ്കിൽ വൈദേശികളായ ബ്രിട്ടീഷുകാരുടെ പാദസേവ നടത്തി നാടിന്റെ സ്വാതന്ത്രം അടിയറവെക്കുകയും അനാചാരങ്ങൾക്ക് ജന്മം നൽകി തന്ത്രപരമായി കടത്തിവിട്ട് നബി തിരുമേനിയുടെ സുന്നത്തുകളെ മുസ്‌ലിമീങ്ങളുടെ ജീവിതത്തിൽ നിന്ന് വേരോടെ പിഴുതെറിയുകയും ചെയ്ത ചരിത്രമാണ് ബറേൽവികൾക്കുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും ബറേൽവികൾക്ക് ഓശാന പാടുന്നവർ കുറവല്ല. അതിനു വേണ്ടി അവർക്ക് രാജ്യതലത്തിലും സംസ്ഥാന തലത്തിലും ജംഇയ്യത്തുകളും പോഷക സംഘടനകളും മദ്റസകളും സമ്പത്തിന്റെ വൻ ശേഖരങ്ങളുമുണ്ട്. 

ബ്രിട്ടീഷുകാർ ദീനി വിജ്ഞാനത്തെ മുസ്ലിംകളിൽ നിന്ന് തുടച്ചുമാറ്റുവാൻ നാനാവിധ ശ്രമങ്ങളും ചെയ്തു. അറിവിന്റെ വെളിച്ചത്തിലേക്ക് കടന്നു വരാത്തവരെ എളുപ്പത്തിൽ വഴി തെറ്റിക്കാനാകും എന്ന ധാരണയിൽ മുന്നോട്ടു നീങ്ങിയ ആ പിശാചുക്കൾ ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി.

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഉണ്ടായിരുന്ന 1000 ത്തിലേറെ മദ്റസകൾ അവർ തകർത്തു. അവിടുത്തെ പ്രസിദ്ധമായ ഫിറോസ് ഷാ കോട്‌ലാ മൈതാനത്ത് ഡൽഹി ജാമിഅ് മസ്ജിദ് ഉൾപ്പെടെയുള്ള അനേകം പളളികളുടെ പാർശ്വ ഭാഗങ്ങളിലുമായി നടന്നു വന്നിരുന്ന ദീനിന്റെ കെടാവിളക്കായിരുന്ന പ്രസിദ്ധമായ മദ്റസ റഹീമിയ്യാ (മഹാ പണ്ഡിതനായിരുന്ന ഷാഹ് വലിയുള്ളാഹി ദഹ്‌ലവിയുടെ പിതാവും ഉലമാക്കളുടെ നേതാവായി മഹാനായ മുഗൾചകവർത്തി ഔറംഗസീബിനാൽ നിയമിതനുമായ ഷാഹ് അബ്ദുൽറഹിം ദഹ്‌ലവി സ്ഥാപിച്ച മദ്റസ) ദ്രോഹികളായ ബിട്ടീഷുകാർ ബുൾഡോസറുകളുപയോഗിച്ച് തകർത്തുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അനവധി ഖുർആൻ പ്രതികളും നിരവധി ദീനി ഗ്രന്ഥങ്ങളും അവർ ചുട്ടെരിച്ചു.

ഇസ്ലാമിന്റെ ശീതളഛായയിൽ ശാന്തമായി കഴിഞ്ഞു കൂടിയിരുന്ന മുസ്ലിംകളെയും അവരുടെ ദീനി സ്ഥാപനങ്ങളേയും മതഗ്രന്ഥങ്ങളെയുമെല്ലാം ഈ മഹാ പാപികൾ വധത്തിനും അഗ്നിക്കും ഇരയാക്കിയപ്പോൾ ദേവ്ബന്ദി ഉലമാക്കൾ 1866 മേയ് 30ന് “ദാറുൽ ഉലൂം" എന്ന നാമത്തിൽ ദേവ് ബന്ദിൽ ഒരു മദ്റസ സ്ഥാപിച്ചു. മൗലാനാ നാനുത്തവി, മൗലാനാ ഗംഗോഹി എന്നിവരായിരുന്നു സ്ഥാപകർ കൃത്യം ആറ് മാസത്തിനുശേഷം സഹാറൻ പൂർ പട്ടണ മദ്ധ്യത്തിൽ ദേവ്ബന്ദി പണ്ഡിതരിൽ അതികായനും നാനൂത്ത സ്വദേശിയുമായിരുന്ന മൗലാനാ മുഹമ്മദ് മള്ഹർ നാനൂത്തവി അവർകൾ “മളാഹിറുൽ ഉലൂം" എന്ന ദീനീവിദ്യ കേന്ദ്രവും സ്ഥാപിച്ചു. തുടർന്ന് മക്കാ മദീനാ തുടങ്ങി അറബി അനറബി നാടുകളിൽ നറ് കണക്കിന് ദീനിവിദ്യാ കേന്ദ്രങ്ങൾ ദേവ്ബന്ദ് ഉലമാക്കളിലൂടെ നിലവിൽ വന്നു. മക്കയിലെ സൗലത്തിയ മദ്റസയും ഇന്നും അൽഹംദുലില്ലാഹ് ദേവ്ബന്ദി ഉലമാക്കൾക്ക് അഭിമാനമായി നിലകൊള്ളുന്നു.

ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്
♦️♦️♦️♦️♦️♦️♦️♦️♦️♦️⁦♦️⁩⁦♦️⁩⁦♦️⁩

ഇന്ത്യയുടെ അഖണ്ഡത, പരമാധികാരം, രാജ്യസ്നേഹം തുടങ്ങി രാജ്യത്തിന്റെ അഭിമാനവും രക്ഷയും രാജ്യത്തോടുള്ള കൂറും അതുല്യമായി അഭിമാന പൂർവ്വമായി സമൂഹത്തിൽ നില നിർത്തുവാനും ഇസ്ലാമിനും മുസ്ലിമുകൾക്കുമെതിരെ ഉണ്ടാകുന്ന  കടന്നാക്രമണങ്ങളെ നേരിടുവാനും രാജ്യമെമ്പാടുമുള്ള ഇസ്ലാമിക ചിഹ്നങ്ങളേയും സാംസ്കാരങ്ങളേയും നിലനിർത്തുവാനും മുസ്ലിം സമൂഹത്തിൽ കടന്നു കൂടിയിട്ടുള്ള അനാചാരങ്ങളെ തൂത്തെറിയുവാനും രാജ്യസേവനത്തിൽ മറ്റാരേക്കാളും മുമ്പിൽ നിൽക്കുവാനും വേണ്ടി സ്വയം അർപ്പണത്തോടെ 1919 -ൽ മൗലാന മുഫ്തി കിഫായത്തുല്ലാഹ് (റഹ്) അവർകളുടെ നേതൃത്വത്തിൽ രൂപവത്കൃതമായ സംഘടനയാണ് ജംഇയ്യത്ത് ഉലമായേ ഹിന്ദ്. മഹാനായ ഷാഹ് വലിയുല്ലാഹി ദഹ്‌ലവി അവർകൾ നയിച്ച പാതയിലൂടെ സമുദായ സേവനവും രാജ്യ സേവനവും  ഒപ്പത്തിനൊപ്പം നിർവ്വഹിച്ചു വരുന്ന ജംഇയ്യത്തിന്റെ സാരഥികളും ദേവ്ബന്ദി ഉലമാക്കൾ തന്നെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിശേഷിച്ചും, ലോകമെങ്ങും പൊതുവായും എപ്പോൾ എവിടെയെല്ലാം ഇസ്ലാമിനും മുസ്‌ലിമീങ്ങൾക്കുമെതിരെ കടന്നാക്രമണമുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ചരിത്രപരായി ഏറ്റെടുത്ത കടമ അവർ വേണ്ടവിധം നിർവഹിച്ചിട്ടുണ്ട്. വർഗ്ഗീയ ലഹളകൾ നടക്കുന്ന സ്ഥലത്ത് പാഞ്ഞെത്തി സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുക, ദുരിതാശ്വാസ പ്രവർത്തനം നടത്തുക തുടങ്ങിയ കാര്യങ്ങളും, പ്രകൃതിക്ഷോഭം പോലുള്ള അത്യാപത്തുകൾ  ഉണ്ടാകുമ്പോൾ ജാതി മത ഭേദമന്യേ വേണ്ടുന്ന സഹായ സഹകരണങ്ങളെത്തിക്കുക, രക്ഷാമാർഗ്ഗം കൈകൊള്ളുക തുടങ്ങി അനേകം രാജ്യസേവനങ്ങളും സഹസേവനങ്ങളും രാജ്യ ഭരണത്തിന്റെ റിക്കാർഡുകളിൽ ജംഇയ്യത്തിന്റെ സേവനമായി സ്ഥലം പിടിച്ചിട്ടുണ്ട്. ജംഇയ്യത്തിന്റെ നിലവിലുള്ള അഖിലേന്ത്യ സാരഥി ലോക പ്രസിദ്ധ പണ്ഡിതനായ മൗലാനാ സയ്യിദ് അസ്അദ് മദനി അവർകളും ( ഈ ലേഖനം എഴുതുന്ന സമയത്ത്) കേരള ഘടകം സാരഥി മൗലാനാ മുഹമ്മദ് നൂഹ് അൽ ഖാസിമി അവർകളുമാണ്.

