മഹാന്മാരായ ദേവ്ബന്ദ് ഉലമാക്കൾ

മഹാന്മാരായ ദേവ്ബന്ദ് ഉലമാക്കൾ

✍️ ജൗഹറുൽ ഉലമ മൗലാനാ വി.എം. മൂസാ മൗലവി M.F.B (റഹ്), വടുതല
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_20.html

അല്ലാഹു(സു:ബ)യുടെ സ്വാലിഹീങ്ങളായ ദാസന്മാരെ പറ്റി, പ്രത്യേകിച്ച് ഉലമാക്കളെ പറ്റി പറയലും പറയിപ്പിക്കലും അല്ലാഹുവിന്റെ റഹ്‌മത്ത് (കരുണ) ഇറങ്ങുന്നതിനുള്ള കാരണമാണല്ലോ. സ്വാലിഹീങ്ങളെ സംബന്ധിച്ച് പറയുന്നിടത്ത് അല്ലാഹുവിന്റെ റഹ്‌മത്ത് ഇറങ്ങുമെന്നത് പല കിതാബുകളിലും വളരെ പ്രാധാന്യം കൊടുത്ത് മനുഷ്യ സമൂഹത്തെ ഉണർത്തിയിട്ടുള്ളതാണ്.

മഹാനായ ഇമാം നവവി(റ) ശറഹ് മുസ്‌ലിമിൽ ചില മഹാന്മാരെ പറ്റി ഗുണഗണങ്ങൾ എഴുതിയതിന് ശേഷം ഇങ്ങനെ പറയുകയുണ്ടായി: *"ഇവർ ഈ പറയപ്പെട്ട മഹാന്മാർ ആരെന്നറിയാമോ. അവരെ പറ്റി പറഞ്ഞ് അല്ലാഹുവിന്റെ റഹ്‌മത്ത് ഇറങ്ങുന്നതിനെ തേടപ്പെടുന്നവരാണ്."*

അപ്പോൾ സ്വാലിഹീങ്ങളായ ഇബാദുകൾ പ്രത്യേകിച്ച് ഉലമാക്കൾ അവരെ പറ്റി പറയലും അവരുടെ ഗുണഗണങ്ങളും നടപടി ക്രമങ്ങളും പറയലും അല്ലാഹുവിന്റെ റഹ്‌മത്ത് ഇറങ്ങുന്നതിന് കാരണമാണ്. അത് കൊണ്ട് തന്നെയാണ് ഈ കാര്യം നിഷേധിക്കുന്നവർ ഭാഗ്യം നഷ്ടപ്പെട്ടവരും ഗുണമില്ലാത്തവരുമാണെന്ന് ഇമാം നവവി (റഹ്) പറഞ്ഞത്.

 ഇമാം നവവി(റഹ്) ബുഖാരി, മുസ്‌ലിം പോലുള്ള വലിയ ഹദീസ് ഗ്രന്ഥങ്ങൾക്ക് വിലപ്പെട്ട വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകിയിട്ടുള്ളവരാണ്. നവവി ഇമാം (റഹ്) ആരാണെന്ന് അറിയാത്തവർ മുസ്‌ലിം സമൂഹത്തിൽ ഇല്ല. അദ്ദേഹം എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിനപ്പുറത്തേക്ക് പറയാൻ ശാഫിഈ മദ്ഹബിൽ മറ്റൊരു ഇമാമിനെ കണ്ടെത്താൻ സാധിക്കില്ല.

 രാത്രി കാലങ്ങളിൽ ഒരിക്കൽ കിതാബുകൾ എഴുതികൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വിളക്ക് അണഞ്ഞ് പോയി. അദ്ദേഹം കൂരിരുട്ടിലായി. ആ സമയത്ത് അദ്ദേഹത്തിന്റെ തള്ളവിരൽ പ്രകാശിച്ചു. ആ പ്രകാശത്തിലൂടെ അദ്ദേഹം കിതാബ് എഴുതുകയുണ്ടായി. ഇത്ര വലിയ മഹാനാണ് ഇമാം നവവി(റഹ്). 

