🌹ശൈഖുൽ ഹദീസ് മൗലാനാ സഈദ് അഹ്‌മദ് പാലൻ പൂരി (റഹ്) യെ അനുസ്മരിക്കുന്നു.🌹

🔆 ശൈഖുൽ ഹദീസ് മൗലാനാ സഈദ് അഹ്‌മദ്‌ പാലൻപൂരി : പാണ്ഡിത്യത്വത്തിൻറെ ഉജ്ജ്വല മുഖം🔆
 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_13.html

ചരിത്രത്തിന്റെ ഒരിടവേളയിൽ നിറം മങ്ങിപ്പോയിരുന്ന ഹദീസ് വിജ്ഞാന ശാഖക്ക് തങ്ങളുടെ ഉജ്ജ്വല ഭാഷണങ്ങൾ കൊണ്ടും ശക്തമായ രചനകൾ കൊണ്ടും  നവോന്മേഷം പകർന്ന്  പുതുജീവൻ നൽകിയ ജ്ഞാനജ്യോതിസ്സുകളാണ് ഉലമായേ ദയൂബന്ദ്. അണമുറിയാതെ അഭംഗുരം തുടർന്നുകൊണ്ടിരിക്കുന്ന ആ സേവന പരിശ്രമങ്ങൾക്ക്  നെടുനായകത്വം വഹിച്ചുകൊണ്ടിരിക്കുന്ന ദാറുൽ ഉലൂം ദയൂബന്ദിലെ നിലവിലെ ശൈഖുൽ ഹദീസ് സ്ഥാനം അലങ്കരിച്ചിരുന്നവരും , ദാറുൽ ഉലൂമിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ  ഗ്രന്ഥങ്ങളടക്കം അറബിയിലും ഉറുദുവിലുമായി അനവധി രചനകൾക്ക്  ജന്മം നൽകിയ മഹാനുമാണ്, റമളാൻ 26 ൽ നമ്മോട് വിട പറഞ്ഞ പാണ്ഡിത്യത്തിന്റെ നിറകുടം  ശൈഖുൽ ഹദീസ് മൗലാനാ സഈദ് അഹ്‌മദ് പാലൻപൂരി.
(رحمه اللّه تعالى رحمة واسعة)
മൗലാനായുടെ ദാറുൽ ഉലൂമിലെ അവസാന വർഷം ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ശിഷ്യൻ മൗലാനായെ അനുസ്മരിക്കുന്നു.

ഒരുപാട് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ദാറുൽ ഉലൂം ദേവ്ബന്ദിലേക്ക് യാത്ര തിരിക്കുന്നത് അല്ലാഹുവിന്റെ  മഹത്തായ അനുഗ്രഹത്താൽ അവിടുത്തെ  മഹാന്മാരായ ഉസ്താദുമാരുടെടെ ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു.പരീക്ഷയ്ക്ക് ശേഷം ദാറുൽ ഉലൂമിലെ ആദ്യ ക്ലാസ് വെള്ളിയാഴ്ച  മഗ്‌രിബ്  നമസ്കാരാനന്തരം മുഹ്തമിം സാഹിബ്‌ മൗലാനാ അബുൽ ഖാസിം നുഅ്മാനി (ദ:ബ) തുടക്കം കുറിച്ചു.ശനിയാഴ്ച രാവിലെ ഒന്നാമത്തെ പിരീഡ് ബഹ്‌റുൽ ഉലൂം മൗലാനാ നിഅ്മത്തുള്ള അൽ അഅ്ളമി (ദ:ബ) അവർകളുടെ തിർമിദി ഒന്നാം ഭാഗവും രണ്ടാം പീരിഡ് ഖാഇദെ മില്ലത് മൗലാന സയ്യിദ് അർഷദ് മദനി(ദ:ബ) അവർകളുടെ തിർമിദി രണ്ടാം ഭാഗവും മൂന്നാം പീരിഡ് ഇബ്ൻ ഹജർ സാനി എന്നറിയപ്പെടുന്ന മൗലാനാ ഹബീബ് റഹ്മാൻ അൽ അഅ്ളമി (ദ:ബ) അവർകളുടെ  മുസ്ലിം ഷെരീഫുമാണ്.
ഏകദേശം രാവിലെ 9.30 ഈ മൂന്ന് പാഠങ്ങൾ അവസാനിക്കുകയും അര മണിക്കൂർ വിശ്രമത്തിനായി ലഭിക്കുകയും ചെയ്യും.

വേനൽ കാലത്ത് 10:00 am to 12:30 pm വരെയാണ് മുഫ്തി സാഹിബ് എന്ന് വിദ്യാർത്ഥികൾക്കിടയിൽ പ്രസിദ്ധനായ മൗലാനാ സഈദ് അഹ്‌മദ് പാലൻ പൂരി (റഹ്) യുടെ പാഠം.
എന്നാൽ ദാറുൽ ഉലൂമിൽ ബിരിയാണി ഉള്ള ദിവസം മുഫ്തി സാഹിബ് 15 മിനിറ്റ് നേരത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചതിന് ശേഷം അവിടുന്ന് ഇപ്രകാരം പറയും : "എല്ലാവരും പോയി ബിരിയാണി കഴിക്കുക. ഇപ്പോൾ ബിരിയാണിയുടെ ചൂട് ആറിതുടങ്ങിക്കാണും."

എല്ലാ പാഠങ്ങളും വളരെ മികവുറ്റതും മികച്ചതുമായിരുന്നു. എന്നാലും മറ്റ് പാഠങ്ങളിൽ നിന്ന് വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു മുഫ്തി സാഹിബിന്റെ പാഠം.  മുഫ്തി സാഹിബിന്റെ പാഠത്തിന്റെ  പ്രത്യേകതകളായി ഞാൻ മനസ്സിലായ ചില കാര്യങ്ങൾ:

1.എല്ലാ മസ്അലകളിലും അതിന്റെ ഹിക്മത് വ്യക്തമാക്കുക.

2.ആധുനിക മസ്അലകൾ ചർച്ച ചെയ്യുകയും തന്റെയും സമകാലിക പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ( തന്റെ അഭിപ്രായം പറഞ്ഞതിന് ശേഷം മൗലാനാ ഇപ്രകാരം പറയും ഇത് എന്റെ സ്വന്തം അഭിപ്രായം മാത്രമാണ് ഇഷ്ടപെട്ടാൽ എടുക്കാം ഇല്ലെങ്കിൽ തള്ളികളയാം.)

3.മറ്റു ഉസ്താദുമാരേക്കാൾ ഒരുപടി മുന്നിലായി ഇജ്തിഹാദിയാണ് പാഠങ്ങൾ അവതരിപ്പിച്ചിരുന്നത്.

4.ഒരു വിഷയത്തിൽ വന്നിരിക്കുന്ന വ്യത്യസ്ത ഹദീസുകൾ കൂട്ടിയോചിക്കുന്നതിൽ നിപുണൻ ആയിരുന്നു ശെെഖവർകൾ.

5.വൈരുദ്ധ്യം എന്ന് തോന്നിപ്പിക്കുന്ന ഹദീസുകൾ ഹദീസ് നിദാന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുക.

7.മുൻഗാമികളായ പണ്ഡിതൻമാർ നീണ്ട ചർച്ചകൾ നടത്തിയ വിഷയങ്ങൾ വളരെ വ്യക്തവും സ്പഷ്ടവുമായ നിലയിൽ ചുരുങ്ങിയ വാക്കുകളിലൂടെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുക.
ഉദാഹരണം :قرآءة خلف الإمام 

8.വിദ്യാർത്ഥികളെ നന്നായി പരിഗണിക്കുകയും, അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും, അവരിലൊരാളി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
 
9.ഹനഫി മദ്ഹബിനു കൂടുതൽ മുൻ‌തൂക്കം കൊടുക്കുകയും, ബാക്കിയുള്ള ഇമാമുമാർ എന്ത് കൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു എന്ന് വ്യക്തമാക്കിയിരുന്നു.

10.തന്റെ ശിഷ്യന്മാരുടെ തർബിയ്യത്തിനായി മുൻകഴിഞ്ഞ മഹത്തുക്കളുടെ സംഭവങ്ങൾ, വിശിഷ്യാ മൗലാന ഫഖ്റുദ്ദീൻ മുറാദാബാദി (റഹ്) മൗലാനാ ഇബ്രാഹിം ബൽയാവി (റഹ്) മൗലാനാ മിസ്‌രി സാഹിബ്‌ ( റഹ്) തുടങ്ങിയ മഹത്തുക്കളുടെ സംഭവങ്ങൾ വിവരിച്ചിരുന്നു.


