ദാറുൽ ഉലൂം ലോകത്തെ അത്യുന്നത കലാലയം.❣️

ദാറുൽ ഉലൂം ലോകത്തെ അത്യുന്നത കലാലയം.

✍️ മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബ് رحمة اللّه عليه.
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

ഹിജ്റ 13-ാം നൂറ്റാണ്ടിന്റെ അന്ത്യം കുറിച്ചതോടെ ഇന്ത്യയിൽ മുസ്‌ലിമീങ്ങളുടെ ശക്തി ക്ഷയിച്ചു തുടങ്ങി. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ ഉരുക്കുകോട്ടകളായ ദീനീ സ്ഥാപനങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി. അജ്ഞതയുടെ അന്ധകാരം മുസ്‌ലിം ഹൃദയങ്ങളെ പൊതിയുവാൻ തുടങ്ങി. മുസ്‌ലിം സമുദായം പ്രവാചക പ്രഭുവിന്റെ ഉത്തമ ജീവിതസരണിയെ അനുധാവനം ചെയ്യുന്നതിന് പകരം മറ്റിതര വിഭാഗങ്ങളുടെ  ആചാരങ്ങളും ചടങ്ങുകളും വാരിപ്പുണരുവാൻ തുടങ്ങി. 
പാശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങൾക്ക്  പ്രചുര പ്രചാരം സിദ്ധിച്ചു തുടങ്ങി. തൽഫലമായി നിരീശ്വര നിർമ്മത വാദഗതികൾ വേരൂന്നുവാൻ തുടങ്ങി. ഇസ്‌ലാമിന്റെ സുന്ദരരൂപം നയനങ്ങൾക്ക് വിരസമായി തോന്നി.

ഇസ്‌ലാമിക ആരാമത്തിലെ ഹൃദയഹാരികളായ കുസുമങ്ങളുടെ സ്ഥാനം അജ്ഞതയുടെ മുൾപ്പടർപ്പുകൾ കവർന്നെടുത്തു. പുരാതന സ്പയിനിനെ അനുസ്മരിപ്പിക്കും വിധം ഇന്ത്യൻ മുസ്‌ലിമീങ്ങളും ചവറ്റുകൊട്ടയിലേക്ക്  എറിയപ്പെടുന്ന സ്ഥിതിവിശേഷവും സാഹചര്യവും സംജാതമായി. സർവ്വശക്തൻ അംഗുലീപരിമിതരായ മഹാത്മാക്കളുടെ ഹൃദയത്തിൽ തദ്‌ വിഷയകമായ ഒരു ചിന്ത കടത്തിവിട്ടു. ആ ചിന്ത ദീനിന്റെ സംരക്ഷണവും, മുസൽമാന്റെ വ്യക്തിത്വത്തിന്റെ സംരക്ഷണവുമായിരുന്നു. അവരെല്ലാം ഒരു സദസ്സിൽ സമ്മേളിച്ചു. അവരവരുടെ ഹൃദയ വികാരങ്ങൾ പ്രകടിപ്പിച്ചു. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രചാരണത്തിനായി ഇസ്ലാമിക വിദ്യാലയങ്ങൾ സ്ഥാപിച്ച് മുസ്ലിമീങ്ങളുടെ മതപരവും, സാംസ്കാരികവും, സാമുദായികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ അവർ ഒന്നടങ്കം തീരുമാനമെടുത്തു.

അവർ ആസൂത്രണം ചെയ്ത ബഹൃത്തായ ഈ പദ്ധതി A.D.1866 മെയ 31-ാം തീയതി പ്രാവർത്തികമായി.ഭാരത മുസൽമാന്റെ നവോത്ഥാന ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെടേണ്ട ഒരു സുദിനമായിരുന്നു അത്. കാരണം അവരുടെ നേതൃനായകന്മാരെ പടുത്തുയർത്തിയ “ദാറുൽഉലൂമി" ന്റെ ശിലാ സ്ഥാപനം നിർവ്വഹിക്കപ്പെട്ട സുദിനമായിരുന്നു അത്.

