കേരള മുസ്‌ലിമീങ്ങളും ദേവ്ബന്ദ് ഉലമാക്കളും
കേരള മുസ്‌ലിമീങ്ങളും ദേവ്ബന്ദ് ഉലമാക്കളും
✍️മൗലാനാ അബുൽഖൈർ സി.കെ. അഹ്‌മദ് മൗലവി, അൽഖാസിമി دامت بركاتهم, ചെറുപ്പ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
കേരളത്തിലെ മിക്ക മതപണ്ഡിതന്മാരും അവരുടെ ഉസ്താദുമാരും ഉപരിപഠനം നടത്തിയത് ദേവ്ബന്ദ് ദാറുൽ ഉലൂമിലും ബാഖിയാത്തുസ്സാലിഹാത്തിലുമാണ്. കേരളം ഈ നൂറ്റാണ്ടിൽ കൈവരിച്ച മത വൈജ്ഞാനിക പുരോഗതി വിലയിരുത്തുമ്പോൾ ദേവ്ബന്ദികളും ബാഖവികളും നേത്യത്വം കൊടുക്കുകയോ സേവനം അനുഷ്ടിക്കുകയാേ ചെയ്യാത്ത ഇസ്ലാമിക സംരംഭങ്ങൾ വളരെ വിരളമാണ്. മിക്ക പള്ളി ദർസുകളും ബിരുദം നൽകുന്നതും അല്ലാത്തതുമായ അറബിക് കോളേജുകളിലും അധ്യാപനം നടത്തിവന്ന ഉസ്താദുമാരും മതപ്രഭാഷണ , പ്രസിദ്ധീകരണ മേഖലകളിൽ പ്രശോഭിച്ച പ്രഗത്ഭരും ദേവ്ബന്ദിൽ പഠിച്ചവരോ അവരുടെ ശിഷ്യ പരമ്പരയിൽ പെട്ടവരോ അവരുടെ ഗ്രന്ഥങ്ങൾ വഴി അറിവ് നേടിയവരോ ആയിരിക്കും.
ദേവ്ബന്ദികളും ബാഖവികളും അദ്ധ്യാപനം നടത്തുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്ദി ദാറുസ്സലാം, കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ:, ജാമിഅ ഹസനിയ്യ, ജാമിഅ:വഹബിയ്യ മുതലായ ബിരുദം നൽകുന്ന നിരവധി സ്ഥാപനങ്ങൾ വളർന്നു വന്നിട്ടും ദാറുൽ ഉലൂം ദേവ്ബന്ദിലും ബാഖിയാത്തിലും മലയാളി വിദ്യാർത്ഥികൾ ഉപരിപഠനം നടത്തുന്നുണ്ട്.
കേരളത്തിലെ പ്രമുഖ പണ്ഡിതരായ ശൈഖ് ഹസൻ ഹസ്റത്ത്, മൗലാനാ മുസ്തഫാ ആലിം സാഹിബ്, മൗലാനാ മുഹമ്മദ് സ്വാലിഹ് മുഹമ്മദ് നൂഹ് അൽ ഖാസിമി , സയ്യിദ് അബ്ദുർറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽഅസ്ഹരി അൽഖാസിമി, കെ.കെ. അബൂബക്കർ ഹസ്റത്ത് رحمهم اللّه تعالى رحمة واسعة , നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ മുതലായ നിരവധി പണ്ഡിതർ ദേവ്ബന്ദിൽ ഉപരിപഠനം നടത്തിയവരാണ്.
ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കെ.കെ. സദഖത്തുല്ലാ മുസ്ലിയാർ, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ, ഉള്ളാളം തങ്ങൾ , കോട്ടുമല അബൂബക്കർ മുസ്‌ലിയാർ رحمهم اللّه تعالى رحمة واسعة, കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാർ, കെ.സി അബ്ദുള്ളാ മൗലവി, മുഹമ്മദ് അബുസ്സലാഹ് മൗലവി, സി.എൻ. അഹ്‌മദ് മൗലവി മുതലായ നിരവധി പണ്ഡിതർ വെല്ലൂർ ബാഖിയാത്തിലാണ് ഉപരിപഠനം നടത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുതൽ കേരളത്തിലെ സർവ്വത്ര സംഘടനകളിലും പ്രസ്ഥാനങ്ങളിലും പ്രശോഭിച്ചവർ ബാഖവികളാണെന്നിരിക്കെ കേരളത്തിലെ എണ്ണമറ്റ മതവിദ്യാർത്ഥികളും മത പ്രഭാഷണ പ്രസിദ്ധീകരണാസ്വാദകരും ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വിജ്ഞാന വിതരണ വിഹിതം കൈപ്പറ്റുവരാണ്. കാരണം ബാഖിയാത്തിൽ അദ്ധ്യാപനം നടത്തിയ പ്രധാനികളായ ശൈഖ് അബ്ദുർ റഹീം ഹസ്റത്ത് (رحمه اللّه), ശൈഖ് ഹസൻ ഹസ്റത്ത് (رحمه اللّه), മുതലായവർ ദേവ്ബന്ദിലെ പൂർവ്വ വിദ്യാർകളായിരുന്നു. അപ്പോൾ മത വിജ്ഞാനം കേരളത്തിലേക്ക് ചാലിട്ടൊഴുകി വന്നത് ദേവ്ബന്ദ് ദാറുൽ ഉലൂമിൽ നിന്നാണെന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല.