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തം വഹിച്ച ജംഇയ്യത്ത് ഒരിക്കലും കോൺഗ്രസ്സിന്റെ വാലായി പ്രവർത്തിക്കുകയോ ജംഇയ്യത്തിന്റെ പേരിൽ ഭരണപങ്കാളികളാവുകയോ ഏതെങ്കിലും തരത്തിലുള്ള പദവിയോ അവാർഡോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ജംഇയ്യത്തിന്റെ നേതാക്കൾക്കും മെമ്പർമാർക്കും തങ്ങൾക്ക് താൽപര്യമുള്ള രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കാം എന്നതാണ് ജംഇയ്യത്തിന്റെ തീരുമാനം.എല്ലാ പാർട്ടികളിലും മുസ്‌ലിമീങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവരുണ്ടാകണമെന്ന് ജംഇയ്യത്ത് ആഗ്രഹിക്കുന്നു.

ഗ്രന്ഥ രചന
♦️♦️♦️♦️⁦♦️⁩⁦

ദേവ്ബനി ഉലമാക്കളുടെ ക്ലാസ്സുകൾ വൻ ഗ്രന്ഥങ്ങളായി തന്നെ രൂപപ്പെട്ടിട്ടുണ്ട്. ദീനി വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഈ മഹത്തുക്കളുടെ ഗ്രന്ഥങ്ങൾ പ്രസിദ്ധവും - ലോക വ്യാപകമായി അച്ചടിക്കപ്പെടുന്നതും എല്ലാ ഗ്രന്ഥശാലകളിലും ലഭ്യമാകുന്നവയുമാണ്. മൗലാനാ ഗംഗോഹി അവർകളുടെ ബുഖാരിയുടെ ക്ലാസ്സ് لامع الدراري  എന്ന പേരിലും , തിർമദിയുടെ ക്ലാസ്സ് الكوكب الدري എന്ന പേരിലും , അബുദാവൂദിന്റെ ശറഹായി بذل مجهود മൗലാന ഖലീൽ അഹ്‌മദ് അംബേട്ടവി എഴുതിയിട്ടുള്ളതും, മുവത്വാ മാലിക്കിന്റെ ശറഹായ اوجز المسالك ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യ കാന്തലവി എഴുതിയിട്ടുള്ളതും, മിശ്കാത്തിന്റെ ശറഹായ التعليق الصبيح മൗലാനാ ഇദ്‌രീസ് കാന്തലവി എഴുതിയിട്ടുള്ളതും മുഖ്ത്വസറുൽ മആനിയുടെ ഹാമിശിൽ കാണുന്ന (സൈഡിൽ)  ശറഹ് ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസൻ ദേവ്ബന്ദി എഴുതിയിട്ടുള്ളതും ബുഖാരിയുടെ ഹാമിശിൽ കാണുന്ന ശറഹ് 22 ജൂസ്അ് വരെ മൗലാനാ അഹ്‌മദ് അലി സഹാറൻപൂരിയും ശേഷിച്ച “8” ജുസ്ഇന്റെ ശറഹ് മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവിയും എഴുതിയിട്ടുള്ളതുമാണ്. ഗ്രന്ഥരചനാ വിഷയത്തിൽ മൗലാനാ അഷ്റഫ് അലി ഥാനവി അഭിനവ ഇമാം ഗസ്സാലിയാണ്. മൗലാനാ മുഹമ്മദ് യൂസുഫ് കാന്തലവി രചിച്ച ത്വഹാവിയുടെ ശറഹ് أماني الاحبار  ദറസീ രംഗത്തും , ഹയാത്തുസ്സ്വഹാബ: എന്ന ഗ്രന്ഥം തബ്‌ലീഗി രംഗത്തും ലോക പ്രസിദ്ധമാണ്. ഇങ്ങനെ പോകുന്നു ദേവ്ബന്ദി ഉലമാഇന്റെ രചനകളുടെ നീണ്ട പട്ടിക. അല്ലാഹു തആലാ ഈ മഹത്തുക്കളെ പിൻപറ്റുവാൻ ഈ വരികളുടെ ഉടമയെയും അനുവാചകരേയും ലോക മുസ്‌ലിമീങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ

اُولئك آبائي فجئني بمثلهم.................

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.