 മൗലാനാ അവറുകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം അൽ ജാമിഅത്തുൽ കൗസരിയയിലെ എന്റെ പ്രിയ ഗുരുവര്യന്മാരായ ശൈഖുൽ ഹദീസ് മൗലാന ഇല്യാസ് (دامت بركاتهم) ,മൗലാനാ മുഫ്തി റജീബ് ഖാസിമി (دامت بركاتهم) എന്നിവരിൽ നിന്ന്‌ ലഭിച്ചിരുന്നു. അതിനാൽ മുഫ്തി സാഹിബിനെ നേരിട്ട് കാണാനും മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാനും വലിയ ആഗ്രഹമായിരുന്നു.

അകാബിരീങ്ങളുടെ ഉത്തമ മാതൃക, ഏകാഗ്രത, ഗ്രാഹ്യശക്തി ,ഉസൂൽ ഫുറൂഅകളിലെ വ്യക്‌തമായ കാഴ്ചപ്പാട്, ഖിയാസിലെ നൈപുണ്യം,മദ്ഹബുകൾ ചർച്ചകൾ ചെയ്യുന്നതിൽ അഗ്രഗണ്യൻ ,നിലപാടുകൾ തുറന്ന് പറയുന്നതിൽ ആരെയും ഭയക്കാത്തവർ തുടങ്ങി ഒരു മുഫ്തിക്ക് ഉണ്ടാകേണ്ട എല്ലാ ഗുണവും സമ്മേളിച്ചവർ, അനവധി ഗ്രന്ഥങ്ങളുടെ രചയിതാവ്,എല്ലാ വിഷയങ്ങളിലും അഗ്രഗണ്യൻ, തന്റെ ഉസ്താദുമാരുടെ യഥാർഥ പിൻഗാമി.

അതെ മൗലാനാ ഖാരി ത്വയ്യിബ് സാബിബിന്റെ അറിവും പ്രഭയും മൗലാനാ ഇബ്രാഹിം ബാല്യവിയുടെ തഖ്‌വയും  
മൗലാനാ ഫഖ്റുദ്ധീൻ മുറാദാബാദിയുടെ ഹദീസ് വിജ്ഞാനത്തിന്റെ നേർ അനന്തരവകാശിയും മൗലാനാ അബ്ദുൽ വഹ്ഹാബ് മിസ്രിയുടെത് പോലുള്ള  ചിന്തകളും,മൗലാന നസീർ ഖാൻ ബുലന്ദ്ഷഹ്‌രിയുടെ സഹായി ഇങ്ങനെ തുടങ്ങി ഒരുപാട് ഗുണങ്ങളും പ്രത്യേകതകളും നിറഞ്ഞ ജീവിതമായിരുന്നു മുഫ്തി സാഹിബിന്റേത്.

ആദ്യ ദറസിൽ ഏകദേശം 10.05 നു നീളൻ കുപ്പായവും തലപ്പാവും ധരിച്ച് മുഫ്തി സാഹിബ്‌ റിക്ഷയിൽ വന്നിറങ്ങി. അൽപം സമയം മൈക്ക് ഓപ്പറേറ്ററുമായി സംസാരിച്ചു. പിന്നീട് ഇരിപ്പിടത്തിന് മുമ്പാകെ വന്ന് നിന്ന് ചുറ്റുപാടും വീക്ഷിച്ചതിന് ശേഷം സലാം പറഞ്ഞു പാഠം ആരംഭിച്ചു. മൗലാനായുടെ ഗാംഭീര്യത്തോടു കൂടിയുള്ള ആ വരവ് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
 
مُصَنِّف اور مُصَنَّف
എന്നാണ് ആദ്യമായി മൗലാനാ ഞങ്ങളോട് പറഞ്ഞത്. ശേഷം ഇമാം ബുഖാരി (റഹ്) യെ കുറിച് ഒരു മണിക്കൂറോളം സംസാരിക്കുകയും ആദ്യ ദിവസമായതിനാൽ പെട്ടെന്ന് തന്നെ പാഠം അവസാനിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസങ്ങളിലായി സഹീഹുൽ ബുഖാരിയെ കുറിച്ചും വിശദമായി വിവരിച്ചു. പിന്നീട് എല്ലാവരെയും കൊണ്ട് അസ്മാഉൽ ഹുസ്ന മനനം ചെയ്യിപ്പിച്ചു.

മൗലാനയുടെ ചില പ്രയോഗങ്ങൾ

1.حديث و سنت  میں فرق
ഹദീസ്, സുന്നത് തമ്മിലെ വ്യത്യാസം. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ വിവിധ തെളിവുകളും വിവരിച്ചിരുന്നു.

2.الترخيص عند التشريع 
മദ്ഹബ് ചർച്ച ചെയ്യുമ്പോൾ ഈ പ്രയോഗം കൂടുതൽ ഉപയോഗിച്ചിരുന്നു 

3.واقعات كا اختلاف 
പല സംഭവങ്ങളെ കൂട്ടിയിണക്കാൻ ഉപയോഗിച്ചിരുന്നു 

4.استدلال خفي
തർജുമത്തുൽ ബാബും ഹദീസും തമ്മിൽ യോജിപ്പ് പ്രകടമല്ലങ്കിൽ ഇപ്രകാരം പറഞ്ഞിരുന്നു.


ഏകദേശം12 വർഷങ്ങൾക്ക് മുമ്പ് മൗലാനാ ഷെരീഫുൽ ഹസൻ ദേവ്ബന്ദി (رحمه الله) (വഫാത്ത്:1977)ക്ക് ശേഷം ശൈഖുൽ ഹദീസും ദാറുൽ ഉലൂമിലെ വൈസ് പ്രിൻസിപ്പാളും സദറുൽ മുദർരിസുമായിരുന്ന മൗലാനാ മിഅ്റാജുൽ ഹഖ് ദേവ്ബന്ദിക്ക് (رحمه الله) (വഫാത്ത്:1991) ക്ക് ശേഷം സദറുൽ മുദർരിസ് ആയിരുന്ന മൗലാന നസീർ ഖാൻ ബുലന്ദ്ശഹ്‌രി (رحمه الله) (വഫാത്ത്:2010)
തുടർച്ചയായി 32വർഷം ബുഖാരി ഷെരീഫ് ദർസ് നടത്തുകയും പ്രായാധിക്യം കാരണം ദർസ് നടത്താൻ ബുദ്ധിമുട്ട് രേഖപ്പെടുത്തുകയും ചെയ്തപ്പോൾ
ദാറുൽ ഉലൂമിൽ 30വർഷം പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ച മൗലാനാ മർഗൂബുർറഹ്മാൻ ബിജ്‌നൂരി(رحمه الله) 
( വഫാത്ത് :2010) മുഫ്തി സാഹിബിനെ രണ്ടു ചുമതലകളും  ഏൽപ്പിച്ചു. 
അന്ന് മുതൽ മുഫ്തി സാഹിബ്‌ 
മൗലാനാ സഈദ് അഹ്മദ് പാലൻപൂരി ശൈഖുൽ ഹദീസ് സദറുൽ മുദരിസീൻ എന്നറിയപ്പെട്ടു 
25വർഷത്തിലധികം തിർമിദി ഷെരീഫ് ദർസ് നടത്തി എന്ന് മാത്രമല്ല ദാറുൽ ഉലൂമിൽ സിഹാഹിന്റെ എല്ലാ കിതാബുകളും  2 മുവത്വയും തഹാവിയും ദർസ് നടത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾ പ്രധാനമായും രണ്ട് കാര്യങ്ങലാണ് ഉസ്താദുമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

1.പാഠങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിക്കുക.
(മുഫ്തി സാഹിബിന്റെ  പാഠത്തിൽ പങ്കെടുത്ത എല്ലാവരും ഇതിൽ സംതൃപ്തരാണ്.)

2.ചിട്ടയോട് കൂടിയ അവതരണം.
(ഷാഇറേ ഇസ്ലാം മൗലാന റിയാസാത്തലി ബിജ്‌നൂരി رحمه الله  (വഫാത്ത് :2017) പറഞ്ഞതായി ദാറുൽ ഉലൂമിലെ പ്രധാന ഉസ്താദ് ബറകത്തുൽ അസർ മൗലാനാ സൽമാൻ ബിജ്‌നൂരി حفظه الله  പറഞ്ഞിട്ടുണ്ട് :മുഫ്തി സാഹിബിന് ഒരു വിഷയം സംസാരിക്കാൻ കൊടുക്കുന്നത് 10 മിനിറ്റ് മുൻപ് ആണെങ്കിലും വളരെ നേരത്തെതന്നെ തയ്യാറായി  അവതരിപ്പിക്കുന്നത് പോലെ തോന്നിയിരുന്നു.)