സിപാഹിലഹള (മുജാഹിദീൻ സമരം) എന്ന 1857 ലെ ഒന്നാം സ്വാതന്ത്ര സമരം അടിച്ചമർത്തപ്പെട്ടതോടെ ലക്ഷക്കണക്കിൽ മുസ്ലിമീങ്ങൾ കൊല ചെയ്യപ്പെടുകയും ബന്ധനം, നാടുകടത്തൽ, അഭയാർത്ഥി പ്രവാഹം മുതലായ ദുരന്തങ്ങളിൽ അകപ്പെട്ടു തകരുകയും ചെയ്ത സാഹചര്യം. സായുധ സംരംഭങ്ങളൊന്നും ചിന്തിക്കാനേ വയ്യ.
സമരം നയിച്ച ഹുജ്ജത്തുൽ ഇസ്ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി(رحمه اللّه), മൗലാനാ റഷീദ് അഹ്മദ് ഗംഗാേഹി(رحمه اللّه), ഹാജി ഇംദാദുല്ലാ മുഹാജിർ മക്കി (رحمه اللّه) മുതലായ മഹാത്മാക്കൾ ഇന്ത്യയുടെ പല ഭാഗത്തും മദ്റസകൾ സ്ഥാപിച്ച് ഇസ്ലാമിക വിശ്വാസങ്ങളും നിയമങ്ങളും പഠിപ്പിക്കുവാൻ തീരുമാനിച്ചു. തദ്ഫലമായാണ് ദാറുൽ ഉലൂം ദേവ്ബന്ദ് , വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ അവിഭക്ത ഭാരതത്തിന്റെ പലഭാഗത്തും ഉടലെടുത്തത്. മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (رحمه اللّه) യുടെ നേതൃത്വത്തിൽ മുല്ലാ മഹ്മൂദ് (رحمه اللّه) ദേവ്ബന്ദിലെ ഒരു കൊച്ചു പള്ളിയുടെ മുറ്റത്തുള്ള മാതള ചെടിയുടെ അരികത്തിരുന്ന് ഒരു വിദ്യാർത്ഥിക്ക് (ആ വിദ്യാർത്ഥിയാണ് ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (رحمه اللّه) കേരളക്കരയുടെ ഉസ്താദുൽ അസാതീദ് ശൈഖ് ഹസൻ ഹസ്റത്ത് (رحمه اللّه) യുടെ ശൈഖും മുർശിദുമായ ശൈഖുൽ ഇസ്‌ലാം മൗലാനാ ഹുസൈൻ അഹ്‌മദ് മദനി (رحمه اللّه) യുടെ വന്ദ്യ ഗുരു) പാഠം തുടങ്ങി കൊടുത്തു കൊണ്ടാരംഭിച്ച ഒരുത്തമ വിദ്യാലയമാണ് ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാന കേന്ദ്രമായി ഉയർന്നത്.
മാതളമരത്തിന്റെ ആയുസ്സ് പതിനഞ്ച് ഇരുപത് വർഷമാണെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, 137 വർഷത്തിനുശേഷവും ആ മാതളം അവിടെ തഴച്ചു വളർന്നു നിൽക്കുകയാണ്. ഈ അസാധാരണത്വം ആ മഹാ സ്ഥാപനത്തിന്റെ മഹത്വത്തിന് മകുടം ചാർത്തുന്നു.
