ബാനീ ദാറുൽ ഉലൂം

ബാനീ ദാറുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി رحمة اللّه عليه ✍️ മൗലാനാ അബ്ദുശ്ശക്കൂർ ഹസനി അൽഖാസിമി دامت بركاته 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 📌 ജനനവും ബാല്യവും അല്ലാഹു തആലായുടെ അന്തിമ സന്ദേശമായി പരിശുദ്ധ ദീനുൽ ഇസ്ലാമിനെ തിരുനബി ﷺ യുടെയും വന്ദ്യസ്വഹാബത്തിന്റെ رضي الله عنهم യും ഉത്തമകാലത്തു തന്നെ ഇന്ത്യ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഇസ്ലാമിന്റെ വടവൃക്ഷം ഇന്ത്യയിൽ വേരുറച്ച് തഴച്ചു വളരാൻ പ്രധാനകാരണക്കാർ മഹാന്മാരായ സൂഫിവര്യന്മാരാണ് (رحمة اللّه عليهم). ഹിജ്റ 650 മുതൽ ഇന്ത്യയിൽ മുസ്ലിംകൾ ആധിപത്യം ഉറപ്പിച്ചു. തുടർന്ന് വന്ന ഭരണാധികാരികൾ മൊത്തത്തിൽ ഇസ്ലാമിനെ ആദരിക്കുന്നവരായിരുന്നു. ഹിജ്റാബ്ദം ഒരു സഹസ്രം പിന്നിട്ടപ്പോൾ ഇവിടെ ഇസ്ലാമിനെതിരിൽ അതിഭയങ്കരമായ ഒരു ഗൂഢാലോചന നടന്നു. അതിന്റെ ഫലമായി ദീനെ ഇലാഹി എന്ന പേരിൽ ഒരു ഇബ്‌ലീസീ മതം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു. ദൗർഭാഗ്യവശാൽ അക്ബറിനെ മുമ്പിൽ നിറുത്തി ഈ പൈശാചികതയെ ഇളക്കിവിട്ടത് ചില പണ്ഡിത വേഷധാരികളായിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അല്ലാഹു ഒരു മഹാനെ അയച്ചു. മുജദ്ദിദ് അൽഫസാനീ ശൈഖ് അഹ്മദ് സർഹിന്ദി رحمة اللّه عليه. ...