മുഫ്തി സാഹിബിന്റെ ക്ലാസ്സിൽ ഈ രണ്ടും ഗുണങ്ങളും മികച്ചു നിന്നിരുന്നു. സാധാരണ ബുഖാരിയുടെ പാഠം തുടക്കത്തിൽ വലിയ വിശദീകരണങ്ങൾ ഉണ്ടാകുമെങ്കിലും അവസാനം ഹദീസുകൾ വായിച്ചുതീർക്കലാണ് പതിവ്. എന്നാൽ മൗലാന തുടക്കം മുതൽ അവസാനം വരെ ഒരുപോലെ തന്നെയാണ് ചർച്ചകൾ ചെയ്യുന്നത്.ഹദീസും ബാബും തമ്മിലെ ബന്ധവും അതിലെ അവ്യക്തകൾ നീക്കുന്നതിൽ നിപുണനായിരുന്നത് മാത്രമല്ല ഓരോ വാക്കും സാവധാനം പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പാഠം വ്യക്തമായി തന്നെ രേഖപ്പെടുത്താൻ സാധിച്ചിരുന്നു.

 മുഫ്തി സാഹിബിൽ നിന്ന് തിർമിദി ഷെരീഫ് പഠിച്ച അഫ്ഫാൻ മൻസൂർപൂരി (دامت بركاتهم) മൗലാനായുടെ ഞാൻ കുറിച്ച് വെച്ചിരുന്നു പാഠങ്ങൾ ,പിന്നീട് അത് പഠിക്കുമ്പോൾ ഒരുപാട് പ്രയോജനം ലഭിച്ചിരുന്നുവെന്ന് പറഞ്ഞത് വളരെ പ്രസക്തമാണ്.


 طوبى لمن طال عمره وحسن عمله (ترمذي  )
 റസൂൽ ﷺ അരുളി: ദീർഘായുസ്സ് ലഭിക്കുകയും സൽപ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്നവന് മംഗളാശംസകൾ.

 നീണ്ട 80 വർഷം ജീവിക്കാൻ തൗഫീഖ് ലഭിക്കുകയും,ആ കാലഘട്ടം മുഴുവനും പുണ്യ ഹദീസിന്റെയും മറ്റ് ദീനീ സേവനങ്ങൾക്കും വേണ്ടി സമർപ്പിക്കാൻ ഭാഗ്യം ലഭിച്ച മഹാനാണ് മൗലാനാ മുഫ്തി സഈദ് അഹ്‌മദ് പാലൻ പൂരി رحمه الله.

 മുഫ്തി സാഹിബ്‌ ദീനീ മേഖലയ്ക്ക് നൽകിയ സംഭാവനകൾ വളരെ ഏറെയാണ്. ചിട്ടയായ ജീവിതം തന്നെയാണ് മൗലാനയെ ഈ നിലയിൽ എത്തിച്ചത്. 

 മൗലാനയുടെ ചില പ്രത്യേക ഗുണങ്ങൾ.

1. ഇൽമ് കരസ്ഥമാക്കുന്നതിനുള്ള നിരന്തര പരിശ്രമം.

പഠനകാലം മുതൽ തുടങ്ങി ജീവിതാവസാനം വരെ അറിവിനായി പരിശ്രമിച്ചു.പ്രതിദിനം 500 പേജുകൾ വായിച്ചു തീർക്കുന്നതിന് നടക്കുമ്പോളും ഇരിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോൾ പോലും സജീവമാക്കിയിരുന്നു.മൗലാനാ തമാശ എന്നോണം ഇപ്രകാരം പറഞ്ഞിരുന്നു:
വായനക്കിടയിൽ എനിക്ക് മനസ്സിലാകാത്ത ഭാഗങ്ങൾ വായിക്കുമ്പോൾ അവ എനിക്ക് വേണ്ടി എഴുതിയതല്ല എന്ന് ഞാൻ വിചാരിക്കും.എന്നാൽ പിന്നീട് അത്  മനസ്സിലാക്കിയിരുന്നു.
അതിന് വ്യക്തമായ ഒരു ഉദാഹരണം മൗലാനാ തന്നെ പറഞ്ഞിട്ടുണ്ട് :
ഞാൻ മിഷകാത്ത് പഠിക്കുന്ന കാലം നാനൂത്തവി رحمه الله യുടെ توثيق الكلام എന്ന കിതാബ് വായിച്ചു.എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാൽ പിന്നീട് അതിന് ഞാൻ 200 പേജ് വരുന്ന کیا مقتدی پر فاتحہ واجب ہے؟ എന്ന  ഒരു ശർഹ് തന്നെ എഴുതി. 

ഒരിക്കൽ മുഫ്തി സാഹിബിന്റെ ഉസ്താദായ ഇബ്രാഹിം ബൽയാവി رحمه الله പറഞ്ഞു:ഹദീസുകൾ ഉദ്ധരിക്കുമ്പോൾ അതിന്റെ യഥാർഥ കിതാബിൽ നേരിട്ട് കണ്ടിട്ടല്ലാതെ ഉദ്ധരിക്കരുത്.
ഉടനെ തന്നെ മുഫ്തി സാഹിബ്‌ ചോദിച്ചു: ഇബ്നു ഹജറിന്റെ ഫത്ഹുൽ ബാരിയിൽ നിന്നാണെങ്കിലോ ?
ഉടനെ ഉസ്താദ് പറഞ്ഞു:ഇബ്ൻ ഹജർ അല്ല ഇബ്ൻ ജബൽ ആണെങ്കിൽ പോലും നോക്കി മാത്രമേ പറയാവൂ. 
മൗലാന ഈ സംഭവം പറഞ്ഞതിന് ശേഷം ഇപ്രകാരം പറയും :എന്റെ ജീവിതം മാറ്റി മറിച്ച ഒരു ഉപദേശമാണിത്.

 2.വിനയം.

വിദ്യാർത്ഥികൾക്ക് മുമ്പാകെ ഗൗരവമായിരുന്നെങ്കിലും വിനയത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു മഹാനവറുകൾ. ആർക്കും മൗലാനായോട് സലാം പറയാൻ അവസരം കൊടുക്കാതെ എല്ലാവരോടും ആദ്യം സലാം പറയുന്നത് മഹാനവറ്കളുടെ പതിവായിരുന്നു.
അവസാനകാലത്ത് ഒരു മകൻ ഹാഫിസ് സഈദ് അള്ളാഹുവിലെക്ക് യാത്രയായി. ആ സമയം തന്റെ നാടായ പാലൻപൂരിലായിരുന്നു.  10 ദിവസത്തിനു ശേഷം ദേവ്ബന്ദിൽ തിരിച്ചെത്തിയ മൗലാനയെ കാണുന്നതിനും അനുശോചനം രേഖപ്പെടുത്തുന്നതിനുമായി ഞങ്ങൾ ശിഷ്യൻമാർ മൗലാനായുടെ വീട്ടിൽ അസ്ർ നമസ്കാരാനന്തരം ഒത്തുകൂടി. ഞങ്ങളെ കണ്ടമാത്രയിൽ തന്നെ സലാം പറയുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. പിന്നീട് വീട്ടിൽ പ്രവേശിക്കുകയും തന്റെ ഖാദിമിനോട് ചായ തയ്യാറാക്കാൻ ആവശ്യപ്പെടുകയുമുണ്ടായി.
ഈ സന്ദർഭത്തിലാണ് ബഹ്‌റുൽ ഉലൂം നിഅ്മതുള്ളാ അൽ അഅ്ളമി (دامت بركاتهم) കടന്ന് വരുന്നത്. ഉടനെ തന്നെ മൗലാനാ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു ബഹ്‌റുൽ ഉലൂമിനെ സ്വീകരിക്കുകയും, തന്റെ ഇരിപ്പിടത്തിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബഹ്‌റുൽ ഉലൂം അത് നിരസിക്കുകയും താഴെ ഇരിക്കുകയും ചെയ്തതിനാൽ ഉടനെ തന്നെ മുഫ്തി സാഹിബ്‌ താഴെ ഇരിക്കാൻ തുനിഞ്ഞു. എന്നാൽ ബഹ്‌റുൽ ഉലൂമിന്റെ നിർബന്ധ പ്രകാരം ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയും ചെയ്തു.

3.സമയത്തിലുള ക്രമീകരണം.