ദേവ്ബന്ദിലെ "ചത്താമസ്ജിദ്"  എന്ന അനുഗ്രഹീത പള്ളിയുടെ സമീപത്തായി നിലകൊള്ളുന്ന മാതളവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നാണ് ആ വിജ്ഞാന സാഗരത്തിന്റെ തേനീരുറവ പൊട്ടിപ്പുറപ്പെട്ടത്.അവിടെ നിന്നും ഒഴുകിത്തുടങ്ങിയ ജലാശയം വരണ്ടു കിടന്ന ഇസ്‌ലാമിക ആരാമത്തിലെ മുല്ലമൊട്ടുകൾക്ക് നവജീവൻ പകർന്നു കൊടുത്തു. മുസ്‌ലിമീങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ച നിരീശ്വര നിർമ്മതവാദഗതികളുടെ മുൾച്ചെടികൾ ആ ജലാശയത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് കട പിഴുതെറിയപ്പെടുകയും ചെയ്തു.

താൻ കഅ്ബാലയത്തിന്റെ മുകളിൽ നിലയുറപ്പിച്ചിരിക്കുന്നതായും, തന്റെ കൈ - കാൽ വിരലുകളിൽ നിന്നും നീരുറവകൾ പൊട്ടിപ്പുറപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തേക്കും ഒഴുകിത്തുടങ്ങുന്നതായും ഹള്റത്ത് മൗലാന മുഹമ്മദ് ഖാസിം നാനോതവി (റഹ്) അവർകൾക്ക് ദർശിക്കുവാൻ സാധിച്ച സ്വപ്നം ഇവിടെ സാക്ഷാൽക്കരിക്കപ്പെട്ടുകയായിരുന്നു.

പാശ്ചാത്യ-പൗരസ്ത്യരാഷ്ട്രങ്ങളിൽ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുവാൻ ദാറുൽ ഉലൂം കാരണമായിത്തീർന്നു. ദാറുൽ ഉലൂം മുഖാന്തരം"തന്റെ കൈവശം ദീനീ വിജ്ഞാനത്തിൻറെ താക്കോലുകൾ നൽകപ്പെട്ടതായി" മൗലാനാ ഷാഹ് റഫീഉദ്ദീൻ (റഹ്)ക്കും ദർശിക്കുവാൻ സാധിച്ച സ്വപ്നവും സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു.

 ഈ മഹൽ സ്ഥാപനം പതിനായിരക്കണക്കിനു ഹൃദയങ്ങളിൽ ഇസ്ലാമിക വിജ്ഞാനത്തിൻറെ പ്രഭ പരത്തുവാനും, അവരെ ഇസ്ലാമിന്റെ കാവൽ ഭടന്മാരാക്കിത്തീർക്കുവാനും കാരണമായിത്തീർന്നു.

മഹാനായ സയ്യിദ് അഹമ്മദ് ഷഹീദ് (റഹ്) ദേവ്ബന്ദിലെ ദാറുൽ ഉലൂം സ്ഥിതി ചെയ്യുന്ന ഭൂമിയിലൂടെ കടന്നു പോകവെ പ്രവചിക്കുകയുണ്ടായി: "ഈ സ്ഥലത്തുനിന്നും എനിക്ക് വിജ്ഞാനത്തിന്റെ ശുദ്ധവായു ശ്വസിക്കുവാൻ കഴിയുന്നു'' ആ പ്രവചനം തികച്ചും ഒരു യാഥാർത്ഥ്യമായിരുന്നു. മഹാനവർകളുടെ ആത്മീയ ഇന്ദ്രിയത്തിന് അതു ശ്വസിക്കുവാൻ സാധിച്ചു.

അതൊരു റോസാപുഷമായി രൂപാന്തരപ്പെട്ടു. പതിനായിരക്കണക്കിന് പുഷപങ്ങൾ അതിൽ ജന്മമെടുത്തു പരിമളം പരത്തുവാൻ തുടങ്ങി.

ദാറുൽ ഉലൂമിന്റെ സേവനം തുറന്നൊരു പുസ്തകമാണ്. മുസ്‌ലിം ലോകത്താകമാനം അതിന്റെ സന്തതികളെ ദർശിക്കുവാൻ കഴിയും. അതിന്റെ നായകന്മാർ സാമൂഹ്യ സാമുദായിക രാഷ്ട്രീയരംഗങ്ങളിലർപ്പിച്ച മഹത്തായ സേവനങ്ങൾ ചരിത്രത്തിന്റെ താളുകളിൽ മങ്ങാതെ മായാതെ  അവശേഷിക്കുന്നു!

മുസ്‌ലിം ലോകത്തെ അത്യുന്നത കലാലയമായ ദാറുൽ ഉലൂമിനെ സർവ്വശക്തൻ അഭിവൃദ്ധിയിലേക്കുയർത്തട്ടെ. അതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുവാൻ സർവ്വശക്തൻ നാമേവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ.

വിവർത്തകൻ: ഇസ്ഹാഖ് ഖാസിമി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?