അദ്ദേഹമാണ് തന്റെ ശറഹ് മുസ്‌ലിമിൽ ستنزل بذكرهم الرحمة(അവരെ സംബന്ധിച്ച് പറഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ കരുണ തേടപ്പെടും) എന്ന് പറഞ്ഞിട്ടുള്ളത്. വേറെ പല കിതാബുകളിലും പല മഹാന്മാരും تنزل الرحمة بذكر الصالحين  (സ്വാലിഹീങ്ങളെ പറയപ്പെടുന്നിടത്ത് അല്ലാഹുവിന്റെ റഹ്‌മത്ത് ഇറങ്ങും) അതിന്റെയടിസ്ഥാനത്തിലാണ് നാമെല്ലാം തന്നെ നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും മഹാന്മാരായ അമ്പിയാക്കന്മാർ, ഔലിയാക്കന്മാർ, സ്വാലിഹീങ്ങൾ, അവരുടെ മദ്ഹ് മനാഖിബുകൾ ഉത്ഘോഷിക്കുന്ന മൗലിദുകളെല്ലാം പാരായണം ചെയ്യുന്നത്.

ലോക പ്രശസ്തമായ ദീനീ സ്ഥാപനമായ ദേവ്ബന്ദ് ദാറുൽ ഉലൂമിന്റെ സ്ഥാപകനായ മൗലാന ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി (റഹ്)യും തുടർന്നുള്ള ഉലമാക്കളും ഇന്ത്യയിലെ മഹാപണ്ഡിതനും ഹനഫിയും മുഹദ്ദിസുമായിരുന്ന ശാഹ് വലിയുള്ളാഹി ദഹ്‌ലവി (റഹ്) യുടെ പിൻഗാമികളാണ്.ഹദീസ് എന്താണെന്നും അതിന്റെ പരമ്പര ഏതാണെന്നും ലോകത്തിന് പഠിപ്പിച്ച് കൊടുത്ത വലിയൊരു മഹാനായിരുന്നു ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റഹ്). 

എന്റെ ഉസ്താദന്മാരിൽ നിന്ന് എനിക്ക് കിട്ടിയ അറിവനുസരിച്ച് വലിയുള്ളാഹി ദഹ്‌ലവി(റഹ്) മക്കത്തുൽ മുകർറമയിലെ എല്ലാവരാലും സുസമ്മതനായ ബഹു.ഇമാം അബൂത്വാഹിറുൽ ഖുർദി (റഹ്) എന്നിവരുടെ അടുക്കൽ ശിഷ്യപ്പെട്ട് പഠനം നടത്തിയയാളായിരുന്നു. ബഹു. ഇമാം അബൂത്വാഹിറുൽ
കുർദി(റഹ്) ശാഫിഈ മദ്ഹബുകാരനായിരുന്നു. അങ്ങനെ ദറസിൽ തന്റെ മദ്ഹബിനെ പറ്റി അതിന്റെ മസാഇലുകളും അഹ്കാമുകളുമെല്ലാം സവിസ്ഥരം ദലീലുകൾ നിരത്തി വെച്ച് അദ്ദേഹം സ്ഥിരപ്പെടുത്തിയിരുന്നു. ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റഹ്) തന്റെ ഉസ്താദിനോട് പറയുകയുണ്ടായി: "ഞാൻ ഹനഫി മദ്ഹബ് വിട്ട് ശാഫിഈ മദ്ഹബിൽ ചേരുവാൻ വിചാരിക്കുന്നുവെന്ന്." അപ്പോൾ ഉസ്താദ് ചോദിച്ചു: "എന്താ കാരണം ?" ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റഹ്) പറഞ്ഞു: "ഹനഫീ മദ്ഹബിന്റെ പല അഹ്കാമുകളിലും മസാഇലുകളിലും ആ അഹ്കാമുകൾ സ്ഥിരപ്പെടുത്തുന്നതിനുള്ള ദലീലുകൾ ഞാൻ കാണുന്നില്ല."