തീർച്ചയായും മൗലാനാ എപ്പോഴും ഓരോ ജോലികളിൽ മുഴുകിയിരുന്നു. ദറസ് , ഗ്രന്ഥരചന, ഗ്രന്ഥ പാരായണം തുടങ്ങി ഓരോ കാര്യങ്ങൾക്കും പ്രത്യേക സമയങ്ങൾ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ധരാളം ശിഷ്യൻമാർ ഉള്ളതിനോടൊപ്പം ധാരാളം രചനകളും മൗലാന ലോകത്തതിന് സംഭാവന നൽകി. അതിൽ ഏറ്റവും ഈടുറ്റതും പ്രസിദ്ധവുമായത് മുഹദ്ദിസ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه الله രചിച്ച حجة الله البالغة യുടെ ശറഹായ رحمة الله الواسعة എന്ന കിതാബാണ്.

മുസ്നദുൽ ഹിന്ദ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه الله യുടെ حجة الله البالغة ദറസ് നടത്താൻ അഗ്രഗണ്യരും നിപുണരുമായ പണ്ഡിതൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അപ്പോൾ അതിന് വിശദീകരണം എഴുതിയ മൗലാനായുടെ കഴിവും പ്രാപ്തിയും നമ്മുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ.

മൗലാനായുടെ മറ്റൊരു പ്രധാന കൃതി هداية القرآن എന്ന വിശുദ്ധ ഖുർആന്റെ വിശദീകരണമാണ്.
ഒരിക്കൽ ഒരു സദസ്സിൽ വെച്ച് മൗലാനാ പറഞ്ഞു:
വിദ്യാർത്ഥികൾ هداية القرآن വായിക്കണം.കാരണം അതിൽ ഖുർആനിന്റെ ഓരോ ഭാഗങ്ങളും വ്യകതമായി ചർച്ച ചെയ്തിട്ടുണ്ട്.ഇന്ന് ആരും അതിന് യാതൊരു വിലയും കൊടുക്കുന്നില്ലങ്കിലും എന്റെ മരണ ശേഷം അതിന് വിലയുണ്ടാകുന്നതാണ്.
ഇനി അവസരമുണ്ടായാൽ മൗലാനാ അഷ്റഫ് അലി ത്വാനവി رحمه اللهയുടെ بيان القرآن നും  വായിക്കുക. ഇന്ന് പണ്ഡിതൻമാർക്ക് ആ ഗ്രന്ഥം അതിന്റെ തനതായ നിലയിൽ മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ ഞാൻ അത് ഉർദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 
ഇവകൾ കൂടാതെ ബുഖാരിയുടെയും തിർമിദിയുടെയും ശർഹുകൾ ഉൾപ്പെടെ ചെറുതും വലുതുമായി ധാരാളം കിതാബുകളും രചിച്ചത് മൗലാനയുടെ സമയത്തിലുള്ള ക്രമീകരണവും സമയത്തിലെ ബറക്കത്തും കാരണമാണ്.
മഹാനവറ്കൾ യാത്രയിൽ പോലും രചനകളിൽ മുഴുകിയിരുന്നു. 

4.പരീക്ഷണ ഘട്ടങ്ങിലുള്ള അചഞ്ചലമായ ക്ഷമ.

മൗലാനയുടെ യുവത്വത്തിൽ മൂത്ത മകൻ മുഫ്തി റഷീദ് അഹ്‌മദ് വാഹനഅപകടത്തിൽപെട്ട് അള്ളാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായി. ആ സമയം ലണ്ടനിൽ ആയിരുന്ന മൗലാനാ ദേവ്ബന്ദിൽ തിരിച്ചെത്തിയപ്പോൾ, തഅ്സിയ്യത്ത് അറിയിക്കാനും സമാധാനിപ്പിക്കാനുമായി  എത്തിയ ദാറുൽ ഉലൂമിലെ ഉസ്താദുമാരെ സഈദ് മൗലാനാ സമാധാനിപ്പിച്ചു എന്ന മൗലാനാ സൽമാൻ ബിജ്‌നൂരി حفظه اللّه യുടെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് മൗലാനായുടെ മറ്റൊരു മകൻ ഹഫീസ് സഈദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. അതിന് ശേഷം നടന്ന ക്ലാസ്സിൽ മൗലാനാ പറഞ്ഞത് ഇപ്രകാരമാണ്:
جو آیا وہ اپنا 
جو گیا وہ سپنا
നിലവിൽ നമ്മളുടെ കയ്യിൽ ഉള്ളത് നമ്മുടെതാണ്. എന്നാൽ അത് നഷ്ടപെട്ടാൽ അത് സ്വപ്നമാണ്.

5.ഏവരെയും  ആകർഷിക്കുന്ന പ്രകൃതം.

ദറസ് , പ്രസംഗം, മറ്റുള്ളവരാേടുള്ള പെരുമാറ്റം, എന്ന് വേണ്ട എല്ലാ മേഖലകളിലും ഏവരെയും ആകർഷിക്കുന്ന ശൈലിയായിരുന്നു മുഫ്തി സാഹിബിന്റേത്.
വിനീതനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ക്ലാസ്സിലെ മൗലാനായുടെ ഹദീസ് വായനയാണ്.
മറ്റു ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ ഹദീസ് പാരായണം ചെയ്യുന്നതിന് വിപരീതമായി മൗലാനായുടെ ദറസിൽ മൗലാനാ സ്വന്തമായാണ് വായിച്ചിരുന്നത്. എന്നാൽ സ്വഹീഹുൽ ബുഖാരിയുടെ കിതാബുൽ ഹജ്ജ് തുടങ്ങുന്നതിനു മുമ്പ് അവിടുന്ന് പറഞ്ഞു: കിതാബുൽ ഹജ്ജ് തുടങ്ങിയാൽ നിങ്ങൾക്ക് വായിക്കാം , എന്നാൽ സാവധാനം നിർത്തേണ്ടടുത്ത് നിർത്തി, ഓരോ വാക്കുകളും വ്യക്‌തമാക്കി, അധികം വേഗത്തിലോ പതുക്കെയോ അല്ലാതെ മിതമായ നിലയിൽ നല്ല ശൈലിയിൽ വായിക്കാൻ താല്പര്യം ഉള്ളവർ ഇന്നും നാളെയുമായി അസറിനു ശേഷം വീട്ടിലേക്ക് വരിക. അങ്ങനെ മൗലാനായുടെ വീട്ടിൽ 20 വിദ്യാർത്ഥികൾ എത്തിച്ചേർന്നു.

അന്ന് അസറിനു ശേഷം സ്ഥിരമായി നടന്നിരുന്ന സദസ്സ് ഇല്ലായിരുന്നു. എല്ലാവരെയും കൊണ്ട് വായിപ്പിച്ചതിന് ശേഷം ഏകദേശം 10 പേരെ അവിടുന്ന് സെലക്ട്‌ ചെയ്തു. ബാക്കി നാളെ ക്ലാസ്സിൽ പറയാം എന്ന് പറഞ്ഞു: അടുത്ത ദിവസം ക്ലാസ്സിൽ വന്നത് തെരഞ്ഞെടുത്ത 10 വിദ്യാർത്ഥികളുടെ പേരുകൾ കുറിച്ചെടുത്ത
 കുറിപ്പുമായാണ്. മൗലാനാ പറഞ്ഞു: ഞാൻ നിങ്ങളുടെ പേരുകൾ കുറിച്ച് വെച്ചിട്ടുണ്ട്. സാധാരണ 
ത്തലെ  വായിക്കുന്നത് പോലെ എന്റെ ക്ലാസിൽ
 ഓരോരുത്തരായി വായിക്കാൻ കഴിയില്ല. നിങ്ങൾ
 എല്ലാവരും ദിവസവും തയ്യാറായി വരുക, ഞാൻ പറയുന്നവർ എന്റെ മുന്നിൽ വന്ന് നിബന്ധനകൾ പാലിച്ചു  വായിക്കണമെന്നും ഉണർത്തി. മൗലാനാ അൻവർ ഷാ കാശ്മീരി رحمة الله عليه ( വഫാത്ത് : 1934)  ഇപ്രകാരമാണ് ചെയ്തിരുന്നത് എന്ന് പറയുകയും ചെയ്തു.