"സ്ഥാപനത്തിന് സ്ഥിരം വരുമാന മാർഗ്ഗങ്ങളോ സ്ഥാവര സ്വത്തുക്കളോ ഉണ്ടാവരുത്. അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെച്ച് പ്രവർത്തിക്കണം. അല്ലാത്തപക്ഷം അല്ലാഹുവിന്റെ സഹായ ലഭിക്കാതെവരും" എന്ന സ്ഥാപകന്റെ ഉപദേശത്തിലടങ്ങിയ ആത്മാർഥതക്ക് അല്ലാഹു നൽകിയ അംഗീകാരം. അതാണ് ദാറുൽ ഉലൂമിന്റെ പ്രത്യേകതയും സ്വീകാര്യതയും.
ആദ്യമാദ്യം ആ സ്ഥാപനം വളർത്തിയെടുത്ത മഹാ പണ്ഡിതന്മാർ ചലിക്കുന്ന ഗ്രന്ഥാലയങ്ങളും സഹാബികളെ അനുസ്മരിപ്പിക്കുന്ന മഹാത്മാക്കളുമായിരുന്നു. അവർ വഴി , ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും സജിവമായെന്നു മാത്രമല്ല ജീവിതത്തിൽ യഥാർത്ഥ ഇസ്‌ലാം വേരുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസാചാരങ്ങളും ഹനഫി മദ്ഹബും ആത്മ സംസ്കരണ മുറകളും കൈവിടാത്തവരാണ് ദേവ്ബന്ദികൾ.
ബ്രിട്ടീഷ് വിരുദ്ധരും മിതവാദികളുമായ പൊന്നാനിയിലെ മഖ്ദൂമുമാർ കേരള മുസ്ലിംകൾക്ക് നൽകിവന്ന അതേ അദ്ധ്യാത്മിക വൈജ്ഞാനിക നേതൃത്വമാണ് ദേവ്ബന്ദി പണ്ഡിതർ ഇന്ത്യൻ മുസ്ലിമീങ്ങൾക്ക് നൽകിയത്.അത് കൊണ്ട് തന്നെ കേരളത്തിലെ ആലിമീങ്ങൾ ദേവ്ബന്ദി പണ്ഡിതരോട് മതിപ്പും ബഹുമാനവും പുലർത്തിപ്പോന്നിട്ടുണ്ട്.
1961-ൽ കക്കാട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ വാർഷിക മഹാസമ്മേളനത്തിൽ പ്രത്യേക സ്ഥാനം അലങ്കരിച്ചത് ദേവ്ബന്ദ് ദാറുൽ ഉലൂമിലെ അന്നത്തെ സാരഥി ഖത്വീബുൽ ഹിന്ദ് മൗലാനാ ഖാരീ മുഹമ്മദ് തയ്യിബ് സാഹിബ് (رحمه اللّه) ആയിരുന്നു.വളരെ ഊഷ്മളമായ സ്വീകരണമാണ് കേരള മുസ്‌ലിമീങ്ങൾ അദ്ദേഹത്തിന് നൽകിയത്. അനിഷേധ്യ മുസ്‌ലിം നേതാവ് പാണക്കാട് സയ്യിദ് പൂക്കോയ തങ്ങളുടെ അച്ചടിച്ച് വിതരണം ചെയ്ത സ്വാഗതപ്രസംഗം, ഭക്തിഗാനാലാപനത്താേടെ ഭക്ത ജനങ്ങളുടെ വരവേൽപ്പ്, അറബിഭാഷയിൽ മംഗള പത്രം, പ്രൗഡ ഗാംഭീരമായ അദ്ദേഹത്തിന്റെ പ്രസംഗം കൂടുതൽ പ്രൗഡമാക്കുന്ന ഇ.കെ. അബൂബക്കർ മുസ്ല്യാരുടെ ഉഗ്രൻ പരിഭാഷ.