അപ്പോൾ അദ്ദേഹം ചോദിച്ചു:"ഏതൊക്കെ മസ്അലകളാണ് ?" ആ മസ്‌അലകളെല്ലാം ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റഹ്) വിവരിച്ച് കൊടുത്തു. ഇത് കേട്ട ഉസ്താദ് അവർകൾ ഹനഫീ മദ്ഹബിന്റെ പ്രസ്തുത മസ്അലകളുടെ ദലീലുകൾ വിവരിച്ച് കൊടുത്തു. എന്നിട്ട് പറഞ്ഞു: "ഞാൻ ശാഫിഈ മദ്ഹബുകാരനാണ്. ശാഫിഈ മദ്ഹബിന്റെ നിയമങ്ങളും നിർദ്ദേശങ്ങളും തെളിവ് സഹിതം സ്ഥിരപ്പെടുത്തേണ്ട ചുമതല എനിക്കുണ്ട്. ആ ചുമതല ഞാൻ നിർവഹിക്കുന്നു എന്ന് മാത്രം.അത് കൊണ്ട് ഹനഫി മദ്ഹബിൽ അതിന്റെ മസാഇലുകൾക്ക് തെളിവില്ല എന്ന് മനസ്സിലാക്കരുത്. നിങ്ങൾ നിങ്ങളുടെ മദ്ഹബിൽ തന്നെ ഉറച്ച് നിൽക്കുക."
അതോടൊപ്പം ശാഹ് വലിയുല്ലാഹി ദഹ്‌ലവി (റഹ്) ഒരു സ്വപ്നം കണ്ടു. നബി തങ്ങൾ ﷺ യിൽ നിന്നുംപ്രകാശത്തിന്റെ നാല് അരുവികൾ ഒഴുകുന്നു. ഈ നാല് അരുവികളിലൊന്നിൽ താൻ നിൽകുന്നു. ആ അരുവിക്ക് നബി(സ) തങ്ങളുമായി കൂടുതൽ ബന്ധമുള്ളതായി തനിക്ക് അനുഭവപ്പെടുന്നു. ഇതായിരുന്നു ആ സ്വപ്നം.

ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റഹ്)യാണ് ഇന്ത്യയിൽ ഇൽമുൽ ഹദീസ് വലിയ ഊന്നൽ കൊടുത്ത് പ്രചരിപ്പിക്കുകയും അതോടൊപ്പം ഹനഫീ മദ്ഹബിൽ തന്റെ ശിഷ്യഗണങ്ങളെയും മറ്റും വളർത്തിയെടുത്തിട്ടുള്ളതും. അവരുടെ പരമ്പരയിലാണ് മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി(റഹ്) യും മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി(റഹ്),മൗലാനാ മഹ്മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്) മൗലാനാ ഹുസൈൻ അഹ്‌മദ് മദനി(റഹ്),  മൗലാനാ ഖലീൽ അഹ്‌മദ് അംബേട്ടവി(റഹ്) പോലുള്ള മഹാന്മാരായ ഉലമാക്കളും. അത്തരത്തിലുള്ള മഹാന്മാരായ ദേവ്ബന്ദ് ഉലമാഇനെ പറ്റി ചിലയാളുകൾ അടിസ്ഥാന രഹിതമായ ചില വിഷയങ്ങൾ പറഞ്ഞും എഴുതിയും പരത്തി ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയും അവർ പറയാത്തതും പറയാൻ പാടില്ലാത്തതുമായ പലതും പറഞ്ഞുവെന്ന് പറഞ്ഞ് ചില ഫോട്ടോ കോപ്പികളും മറ്റുമൊക്കെ വെച്ച് പ്രസിദ്ധീകരണങ്ങൾ ഇറക്കുകയും ചെയ്തു. അതിലൂടെ രണ്ട് അപകടങ്ങളാണ് അവിടെയുണ്ടായത്.

ഒന്ന് ദേവ്ബന്ദ് ഉലമാക്കളെ പറ്റി നല്ല വിശ്വാസമുള്ളയാളുകൾ അവരെ പറ്റി പറയപ്പെട്ട ആശയങ്ങൾ ശരിയാണെന്ന് വിശ്വസിക്കുകയും ആ വിശ്വാസം അവരിൽ പകർത്തുകയും ചെയ്യുന്നു. അവരുടെ മേൽ ആരോപിച്ച വിഷയങ്ങളാണെങ്കിലോ കടുത്ത തെറ്റും കുഫ്‌രിയ്യത്തുമാണ്.അങ്ങനെ ഒരു ദോഷം.