മൗലാന ആദ്യമായി ഹദീസ് വായിക്കാൻ വിളിച്ചത് ദാറുൽ ഉലൂമിൽ ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വിനീതന്റെ ഉറ്റ സുഹൃത്തുക്കളിൽപ്പെട്ട മൗലവി ശാദാബ് അഅ്ളമിയെ ആയിരുന്നു. ആദ്യ ദിവസമായത് കൊണ്ട് മൗലാന ചില നിർദേശങ്ങൾ നൽകി. അദ്ദേഹത്തിന് അവസാനം വരെ വായിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, ഇദ്ദേഹത്തെ പോലെ വായിക്കണം എന്ന് വിദ്യാർത്ഥികളോട് മൗലാനാ നിർദേശിക്കുകയും ചെയ്തു. ഏവരും ആഗ്രഹിക്കുന്ന, എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രം അവസരം ലഭിച്ചിരുന്ന ഹദീസ് വായനക്ക് വിനീതന്റെ സുഹൃത്തായ മൗലവി ആഷിഖ് ഹുസ്നി (കുന്നിക്കോട്) ക്കും ഭാഗ്യം ലഭിച്ചു എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. പലരും വായിക്കാൻ തയാറായി എങ്കിലും അവസാനം വരെ എത്തിയത് 3 പേർ മാത്രമാണ്. കുറച്ചു ദിവസങ്ങൾ ശദാബ് തന്നെയാണ് വായിച്ചിരുന്നത് കിതാബുൽ ബൈഅ് എത്തിയപ്പോൾ മസ്അലകൾ വിശദീകരിക്കേണ്ടതിനാൽ മൗലാനാ തന്നെ വീണ്ടും വായിക്കാൻ തുടങ്ങി.

കിബാബുൽ ബൈഅ്  തുടങ്ങിയപ്പോഴാണ് മൗലാനാ വർഷങ്ങളായി സേവനം അനുഷ്‌ടിക്കുന്ന ദാറുൽ ഉലൂമിൽ നിന്നും, മുമ്പ് സേവനം ചെയ്തിരുന്നു റാൻഡേറിലെ മദ്റസയിൽ നിന്നും ലഭിച്ച മുഴുവൻ ശമ്പളവും തിരിച്ചു കൊടുത്തതായി പറഞ്ഞത്. ശേഷം തന്റെ ശിഷ്യരോട് ഉപദേശിച്ചു നിങ്ങൾ സ്വന്തമായി ബിസ്സിനെസ്സ് ചെയ്യുക , ആപ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യമായി ഖിദ്മത് ചെയ്യാൻ സാധിക്കും.

6.ഉജ്ജ്വല പ്രഭാഷകൻ.

സാധാരണ ദാറുൽ ഉലൂമിലെ ഉസ്താദുമാരെ നിരന്തരം സന്ദർശിച്ചിരുന്നെങ്കിലും മുഫ്തി സാഹിബിന്റെ അടുത്ത് പോയിരുന്നില്ല.
വിനീതന്റെ ഉസ്താദുമാരായ മുഷ്‌താഖ്‌ അൽ കൗസരിയും  യുസുഫ് അൽ കൗസരിയും (അല്ലാഹു ഇരുവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ )മുഫ്തി സാഹിബുമായി ഇരുവരുടെയും അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ മൗലാനയുടെ സദസ്സിൽ പങ്കെടുക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു. കിതാബുൽ ജനാഇസ് ഓതുമ്പോൾ ഒരു ഹദീസിന്റെ വിശദീകരണവുമായി ബന്ധപ്പെട്ടാണ് മൗലാനയുടെ അടുത്ത് ആദ്യമായി പോയത്. അപ്പോൾ തന്നെ മൗലാന ഇബ്രാഹിം ബാല്യവിയെ കുറിച്ചും ചോദിച്ചു ആ സദസ്സിന്റെ മഹത്വവും പ്രത്യേകതയും മനസ്സിലായപ്പോൾ ഇടക്കിടക്ക് സന്ദർശനം പതിവാക്കി.
ഉജ്ജ്വല പ്രഭാഷകനായ മൗലാനായുടെ ഓരോ വാക്കുകളും 5വയസ്സുള്ള കുഞ്ഞിനും വായോവൃദ്ധനും മനസ്സിലാകുമായിരുന്നു .അമിത ആവേശമോ ഒരുപാട് നീട്ടി കുറുക്കിയുള്ള സംസാരമോ ആയിരുന്നില്ല. എന്നാൽ കാര്യങ്ങൾ പറയുന്നത് സുന്ദരവും സരളവുമായി സാവധാനം നിറുത്തി നിറുത്തിയാണ്. ക്ലാസ്സ്‌ സമയങ്ങളിൽ യാത്ര പതിവില്ലെങ്കിലും വെക്കേഷൻ സമയം മുഴുവൻ യാത്രയിൽ തന്നെയായിരുന്നു. ഇംഗ്ലണ്ട് , അമേരിക്ക ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളിലേക്കും മറ്റ് എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്തിരുന്നു.
വിശിഷ്യാ റംസാൻ മാസം കഴിച്ചു കൂട്ടിയിരുന്നത് വിദേശത്തായിരുന്നു.
ദാറുൽ ഉലൂമിൽ എല്ലാ വർഷവും ഉണ്ടാകാറുള്ള സമ്മാനദാന ചടങ്ങിൽ മൗലാനായുടെ പ്രഭാഷണം ഒഴിച്ചുകൂടാൻ പറ്റാത്തത് തന്നെയാണ്. പതിവ് പോലെ ഈ വർഷവും അത് നടന്നു. ഖത്‌മു നുബുവ്വത്തിന്റെ പ്രോഗ്രാമുകളിലും മുഫ്തി സാഹിബ്‌ നിറസാന്നിധ്യമായിരുന്നു. മൗലാനയുടെ പരിശ്രമം മൗലാനാ അൻവർ ഷാ കാശ്മീരി رحمه الله യെ ഓർമ്മിക്കുന്നതായിരുന്നു. ഖത്‌മു നുബുവ്വതിന്റെ വിഷയത്തിൽ مسئلہ ختم نبوت اور قادیانی وسوسے എന്ന ഗ്രന്ഥം മൗലാനാ രചിച്ചിട്ടുണ്ട്.

മൗലാനായുടെ പ്രഭാഷണങ്ങൾ പലതും സമാഹരിക്കപ്പെട്ടിക്കുണ്ട്.
1.علمی خطبات
2.عصری تعلیم دین کے ضرورت

ഇനിയും കിതാബുകൾ നമുക്ക് പ്രതീക്ഷിക്കാം.
പലപ്പോഴും മറ്റുള്ളവരിൽ നിന്ന് വേറിട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെങ്കിലും അത് തന്റെ അഭിപ്രായമാണെന്ന് പറയുകയും ചെയ്തിരുന്നു.
നിങ്ങൾ എന്റെ അഭിപ്രായത്തിൽ കടിച്ചു തൂങ്ങരുത്, ദാറുൽ ഇഫ്ത പറയുന്നതാണ് നിങ്ങൾ മുറുകെ പിടിക്കേണ്ടത് എന്നത് ഇടക്കിടെ ഉണർത്തുമായിരുന്നു.

ഒരിക്കൽ മുഫ്തി സാഹിബ്‌ പറഞ്ഞു:
ഞാൻ ആദ്യം ഫിഖ്ഹ് പഠിച്ചു, പിന്നീട് ഹദീസ് പഠിച്ചു, അപ്പോൾ തഫ്സീർ പഠിക്കൽ എനിക്ക് വളരെ എളുപ്പമായിരുന്നു. നിങ്ങളും അപ്രകാരം തന്നെ ചെയ്യുക. 

ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയതിനെ സംബന്ധിച്ച് പറഞ്ഞു :എന്റെ ഉസ്താദ് മൗലാനാ ഫഖ്റുദ്ധീൻ മുറാദാബാദി رحمه الله ബുഖാരിയിലെ കിതാബ് തഫ്സീർ വളരെ വിശദീകരണത്തോടെയാണ് ഓതിയിരുന്നത്. അപ്പോൾ ഖുർആൻ നന്നായി മനസ്സിലാക്കാൻ അത് മനഃപാഠമാക്കണമെന്ന് തീരുമാനമെടുത്തു, അങ്ങനെ ഇഫ്താഇന്റെ വർഷം പഠനം ആരംഭിച്ചു.

 സ്വന്തം അഭിപ്രായത്തിൽ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താൻ മൗലാനാ യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല. ഇത് തന്നെ മൗലാനായുടെ എത്രയോ ഉയർന്ന ഗുണമാണ്. അവസാന വർഷം  സ്വന്തം ചില അഭിപ്രായങ്ങളിൽ നിന്നും മൗലാനാ റുജൂഅ് ചെയ്തിട്ടുണ്ട്.