ഖത്വീബുൽ ഹിന്ദിന്റെ പുത്രൻ മൗലാനാ സാലിം സാഹിബിന്റെ പ്രസംഗം,അതിന് കെ.കെ. അബൂബക്കർ ഹസ്റത്തിന്റെ പരിഭാഷ, അതിലെല്ലാ കൂടി ലയിച്ചു ചേരുന്ന മഹാപണ്ഡിത ബഹുജനസദസ്സ്, എല്ലാം കൂടി ചേർന്നപ്പോൾ ദേവ്ബന്ദിന്റെ മഹത്വം മനസ്സിന് താങ്ങാനാവാത്ത പ്രതീതി. അതിന് ശേഷവും മൗലാനാ ത്വയ്യിബ് സാഹിബ് (رحمه اللّه) കേരളത്തിലേക്ക് ക്ഷണിക്കപ്പെടുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്നും ഇദം പ്രഥമമായി ഉപരി പഠനാർത്ഥം ദേവ്ബന്ദ് ദാറുൽ ഉലൂമിൽ എത്തിയത് കെ.കെ.ഹസ്റത്ത്, അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവും പണ്ഡിതനും വാഗ്മിയുമായ മുഹമ്മദ് നൂഹ് മൗലവി സാഹിബ് മുതലായവരുടെ വന്ദ്യ ഗുരുനാഥനായ മുസ്തഫാ ആലി സാഹിബാണ്. മദ്ഹബു വിരുദ്ധരായ ഉത്തരേന്ത്യയിലെ അഹ്‌ലെ ഹദീസ് ശാഫിഈ മദ്ഹബിനോട് കൂടുതൽ സാദ്യശ്യപെട്ട പ്രവർത്തിക്കുന്നവരാണ്.ഹനഫികളായ ദേവ്ബന്ദികൾ അവരെ അംഗീകരിക്കുന്നില്ല. ശാഫിഈ മദ്ഹബുകാരനായ മുസ്തഫാ ആലിം സാഹിബ് മദ്ഹബ് വിരുദ്ധനാണെന്ന് തെറ്റിരിക്കപ്പെട്ടത് കൊണ്ട് അവിടെ പ്രവേശനം ലഭിച്ചില്ല. അനന്തരം തന്റെ വന്ദ്യ ഗുരുവായ മൗലാനാ അബുൽ കലാം ആസാദിന്റെ ശ്രമഫലമായാണ് അഡ്മിഷൻ ലഭിച്ചത്.
അനന്തരം അവിടെ പഠിച്ച പ്രമുഖ പണ്ഡിതൻ സൗത്ത് ഇന്ത്യയിലെ മതവിജ്ഞാന നഭോമണ്ഡലത്തിലെ പ്രോജ്ജ്വല താരവും മിക്ക ബാഖവീ പണ്ഡിതന്മാരുടെ ഗുരുവര്യരും വാഴക്കുളം ജാമിഅ ഹസനിയ്യ:യുടെ സ്ഥാപകനുമായ മൗലാനാ ശൈഖ് ഹസറത്ത് അവർകളാണ്. ഓരോ വിജ്ഞാനകലയും അതിൽ അവഗാഹം നേടിയവരിൽ നിന്നും നല്ലവണ്ണ പഠിച്ച ശേഷം അദ്ദേഹം വേലൂർ ബാഖിയാത്തിലെത്തി. അവിടുത്തെ പ്രധാനാദ്ധ്യാപകൻ മൗലാനാ അബുർറഹീം ഹസ്റത്ത് അദ്ദേഹത്തെ നന്നായി പരിശോധിച്ചശേഷം താങ്കൾക്കിവിടെ കൂടുതലൊന്നും പഠിക്കാനില്ല. ഇവിടെ സമയം നഷ്ടപ്പെടുത്താതെ ഉടൻ ദേവ്ബന്ദിൽ പോവുകയാണ് വേണ്ടതെന്ന് ഉപദേശിച്ചു. (ഇ.കെ.അബൂബകർ മുസ്ലിലിയാരുടെയും മറ്റും ഉസ്താദായ അബ്ദുർറഹീം ഹസത്ത് ദീർഘകാലം ദേവ്ബന്ദ് ദാറുൽ ഉലൂമിൽ ഉപരിപഠനം നടത്തിയ മഹാനായിരുന്നു) അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ശൈഖ് ഹസൻ ഹസത്ത് ദേവ്ബന്ദിൽ എത്തുന്നത്. അവിടെ അഞ്ച് വർഷം ഉപരിപഠനം നടത്തി. പതിനെട്ട് വർഷം ഹറമുകളിൽ ദർസ് നടത്തിയ വിശ്വോത്തര പണ്ഡിതനും ഖുത്ബുൽ ഇർശാദ് ആരിഫ്ബില്ലാഹ് മൗലാനാ റശീദ് അഹ്മദ് ഗംഗോഹി (رحمه اللّه)യുടെ പ്രധാന ഖലീഫയും ആത്മീയ നേതാവുമായ ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ മദനിയായിരുന്നു പ്രധാന ഗുരുവര്യൻ. മൗലാനാ മദനിയുടെ ഇഷ്ടശിഷ്യനും ഖലീഫയുമായാണ് ശൈഖ് ഹസൻ ഹസത്ത് വേലൂർ ബാഖിയാത്തിൽ മുർരിസായി ചാർജെടുത്തത്. അദ്ദേഹത്തിൽ നിന്നു വിജ്ഞാനവും ആത്മസംസ്കരണ മുറിയിൽ ബൈഅത്തും സ്വീകരിച്ചവരാണ് കേരളത്തിലെ മിക്ക മതപണ്ഡിതന്മാരും. അദ്ദേഹത്തിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച നിരവധി ഭക്തജനങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻ കെ.കെ. അബൂബക്കർ ഹസറത്ത് ശൈഖ് ഹുസൈൻ അഹ്മദ് മദനിയുടെയും ശിഷ്യനാണ്. ദേവ്ബന്ദിൽ നിന്ന് ബിരുദമെടുത്ത് കെ.കെ.ഹസ്റത്തും മറ്റുമാണ് ഫൈസികൾക്ക് ബിരുദം കൊടുത്തത്.