രണ്ടാമത്തേത്, ദേവ്ബന്ദ് ഉലമാക്കൾ ഹനഫീ മദ്ഹബിൽ ഉറച്ച് നിൽക്കുന്നവരും അശ്അരി-മാതുരുദി വിശ്വാസത്തിൽ നിലകൊള്ളുന്നവരും ഖാദിരി,ചിശ്തി ,സ്വാബിരി, പോലുള്ള ത്വരീഖത്തിൽ ഉറച്ച് നിൽക്കുന്ന അവസ്ഥയിൽ നിന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് അകറ്റി നിർത്തുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. അവർ വഹാബികളും മുജാഹിദുകളുമാണെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന അവസ്ഥയുണ്ടാകും. (നമ്മുടെ നാട്ടിലെ ചിലയാളുകളെ പോലെ) യഥാർത്ഥത്തിൽ ദേവബന്ദ് ദാറുൽഉലൂം നൂറിൽ പരം വർഷങ്ങളായി ഹനഫീ മദ്ഹബിൽ ഉറച്ച് നിൽക്കുന്ന സ്ഥാപനമാണ്. ദേവ്ബന്ദ് ഉലമാക്കൾ ഹനഫീ മദ്ഹബിന്റെ പ്രചാരകരും ഹനഫീ മദ്ഹബിന്റെ മസാഇലുകൾ, അഹ്കാമുകൾ ദലീല് മുഖേന സ്ഥിരപ്പെടുത്തുന്നവരുമാണ്. ഇക്കാര്യം പകൽ പോലെ വ്യക്തമായ സത്യമാണ്. ഇത് അവിടെ ഓതിയവർക്കും ഓതിക്കുന്നവർക്കുമെല്ലാം അറിയുന്ന ഒരു യാഥാർത്ഥ്യമാണ്.ഇങ്ങനത്തെ വ്യക്തികളെ വഹാബികൾ എന്ന് തരംതാഴ്ത്തി വേർതിരിച്ച് നിർത്തുന്നു എന്നതാണ് രണ്ടാമത്ത ദോഷം. അത് എത്ര വലിയ അപകടവും അബദ്ധവുമാണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാകും.

മഹത്തുക്കളും മഹാന്മാരുമായ പ്രസ്തുത ദേവ്ബന്ദീ ഉലമാക്കളോട് അസൂയയും വിദ്വേഷവും വെച്ച് പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഉത്തരേന്ത്യയിലെ മൗലവി അഹ്‌മദ് രിളാഖാൻ ബറേലവി. ഹിജ്റ 1323-ൽ മൗലവി അഹ്‌മദ് രിളാഖാൻ ബറേലവി ഹജ്ജിന് മക്കയിലെത്തി. ഹജ്ജിന് ശേഷം അയാൾ ഒരു രിസാല തയ്യാറാക്കി. ദേവ്ബന്ദ് മഹാന്മാരുടെ വാചകങ്ങൾ വാക്കിലും ആശയത്തിലും തിരിമറി നടത്തി ചില വിഷയങ്ങൾ പ്രസ്തുത രിസാലയിൽ ഉൾക്കൊള്ളിച്ചു. അല്ലാഹുവിനോടും അവന്റെ റസൂലിനോടും മഹബ്ബത്തിലും ത്വാഅത്തിലും കഴിഞ്ഞ് കൂടിയിരുന്ന ദേവ്ബന്ദീ ഉലമാക്കളെ സംബന്ധിച്ച് അപവാദങ്ങൾ എഴുതിയുണ്ടാക്കി. അല്ലാഹുവിന് കള്ളം പറയാമെന്ന് പറയുന്നവരാണെന്നും നബി (സ) തങ്ങളെ ആക്ഷേപിക്കുന്നവരാണെന്നും ദേവ്ബന്ദീ ഉലമാക്കളെ പറ്റി ഈ രിസാലയിൽ എഴുതി.