മറ്റുള്ളവരിൽ എന്തെങ്കിലും തെറ്റുകൾ കണ്ടാൽ അതിനെ തിരുത്തുന്നതിൽ മൗലാനാ യാതൊരു മടിയും കാണിച്ചിരുന്നില്ല. അവരെ ആ തെറ്റിൽ നിന്ന് തിരുത്താൻ ഉതകുന്ന രീതിയിൽ ഉപദേശിക്കാൻ മൗലാനാ നിപുണനായിരുന്നു.

ദാറുൽ ഉലൂമിൽ സാധാരണ പോലെ തന്നെ ക്ലാസുകൾ നടന്നുകൊണ്ടിരുന്നു. ആ ഇടയ്ക്കാണ് NRC ഉൾപ്പെടെയുള്ള വർഗീയകടന്നാക്രമണവുമായി ഇന്ത്യൻ മുസ്ലിമീങ്ങൾക്ക് നേരെ ഭരണകൂടം വീണ്ടും തിരിഞ്ഞത്. വളരെ വ്യക്തമായി വിദ്യാർത്ഥികൾക്ക് മുൻപാകെ ഈ വിഷയം മൗലാനാ ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്രസമരത്തെ കുറിച്ചും ദാറുൽ ഉലൂം സ്ഥാപിതമായതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും വ്യക്തമായി വിവരിച്ചിരുന്നു.  നിലവിലെ വർഗീയ ഭരണകൂടവും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലെ സാമ്യതകളും , ഇന്ത്യൻ ജനതയുടെ വർത്തമാനകാലത്തെ സാഹചര്യങ്ങളും സ്വാതന്ത്രതിനു മുമ്പ് ഉണ്ടായിരുന്ന അവസ്ഥകളെ കുറിച്ചും വിദ്യാർത്ഥികൾ എങ്ങനെ ഈ വിഷയത്തിൽ തയ്യാറെടുക്കണമെന്നും പല ഘട്ടങ്ങളിലായി മൗലാനാ സൂചിപ്പിച്ചിട്ടുണ്ട്.

ഞങ്ങൾപോലും അറിയാതെ ദിവസങ്ങൾ കടന്ന് പോയി. ദാറുൽ ഉലൂമിലെ ഞങ്ങളുടെ ജീവിതം വർഷാവസാനത്തിലേക്ക് അടുത്തു.
ഏകദേശം എല്ലാ കിതാബുകളും അവസാനിച്ചു. പതിവ് പോലെത്തന്നെ ഈ കൊല്ലവും ഖാഇദേ മില്ലത്ത് മൗലാന സയ്യിദ് അർഷദ് മദനി دامت بركاتهم അവറ്കളുടെ തിർമിദി 2-ാം ഭാഗവും  മുഫ്തി സാഹിബിന്റെ ബുഖാരി 1-ാം ഭാഗവുമാണ്  തീരാനുണ്ടായിരുന്നത്. തിർമിദി കൂടി അവസാനിച്ചപ്പോൾ ,  ധീരതയുടെ പര്യായമായി വിദ്യാർത്ഥികൾ മനസ്സിലാക്കിയ , ഭരണകൂടതിനെതിരെ അതിശക്തമായി നിലകൊണ്ട (മൗലാനാ സയ്യിദ് അർഷദ് മദനി دامت بركاتهم) ആത്മീയ പിതാവിന്റെ മുന്നിൽ ഇനി ഇരിക്കാൻ കഴിയില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. എന്നാൽ മുഫ്തി സാഹിബിന്റെ ബുഖാരി കൂടി ബാക്കിയുണ്ടല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് അൽപ്പം ആശ്വാസം ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ രാവിലെ മാത്രമായിരുന്നെങ്കിലും പിന്നീട് മഗ്‌രിബ് നമസ്ക്കാരാനന്തരവും ഇഷാക്ക് ശേഷം 2മണിക്കൂറും ക്ലാസുകൾ നടന്നു കൊണ്ടിരുന്നു 

ഏകദേശം കിതാബുൽ ജിഹാദ് അവസാനം ഭാഗം ആയപ്പോൾ മൗലാന പറഞ്ഞു:അടുത്തത് باب فرض الخمس ആണ് അതുകൊണ്ട് ആരും ക്ലാസിൽ മുടങ്ങരുത്. ഇതിൽ ശിയാക്കളെ കുറിച്ചും, അവരുടെ കടന്ന് കയറ്റത്തെ കുറിച്ചും ,  അവർ അതിസമർഥമായി കിതാബുകളിൽ നടത്തിയ തട്ടിപ്പുകളെ കുറിച്ചും , ചർച്ചകൾ നടക്കും അതു കൊണ്ട് ആരും ഒരു ഹദീസ് പോലും നഷ്ടപ്പെടുത്തരുത്.
 ഇത് പറയുന്നത് ഒരു ബുധനാഴ്ച രാത്രിയായിരുന്നു. അടുത്ത ദിവസം ദാറുൽ ഉലൂമിൽ എല്ലാ കൊല്ലവും നടക്കാറുള്ള സമ്മാനദാന സദസ്സ് ആയിരുന്നത് കൊണ്ട് ക്ലാസ്സ്‌ നടക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഇഷാ നമസ്കാരാനന്തരം നമുക്ക് ഒത്തു ചേരാം എന്ന് പറഞ്ഞു മുഫ്തി സാഹിബ്‌ വീട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച രാവിലെ തന്നെ മസ്ജിദ് റഷീദിൽ എത്തുകയും പ്രഭാഷണം ആരംഭിക്കുകയും ചെയ്തു. അന്ന് ആ സദസ്സിൽ പങ്കെടുത്തവർക്ക് ഒരിക്കലും ആ സന്ദർഭങ്ങൾ ജീവിതത്തിൽ മറക്കാൻ സാധിക്കില്ല. വശ്യവും സുന്ദരവുമായി ഇന്നലെ രാത്രിവരെ സംസാരിച്ചിരുന്ന മുഫ്തി സാഹിബിന് സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നത് ആർക്കാണ് മറക്കാൻ സാധിക്കുക. വ്യക്തമായിപറഞ്ഞാൽ ഒരു വിഷയം ആരംഭിച്ചാൽ അത് പൂർണ്ണമാക്കാൻ സാധിക്കാതെ ഇടക്ക് അവസാനിപ്പിക്കേണ്ടി വരുന്നു. എങ്ങനെയോ തന്റെ സംസാരം പൂർത്തിയാക്കി മുഫ്തി സാഹിബ്‌ വീട്ടിലേക്ക് പുറപ്പെട്ടു.

 ദാറുൽ ഉലൂമിലെന്നു മാത്രമല്ല ദേവ്ബന്ദിൽ തന്നെ ഈ വാർത്ത കാട്ടുതീ പോലെ  പടർന്നു.
പലരും പല പല അഭിപ്രായങ്ങൾ പറഞ്ഞു.
എന്നാൽ ദൗറത്തുൽ ഹദീസിലെ വിദ്യാർത്ഥികൾ ചിന്തിച്ചത് വെള്ളിയാഴ്ച ഇഷാനമസ്ക്കാരാനന്തരമുള്ള മൗലാനായുടെ ക്ലാസ്സിനെ കുറിച്ചായിരുന്നു.

വെള്ളിയാഴ്ച ഇശാ നമസ്‌കാരാനന്തരം മൗലാനാ ക്ലാസ്സിൽ എത്തിചേർന്നപ്പോൾ വിദ്യാർത്ഥികൾ വളരെ ആകാംഷയിലായിരുന്നു. പതിവ് പോലെ മൗലാനാ  ഇരിപ്പിടത്തിന് അടുത്ത് വന്ന് സലാം പറഞ്ഞു ബിസ്മി ചൊല്ലി പാഠം ആരംഭിച്ചു. എന്നാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മുഫ്തി സാഹിബ്‌ സംസാരിക്കാൻ ഒരുപാട് നേരം പരിശ്രമിച്ചു കൊണ്ടിരുന്നു.
എന്നിരുന്നാലും നിരാശ തന്നെയായിരുന്നു ഫലം. ചില സന്ദർഭങ്ങളിൽ സാധാരണ പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നു .ആ സമയങ്ങളിൽ എല്ലാം തന്നെ എന്തെങ്കിലും വിഷയം ചർച്ചകൾ നടുത്തുമെങ്കിലും പൂർണമാക്കാൻ സാധിച്ചില്ല. എങ്ങനെയോ പാഠം പൂർത്തിയാക്കുകയും അടുത്ത ദിവസം 10 മണിക്ക് ക്ലാസ്സ്‌ തുടങ്ങാം എന്ന് അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ കഴിയാത്തതിനാൽ അറബി വായന മാത്രമാണ് നടന്നിരുന്നത് ചിലപ്പോൾ എന്തെങ്കിലും  ചെറിയ വിശദീകരണം നൽകിയിരുന്നു.