ഇതേ ദേവ്ബന്ദി,ബാഖവി പരമ്പരയിൽ പെട്ടവരാണ് സഖാഫി, ദാരിമി, മദനി, വഹബി ബിരുദങ്ങളൊക്കെ വിതരണം ചെയ്യുന്നത്. പക്ഷെ ഈ പരിശുദ്ധമായ ഗുരു പരമ്പരയെ ചിലർ അബദ്ധത്തിൽ വിമർശിച്ചു പോകുന്നു എന്ന ദു:ഖ സത്യം നിലനിൽക്കുകയാണ്. അതിന്റെ ഗുരുത്വക്കേടാണ് പലയിടത്തും കേരള മുസ്ലിംകൾ അനുഭവിക്കുന്ന അകൽച്ചയും അന്ത ഛിദ്രതയും.
ഇൽമിനും അതിന്റെ ഖിദ്മത്തിനും വേണ്ടി ജീവിത ഉഴിഞ്ഞു വെച്ച മഹാനായിരുന്നു ശൈഖ് ഹസൻ ഹസ്റത്ത്(رحمه اللّه) ദേവ്ബന്ദിൽ അദ്ദേഹത്തിന്റെ ഒരു സതീർത്ഥ്യനോടൊപ്പം സഹപഠനം നടത്താൻ ഈ വിനീതന് സൗഭാഗ്യമുണ്ടായിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കിയ അതിബുദ്ധിമാൻ, അറിവിന്റെ അറകൾ തുറന്നു തരുന്ന ആ ഉത്തമ സുഹൃത്ത് ഒരിക്കൽ ശൈഖ് ഹസൻ ഹസ്റത്തിനെ അനുസ്മരിച്ചു. 1947ൽ വർഗ്ഗീയ കലാപം അതിരൂക്ഷമായ സന്ദർഭം.
മുസ്‌ലിമീങ്ങളായ ചിലർ സിക്കുകാരുടെ അതിപ്രധാനമായൊരു ഗുരുദ്വാര തകർത്തു. പ്രതികാരമായി മുസ്‌ലിമീങ്ങളുടെ ദാറുൽ ഉലൂം ഞങ്ങൾ തകർക്കുമെന്ന് സിക്ക് ഭീകരർ ഭീഷണി മുഴക്കി. അത് ഒരു റമദാൻ ഒഴിവുകാലം. മദ്റസയിൽ ആളൊഴിഞ്ഞ സമയം, ദാറുൽ ഉലൂമിൽ ഞങ്ങൾ രണ്ടു പേർ മാത്രം. ഇന്ത്യയുടെ രണ്ട് അറ്റത്തുള്ള രണ്ട് ഹസന്മാർ, രണ്ടുപേരും അവിവാഹിതർ (കേരളത്തിലെ ശൈഖ് ഹസനും കാശ്മീരിലെ ഫൈസുൽ ഹസനും) ആ പഴയ കാലാനുസ്മരണം കണ്ണുനീരിലും കദനക്കരച്ചിലിലും കലങ്ങിപ്പോയി. അവർ രണ്ടു പേരും ഇന്നു നമ്മോടൊപ്പമില്ല.അറിവിനോടുള്ള ആസക്തിക്കിടയിൽ ജീവിതം മറന്നു പോയത്യാഗികളേ, ആഖിറത്തിന്റെ ചിന്തയിൽ ജീവിതം മറന്നു കളഞ്ഞ ഖാസിമീ ഖബർസ്ഥാനിലും മറ്റും അന്ത്യ വിശ്രമം കൊള്ളുന്ന മഹാത്മാക്കളായ ഞങ്ങളുടെ ഉസ്താദുമാരെ,
നിങ്ങൾക്ക് സലാം "السلام عليكم ورحمة الله وبركاته"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