ഖാദിയാനിയെ സംബന്ധിച്ചുള്ള പരാമർശമാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ തുടക്കം. ഖാദിയാനിയുടെ കുഫ്‌രിയ്യ് ആശയങ്ങൾ വിശദീകരിച്ചതിന് ശേഷം ദേവ്ബന്ദീ ഉലമാക്കളെ വഹാബിയ്യ കദ്ദാബിയ്യ, വഹാബിയ്യ ശൈത്വാനിയ്യ, എന്നിങ്ങനെ പല വിഭാഗങ്ങളാക്കി തിരിച്ചു. ഖാദിയാനിയെ പോലെയുള്ള പുതിയ പാർട്ടിയാണെന്ന് സാധാരണക്കാർ ധരിക്കുവാനാണ് അയാൾ അങ്ങനെ ചെയ്തത്. പ്രസ്തുത രിസാലയിൽ ദേവ്ബന്ദീ ഉലമാക്കളിൽപ്പെട്ട മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി(റഹ്), മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി(റഹ്), മൗലാനാ ഖലീൽ അഹ്‌മദ് സഹാറൻപൂരി(റഹ്), ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കി(റഹ്) മൗലാനാ അശ്റഫലി താനവി(റഹ്) തുടങ്ങിയ മഹാന്മാരുടെ ഗ്രന്ഥങ്ങളിലെ വാചകങ്ങളെ വെട്ടി മുറിച്ച് കണ്ടം തുണ്ടമായി അവതരിപ്പിച്ച് ആ മഹാന്മാരെ സംബന്ധിച്ച് കാഫിറുകൾ എന്ന് അയാൾ ആ രിസാലയിൽ ഫത്‌വാ നൽകി. അവരെ സംബന്ധിച്ച് കാഫിറെന്ന് പറയാത്തവർ കാഫിറുകളാണെന്ന് പോലും അയാൾ എഴുതി.

പ്രസ്തുത ഗ്രന്ഥത്തിന് ഹറമെനിയിലെ ഉലമാക്കളുടെ ആശംസകളും അംഗീകാരവും ലഭിക്കുന്നതിനായി അയാൾ പല മാർഗങ്ങളും സ്വീകരിച്ചു.

ഹറമെെനിയിലെ പണ്ഡിതന്മാർക്ക് മേൽ പറയപ്പെട്ട ദേവ്ബന്ദീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ പൂർണ്ണമായും പരിചയമില്ലായിരുന്നു. ആയതിനാൽ മേൽ പറഞ്ഞ രിസാലയിൽ ചേർത്ത വാചകങ്ങളെ മുന്നിൽ വെച്ച് കൊണ്ട് പ്രസ്തുത വാചകങ്ങൾ ദേവ്ബന്ദീ ഉലമാഇന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ മേൽ രിസാലയിലെ ഫത്‌വാ ശരിയാണെന്ന് അവർ എഴുതി കൊടുത്തു. ഹജ്ജ് കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അഹ്‌മദ് രിളാഖാൻ കുറെകാലം പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചതിന് ശേഷം ഹിജ്റ 1325-ൽ ഹുസാമുൽ ഹറമൈനി എന്ന പേരിൽ പ്രസ്തുത രിസാല ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു.

പ്രമുഖ ദേവ്ബന്ദീ പണ്ഡിതനായിരുന്ന ശൈഖുൽ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി (റഹ്) മദീനാ മുനവ്വറയിൽ മസ്ജിദുന്നബവിയ്യിൽ മുദർരിസായി സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. പക്ഷേ അദ്ദേഹത്തെ അറിയിക്കാതെയും അദ്ദേഹം അറിയുന്നതിനെ വളരെ സൂക്ഷിച്ചുമാണ് അഹ്‌മദ് രിളാഖാൻ ബറേലവി ഈ പണി ചെയ്തത്. പിന്നീട് മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി(റഹ്) വിവരം അറിയുകയും ഹുസാമുൽ ഹറമൈനിയിലുള്ള പരാമർശങ്ങൾ ദേവ്ബന്ദീ ഉലമാക്കളുടെ മേലുള്ള അപവാദങ്ങളാണെന്ന് ഹറമൈനിയിലെ പണ്ഡിതന്മാരെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമം അദ്ദേഹം നടത്തുകയും ചെയ്തു.

ആ സന്ദർഭത്തിൽ പ്രസ്തുത ഗ്രന്ഥത്തിലെ പരാമർശങ്ങളെ സംബന്ധിച്ച് വിശദമായി തന്നെ ഇന്ത്യയിലെ ദേവ്ബന്ദ് പണ്ഡിതന്മാരോട് എഴുതി ചോദിക്കാമെന്ന് ഹറമൈനിയിലെ പണ്ഡിതന്മാർ തീരുമാനിക്കുകയും അതനുസരിച്ച് 26-ാളം ചോദ്യങ്ങൾ അവർ എഴുതി ചോദിക്കുകയും ചെയ്തു.