അടുത്ത ദിവസവും ഇത്  തന്നെയായിരുന്നു അവസ്ഥ. ഹോസ്പിറ്റലിൽ പോകുന്നതിനായി ഒരു മണിക്കൂർ ആകുന്നതിന് മുമ്പേ ക്ലാസ് വിട്ടു.
എനിക്ക് ഒന്നുകൂടെ ഹോസ്‌പിറ്റലിൽ പോയി ചെക്ക് ചെയ്യണം, ഡോക്ടർ ഓപ്പറേഷൻ ചെയ്യാൻ പറയുമോ ആവോ എന്ന് തമാശയായി പറഞ്ഞാണ് മൗലാനാ ക്ലാസ്സിൽ നിന്ന് പോയത്.

 മുഫ്തി സാഹിബിന് പോകാനുള്ള റിക്ഷ എത്തിയിരുന്നില്ല. അതിനാൽ ഉസ്താദുമാർക്ക് ക്ലാസിൽ വരാനുള്ള കാറിൽ പോകാൻ മൗലാനായോട് വിദ്യാർത്ഥികൾ സമ്മതം ചോദിച്ചു, പിന്നീട് പലരുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു.ഒരു അധ്യയന വർഷം പൂർത്തിയാക്കാൻ അടുത്തപ്പോഴാണ് മൗലാനാ ആ കാർ ഉപയോഗിക്കുന്നത്.

അന്ന് ഇശാ നമസ്ക്കാരാനന്തരം പാഠം തുടങ്ങിയെങ്കിലും അപ്പോഴും  സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല .ഓരോ വിദ്യാർത്ഥിയും സ്വന്തമായി തന്നെ മൗലാനക്ക് വേണ്ടി ദുആ ചെയ്തുകൊണ്ടിരുന്നു. മുഫ്തി സാഹിബിന്റെ പുറകിൽ ഇരുന്ന് ക്ലാസ് കഴിയുന്നത് വരെ  ചിലർ മന്ത്രിക്കുന്നത് കാണാമായിരുന്നു. 

ചുരുക്കത്തിൽ ദിനം പ്രതി ആരോഗ്യ നില മോശമായി. പ്രിയ ഗുരുനാഥന്റെ ബുദ്ധിമുട്ടിൽ ദുഃഖിതരായാണ് വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തത്.

മുഫ്തി സാഹിബിന്റെ സദസ്സിൽ ഖാരി ഇർഷാദ് 
പറഞ്ഞു:
താങ്കൾക്ക് സുഖമില്ലാതെ ഓപ്പറേഷനുവേണ്ടി കഴിയുന്ന സമയം ദാറുൽ ഉലൂം മൂകത നിറഞ്ഞതായിരുന്നു.
പിന്നീട് താങ്കൾ രോഗം ഭേദമായി ദാറുൽ ഉലൂമിൽ തിരിച്ചു വന്നപ്പോൾ മൗലാന യൂനുസ് ജോൺപൂരി رحمه اللّه 
മസാഹിറുൽ ഉലൂമിലെ വിദ്യാർത്ഥികളോട് പറഞ്ഞു :
മുഫ്തി സാഹിബിനെ ദാറുൽ ഉലൂമിലെ വിദ്യാർത്ഥികൾ അല്ലാഹുവിനാേട് ചോദിച്ചു വാങ്ങിയിരിക്കുകയാണ്.

അത് പോലെ ഒരു തവണ കൂടി നടന്നിരുന്നുവെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോയി 

പിന്നീടുള്ള ഓരോ ക്ലാസും ചരിത്രമായിരുന്നു 
മുഫ്തി സാഹിബ്‌ വരും, ഹദീസ് വായിക്കാൻ ആവശ്യപ്പെടും, ഒന്നോ രണ്ടോ പേര് ഹദീസ് വായിക്കും ഇങ്ങനെയാണ് അവസാനം വരെ നടന്നിരുന്നത്.

മുഫ്തി സാഹിബ്‌ പറഞ്ഞു:എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഹദീസുകൾ മാത്രം വായിച്ചു പാഠം തീർക്കുന്നത്.

അസുഖം കാരണം ദറസ് തുടരണോ വേണ്ടയോ എന്ന് മൗലാനാ വിദ്യാർഥികളുമായി ആലോചിച്ചപ്പോൾ , ചില വിദ്യാർത്ഥികൾ 
താങ്കളുടെ അസുഖം ഭേദമാവുന്നത് വരെ ഹദീസുകൾ മാത്രം വായിച്ചു പോകാം എന്ന് അഭിപ്രായപ്പെട്ടു. കാരണം പരീക്ഷ സമയം അടുത്തിരുന്നു. അവസ്ഥകൾ എല്ലാം കണക്കിൽ എടുത്ത് മൗലാനാ അതിന് തയ്യാറായി.
അവസാനം വരെ ഇബാറത്ത് വായന മാത്രമേ നടന്നുള്ളൂ. 

മൗലാനായുടെ അവസ്ഥകൾ മനസ്സിലാക്കി മുംബൈയിൽ നിന്ന് ചില കുടുംബക്കാർ എത്തിച്ചേർന്നു. അവർ സ്ഥിരമായി ക്ലാസ്സിൽ പങ്കെടുത്തിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു അടുത്ത ദിവസം തന്നെ മുംബൈയിലോട്ട് പോകാൻ തീരുമാനമായി. അങ്ങനെ ഒരു ഞായറാഴ്ച ഇഷാ നമസ്കാരാനന്തരം ഖത്‌മുൽ ബുഖാരി നടക്കുമെന്ന് അറിയിപ്പുണ്ടായി മൗലാനായുടെ പാഠങ്ങൾ എപ്പോൾ അവസാനിക്കും എന്ന് പറയാറില്ല. എങ്കിലും സാഹചര്യം കണക്കിൽ എടുത്ത് അറിയിക്കുകയായിരുന്നു 

ഏകദേശം 20 പേജാണ് അന്ന് ബാക്കിയുണ്ടായിരുന്നത്. വെളുത്ത കോട്ടും തലപ്പാവും അണിഞ്ഞു ഇമാം മാലിക്കിനെ ഓർമിപ്പിക്കും വിധമാണ് മുഫ്തി സാഹിബ്‌ കടന്ന് വന്നത്. സലാം പറഞ്ഞു ഇരിപ്പിടത്തിൽ ഇരുന്നതിന് ശേഷം പറഞ്ഞു:മക്കളെ എനിക്ക് ഇന്ന് യാതൊരു കുഴപ്പവും ഇല്ല എത്ര സ്പീഡിൽ ഞാൻ സംസാരിക്കുന്നു. 

പാഠം കഴിഞ്ഞാൽ പാതിരാത്രി വരെ ഉപദേശങ്ങൾ ഉണ്ടാകും എന്ന് ആഗ്രഹിച്ചുവെങ്കിലും അല്ലാഹുവിന്റെ തീരുമാനം മറ്റൊന്ന് ആയിരുന്നു.

ഹദീസ് വായന ആരംഭിച്ചു. ആദ്യ 4 പേജ് അബ്ദുൽ റഹ്മാൻ അമേരിക്കയും അടുത്ത 5പേജ് ശാദാബ്  അഅ്ളമിയും പിന്നീട് അവസാനം വരെ അഖ്ലദ് അംറോഹയുമാണ് വായിച്ചത്.

കിതാബ് അവസാനിക്കുന്നതിനു 5,6 പേജ് മാത്രം ബാക്കിയുള്ളപ്പോൾ ഉസ്താദിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകുന്നത് കണ്ട വിദ്യാർത്ഥികളുടെയും അടക്കി പിടിച്ച ദുഃഖം കരച്ചിലായി പുറത്തേക്ക് വന്നു.
അവസാന പേജ് എത്തിയപ്പോൾ വായിക്കുന്ന വ്യക്തിയുടെ സൗണ്ട് വല്ലാതെ ഇടറിയിരുന്നു , അത് കൊണ്ട് തന്നെ ആ മഹാ സദസ്സിന്റെ അവസ്ഥയും മറ്റൊന്ന് ആയിത്തീർരുന്നു.