പ്രസ്തുത ചോദ്യങ്ങൾക്ക് മറുപടി എഴുതാൻ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടത് മൗലാനാ ഖലീൽ അഹ്‌മദ് അംബേട്ടവി (റഹ്) യാണ്. അറബി ഭാഷയിൽ അദ്ദേഹം എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി വിശദീകരിച്ച് നൽകിയ മറുപടി ഗ്രന്ഥമാണ് അൽ മുഹന്നദ് അലൽ മുഫന്നദ്. ഹള്റത്ത് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്), ഹകീമുൽ ഉമ്മ മൗലാനാ അശ്റഫലി ഥാനവി(റഹ്), ഹള്റത്ത് മൗലാനാ അബ്ദുൽ റഹീം റാപുരി (റ) പോലുള്ള പ്രഗത്ഭരായ ദേവ്ബന്ദീ പണ്ഡിതന്മാർ പ്രസ്തുത ഗ്രന്ഥത്തിൽ ഒപ്പ് വെച്ച് ഹറമൈനിയിലെ പണ്ഡിതന്മാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തു. (ദേവ്ബന്ദീ പണ്ഡിതന്മാരുടെ വിശ്വാസം സവിസ്തരം ആധികാരികമായി വിശദീകരിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ബഹുമാനപ്പെട്ട ഉസ്താദവർകൾ നിർവ്വഹിച്ചിട്ടുണ്ട്.)

മഹാന്മാരായ ദേവ്ബന്ദ് ഉലമാക്കളെ പറ്റി അവർ ആരും പറയാത്ത പല കാര്യങ്ങളും പറഞ്ഞുവെന്നാരോപിച്ച് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴികേടിലാക്കുന്ന ദുരവസ്ഥ നമ്മുടെ നാട്ടിലും പരക്കെ നടന്നുകൊണ്ടിരിക്കുന്നു.

വഴിവക്കിലും തോടുകളിലും റോഡുകളിലും മഹാന്മാരായ ദേവ്ബന്ദ് ഉലമാക്കൾ പറയാത്ത പല കാര്യങ്ങളും ഫ്ളക്സുകളിലും ബോർഡിലുമൊക്കെ എഴുതി സാധാരണ ജനങ്ങളെ വഴികേടിലാക്കുകയും ദീനിന്റെ ശത്രുക്കൾക്ക് അല്ലാഹുവിനെ പറ്റിയും അവന്റെ റസൂലിനെ പറ്റിയും തെറ്റിദ്ധാരണയും വിവരക്കേടും വിളമ്പുന്ന ഏണിയും കോണിയും ഒരുക്കി കൊടുക്കുന്ന ഒരു ദുരവസ്ഥയും നിലവിൽ വന്നിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഉള്ള സത്യം സത്യമായി വെളിപ്പെടുത്തുകയെന്നത് ഒരു മുസ്ലിമിന്റെ കടമ എന്ന നിലയിൽ മുഹന്നദ് പരിഭാഷപ്പെടുത്താൻ തീരുമാനിച്ചത്.

കൂടാതെ മേൽപറയപ്പെട്ട ദേവ്ബന്ദ് ഉലമാക്കൾ നബി(സ) തങ്ങളിലേക്കെത്തുന്ന നമ്മുടെ സനദിന്റെ (പരമ്പര) കണ്ണികളാണ്. അപ്പോൾ അവരെല്ലാം നമ്മുടെ  ശൈഖൻമാരാണ്.

 ഉസ്താദുമാർ, ശൈഖുമാർ, എന്നിവരെ സംബന്ധിച്ച് ഇമാം നവവി (റഹ്) പറയുന്നത് ഇങ്ങനെയാണ്. "ഒരു വ്യക്തിയുടെ ശൈഖൻമാർ അദ്ദേഹത്തിന്റെ ദീനിലെ പിതാക്കന്മാരാണ്.അവന്റെയും അവന്റെ രക്ഷിതാവായ അല്ലാഹുവിന്റെയും ഇടയിലുള്ള മാധ്യമങ്ങളുമാണ്."

ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ മേൽ ശൈഖന്മാരെ പറ്റി പറയപ്പെടുന്ന അപവാദങ്ങളും അനാവശ്യങ്ങളും കേട്ടില്ലാ കണ്ടില്ല എന്ന് വിചാരിക്കാൻ ദീൻ അനുവദിക്കുന്നില്ല.

അല്ലാഹു (സു) സത്യം മനസ്സിലാക്കി സത്യത്തിലുറച്ച് നിൽക്കുവാനുള്ള ഭാഗ്യം നൽകി നമ്മെയും മറ്റെല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

ആമീൻ!
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!