കിതാബ് പൂർത്തിയായപ്പോൾ എന്തെകിലും പറയണമെന്ന് മൗലാനാ ആഗ്രഹിച്ചുവെങ്കിലും അള്ളാഹുവിന്റെ തീരുമാനം മറ്റൊന്ന് ആയിരുന്നു.
മൗലാനാ ശിഷ്യൻമാരെയും ശിഷ്യൻമാർ തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനെയും നോക്കി വിങ്ങിപൊട്ടി. വേദനാജനകമായ ആ സദസ്സ് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

 പിന്നീട് മൗലാന പറഞ്ഞു:
دیکھو بھائی الله جو چاہیں گے وہ ہوگا، جو الله چاہیں گے وہ ہوگا، الله جو چاہیں گے وہ ہوگا"
അല്ലാഹുവിന്റെ തീരുമാനം മാത്രമാണ് നടപ്പാവുക.

ഇത് കേട്ടതും വിദ്യാർത്ഥികൾ പൊട്ടികരഞ്ഞു.
അന്ന് ദാറുൽ ഉലൂമിന്റെ ചരിത്രത്തിൽ ആദ്യമായി ഖത്‌മുൽ ബുഖാരിക്ക് ശേഷം ദുആ ഇല്ലാതെ പിരിഞ്ഞു.
പിന്നീട് മൗലാനാ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങി കൈ ഉയർത്തി യാത്ര കൊണ്ടു പറഞ്ഞു:മക്കളെ നിങ്ങൾ എന്നോട് ക്ഷമിക്കണം.

വിദ്യാർഥികളിൽ പലരും  പല സ്ഥലങ്ങളിലും മാറിയിരുന്ന് കരയുന്നത് കാണാമായിരുന്നു. ചിലർ മൗലാനായുടെ ഇരിപ്പിടം കെട്ടിപിടിച്ചു കരയുന്നതും കാണാൻ കഴിഞ്ഞു .
അതിനിടെ ചില തരേനകൾ ആലപിക്കപ്പെട്ടു 

സുഹൃത്തുക്കളെ കണ്ടപ്പോൾ അവർ അനുഭവം പങ്ക് വെച്ചു ജീവിതത്തിൽ ഇത്രയും കരഞ്ഞത് ഇന്ന് മാത്രമേ ഉണ്ടാകൂ.

5000 വിദ്യാർത്ഥികളെ സാക്ഷി നിർത്തി മുഫ്തി സാഹിബിന്റെ അവസാന പാഠത്തിന് അന്നേ ദിവസം തിരശീല വീണു.

അന്ന് രാത്രിതന്നെ ലോകമെമ്പാടും ദാറുൽ ഉലൂമിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും പല ഭാഗത്തു നിന്ന് ആശ്വാസ വാക്കുകൾ വിദ്യാർത്ഥികളെ തേടി എത്തുകയും ചെയ്തു.
മൗലാനാ സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി٫ دامت بركاتهم
മൗലാനാ ഇല്യാസ് ഗുമ്മൻ ٫دامت بركاتهم
എന്നിവരുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമേകി.

അടുത്ത ദിവസം രാവിലെ മൗലാനാ മുംബൈയിലേക്ക് പോകുന്ന വർത്തയറിഞ്ഞ് മുഫ്തി സാഹിബിനെ കാണുന്നതിനായി കുറച്ച് വിദ്യാർത്ഥികൾ മൗലാനായുടെ വീട്ടിലേക്ക് പോയി. തന്റെ വിദ്യാർത്ഥികളോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തിരക്ക് നിയന്ത്രണ വിധേയമല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു .
ദാറുൽ ഉലൂമിലെ ഉസ്താദും മുഫ്തി സാഹിബിന്റെ ഖാദിമുമായ മുഫ്തി ഇഷ്തിയാഖ് അവസരോചിതമായി ഇടപെട്ടുകൊണ്ട്  വിദ്യാർത്ഥികളോട് നിർദേശിച്ചു : നിങ്ങൾ മുഫ്തി സാഹിബിനെ കണ്ട് വരുക, സംസാരിക്കാനോ മുസാഫഹചെയ്യാനോ നിൽക്കരുത്. കാരണം ദൗറയിലെ വിദ്യാർത്ഥികളെ കാണുമ്പോൾ മുഫ്തി സാഹിബിന് വിഷമം ഉണ്ടാകുന്നു.വീട്ടിനു മുന്നിൽ തടിച്ചു കൂടിയ എല്ലാവരും തന്നെ അക്ഷരം പ്രതി അനുസരിച്ചു.

അൽപ സമയത്തിന് ശേഷം മുഫ്തി സാഹിബിന്റെ സഹോദരനും ദാറുൽ ഉലൂമിലെ ഉസ്താദുമായ മൗലാനാ  മുഫ്തി അമീൻ പാലൻപൂരി حفظه اللّه എത്തിചേരുകയും വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുകയും ചെയ്തു. മൗലാനായോടൊത്തു അദ്ദേഹം നാസ്ത കഴിക്കുകയും ശേഷം ഏകദേശം 11 മണിയോടെ മൗലാനാ കാറിൽ  മുംബൈയിലേക്ക് പുറപ്പെട്ടു. ഒത്തുകൂടിയ  വിദ്യാർത്ഥികളോട് സലാം പറയുകയും ദുആ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ബുഖാരിയുടെ ചോദ്യ പേപ്പർ തയ്യാറാക്കാൻ  സഹോദരൻ മുഫ്തി അമീൻ പാലപൂരിയെ ചുമതലപ്പെടുത്തുകയും, എളുപ്പമുള്ളത് തയ്യാറാക്കാൻ നിർദേശിക്കുകയും ചെയ്തു.
മുംബൈയിൽ എത്തിചേർന്ന് കുറച്ചു ദിവസത്തിന് ശേഷം രോഗം പൂർണമായും സുഖപ്പെട്ടുവെങ്കിലും രാജ്യത്ത് സമ്പൂർണ ലോക്‌ഡോൺ നിലവിൽ വന്നതോടെ  ദേവ്ബന്ദിലേക്ക് വരാനുള്ള മാർഗം ഇല്ലായിരുന്നു.

പരിശുദ്ധ റമളാൻ മാസം തറാവീഹ് നമസ്കാരാനന്തരം  മുഫ്തി സാഹിബിന്റെ ബയാൻ ഒരു മണിക്കൂർ യൂട്യൂബിലൂടെ  സംപ്രേഷണം ചെയ്തിരുന്നു.

റസാൻ 15 നു ശേഷം രോഗം വർദ്ധിക്കുകയും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുകയും ചെയ്തു.പിന്നീട് രോഗം മൂർച്ഛിക്കുകയും അല്ലാഹുവിന്റെ ആ ഇഷ്ട ദാസൻ  ഇലാഹിന്റെ കാരുണ്യത്തിലേക്ക് യാത്രയാകുകയും ചെയ്തു.

മുഫ്തി സാഹിബ്‌ പറയുമായിരുന്നു 
മരണപ്പെടുന്ന നാട്ടിൽ തന്നെയാണ് ഖബർ അടക്കേണ്ടത്. മരണപ്പെട്ട ഉടനെ തിരക്കുകൾ ഉണ്ടാക്കാതെ പെട്ടെന്ന് തന്നെ ഖബർ  അടക്കണം.

മുഫ്തി സാഹിബിന്റെ ഈ ആഗ്രഹം പോലെ തന്നെ അദ്ദേഹത്തെ ഖബറടക്കി.
മുബൈയിലെ  ഓഷിവിര എന്ന സ്ഥലത്തു മുഫ്തി സാഹിബ്‌ അന്ത്യവിശ്രമം കൊള്ളുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരായ ധാരാളം പണ്ഡിതർ മഹാനവറ്കളുടെ വേർപാടിൽ അനുശോചനം അറിയിക്കുകയുണ്ടായി.

ഏകദേശം 45 വർഷത്തോളം മഹാനവർകൾ ദാറുൽ ഉലൂമിൽ സേവനമനുഷ്ടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മഹാനവർകൾക്ക് ധാരാളം ശിഷ്യന്മാരുണ്ട്. കേരളത്തിലും ഇരു സമസ്തയിലെയും ഉൾപ്പെടെ ധാരാളം ഉലമാക്കൾ മൗലാനായുടെ ശിഷ്യന്മാരായിയുണ്ട്.

رحمه الله رحمة واسعة وأسكنه فسيح جناته ورفع درجته في عليين مع النبيين والصديقين والشهداء والصالحين وحسن أولئك رفيقاً.

   ✍️ ഇബ്നു നൗഷാദ് അൽകൗസരി,കൊച്ചി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.